Image

മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടല്‍യാത്ര നടത്തി രാഹുല്‍ ഗാന്ധി

Published on 24 February, 2021
മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടല്‍യാത്ര നടത്തി രാഹുല്‍ ഗാന്ധി

കൊല്ലം: മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടല്‍ യാത്ര നടത്തി വയനാട് എം.പി രാഹുല്‍ ഗാന്ധി. കൊല്ലം വാടി കടപ്പുറത്ത് നിന്നാണ് രാഹുല്‍ പുലര്‍ച്ചെ മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലിലേക്ക് പോയത്.

ബുധനാഴ്ച മത്സ്യത്തൊഴിലാളികളുമായി രാഹുല്‍ ഗാന്ധി സംവാദ പരിപാടി സംഘടിപ്പിക്കുന്നതിന് മുന്നോടിയായി അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് രാഹുല്‍ ഗാന്ധി കടലിലേക്ക് യാത്ര നടത്തിയത്.

പുലര്‍ച്ചെ അഞ്ച് മണിക്കാണ് വാടി കടപ്പുറത്ത് നിന്ന് രാഹുല്‍ ഗാന്ധി കടലിലേക്ക് പുറപ്പെട്ടത്. തൊഴിലാളികള്‍ക്കൊപ്പം  രാഹുല്‍ ഗാന്ധി കടലിലേക്ക് എടുത്തു ചാടി .

''ഞങ്ങള്‍ ഇന്ന് കടലില്‍ പോയി വലവിരിച്ചു. ഒരുപാട് മത്സ്യങ്ങള്‍ ലഭിക്കുമെന്നാണ് ഞാന്‍ കരുതിയത്. പക്ഷേ, വല വലിച്ചപ്പോള്‍ അതില്‍ വളരെ കുറച്ച്‌ മത്സ്യങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. നിങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കി. ഞാന്‍ ഇന്ന് മാത്രമാണ് ഇത് നേരിട്ട് കണ്ടത്. എന്നാല്‍ നിങ്ങള്‍ ഇത് എന്നും അനുഭവിക്കുന്നു- രാഹുല്‍ പറഞ്ഞു.

വള്ളത്തില്‍ വച്ച്‌ തൊഴിലാളി സുഹൃത്തുക്കള്‍ തനിക്ക് മീന്‍ പാചകം ചെയ്തു തന്നെന്നും തന്റെ ജീവിതത്തില്‍ അത്തരമൊരു അനുഭവം ആദ്യമായിട്ടായിരുന്നെന്നും രാഹുല്‍ പറഞ്ഞു. ഞാന്‍ ആ സുഹൃത്തുക്കളോട് ചോദിച്ചു, നിങ്ങളുടെ മക്കള്‍ എന്തു ചെയ്യുന്നു. അവര്‍ പറഞ്ഞത് അവരെ മത്സ്യത്തൊഴില്‍ മേഖലയിലേക്ക് വിടാന്‍ ഒരുക്കമല്ലെന്നാണ്. അത്രമാത്രം കഷ്ടപ്പാടാണ് ഇവിടെ- രാഹുല്‍ പറഞ്ഞു.

മത്സ്യത്തൊഴിലാളികളെയും ഈ സമൂഹത്തെയും  ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്ന് രാഹുല്‍ വ്യക്തമാക്കി. മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കുന്നതിന് തുറന്ന ചര്‍ച്ചയ്ക്കും രാഹുല്‍ തുടക്കമിട്ടു. അവരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കുന്നതിന് വേണ്ടിയായിരുന്നു ഈ യാത്ര.

ഇന്ന് പുലര്‍ച്ചെ 5.15 ഓടെയാണ് രാഹുല്‍ കടലിലേക്ക് പുറപ്പെട്ടത്. കെസി വേണുഗോപാല്‍ ഉള്‍പ്പടെയുള്ളവര്‍ ഒപ്പമുണ്ടായിരുന്നു. 7.45ഓടെ മടങ്ങിയെത്തിയ രാഹുല്‍ ഹോട്ടലിലേക്ക് മടങ്ങി. ഒരു മണിക്കൂറോളം കടലില്‍ ചെലവിട്ടതിന് ശേഷമാണ് രാഹുല്‍ മടങ്ങിയത്. രാഹുല്‍ പങ്കുവച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

രാവിലെ ഒരു മണിക്കൂറാണ് ബുധനാഴ്ച രാഹുല്‍ മത്സ്യത്തൊഴിലാളികളുമായി സംവദിച്ചത്. കൊല്ലം ജില്ലയിലെ വിവിധ മേഖലകളില്‍ നിന്നുള്ള ആയിരത്തോളം മത്സ്യത്തൊഴിലാളികളാണ് പരിപാടിയില്‍ പങ്കെടുത്തത്.

തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്രയുടെ സമാപന പരിപാടിയില്‍ കഴിഞ്ഞ ദിവസം രാഹുല്‍ പങ്കെടുത്തിരുന്നു. പരിപാടിക്ക് ശേഷമാണ് രാഹുല്‍ കൊല്ലത്ത് എത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക