Image

രണ്ടാം ഘട്ട കൊവിഡ് വാക്‌സിനേഷന്‍ മാര്‍ച്ച് ആദ്യം ആരംഭിക്കും 

Published on 24 February, 2021
രണ്ടാം ഘട്ട കൊവിഡ് വാക്‌സിനേഷന്‍ മാര്‍ച്ച് ആദ്യം ആരംഭിക്കും 
ന്യൂഡല്‍ഹി: രാജ്യത്ത് രണ്ടാം ഘട്ട കൊവിഡ് വാക്‌സിനേഷന്‍ മാര്‍ച്ച് ഒന്ന് മുതല്‍ ആരംഭിക്കും. 60 വയസ് പിന്നിട്ടവർക്കും 45 വയസിന് മുകളില്‍ പ്രായമുള്ള ജീവിതശൈലി രോഗബാധിതര്‍ക്കുമാണ് രണ്ടാം ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നത്. കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കറാണ് ഇക്കാര്യം അറിയിച്ചത്.വാക്‌സിനേഷനായി പതിനായിരം സര്‍ക്കാര്‍ കേന്ദ്രങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. ഇവിടെ വാക്‌സിനേഷന്‍ സൗജന്യമായിരിക്കും. ഇരുപതിനായിരം സ്വകാര്യ കേന്ദ്രങ്ങളും വാക്‌സിനേഷനായി തയ്യാറാക്കിയിട്ടുണ്ടെന്നും ജാവേദ്ക്കര്‍ അറിയിച്ചു. അവിടെ നിന്ന് വാക്സിൻ സ്വീകരിക്കാൻ പണമീടാക്കും. അതെത്രയാണെന്ന് വരും ദിവസങ്ങളിൽ ചർച്ചകൾക്കുശേഷം തീരുമാനിക്കുമെന്നും ജാവേദ്ക്കര്‍ വ്യക്തമാക്കി.
രണ്ടാം ഘട്ട വാക്‌സിനേഷനായി ഏകദേശം 27 കോടി ജനങ്ങള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പടെ 50 വയസിന് മുകളില്‍ പ്രയമുള്ള വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ വാക്‌സിന്‍ എടുക്കാനുള്ള സാധ്യതയുമുണ്ട്.
  കൊവിഡ് ബാധകൂടുതലുള്ള സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്താന്‍ കേന്ദ്ര സംഘം സന്ദര്‍ശനം നടത്തും. മഹാരാഷ്ട്ര, കേരളം, ഗുജറാത്ത്, പഞ്ചാബ്, കര്‍ണാടക, ജമ്മുകശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലേക്കാണ് കേന്ദ്രസംഘമെത്തുന്നത്.  രോഗബാധിതര്‍ കൂടുതലുള്ള സംസ്ഥാനങ്ങളില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റിംഗ് വര്‍ദ്ധിപ്പിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക