Image

തലശ്ശേരി: മേളയുടെ രണ്ടാം ദിനത്തില്‍ ചുരുളിയുള്‍പ്പടെ 23 ചിത്രങ്ങള്‍

Published on 24 February, 2021
തലശ്ശേരി: മേളയുടെ രണ്ടാം ദിനത്തില്‍ ചുരുളിയുള്‍പ്പടെ 23 ചിത്രങ്ങള്‍
തലശേരി: 25ാമത്‌ രാജ്യാന്തര ചലച്ചിത്ര മേളയുടെ തലശ്ശേരി പതിപ്പിലെ രണ്ടാം ദിനത്തില്‍ ചലച്ചിത്ര പ്രേമികള്‍ ആകാംഷാപൂര്‍വ്വം കാത്തിരുന്ന ചുരുളി ഉള്‍പ്പടെ 23 ചിത്രങ്ങള്‍ പ്രദര്‍ശനത്തിന്‌. ലിജോ ജോസ്‌ പെല്ലിശ്ശേരി സംവിധാനം ചെയ്‌ത ചുരുളി തിരുവന്തപുരത്തും കൊച്ചിയിലും മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു.

മേളയുടെ മത്സര വിഭാഗത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന ചിത്രം ഉച്ചയ്‌ക്ക് 2.45 ന്‌ ലിബര്‍ട്ടി ലിറ്റില്‍ പാരഡൈസിലാണ്‌ പ്രദര്‍ശിപ്പിക്കുക.
മോഹിത്‌ പ്രിയദര്‍ശി സംവിധാനം ചെയ്‌ത ഹിന്ദി ചിത്രം കൊസയും മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. അസര്‍ബൈജാനിയന്‍ ചിത്രം ബിലേസുവര്‍, വിയറ്റ്‌നാമീസ്‌ ചിത്രം റോം, ബ്രസീലിയന്‍ ചിത്രം മെമ്മറി ഹൗസ്‌, മെക്‌സിക്കന്‍ ചിത്രം ബേര്‍ഡ്‌ വാച്ചിങ്‌ തുടങ്ങിയവയാണ്‌ രണ്ടാം ദിനത്തിലെ മത്സര ചിത്രങ്ങള്‍. ഡോണ്‍ പാലത്തറ സംവിധാനം ചെയ്‌ത മലയാള ചിത്രം 1956, മധ്യതിരുവിതാംകൂര്‍, ഗിരീഷ്‌ കാസറവള്ളിയുടെ ഇല്ലിലാരെ അല്ലിഗ ഹോഗല്ലാരെ എന്നീ ചിത്രങ്ങളും കലൈഡോസ്‌കോപ്പ്‌ വിഭാഗത്തില്‍ ഇന്ന്‌ പ്രദര്‍ശനത്തിനെത്തുന്നുണ്ട്‌.

ലോക സിനിമാ വിഭാഗത്തില്‍ നോ വെയര്‍ സ്‌പെഷ്യല്‍, ഓസ്‌ട്രേലിയന്‍ ചിത്രം ഹൈ ഗ്രൗണ്ട്‌, സാറ്റര്‍ഡേ ഫിക്ഷന്‍, ദക്ഷിണ കൊറിയന്‍ ചിത്രം ദി വുമണ്‍ ഹൂ റാന്‍ തുടങ്ങിയ ഏഴു ചിത്രങ്ങളും ഇന്ത്യന്‍ സിനിമ വിഭാഗത്തില്‍ അരുണ്‍ കാര്‍ത്തിക്ക്‌ സംവിധാനം ചെയ്‌ത നാസിറും പ്രദര്‍ശിപ്പിക്കും. മഹേഷ്‌ നാരായണന്‍ സംവിധാനം ചെയ്‌ത സീ യൂ സൂണ്‍, വിപിന്‍ ആറ്റ്‌ലിയുടെ മ്യൂസിക്കല്‍ ചെയര്‍, കെ പി കുമാരന്റെ ഗ്രാമവൃക്ഷത്തിലെ കുയില്‍ എന്നീ ചിത്രങ്ങള്‍ മലയാള സിനിമ വിഭാഗത്തില്‍ ഇന്ന്‌ പ്രദര്‍ശിപ്പിക്കും.
മാജിക്കല്‍ റിയലിസത്തിലൂടെ ഋതുക്കള്‍ ചിത്രീകരിക്കുന്ന കിം കി ഡുക്കിന്റെ സ്‌പ്രിങ്‌, സമ്മര്‍, ഫാള്‍, വിന്റര്‍ ആന്‍ഡ്‌ സ്‌പ്രിങ്‌, ഛായാഗ്രാഹകന്‍ രാമചന്ദ്ര ബാബുവിന്‌ ആദരം അര്‍പ്പിക്കുന്ന അഗ്രഹാരത്തില്‍ കഴുതൈ,
സംവിധായകനും എഴുത്തുകാരനുമായ സൗമിത്ര ചാറ്റര്‍ജിക്ക്‌ ആദരമായി ചാരുലത എന്നിവയും ഇന്ന്‌ പ്രദര്‍ശിപ്പിക്കും. സത്യജിത്‌ റേ സംവിധാനം ചെയ്‌ത ഈ ചിത്രം ലിബര്‍ട്ടി സ്യൂട്ടില്‍ വൈകിട്ട്‌ ഏഴിനാണ്‌ പ്രദര്‍ശിപ്പിക്കുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക