Image

വിഷം കലര്‍ന്ന ഐക്‌സ്ക്രീം കഴിച്ച ഒരാള്‍കൂടി മരിച്ചു; സംഭവത്തില്‍ ദുരൂഹത

Published on 24 February, 2021
വിഷം കലര്‍ന്ന ഐക്‌സ്ക്രീം കഴിച്ച ഒരാള്‍കൂടി മരിച്ചു; സംഭവത്തില്‍ ദുരൂഹത
പരിയാരം: വിഷം കലര്‍ന്ന ഐസ്ക്രീം അബദ്ധത്തില്‍ കഴിച്ച് മരിച്ച അദൈ്വതിന് പിന്നാലെ മാതൃസഹോദരിയും മരണത്തിനു കീഴടങ്ങി. പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന വസന്തന്‍-സാജിത ദമ്പതികളുടെ മകള്‍ ദൃശ്യ (19) ആണ് ഇന്നലെ രാത്രി മരിച്ചത്. വിഷം കലര്‍ന്ന ഐസ്ക്രീം കഴിച്ച് മഹേഷന്‍-വര്‍ഷ ദമ്പതികളുടെ മകന്‍ അദൈ്വത് (5) കഴിഞ്ഞ 12ന് മരിച്ചിരുന്നു. കഴിഞ്ഞ 11നാണ് സംഭവം.

ആത്മഹത്യ ചെയ്യാനായി അദൈ്വതിന്റെ അമ്മ വര്‍ഷ ഐസ്ക്രീമില്‍ വിഷം കലര്‍ത്തിയിരുന്നു. കഴിച്ച ശേഷം അസ്വസ്ഥത തോന്നിയതിനെ തുടര്‍ന്നു വര്‍ഷ മുറിയില്‍ പോയി വിശ്രമിച്ചു. ഇതിനിടെ ഉറങ്ങിപ്പോയി. വിഷം കലര്‍ത്തിയ ഐസ്ക്രീം മേശപ്പുറത്ത് വച്ചിരുന്നു. ഈ സമയം അകത്തെത്തിയ അദൈ്വതും 2 വയസ്സുള്ള സഹോദരനും ദൃശ്യയും ഈ ഐസ്ക്രീം കഴിക്കുകയായിരുന്നു. ഇതിനു പിന്നാലെ ഇവര്‍ ഹോട്ടലില്‍ നിന്നു വാങ്ങിയ ബിരിയാണിയും കഴിച്ചു. രാത്രിയോടെ അദൈ്വത് ഛര്‍ദിക്കാന്‍ തുടങ്ങി. എലിവിഷം കഴിച്ച് പ്രശ്‌നമൊന്നും തോന്നാത്തതിനാല്‍ വര്‍ഷ ഇക്കാര്യം ആരോടും പറഞ്ഞില്ല. ഇതോടെ ബിരിയാണി കഴിച്ചതാകാം ഛര്‍ദിക്ക് കാരണമെന്ന് വീട്ടുകാര്‍ ധരിച്ചു. പുലര്‍ച്ചെ വരെ ഛര്‍ദിച്ച കുട്ടിയെ അവശനായതിനെ തുടര്‍ന്നു ആശുപത്രിയിലെത്തിക്കുകയായിരുന്നു. അധികം വൈകാതെ അദൈ്വത് മരിച്ചു.

അന്നു വൈകിട്ടോടെ 2 വയസ്സുള്ള കുട്ടിയും ദൃശ്യയും ഛര്‍ദിക്കാന്‍ തുടങ്ങി. ഇവരെയും ആശുപത്രിയില്‍ എത്തിച്ചു. തിങ്കളാഴ്ച വര്‍ഷയും അവശയായി. ആരോഗ്യ സ്ഥിതി മോശമായ ഇവരെ കോഴിക്കോടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സുഖം പ്രാപിച്ച വര്‍ഷയും 2 വയസ്സുള്ള കുട്ടിയും വീട്ടില്‍ തിരിച്ചെത്തി. എന്നാല്‍ ദൃശ്യയുടെ നില ഗുരുതരമായി തുടരുകയായിരുന്നു. ഇന്നലെ രാത്രിയായിരുന്നു മരണം.  സംഭവത്തില്‍ വര്‍ഷക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക