Image

മലയാളത്തിന്റെ ഭാവി, മലയാളം സൊസൈറ്റി ഓഫ് അമേരിക്ക ചര്‍ച്ച

എ.സി. ജോര്‍ജ്ജ് Published on 23 February, 2021
മലയാളത്തിന്റെ ഭാവി,  മലയാളം സൊസൈറ്റി ഓഫ് അമേരിക്ക  ചര്‍ച്ച
ഹ്യൂസ്റ്റന്‍: മലയാള ഭാഷയുടേയും സാഹിത്യത്തിന്റെയും ബോധവല്‍ക്കരണവും ഉയര്‍ച്ചയും വികാസവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഹ്യൂസ്റ്റനിലെ മലയാളം സൊസൈറ്റി ഓഫ് അമേരിക്ക ഈ മാസത്തെ സമ്മേളനം ഫെബ്രുവരി 14-ാം തീയതി വൈകുന്നേരം വെര്‍ച്വല്‍ ആയി (സൂം) പ്ലാറ്റ്‌ഫോമില്‍ നടത്തി. മലയാളം സൊസൈറ്റി പ്രസിഡന്റ് ജോര്‍ജ്ജ് മണ്ണിക്കരോട്ടിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ടി.എന്‍. സാമുവല്‍ മോഡറേറ്ററായും, എ.സി. ജോര്‍ജ്ജ്് വെര്‍ച്വല്‍ യോഗ ടെക്‌നിക്കല്‍ സപ്പോര്‍ട്ടര്‍ ആയും പ്രവര്‍ത്തിച്ചു.

ഈ മാസത്തെ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്തത് “മലയാളത്തിന്റെ ഭാവി” എന്ന വിഷയത്തെ ആധാരമാക്കി പാലക്കാട് ഗവണ്‍മെന്റ് വിക്‌ടോറിയ കോളേജിലെ മലയാള വിഭാഗം അസ്സോസിയേറ്റ് പ്രൊഫസര്‍ ഡോ. ശ്രീവല്‍സന്‍ എഴുതിയ ഒരു പ്രബന്ധം ആയിരുന്നു. ഡോക്ടര്‍ ശ്രീവല്‍സന്റെ ഒരു ബന്ധുവായ ശ്രീമതി അല്ലി നായര്‍ പ്രബന്ധം വായിച്ചു.

“ലോകമെങ്ങുമുള്ള ഭാഷാ സ്‌നേഹികളെല്ലാം ആശങ്കപെടുന്ന ഒരു പ്രധാന വസ്തുതയാണ് ഭാഷയുടെ ഭാവി. വംശനാശ ഭീഷണി നേരിടുന്ന ജീവികളെ അടയാളപ്പെടുത്തുന്ന “റെഡ് ബുക്കില്‍” ഇന്നു നാം ഭാഷയേയും ചേര്‍ത്തിരിക്കുന്നു. ഓരോ രണ്ടാഴ്ച കൂടുമ്പോഴും ലോക ഭാഷകളില്‍ ഓരോന്നു വീതം മരണപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ സന്ദര്‍ഭത്തില്‍ നമ്മുടെ നിലനില്‍പ്പും ചൈതന്യവുമായ മലയാള ഭാഷയുടെ നില എന്തെന്ന് ഓര്‍ക്കുന്നത് ഉചിതമാണ്. തീര്‍ച്ചയായും ഭാഷാനാശ ഭീഷണി അടുത്ത കാലത്തൊന്നും നേരിടാന്‍ പോകുന്ന ഒരു ഭാഷയല്ല മലയാളം. സമ്പന്നമായ ഒരു ലിഖിത പാരമ്പര്യവും വിപുലമായ വാമൊഴി വഴക്കങ്ങളും ലോകമെമ്പാടും വിതരണവുമുള്ള ഈ ഭാഷയെക്കുറിച്ച് അശുഭാപ്തി വിശ്വാത്തിന് യാതൊരു സ്ഥാനവുമില്ല. മാത്രവുമല്ല ആയിരത്തഞ്ഞൂറിലധികം വര്‍ഷത്തെ സമ്പന്ന പൈതൃക ഭാഷകള്‍ക്കുള്ള “ശ്രേഷ്ഠഭാഷാ പദവി” മലയാളത്തിനു ലഭിക്കുകയും ചെയ്തിട്ടുണ്ടല്ലോ. പക്ഷെ ഭാഷാ സ്‌നേഹികള്‍ മുഴുവന്‍ അത്രയൊന്നും സംതൃപ്തരല്ലാത്ത ചില മേഖലകളെപ്പറ്റി അന്വേഷിക്കാനും പഠിക്കാനും അദ്ദേഹം ഈ പ്രബന്ധത്തില്‍ ശ്രമിച്ചിട്ടുണ്ട്.

ശ്രീമാന്‍ സുകുമാരന്‍ നായരുടെ ആമുഖത്തോടെ ആരംഭിച്ച ചര്‍ച്ചയില്‍ മലയാളത്തിന്റെ ഭാവിയെപ്പറ്റി പ്രബന്ധാവതാരകന്റെ ആശയങ്ങളോടു ചേര്‍ന്നു നിന്നു തന്നെ ശുഭാപ്തിവിശ്വാസം കൈവിടാതെ മലയാളത്തിന്റെ ഭാവിയെപ്പറ്റി ആശ നിരാശകളും ആശങ്കളും സദസ്യര്‍ പങ്കുവച്ചു. സിനിമാക്കാരുടെയും രാഷ്ട്രീയക്കാരുടേയും, മതമേധാവികളുടേയും, സ്റ്റേജ് അവതാരകരുടേയും പല നീണ്ട ക്ഷിപ്രഭാഷ പ്രയോഗങ്ങളിലും അനേകം ഭാഷാപരമായ തെറ്റുകുറ്റങ്ങളും ഭാഷാ വൈകല്യങ്ങളും ഭാഷാ വധശ്രമങ്ങളും, കടന്നുകൂടാറുണ്ട്. പൊതുജനങ്ങളുടേയും ഓഡിയന്‍സിന്റേയും കൈയ്യടി നേടാനുള്ള ശ്രമത്തിനിടയില്‍ ഭാഷയുടെ ഹൃത്തടത്തില്‍ കത്തി വച്ചു കൊണ്ടുള്ള കൊലവിളികള്‍ നടത്താറുണ്ട് എങ്കിലും മലയാള ഭാഷ കൊണ്ടും കൊടുത്തും കടമെടുത്തും മാറ്റങ്ങളിലൂടെ, പരിണാമങ്ങളിലൂടെ നിലനില്‍ക്കും. അതു മരിക്കുകയില്ലെന്ന ശുഭാപ്തി വിശ്വാസത്തില്‍ തന്നെയാണ് സന്നിഹിതരായ എഴുത്തുകാരും അനുവാചകരും ഭാഷാസ്‌നേഹികളും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയത്.

ജോണ്‍ ഇലക്കാട്ട്, കുര്യന്‍ മ്യാലില്‍, ടി.ജെ. ഫിലിപ്പ്, ഗോപിനാഥ പിള്ള, ശാന്ത പിള്ള, ടി.എന്‍. സാമുവല്‍, എ.സി. ജോര്‍ജ്ജ്, ജോണ്‍ കുന്തറ, ജയിംസ് ചിരതടത്തില്‍, ജയിംസ് മുട്ടുങ്കല്‍, ജോര്‍ജ്ജ് പുത്തന്‍കുരിശ്, ജോര്‍ജ്ജ് മണ്ണിക്കരോട്ട്, പൊന്നു പിള്ള, ജോസഫ് തച്ചാറ, അല്ലി നായര്‍, തോമസ് വര്‍ഗീസ്, സുകുമാരന്‍ നായര്‍, നയിനാന്‍ മാത്തുള്ള, ഈശോ ജേക്കബ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. മഹാകവി ഒ.എന്‍.വി.യുടെ ചരമദിനമായ അന്ന് അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ട് ജോര്‍ജ്ജ് പുത്തന്‍കുരിശ് സംസാരിച്ചു. മലയാളം സൊസൈറ്റി വൈസ് പ്രസിഡന്റ് ശ്രീമതി. പൊന്നു പിള്ള നന്ദി രേഖപ്പെടുത്തി.

Zoom Meeting Video Youtub link:
https://youtu.be/ZFKvuyFimb0



മലയാളത്തിന്റെ ഭാവി,  മലയാളം സൊസൈറ്റി ഓഫ് അമേരിക്ക  ചര്‍ച്ച
Join WhatsApp News
സാഹിത്യ രാമൻ 2021-02-24 06:14:13
നിങ്ങൾ മലയാളം സൊസൈറ്റിയും റൈറ്റർ റൈറ്റർ ഫോറവും ഒക്കെ മലയാളത്തിൻറെ ഭാവിക്കുവേണ്ടി തല തല്ലി ചാകുന്നത് നല്ല കാര്യമാണ്. നിങ്ങടെ ഒക്കെ പടങ്ങൾ കണ്ടിട്ട് ആകെ ക്ഷീണിച്ച് നരച്ചിരിക്കുന്നു. കോവിഡും അതും പിന്നെ ഭാഷയ്ക്ക് വേണ്ടിയുള്ള നിങ്ങളുടെ രണ്ട് സംഘടനകൾ തമ്മിലുള്ള പോരാട്ടവും കാരണമാകാം നിങ്ങളിൽ പലർക്കും പഴയ ഒരു വരപ്രസാദം കാണാത്തത്. എന്നാൽ നിങ്ങളെ സമ്മതിച്ചിരിക്കുന്നു. നിങ്ങളുടെ ഒക്കെ കാലം കഴിഞ്ഞാൽ ഈ മലയാളഭാഷയുടെ ഭാവി എന്തായിരിക്കും? ഇപ്പോഴത്തെ ചെറുപ്പക്കാർക്ക് നല്ല ഭാഷ ഒന്നും ഒന്നും വലിയ കാര്യമല്ല. അവർക്ക് പള്ളിയും അമ്പലവും മദ്രസയും മതി. അവിടെ പോയി അടിച്ചുപൊളിക്കണം. പിന്നെ ചിലർ ഫോമ് പോകാനാ വേൾഡ് മലയാളി, ഇ എം സീ സീ, ആഴ കടലിൽ പോയി മീൻ പിടുത്തം അതിനായി കപ്പൽ ഉണ്ടാക്കൽ നാട്ടിലെ വീരന്മാരെ സൂം ഇൽ വരുത്തി, അവരെ പൊക്കി പൊക്കി പുകഴ്ത്തൽ, അങ്ങോട്ടുമിങ്ങോട്ടും ചൊറിച്ചിൽ, കുറച്ചു സംഗീതം പിന്നെ കുറച്ച് എംസി സുന്ദരികളെ വെച്ച് ഭാഷയെ കൊല്ലാക്കൊല ചെയ്ൽ.. അതുമാത്രം മതി. ഇപ്പോൾ സൂം മീറ്റിംഗ് കളുടെ പെരുമഴയാണ്. പല മീറ്റിങ്ങുകളിലും പരമ ബോറാണ്. പലരും വിഷയം മാറ്റി ബ്ലാ ബ്ലാ സംസാരിക്കുന്നവരാണ്. ചില ബോറൻ മാർ ഇടയ്ക്കുകയറി പലപ്പോഴും കൊത്തും. റൈറ്റർ ഫോറം റിപ്പോർട്ട് മലയാളം സൊസൈറ്റി റിപ്പോർട് ഒക്കെ വായിക്കാറുണ്ട്. ഞാൻ ഒന്ന് നോട്ട് ചെയ്തത് എല്ലായിടത്തും ചിലർ അടിക്കടി കഥ വായനക്കാർ, അടിക്കടി ലേഖനം വായനക്കാർ, ചിലർ അടിക്കടി കവിത വായനക്കാർ. എല്ലാർക്കും തുല്യനിലയിൽ ഒരു അവസരം കൊടുത്തുകൂടെ. ചിലർ സ്ഥിരം അഭിപ്രായം പറയുന്നവർ മാത്രം. അവർക്കും അതും സംഗതികൾ സ്വയം അവതരിപ്പിക്കാൻ ഒരു അവസരങ്ങൾ കൊടുത്തുകൂടെ? അത് അവിടെ ഹ്യൂസ്റ്റനിൽ മാത്രമല്ല കേട്ടോ? ചിക്കാഗോയിലും, ഡാലസിൽ, അരിസോണ , ന്യൂയോയർക് എല്ലായിടത്തും അതും ഈ പ്രവണത കാണാറുണ്ട്. ഉണ്ട് അതിനാൽ എല്ലാ സാഹിത്യഭാഷ സംഗക്കാരോടും ആണ് ഇത് പറയുന്നത്. തുല്യ നീതി വേണം. എല്ലാവർക്കും അവസരം കൊടുക്കണം. ചുമ്മാ ഫലകങ്ങളും പൊന്നാടകളും നോക്കി നടന്നാൽ മാത്രം പോരാ. കഴിഞ്ഞ ആഴ്ചത്തെ അതിഭയങ്കര ശൈത്യത്തിൽ നിങ്ങടെ ലൈബ്രറി കെട്ടിടത്തിൽ വെള്ളം കയറിയോ അവിടുത്തെ പുസ്തകങ്ങൾക്ക് കേടുപാടുകൾ വല്ലതും സംഭവിച്ചോ? പുസ്തകങ്ങൾക്കും കെട്ടിടത്തിനും നല്ല ഇൻഷൂറൻസ് എടുത്തിട്ട് ഉണ്ടാവുമല്ലോ. എല്ലാരും കോവിഡ് കുത്തിവെപ്പ് എടുത്തിട്ടുണ്ടെങ്കിൽ പഴയ മാതിരി വല്ല ഹോട്ടലിലും മീറ്റിംഗ് കൂടാൻ തുടങ്, അതുവഴി ഇരുന്ന് നല്ല ഫോട്ടോകൾ എടുത്ത് വാർത്ത കൊടുക്കാൻ പറ്റുമല്ലോ? ഒന്ന് ഒത്തു പിടി നമ്മുടെ മലയാള ഭാഷയെ ഒന്ന് കരയ്ക്ക് കേറ്റണം. നല്ല ഭാവി ഉണ്ടാക്കി കൊടുക്കണം.
പപ്പു 2021-02-25 04:38:29
എന്തെടാ സാഹിത്യ രോമമെ നിനക്ക്‌ പ്രശനം ? ഇപ്പ ശരിയാക്കി തരാം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക