Image

ഇഎംസിസി വിശ്വാസ്യതയില്ലാത്ത കമ്പനി: കേന്ദ്രമന്ത്രി വി.മുരളീധരൻ

Published on 23 February, 2021
ഇഎംസിസി വിശ്വാസ്യതയില്ലാത്ത കമ്പനി:  കേന്ദ്രമന്ത്രി വി.മുരളീധരൻ
തിരുവനന്തപുരം∙ സംസ്ഥാന സർക്കാർ ധാരണാപത്രം ഒപ്പിട്ട ഇഎംസിസി എന്ന കമ്പനി വിദേശത്ത്  താൽക്കാലികമായി റജിസ്റ്റർ ചെയ്തതും വിശ്വാസ്യതയില്ലാത്തതുമായ കമ്പനിയാണെന്നും സംസ്ഥാന സർക്കാരിനെ വിദേശകാര്യവകുപ്പ് അറിയിച്ചിരുന്നുവെന്നു  കേന്ദ്രമന്ത്രി വി.മുരളീധരൻ. സ്ഥിരം ഓഫിസ് പോലും ഇല്ലെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചതാണ്.

കമ്പനിയെക്കുറിച്ചുള്ള വിശദാംശം അന്വേഷിച്ച് നൽകിയ കത്തിന് ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് 2019 ഒക്ടോബര്‍ മാസം 21ന് മറുപടി അയച്ചിരുന്നു. ഇഎംസിസിയുടെ വിശദാംശങ്ങള്‍ കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും സ്ഥാപനത്തില്‍നിന്ന് ഒരു മറുപടിയും കിട്ടിയില്ല, കമ്പനിയുടേത് വാടക കെട്ടിടത്തിന്റെ വെര്‍ച്വല്‍ വിലാസം മാത്രമാണെന്നും സ്ഥാപനം എന്ന നിലയില്‍ വിശേഷിപ്പിക്കാനാവില്ലെന്നുമായിരുന്നു കോണ്‍സുലേറ്റ് നല്‍കിയ മറുപടി.

ഈ വിവരങ്ങള്‍ നൽകിയതിന് ശേഷം 2020 ഫെബ്രുവരി 28ന് ആണ് അസന്റിൽ വെച്ച് ഇഎംസിസിയുമായി കേരള സർക്കാർ ധാരണാപത്രം ഒപ്പിടുന്നത്. അതായത്, വിലാസത്തില്‍ പ്രവര്‍ത്തിക്കാത്ത, രജിസ്‌ട്രേഷന്‍ മാത്രമുള്ള ഒരു കമ്പനിയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയായിരുന്നു ഇത്, മുരളീധരന്‍ പറഞ്ഞു. 

വിശ്വാസ്യതയുള്ള സ്ഥാപനമാണോ ഇഎംസിസി എന്ന് അറിയുന്നതിനായി ഫിഷറീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജ്യോതിലാല്‍ കേന്ദ്രത്തിന് കത്തയച്ചിരുന്നു. കമ്പനിയെക്കുറിച്ച് അമേരിക്കയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അന്വേഷിക്കുകയും മറുപടി നല്‍കുകയും ചെയ്തിരുന്നു. ഈ മറുപടിയിലാണ് കമ്പനി വിശ്വാസയോഗ്യമല്ലെന്ന വിവരമുള്ളതെന്നാണ് മുരളീധരന്‍ ഇന്ന് വ്യക്തമാക്കിയത്.

അതെ സമയം, ഇഎംസി സി വ്യാജസ്ഥാപനമെന്ന് ആരും അറിയിച്ചിട്ടില്ലെന്ന് മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു.  വി. മുരളീധരനെ അറിയിച്ചുകാണുമെന്നും മന്ത്രി പറഞ്ഞു.
 
ക്ലിഫ് ഹൗസില്‍ പോയി ആര്‍ക്കും ചര്‍ച്ച നടത്താമെന്നും മന്ത്രി പറഞ്ഞു.
 
കൊടുക്കാത്ത ഭൂമി എങ്ങനെ റദ്ദാക്കും?  മാധ്യമങ്ങളോട് മന്ത്രി ക്ഷുഭിതനായി. ബ്ലാക് മെയില്‍ ആരോപണം അന്വേഷിക്കാന്‍ സമയമില്ല. 
 
ഇഎംസിസി വ്യാജസ്ഥാപനം എന്ന് അറിഞ്ഞിട്ടും കരാറില്‍ ഏര്‍പ്പെട്ടെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ ആരോപിച്ചിരുന്നു‍.  ‌മല്‍സ്യത്തൊഴിലാളികളെ പിന്നില്‍ നിന്ന് കുത്തിയെന്നും കേന്ദ്രമന്ത്രി ആരോപിച്ചു.

വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജൻ വായിൽ തോന്നിയത് വിളിച്ചു പറയുന്നു. ഉദ്യോഗസ്ഥർക്ക് അയയ്ക്കുന്ന കത്തിലെ വിവരങ്ങൾ മനസ്സിലാക്കാത്തത് ജയരാജന്റെ പരാജയമാണ്. 2019 ഒക്ടോബർ 21ന് ഇ–മെയിലായി കത്ത് അയച്ചു. പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് അയച്ചത്. 

ന്യൂയോർക്ക് പര്യടനത്തിനിടെ ഷിജു വര്‍ഗീസ് എന്നയാളെ താൻ കണ്ടിട്ടില്ലെന്നും വി.മുരളീധരന്‍ പറഞ്ഞു. 

ഇതിനിടെ  ആഴക്കടൽ മൽസ്യ ബന്ധന പദ്ധതിയെക്കുറിച്ച് പ്രതികരണം ആരാഞ്ഞ മാധ്യമപ്രവർത്തകയെ അശ്ലീലം കലർന്ന സ്റ്റിക്കറുകൾകൊണ്ട് കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ (കെഎസ്ഐഎൻസി) എംഡി എൻ. പ്രശാന്ത് ആക്ഷേപിച്ചെന്നു പരാതി. എന്നാൽ പത്രപ്രവർത്തകയ്ക്കു മറുപടി അയച്ചത് പ്രശാന്തല്ലെന്നും താനാണെന്നും വ്യക്തമാക്കി ഭാര്യ ലക്ഷ്മിയും രംഗത്തെത്തി.

പരാതിപ്പെടുമെന്ന പറഞ്ഞപ്പോൾ പ്രശാന്ത് ടെക്സറ്റ്   ചെയ്തു. ‘വാർത്ത ചോർത്തിയെടുക്കാനുള്ള വിദ്യ കൊള്ളാം, തെറ്റായ ആളുടെ അടുത്ത് തെറ്റായ വിദ്യയായിപ്പോയി’ എന്നുപറഞ്ഞു സംഭാഷണം അവസാനിപ്പിച്ചു. തൊട്ടു പിന്നാലെ ചില മാധ്യമപ്രവർത്തകരെ ശവംതീനികളുമായി (Scavenger) താരതമ്യപ്പെടുത്തുന്നതിൽ അദ്ഭുതമില്ലെന്നു വീണ്ടും ഒരു മെസേജ് കൂടി. 

സംഭവത്തിൽ പ്രതികരണം ആരാഞ്ഞ മനോരമ ഓൺലൈനോട് ‘എന്തു നിലവാരം, ശരിക്കും ശവംതീനി’ എന്നായിരുന്നു എൻ. പ്രശാന്തിന്റെ പ്രതികരണം.

അതിനിടെ, പുറത്തുവന്നത് ‘നിർമിത വാർത്ത’യാണെന്ന പ്രതികരണവുമായി പ്രശാന്തിന്റെ ഭാര്യ ലക്ഷ്മി സമൂഹമാധ്യത്തിലൂടെ രംഗത്തെത്തി. 

ആഴക്കടൽ മത്സ്യബന്ധന കരാർ  ന്യായീകരിക്കുന്നതിനായിരുന്നു എംഡി എൻ.പ്രശാന്ത് തുടക്കം മുതൽ ശ്രമിച്ചിരുന്നത്. മത്സ്യ മേഖലയിലെ ഗവേഷണ സ്ഥാപനമായ സിഎംഎഫ്ആർഐയുടെ കണ്ടെത്തലിന്റെയും ഉപദേശത്തിന്റെയും അടിസ്ഥാനത്തിലാണ് മത്സ്യ ബന്ധന കരാർ നീക്കമെന്നായിരുന്നു വാദം.

അതേ സമയം എൻ. പ്രശാന്തിനെതിരെ രൂക്ഷമായ വിമർശനമാണ് കഴിഞ്ഞ ദിവസം മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉയർത്തിയത്. ഇ.എംസിസിയുമായി കെഎസ്ഐഎൻസി ഒപ്പിട്ട ധാരണാപത്രം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഇടപെട്ടു റദ്ദാക്കുകയും ചെയ്തു.  

മാധ്യമ പ്രവര്‍ത്തകയെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും അശ്ലീലച്ചുവയോടെ പ്രതികരിക്കുകയും ചെയ്ത ഐ.എ.എസ് ഉദ്യാഗസ്ഥന്‍ എന്‍. പ്രശാന്തിനെതിരെ കേസെടുത്ത് മാതൃകാപരമായ ശിക്ഷാനടപടി സ്വീകരിക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ആവശ്യപ്പെട്ടു.

ആഴക്കടല്‍ മത്സ്യബന്ധന പദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരണത്തിന് ശ്രമിച്ച മാതൃഭൂമി ലേഖിക കെ.പി പ്രവിതയെ അശ്ലീലച്ചുവയുള്ള ഇമോജികളിലൂടെ തരംതാഴ്ന്ന മറുപടി നല്‍കി ആക്ഷേപിക്കുകയും സാമൂഹിക മാധ്യമങ്ങളിലൂടെ ആക്ഷേപിക്കുകയും ചെയ്ത കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ എന്‍. പ്രശാന്തിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. 

താല്‍പര്യമില്ലെങ്കില്‍ പ്രതികരിക്കാതിരിക്കുക സ്വാഭാവികമാണെങ്കിലും അശ്ലീലച്ചുവയുള്ള ചിത്രങ്ങള്‍ മറുപടി നല്‍കി മാധ്യമപ്രവര്‍ത്തകയെ അപമാനിക്കാന്‍ ഒരു മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ ശ്രമിച്ചത് മാന്യതയ്ക്കു നിരക്കുന്ന പ്രവൃത്തിയല്ല. പ്രശാന്തിനൊപ്പം ഫെയ്സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലൂടെ അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മി പ്രശാന്ത് മാധ്യമപ്രവര്‍ത്തകരെയാകെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണമാണു നടത്തിയിരിക്കുന്നത്. 

വിവാദ സംഭവങ്ങളില്‍ ആ വിഷയവുമായി ബന്ധപ്പെട്ട അധികൃതരില്‍നിന്നു പ്രതികരണം തേടുന്നത് കേരളത്തില്‍ മാത്രമല്ല, ലോകമെമ്പാടും മാധ്യമങ്ങള്‍ സ്വീകരിക്കുന്ന രീതിയാണ്. ഫോണില്‍ വിളിച്ചു കിട്ടാതിരുന്നപ്പോള്‍ ഇപ്പോള്‍ സംസാരിക്കാന്‍ സൗകര്യമുണ്ടാവുമോ എന്നാരാഞ്ഞ് അയച്ച വളരെ മാന്യമായ സന്ദേശത്തിനാണ് ഐ.എ.എസ് ഉദ്യോഗസ്ഥന്‍ അശ്ലീലച്ചുവയുള്ള ഇമോജികളിലൂടെ പ്രതികരിച്ചത്. ഇത് വനിതകള്‍ക്കെതിരെ എന്നല്ല, മുഴുവന്‍ മാധ്യമസമൂഹത്തോടും പൗരസമൂഹത്തോടുമുള്ള വെല്ലുവിളിയും അധിക്ഷേപവുമാണെന്ന് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ.പി റജിയും ജനറല്‍ സെക്രട്ടറി ഇ.എസ് സുഭാഷും മുഖ്യമന്ത്രി പിണറായി വിജയനും ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയ്ക്കും നല്‍കിയ നിവേദനത്തില്‍ പറഞ്ഞു

Join WhatsApp News
Homer man 2021-02-23 16:37:48
What is Fomaa involvement on this matter. I hope the secretary and treasurer got some million from this involvement. Please investigate.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക