Image

പത്രജീവിതത്തിന്‍െറ അരനൂറ്റാണ്ട്

അഭിമുഖം: തോമസ് ജേക്കബ് / കെ.പി. റെജി (Madhyamam) Published on 16 June, 2012
പത്രജീവിതത്തിന്‍െറ അരനൂറ്റാണ്ട്

വാക്കും വരയുംകൊണ്ട് കൊരുത്ത അരനൂറ്റാണ്ടിനിപ്പുറം നര്‍മംചാലിച്ച ഗൗരവത്തില്‍ ടി.ജെ എന്ന രണ്ടക്ഷരം. ആറ്റംബോംബില്‍ നാത്തൂന്‍പോരിന്‍െറ നര്‍മബോധം പുരട്ടി ഹരിശ്രീകുറിച്ച പത്രപ്രവര്‍ത്തനത്തിന് ഇപ്പോള്‍ പ്രായം 50 കഴിയുന്നു. അനുഭവങ്ങളുടെ രുചിപടര്‍ത്തുന്ന കഥക്കൂട്ടില്‍ ഭാഷയുടെ അതിരുകളിലൊതുങ്ങാത്ത മാധ്യമലോകത്തിന്‍െറ ചരിത്രം. അതില്‍ മറ്റാരും കാണാത്ത വാര്‍ത്താപരിസരത്തിന്‍െറ ദൃശ്യഭംഗിയും ശില്‍പചാരുതയുമുണ്ട്.
മാര്‍ത്തോമാസഭക്ക് കൊട്ടാരക്കരയില്‍ രണ്ടു മിഷനറിമാരായിരുന്നു. പുലമണ്‍ ജങ്ഷനില്‍നിന്ന് നാലു കിലോമീറ്റര്‍ വടക്ക് മൈലത്ത് ജോര്‍ജ് കാക്കനാടനും പുലമണ്‍ ജങ്ഷനില്‍നിന്ന് പത്തു കിലോമീറ്റര്‍ കിഴക്ക് വില്ലൂരിലെ ഇരവിപേരൂര്‍ ശങ്കരമംഗലത്ത് ടി.ഒ. ചാക്കോയും. രണ്ടു പേരുടെയും മക്കള്‍ അക്ഷരംകൊണ്ട് ജീവിക്കുന്നവരായി. ഒരു മിഷനറിയുടെ മകന്‍ കാക്കനാടന്‍ എന്ന പേരില്‍ വലിയ എഴുത്തുകാരനായി. രണ്ടാമന്‍െറ മകന്‍ തോമസ് ജേക്കബ് പത്രപ്രവര്‍ത്തകനായി മലയാള മാധ്യമങ്ങളുടെ ചരിത്രപുസ്തകമായി.

തിരുവല്ല മാര്‍ത്തോമ കോളജിലെ സമര്‍ഥനായ രസതന്ത്ര വിദ്യാര്‍ഥിയായിരുന്ന തോമസ് ജേക്കബ് വാര്‍ത്തയുടെയും ഭാഷയുടെയും രസശാസ്ത്രത്തില്‍ എന്നും ഒന്നാമനായിരുന്നു. കൈവെക്കുന്നതെന്തിലും നളപാചകത്തിന്‍െറ രുചിയേറും. നര്‍മവും ചരിത്രവും അനുഭവപാഠങ്ങളും ചരിത്രത്തില്‍ മുമ്പേ നടന്ന വ്യക്തികളോടുള്ള സ്നേഹാദരങ്ങളുമെല്ലാം പാകത്തിന് അരച്ചുചേര്‍ത്ത് ആഴ്ചപ്പതിപ്പിന്‍െറ ഒറ്റപ്പേജിലേക്ക് ടി.ജെ കാച്ചിക്കുറുക്കിയെടുക്കുന്ന കഥക്കൂട്ട് ജനപ്രിയ പ്രതിവാര പംക്തിയായി തിളങ്ങുമ്പോള്‍ മാധ്യമങ്ങളുടെയും ഭാഷയുടെയും എന്തിന് കേരളത്തിന്‍െറതന്നെയും ചരിത്രമാണ് ഇതള്‍വിരിയുന്നത്.

തൂണിലും തുരുമ്പിലും വാര്‍ത്തയുടെ മാണിക്യം മറഞ്ഞുകിടക്കുന്നുണ്ടെന്നു തെളിയിച്ചതിലൂടെ മലയാള മാധ്യമലോകത്തിന്‍െറ സഞ്ചാരപഥങ്ങളെ മാറ്റിമറിക്കുകയായിരുന്നു ഇരവിപേരൂര്‍ ശങ്കരമംഗലത്ത് തൈപ്പറമ്പില്‍ തോമസ് ജേക്കബ്. വാര്‍ത്താലോകത്ത് നഷ്ടങ്ങളില്ലെന്ന ഉറച്ചവിശ്വാസമാണ് ഗസറ്റിലെ തൊണ്ടിലേല പരസ്യങ്ങളില്‍നിന്നും വൈവാഹികപംക്തിയില്‍നിന്നും വാര്‍ത്തയുടെ അമൂല്യരത്നങ്ങള്‍ ചികഞ്ഞെടുക്കുന്ന ചാതുര്യത്തിനൊപ്പമോ അതിലേറെയോ തോമസ് ജേക്കബ് എന്ന പത്രപ്രവര്‍ത്തകനെ വ്യതിരിക്തനാക്കുന്നത്.
പഠനകാലത്തേ പത്രത്തിന്‍െറ ഒന്നാം പേജില്‍ വാര്‍ത്തയെഴുതിയും കാര്‍ട്ടൂണുകള്‍ വരച്ചും തിളങ്ങിയ കരുത്തുമായി 21ാം വയസ്സില്‍ പത്രപ്രവര്‍ത്തകനായി മലയാള മനോരമയുടെ പടികയറിയ തോമസ് ജേക്കബ് അക്ഷരാര്‍ഥത്തില്‍ സ്വയം സമര്‍പ്പിതമായ മുഴുസമയ പത്രപ്രവര്‍ത്തനത്തിലൂടെ മാധ്യമലോകത്തിന്‍െറ പടവുകള്‍ ചാടിക്കയറുകയായിരുന്നു. പ്രചാരമുള്ള ഭാഷാദിനപത്രമായി മലയാള മനോരമ നടന്നുകയറിയത് ചീഫ് എഡിറ്റര്‍ കെ.എം. മാത്യുവിന്‍െറ കൈപിടിച്ചായിരുന്നെങ്കില്‍ മാത്യുവിന്‍െറ പ്രിയപ്പെട്ട കൈത്താങ്ങായി ടി.ജെ കൂടെയുണ്ടായിരുന്നു. തന്‍െറ ഏറ്റവും മികച്ച എഡിറ്റോറിയല്‍ തീരുമാനങ്ങളില്‍ ഒന്ന് തോമസ് ജേക്കബിന് മനോരമയില്‍ നിയമനം നല്‍കിയതായിരുന്നു എന്ന് മാത്യുതന്നെ സാക്ഷ്യപ്പെടുത്തിയ മികവ് 1963 നവംബര്‍ 22ന്‍െറ രാത്രിയില്‍ അദ്ദേഹം ഉറക്കമൊഴിച്ചു കണ്ടുനിന്നതാണ്. രാജ്യത്തെ ഉന്നതരായ ആറു സേനാമേധാവികള്‍ വിമാനാപകടത്തില്‍ മരിച്ച പകലും അമേരിക്കയുടെ ജനപ്രിയ പ്രസിഡന്‍റ് ജോണ്‍ എഫ്. കെന്നഡി വെടിയേറ്റു മരിച്ച രാത്രിയും സംഗമിച്ച അപൂര്‍വ വാര്‍ത്താചാകരയുടെ ദിനത്തില്‍ ശ്രദ്ധേയമായ മികവില്‍ മനോരമ പുറത്തിറങ്ങിയത് അന്ന് പത്രപ്രവര്‍ത്തനത്തില്‍ കഷ്ടിച്ച്  മൂന്നു വര്‍ഷത്തെ മാത്രം പരിചയമുള്ള തോമസ് ജേക്കബിന്‍െറ അത്യുത്സാഹവും സാഹസികതയുംകൊണ്ട് മാത്രമായിരുന്നു. രാത്രി വൈകി നടന്ന കെന്നഡി വധത്തിന്‍െറ വാര്‍ത്താവിന്യാസത്തില്‍ പരിചയസമ്പന്നനായ സഹപ്രവര്‍ത്തകന്‍ മടിച്ചുനിന്നപ്പോള്‍ മാത്യു ചെറുപ്പക്കാരനായ തോമസ് ജേക്കബിന്‍െറ സാഹസികതയെ പിന്തുണക്കുകയായിരുന്നു. ഭാര്യ ജാക്വിലിനും കുഞ്ഞുങ്ങള്‍ക്കുമൊപ്പം കെന്നഡി കടല്‍ത്തീരത്ത് ഉല്ലസിക്കുന്ന വൈകാരികമായ ചിത്രമാണ് രാത്രി വൈകി നടത്തിയ പേജ് പൊളിച്ചടുക്കില്‍ അന്നത്തെ പത്രത്തെ അപൂര്‍വമാക്കിയത്. ആ ചിത്രം ലൈബ്രറിയില്‍നിന്ന് തപ്പിപ്പിടിച്ചെടുത്തതും ടി.ജെതന്നെ. പകല്‍ ആറു സേനാ ഉദ്യോഗസ്ഥരുടെയും പടം  തേടിപ്പിടിച്ചതും ഇതേ സാഹസിക ബുദ്ധിതന്നെയായിരുന്നു.  പത്രപ്രവര്‍ത്തനത്തിന്‍െറ അര നൂറ്റാണ്ട് പിന്നിടുമ്പോഴും പുതുമയുടെ ചങ്കുറപ്പ് പരീക്ഷിക്കാന്‍ മടി കാണിക്കാത്ത ടി.ജെ പത്രലോകത്തെ റിസ്ക് മാനേജരായതും ഇങ്ങനെയൊക്കെയാണ്.

സ്വയം അപ്ഡേറ്റ് ചെയ്യുന്ന പത്രവിജ്ഞാനകോശമാണ് ടി.ജെ എന്ന് സഹപ്രവര്‍ത്തകര്‍ സ്നേഹപൂര്‍വം വിളിക്കുന്ന തോമസ് ജേക്കബ്. രാവിലെ ഓഫിസിലെത്തുന്നതിനു മുമ്പ് ഡസനോളം പത്രങ്ങള്‍ വായിച്ചുതീര്‍ക്കുന്ന ശീലത്തിന് ഈ 72ാം വയസ്സിലും ഒരു മാറ്റവുമില്ല. ബ്രിട്ടനിലെ വിഖ്യാതമായ തോംസണ്‍ ഫൗണ്ടേഷന്‍ ലോകത്തിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ക്കായി നടത്തിയ പരിശീലന കോഴ്സില്‍ ഒന്നാം റാങ്ക് നേടുമ്പോള്‍ സഹപാഠികളില്‍ പലര്‍ക്കും ടി.ജെയുടെ ഇരട്ടിയായിരുന്നു പ്രായം. സിംഹത്തിനെ മടയില്‍ചെന്ന് നേരിടാനുള്ള തീരുമാനവുമായി മാതൃഭൂമിയുടെ ആസ്ഥാനമായ കോഴിക്കോട് മനോരമ യൂനിറ്റ് തുടങ്ങുമ്പോള്‍ കെ.എം. മാത്യുവിന്‍െറ പ്രിയങ്കരനായ ന്യൂസ് എഡിറ്റര്‍ക്ക് വയസ്സ് 25 മാത്രം. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ന്യൂസ് എഡിറ്റര്‍. ഇപ്പോള്‍ ഇന്ത്യയിലും വിദേശത്തും പത്രപ്രവര്‍ത്തകരെ പരിശീലിപ്പിക്കുന്നവരില്‍ പ്രമുഖന്‍. പത്രപ്രവര്‍ത്തനത്തില്‍ തിളങ്ങുന്ന 50 സുവര്‍ണവര്‍ഷങ്ങള്‍ പിന്നിട്ട ആ പത്രപ്പുസ്തകത്തിന്‍െറ ചില ഏടുകള്‍ ഇവിടെ തുറക്കുന്നു:

ഒരു സാമ്പ്രദായിക ചോദ്യത്തില്‍നിന്നുതന്നെ തുടങ്ങാം. പത്രപ്രവര്‍ത്തനം അത്രയൊന്നും ആകര്‍ഷകമായ തൊഴില്‍മേഖലയല്ലാതിരുന്ന കാലഘട്ടത്തില്‍ എങ്ങനെയാണ് ഈ രംഗത്തേക്കു കടന്നുവന്നത്? എന്തായിരുന്നു അതിനു സഹായകമായ കുടുംബ പശ്ചാത്തലം?
* എന്‍െറ ഒരു ബന്ധു മനോരമയിലുണ്ടായിരുന്നു- പി.ഒ എബ്രഹാം. അതുവഴി പത്രപ്രവര്‍ത്തനത്തെക്കുറിച്ച് ഏകദേശ ധാരണ കിട്ടിയിരുന്നു. പാര്‍ട്ടൈം ലേഖകനാണ് ഉണ്ടായിരുന്നതെങ്കിലും ഉടമസ്ഥന്മാരുടെ സ്വന്തം നാടായ തിരുവല്ല മനോരമക്ക് വളരെ പ്രധാനപ്പെട്ട സ്ഥലമായിരുന്നു. പ്രചാരവും സ്വാധീനവും വളരെ കൂടിയ പ്രദേശമായിരുന്നതിനാല്‍ അവിടെ  പ്രത്യേക ശ്രദ്ധതന്നെ കൊടുത്തിരുന്നു. തിരുവല്ലയിലെ ലേഖകന് ഞാന്‍ ചില വാര്‍ത്തകളൊക്കെ എഴുതിക്കൊടുക്കുമായിരുന്നു. സാധാരണ നേര്‍ക്കുനേര്‍ എഴുതുമായിരുന്ന കാര്യങ്ങള്‍ വ്യത്യസ്തമായ അവതരണത്തിലൂടെ ബോക്സാക്കി നല്‍കത്തക്ക വിധത്തിലൊക്കെയാണ് എഴുതിയിരുന്നത്. അങ്ങനെ പത്രങ്ങളോടൊരു ആഭിമുഖ്യം എന്നു പറയാന്‍ വയ്യെങ്കിലും സാധാരണ ഒരു വിദ്യാര്‍ഥിക്ക് ഉള്ളതിനെക്കാള്‍ കൂടുതല്‍ കൗതുകകരമായ താല്‍പര്യം കാണിച്ചിരുന്നതുകൊണ്ട് പത്രപ്രവര്‍ത്തനം മനസ്സിലാക്കിയെടുക്കാന്‍ കഴിഞ്ഞു.

കാര്‍ട്ടൂണിസ്റ്റാവാനാണ് മനോരമയില്‍ വന്നത് എന്നു കേട്ടിട്ടുണ്ടല്ലോ?
* കോളജില്‍ പഠിക്കുമ്പോള്‍ അയച്ചുകൊടുത്ത ചില കാര്‍ട്ടൂണുകള്‍ മനോരമയില്‍ അടിച്ചുവന്നിരുന്നു. ഓര്‍മയിലുള്ള ഒരു കാര്‍ട്ടൂണിനെക്കുറിച്ചു പറയാം. കെ.എസ്. പിള്ളയായിരുന്നു അന്നത്തെ പ്രമുഖ കാര്‍ട്ടൂണിസ്റ്റ്. ഒരു പത്രത്തിനുമങ്ങനെ സ്റ്റാഫുകളായി കാര്‍ട്ടൂണിസ്റ്റില്ലായിരുന്നു. പല പത്രങ്ങളില്‍ അദ്ദേഹം വരച്ചിരുന്നു. കേരളഭൂഷണത്തില്‍ വരക്കും. മനോരമയില്‍ വരക്കും. ദേശബന്ധുവിലാണ് ഏറ്റവും കൂടുതല്‍ വരച്ചിരുന്നത്. ചില ദിവസങ്ങളില്‍ ദേശബന്ധുവില്‍ വന്നതിന് നേരെ എതിരായിട്ടുള്ള കാര്‍ട്ടൂണ്‍ മനോരമയില്‍ വന്നെന്നുവരും. മനോരമയുടെ ചീഫ് എഡിറ്ററെ കളിയാക്കിക്കൊണ്ടുള്ള കാര്‍ട്ടൂണ്‍പോലും അദ്ദേഹം മറ്റു പത്രങ്ങളില്‍ വരച്ചിട്ടുണ്ട്. അഖിലേന്ത്യാ തപാല്‍ പണിമുടക്കിനെക്കുറിച്ച് കെ.എസ്. പിള്ള വരച്ച കാര്‍ട്ടൂണ്‍ രാവിലെ മനോരമയില്‍ സ്വീകരിച്ചു. അതേവിഷയത്തെപ്പറ്റി ഞാന്‍ വരച്ച കാര്‍ട്ടൂണ്‍ തിരുവല്ല ലേഖകന്‍ വഴി വൈകീട്ട് ഓഫിസിലെത്തി. കെ.എസ്. പിള്ളയുടേത് ഒന്നാം പേജിലും ഞാന്‍ വരച്ചത് മൂന്നാംപേജിലും കൊടുത്തു. ദിവസം ഒരു കാര്‍ട്ടൂണ്‍ മാത്രം കൊടുക്കുന്ന കാലത്ത് ഒരേ വിഷയത്തില്‍ രണ്ടു കാര്‍ട്ടൂണ്‍ കൊടുക്കുക എന്നത് ചിന്തിക്കാന്‍പോലും കഴിയാത്ത കാര്യമായിരുന്നു. പത്രത്തിന് അന്നു നാലു പേജേ ഉണ്ടായിരുന്നുള്ളൂ. ഒരു വിഷയത്തില്‍ രണ്ടു കാര്‍ട്ടൂണ്‍ ഇപ്പോള്‍പോലും ചിന്തിക്കാന്‍ പ്രയാസമാണ്.  എന്നിട്ടും കെ.എസ്. പിള്ളയെപ്പോലെ ഒരാള്‍ വരച്ച വിഷയത്തില്‍ എന്‍േറതും കൊടുക്കാന്‍ തീരുമാനിച്ചത് അതില്‍ എന്തോ ഉള്ളതുകൊണ്ടായിരിക്കണമല്ലോ? അതുകൊണ്ടുതന്നെ എന്‍െറ വഴി ഇതാണെന്ന് തോന്നിയിരുന്നു.

മനോരമയിലേക്കുള്ള കടന്നുവരവ് എങ്ങനെയായിരുന്നു?
* വീക്കിലിയിലേക്ക് ചില കാര്‍ട്ടൂണുകള്‍ കൊടുക്കാനാണ് ഒരു ദിവസം മനോരമ ഓഫിസില്‍ ചെന്നത്. വീക്കിലിയുടെ എഡിറ്റര്‍ വര്‍ഗീസ് കളത്തില്‍ സുഖമില്ലാതെ വീട്ടില്‍ വിശ്രമത്തിലായിരുന്നു. മനോരമയുടെ അടുത്തുതന്നെ താമസിക്കുന്ന അദ്ദേഹത്തെ ഞാന്‍ വീട്ടില്‍പോയി കണ്ടു. കാര്‍ട്ടൂണ്‍ ഓടിച്ചുനോക്കിയ അദ്ദേഹമതു മാറ്റിവെച്ചു. സ്വാഭാവികമായും അദ്ദേഹത്തിന്‍െറ നിലവാരത്തിനടുത്തെത്തിയിരിക്കില്ല എന്നു ഞാന്‍ കരുതി. എന്തു ചെയ്യുന്നുവെന്ന് അദ്ദേഹം ചോദിച്ചു. സെപ്റ്റംബര്‍ പരീക്ഷക്ക് തയാറെടുക്കുകയാണെന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ പഠിക്കാനൊക്കെ ഉഴപ്പാണല്ലേ, വരച്ചുനടക്കുകയായിരിക്കും എന്നായി ചോദ്യം. പഠിക്കാന്‍ കുഴപ്പമില്ലായിരുന്നു. മികച്ച വിദ്യാര്‍ഥിക്കുള്ള സ്കോളര്‍ഷിപ്പൊക്കെ എനിക്കായിരുന്നു. നെഹ്റുവിന്‍െറ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം.ഒ. മത്തായി തന്‍െറ അമ്മയുടെ പേരില്‍ ചേച്ചമ്മ ട്രസ്റ്റ് ഉണ്ടാക്കിയിരുന്നു. കേരളത്തിലെ രണ്ടു കോളജുകളില്‍ ട്രസ്റ്റ് സ്കോളര്‍ഷിപ് ഏര്‍പ്പെടുത്തി. തിരുവല്ല മാര്‍ത്തോമാ കോളജിലെ സ്കോളര്‍ഷിപ് എനിക്കാണു കിട്ടിയത്. പക്ഷേ, പരീക്ഷക്കിടെ ഒരു ദിവസം അസുഖം ബാധിച്ചതിനാല്‍ രാത്രി ഉറങ്ങാനോ പഠിക്കാനോ പറ്റിയില്ല. രാവിലെ ഡോക്ടറെ കണ്ടു. കുഴപ്പമില്ല; ഒരു ഇന്‍ജക്ഷന്‍ തരാം. അതുകഴിഞ്ഞുപോയി പരീക്ഷ എഴുതിക്കോ എന്ന് അദ്ദേഹം പറഞ്ഞു. നല്ല മാര്‍ക്ക് കിട്ടേണ്ടതാണെങ്കിലും  തലേന്ന് ഒന്നും നോക്കാത്തതിനാലും ഉറങ്ങിയിട്ടില്ലാത്തതിനാലും പരീക്ഷക്ക് പോകണമെന്നില്ലെന്നു ഞാന്‍ പറഞ്ഞു. എങ്കില്‍പിന്നെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാമെന്ന് അദ്ദേഹം ഉപദേശിച്ചു. അങ്ങനെയാണ് സെപ്റ്റംബര്‍ പരീക്ഷ എഴുതേണ്ടിവന്നത്.  കോളജിലെ ആദ്യ ബാച്ചായിരുന്നു അത്. കെമിസ്ട്രി ബിരുദ ബാച്ച്. ഞാന്‍ പകുതിക്കുവെച്ച് പരീക്ഷ മുടക്കിയതുകൊണ്ട് കോളജിന് നൂറു ശതമാനം വിജയം നഷ്ടമാവുകയും ചെയ്തു. അങ്ങനെ, വീണ്ടും പരീക്ഷക്കു തയാറാവുകയാണെന്നു പറഞ്ഞപ്പോള്‍ അദ്ദേഹം ചോദിച്ചു: ജോലി വേണോ? പരീക്ഷ പാസാവുന്നതിനു മുമ്പേ ജോലി വലിയ സന്തോഷമാണല്ലോ, ഞാന്‍ തലയാട്ടി. കെ.എം. മാത്യുവിന് ഒരു കത്തുമായി എന്നെ അദ്ദേഹത്തിന്‍െറ മുറിയിലേക്കയച്ചു. എന്‍െറ ബ്രദറിനെക്കൂടി ഒന്നു കാണൂ എന്ന് കെ.എം. മാത്യു ആവശ്യപ്പെട്ടു. അന്ന് കെ.എം. ചെറിയാനാണ് ചീഫ് എഡിറ്റര്‍. ബി.എസ്സിക്കാരനാണെന്നറിഞ്ഞ അദ്ദേഹം, ഓ, അപ്പോള്‍ സയന്‍റിസ്റ്റാണല്ലേ എന്ന ചോദ്യമാണുയര്‍ത്തിയത്. കെമിസ്ട്രിയും ഫിസിക്സും പഠിച്ചിട്ടുണ്ടെന്നേയുള്ളൂ, സയന്‍റിസ്റ്റൊന്നുമല്ലെന്ന് ഞാനും പറഞ്ഞു. എന്നാല്‍, ആറ്റംബോംബിനെപ്പറ്റി ഒരു ലേഖനം എഴുതിത്തരൂ എന്നായി ചീഫ് എഡിറ്റര്‍. എന്‍െറ മുഖത്തെ പരിഭ്രമം കണ്ടാവണം, ഇന്ന് തരണമെന്നില്ല, നാളെ മതി എന്ന് അദ്ദേഹം ആശ്വസിപ്പിച്ചു. പിന്നെ ഇഷ്ടമുള്ള ഒരു വിഷയത്തെപ്പറ്റിക്കൂടി എഴുതിക്കോളൂ എന്നും അദ്ദേഹം പറഞ്ഞു. ഞാന്‍ കോളജ് ലൈബ്രറിയില്‍പോയി ആറ്റംബോംബിനെക്കുറിച്ച് കിട്ടാവുന്ന വിവരങ്ങളൊക്കെ ശേഖരിച്ചു. നല്ല ആമുഖവുമെഴുതി. ന്യൂട്രോണും പ്രോട്ടോണും തമ്മിലെ വികര്‍ഷണമാണ് ബോംബിലെ തത്ത്വമെന്നുള്ളതുകൊണ്ട് ഏതാണ്ട് ഒരു നാത്തൂന്‍പോരിന്‍െറപോലുള്ള എന്തോ ആണ് എഴുതിയതെന്നാണ് എന്‍െറ ഓര്‍മ. നര്‍മബോധത്തെപ്പറ്റി മുമ്പ് എഴുതിവെച്ച ഒരു ലേഖനവും ഒപ്പംവെച്ചു. അതിന്‍െറ അടിസ്ഥാനത്തിലാണ് പിന്നീട് ഞാന്‍ മനോരമയിലേക്കു വരുന്നത്.

പത്രപ്രവര്‍ത്തനത്തിന്‍െറ തുടക്കനാളുകള്‍ എങ്ങനെയായിരുന്നു? ഗുരുക്കന്മാര്‍ എന്നു പറയാവുന്നത് ആരാണ്?
* അന്ന് രണ്ടു ഷിഫ്റ്റുകളാണുണ്ടായിരുന്നത്. രാവിലത്തെ ഷിഫ്റ്റില്‍ രണ്ടു പേരുണ്ടാവും...ബാബു ചെങ്ങന്നൂരും എം. കുര്യനും. എന്നെയും അവരുടെ കൂട്ടത്തിലാക്കി. അന്ന് പത്രം നാലു പേജാണ്. രണ്ടാം പേജ് മുഖപ്രസംഗ പേജായിരുന്നു. അതും അവസാന പേജും ഇവര്‍ തയാറാക്കും. ‘മാന്‍ഡ്രേക്’എന്ന കാര്‍ട്ടൂണ്‍ സ്ട്രിപ്പും ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളുമൊക്കെയാണ് അവസാന പേജില്‍ വന്നിരുന്നത്. ഈ രണ്ടു പേജ് തയാറാക്കി നാലഞ്ചു മണിയോടെ അവര്‍ക്കു പോകാം. അവരുടെ കൂടെ പോകുന്നതിനുപകരം ഞാന്‍ അടുത്ത ഷിഫ്റ്റിലുമിരിക്കും. അന്നു രാത്രി പത്തുവരെയേ വാര്‍ത്ത എടുക്കൂ. അതു കഴിഞ്ഞുള്ള വാര്‍ത്ത അന്നു പത്രത്തില്‍ വരില്ല. അങ്ങനെ രാവിലെ 9.30 മുതല്‍ രാത്രി പത്തുവരെ ഒരു ഷിഫ്റ്റ്പോലെ പൂര്‍ണസമയം ഞാന്‍ ഓഫിസില്‍ ഇരിക്കുമായിരുന്നു. എം. കുര്യനൊക്കെ വലിയ ശിക്ഷണം തരുന്ന ആളുകളായിരുന്നു. അടുത്തകാലത്താണ് അദ്ദേഹം മരിച്ചത്. ഞാന്‍ എന്നും എഡിറ്റ് ചെയ്തുകൊടുക്കുമെങ്കിലും ആറു മാസം കഴിഞ്ഞുമാത്രമേ അദ്ദേഹം പത്രത്തില്‍ ഒരു വാര്‍ത്ത കൊടുക്കാന്‍ അനുവദിച്ചുള്ളൂ. ഇപ്പോള്‍ പത്രങ്ങളുടെ എഡിഷനുകളുടെ വര്‍ധനയും ആള്‍ക്ഷാമവുമൊക്കെ കാരണം ട്രെയ്നിയായി വരുന്നയാളെത്തന്നെ പേജ് ഏല്‍പിച്ചുകൊടുക്കുന്നതാണവസ്ഥ. അന്ന് നാഫെന്‍ എന്ന ഒരു വാര്‍ത്താ ഏജന്‍സിയുണ്ടായിരുന്നു. മാസം ആറെട്ടു തവണ അവര്‍ തപാലില്‍ വാര്‍ത്ത അയച്ചുതരും. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന പത്രങ്ങളില്‍ വരുന്ന കൗതുകവാര്‍ത്തകളും മറ്റും അവര്‍ അയച്ചുതരുന്ന കൂട്ടത്തിലുണ്ടാവും. കോട്ടയത്തുകാരനായ ഒരു സി.സി. ജോസഫായിരുന്നു ഇന്ത്യയിലെ അതിന്‍െറ ചീഫ്. അദ്ദേഹത്തിന്‍െറ ചമ്പാലത്തറ കുടുംബവുമായുള്ള അടുപ്പം കാരണം മനോരമ നാഫെന്‍െറ വരിക്കാരായി. മാസം 50 രൂപയായിരുന്നു വരിസംഖ്യ. ഇപ്പോള്‍ ഹ്യൂമന്‍ ഇന്‍ററസ്റ്റ് സ്റ്റോറികളെന്നു പറയുന്ന സ്വഭാവത്തില്‍ ബോക്സ്രൂപത്തില്‍ കൊടുക്കാവുന്നതാവും നാഫെന്‍െറ പല വാര്‍ത്തകളും. എം. കുര്യന്‍ എന്നെക്കൊണ്ട് അതെല്ലാം എഴുതിക്കും. പക്ഷേ, മിക്കതും പത്രത്തില്‍ വരില്ല. എന്നാല്‍, ദിവസവും അദ്ദേഹം എന്നെ അടുത്തു വിളിച്ചിരുത്തി ഞാനെഴുതിയതിലെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ചുതരുമായിരുന്നു. അതൊരു വലിയ പരിശീലനമായിരുന്നു.

അന്നത്തെ പത്രങ്ങളുടെ പൊതു അവസ്ഥ എന്തായിരുന്നു?
* സ്ഥിരമായി വായിക്കാന്‍ നമ്മുടെ നാട്ടിലെ പത്രങ്ങളല്ലാതെ ഒന്നുമില്ലായിരുന്നു. മധുരയില്‍നിന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് വന്നിരുന്നത്. മദ്രാസില്‍നിന്ന് ഹിന്ദു വരും. പിന്നെ മദ്രാസ് മെയിലും. അതു പിന്നീട് പൂട്ടിപ്പോയി. മദ്രാസ് മെയിലിന്‍െറ ചരിത്രം ഓര്‍ക്കുമ്പോള്‍ വളരെ രസകരമായൊരു കാര്യമുണ്ട്. വെസ്റ്റേണ്‍ മെയില്‍ എന്ന ഒരു പത്രം കൊച്ചിയില്‍നിന്ന് കോട്ടയത്തുകാരനായ കുര്യന്‍ റൈറ്റര്‍ തുടങ്ങിയിരുന്നു. അദ്ദേഹം പത്രാധിപരായി ഒരു ബ്രിട്ടീഷുകാരനെ നിയമിച്ചു. ആ എച്ച്.എം. വാക്കര്‍ ആണ് പിന്നീട് മദ്രാസില്‍ പോയി മദ്രാസ് മെയിലിന്‍െറ പത്രാധിപരായത്. പത്രാധിപന്മാരെ എക്സ്പോര്‍ട്ട് ചെയ്യുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു എന്നു സാരം. രാവിലത്തെ പത്രമാണെങ്കിലും വൈകുന്നേരം ആറേഴു മണിയാവുമ്പോഴാണ് മദ്രാസ് മെയില്‍ ഇവിടെ വരുന്നത്. ഹിന്ദുവും അങ്ങനെതന്നെ. അല്‍പംകൂടി നേരത്തേ വരുന്നത് മധുരയില്‍നിന്നുള്ള ഇന്ത്യന്‍ എക്സ്പ്രസായിരുന്നു. കമ്പം വഴി കോട്ടയത്തേക്കുള്ള ബസിലാണ് പത്രം എത്തിച്ചിരുന്നത്. മറ്റ് ഇംഗ്ളീഷ് പത്രങ്ങളൊന്നും കാണാനുള്ള അവസരം നമുക്കില്ലായിരുന്നു. നമ്മുടെ മുന്നില്‍ മാതൃകകള്‍ വളരെ കുറവായിരുന്നു.

അക്കാലത്ത് പതിവായി വായിച്ചിരുന്ന പത്രങ്ങള്‍ ഏതെല്ലാമായിരുന്നു?
* ഞാന്‍ മനോരമയില്‍ ചേരുന്ന കാലത്ത് മാതൃഭൂമിപോലും കോട്ടയ
ത്തു വരുന്നില്ലായിരുന്നു. മാതൃഭൂമിയില്‍വരുന്ന വാര്‍ത്ത മനോരമയിലുള്ളവര്‍ അറിയണമെന്നുപോലുമില്ലായിരുന്നു. ഇന്ന് ആലോചിക്കുമ്പോള്‍ വളരെ കൗതുകം തോന്നുന്ന കാര്യം. പക്ഷേ, കോട്ടയത്തു ധാരാളം പത്രങ്ങളുണ്ടായിരുന്നു. ശങ്കുണ്ണിപ്പിള്ള സാറിന്‍െറ ദേശബന്ധു വളരെ പ്രബലമായ ഒരു പത്രമായിരുന്നു. വളരെ ശക്തനായ നേതാവും എന്‍.എസ്.എസ് ഡയറക്ടറുമായിരുന്നു ശങ്കുണ്ണിപ്പിള്ളച്ചേട്ടന്‍. അദ്ദേഹത്തിന് സ്വന്തമായ ബസ്സര്‍വിസുണ്ടായിരുന്നു- സ്വരാജ് മോട്ടോഴ്സ്. പത്രമടിച്ചാല്‍ അദ്ദേഹത്തിന്‍െറ ബസുകളില്‍ത്തന്നെ കയറ്റി അയക്കും. കുമളിയില്‍ രാവിലെ പത്രമെത്താന്‍ വണ്ടിയില്ലെന്നു വന്നാല്‍ അദ്ദേഹം അവിടേക്ക് ബസ്സര്‍വിസ് തുടങ്ങും. അതുകൊണ്ട് പത്രത്തിനു ഭയങ്കര റീച്ചായിരുന്നു. വളരെ സമ്പന്നനായ ആളായിരുന്നതിനാല്‍ സമുദായങ്ങളെ സ്വാധീനിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. പിന്നെ എന്തും എഴുതാനുള്ള ചങ്കൂറ്റം...ആരെ ആക്ഷേപിച്ചും ഒരു സാധനം കൊടുക്കുന്നതിന് അദ്ദേഹത്തിനു മടിയില്ലായിരുന്നു. അതിനു കഴിവുള്ള ആളുകളെ കനത്ത പ്രതിഫലം നല്‍കി ജോലിക്കുവെച്ചിരുന്നു. അപകീര്‍ത്തികരമെന്നല്ല പറയുന്നത്. ഒരാളെ അനുകൂലിച്ചും പ്രതികൂലിച്ചും എഴുതാമല്ലോ? അങ്ങനെ വിവാദങ്ങളില്‍ അഭിരമിച്ചിരുന്ന ആളായിരുന്നു അദ്ദേഹം.  കേരളഭൂഷണത്തിന്‍െറ ഉടമ എ.വി. ജോര്‍ജും ശങ്കുണ്ണിപ്പിള്ളയും തമ്മില്‍ വലിയ കിടമത്സരം ഉണ്ടായിരുന്നു. പ്ളാന്‍ററും അതിസമ്പന്നനുമായിരുന്നു എ.വി. ജോര്‍ജും. അദ്ദേഹം ഒരു പത്രം വിലയ്ക്കെടുക്കുകയായിരുന്നു. കെ.കെ. കുരുവിള എന്ന കോട്ടയത്തെ ഒരു സ്കൂള്‍ ഹെഡ്മാസ്റ്റര്‍ സ്ഥാപിച്ചതാണ് കേരളഭൂഷണം. തിരുവല്ലക്കാരനായ അദ്ദേഹം എന്‍െറ കുടുംബത്തില്‍പെട്ട ഒരാളും മറ്റു ചിലരുമായി ചേര്‍ന്ന് പാര്‍ട്ണര്‍ഷിപ്പില്‍ പത്രം തുടങ്ങുകയായിരുന്നു. വളരെ പ്രശസ്തനായ ആളായിരുന്നു കെ.കെ. കുരുവിള. സ്വാതന്ത്ര്യസമരത്തില്‍ വലിയ പങ്കുവഹിച്ചയാളാണ് അദ്ദേഹം. ഗാന്ധിജി കോട്ടയത്തു വന്നപ്പോള്‍ അദ്ദേഹത്തിന്‍െറ വീട്ടിലാണ് താമസിച്ചത്. എം.ഡി സെമിനാരി ഹൈസ്കൂളിന്‍െറ ഹെഡ്മാസ്റ്ററായിരുന്നതിനുശേഷം കോട്ടയത്ത് മാര്‍ത്തോമാ സഭയുടെ വൈദിക സെമിനാരിയുടെ പ്രിന്‍സിപ്പലായി. എന്‍െറ അറിവില്‍ ലോകത്തൊരിടത്തും വൈദികരെ പരിശീലിപ്പിക്കുന്ന സ്ഥാപനത്തിന്‍െറ പ്രിന്‍സിപ്പലായി വൈദികരല്ലാത്തവര്‍ വന്നിട്ടില്ല. പ്രശസ്ത ഇന്തോ ആംഗ്ളിയന്‍ കവയിത്രിയും ന്യൂയോര്‍ക്കിലെ സിറ്റി യൂനിവേഴ്സിറ്റി പ്രഫസറുമായ മീന അലക്സാണ്ടറിന്‍െറ അമ്മയുടെ അപ്പനാണ് എന്നു പറഞ്ഞാല്‍ കെ.കെ. കുരുവിളയെ ചിലപ്പോള്‍ ആളുകള്‍ കൂടുതല്‍ അറിയും. മീന അലക്സാണ്ടറിന്‍െറ ഭര്‍തൃസഹോദരനാണ് ന്യൂയോര്‍ക് ടൈംസിന്‍െറ എഡിറ്റര്‍ ജോസഫ് ലെലിവെല്‍ഡ്. മോഡി സര്‍ക്കാര്‍ നിരോധിച്ച ഗാന്ധിജിയെക്കുറിച്ച വിവാദ പുസ്തകം എഴുതിയത് അദ്ദേഹമാണ്. കുരുവിള റിട്ടയര്‍ ചെയ്ത് ഇവിടെനിന്ന് തിരുവല്ലക്കു പോയപ്പോള്‍ പത്രം നടത്താന്‍ കഴിയില്ലെന്നുകണ്ട് എ.വി. ജോര്‍ജിനു വിറ്റു. ഇതോടെ ശങ്കുണ്ണിപ്പിള്ള-ജോര്‍ജ് മത്സരം അവരുടെ പത്രങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. ആരാണ് അതിന് തുടക്കമിട്ടതെന്ന് ഓര്‍മയില്ല. വൈകാതെ അത് രണ്ടു പത്രങ്ങള്‍ തമ്മിലുള്ള യുദ്ധമായി മാറി. എതിര്‍പത്രത്തിന്‍െറ ഉടമയെ തെറിപറഞ്ഞുള്ള ലേഖനങ്ങള്‍ ദിവസവും പത്രത്തില്‍ സ്ഥാനംപിടിച്ചു. എല്ലാവരും രണ്ടു പത്രങ്ങളും ആവേശപൂര്‍വം വായിക്കും. അവസാനം രണ്ടുപേരും സ്വന്തം പേരുവെച്ച് എഴുതുന്ന സ്ഥിതിവന്നു. അതില്‍ ഏറ്റവും ശക്തമായി എഴുതിക്കൊണ്ടിരുന്നത് ശങ്കുണ്ണിപ്പിള്ളച്ചേട്ടനായിരുന്നു. വളരെ ശക്തമായി എഴുതാന്‍ കഴിവുള്ള ഒരു പത്രാധിപര്‍ ശങ്കുണ്ണിപ്പിള്ളച്ചേട്ടന്‍െറ വലങ്കൈയായി ഉണ്ടായിരുന്നു. അദ്ദേഹത്തിന്‍െറ പേര്‍ ഞാന്‍ പറയുന്നില്ല. നല്ല പരിഹാസം കലര്‍ത്തി ഏതു രൂപത്തിലും എഴുതാന്‍ കഴിവുള്ള അദ്ദേഹത്തെക്കൊണ്ടാണ് ഇത് എഴുതിച്ചിരുന്നത്. എ.വി. ജോര്‍ജും ഇതുപോലെ പത്രത്തിലുള്ള ഒരാളെക്കൊണ്ട് എഴുതിക്കുകയായിരുന്നു. ഇരുവരും സ്വന്തം പേരുവെച്ചിരുന്നു എന്നുമാത്രം. വായിച്ചാല്‍ ആളുകള്‍ കൂടുതല്‍ ഹരംകൊള്ളുന്നത് ശങ്കുണ്ണിപ്പിള്ളച്ചേട്ടന്‍െറ പേരില്‍ വരുന്ന ലേഖനങ്ങളില്‍നിന്നായിരുന്നു. രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ എ.വി. ജോര്‍ജിന്‍െറ മറുപടിയുടെയും മൂര്‍ച്ച വര്‍ധിച്ചു തുടങ്ങി. ഒരു ദിവസം കേരളഭൂഷണത്തില്‍ വന്ന ലേഖനം ശങ്കുണ്ണിപ്പിള്ളച്ചേട്ടന്‍ വായിച്ചപ്പോള്‍ അധികംപേര്‍ക്ക് അറിയാത്ത തന്നെക്കുറിച്ചുള്ള ഒരു രഹസ്യം അതില്‍ വന്നിരിക്കുന്നു. അന്വേഷിച്ചപ്പോഴാണ് മനസ്സിലായത്, അദ്ദേഹത്തിന്‍െറ പത്രാധിപര്‍ ദേശബന്ധുവിലേക്കുള്ളത്  എഴുതിക്കൊടുത്തശേഷം പോവുന്നത് നേരെ എ.വി. ജോര്‍ജിന്‍െറ വീട്ടിലേക്കാണ്. അവിടെനിന്ന് സ്കോച്ച് വിസ്കിയൊക്കെ കഴിച്ച് തന്‍െറ പത്രമുടമക്കെതിരെയുള്ള മറുപടി തയാറാക്കിക്കൊടുത്താണ് അദ്ദേഹം വീട്ടിലേക്കു മടങ്ങിയിരുന്നത്. ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയിലെ അംഗമായിരുന്നു ജോര്‍ജ്. സി.എസ്.ഐക്കാരുടെ മുഖപത്രംപോലെതന്നെയായിരുന്നു ആ പത്രമിറങ്ങിയിരുന്നത്. അതിന്‍െറ പത്രാധിപരായിരുന്ന കെ.സി. സക്കറിയ ഇടതുപക്ഷ ആഭിമുഖ്യമുള്ള ആളായിരുന്നു. പിന്നീട് അദ്ദേഹം ഇടതുസ്വതന്ത്രനായി കൂത്താട്ടുകുളത്തുനിന്ന് നിയമസഭാംഗമായിട്ടുണ്ട്. മുമ്പ് മുംബൈയില്‍ പത്രാധിപരായിരുന്നു അദ്ദേഹം. ധാരാളം നല്ല പത്രാധിപന്മാര്‍ ജോലി ചെയ്തിരുന്ന പത്രമായിരുന്നു കേരളഭൂഷണം. പിന്നീട് ആകാശവാണിയില്‍ വാര്‍ത്താവായനക്കാരനായ ബാബു കേരളഭൂഷണത്തിലായിരുന്നു. ഞാന്‍ കോട്ടയത്തു വരുമ്പോള്‍ ആദ്യമായി ടൈം മാഗസിന്‍ കാണുന്നത് ബാബുവിന്‍െറ കൈയിലാണ്. കെ.ആര്‍. രവിയായിരുന്നു തിരുവനന്തപുരത്ത് അവരുടെ ബ്യൂറോ ചീഫ്. സി.എം.എസ് കോളജ് മലയാളം അധ്യാപകനും പ്രമുഖ നടനുമായിരുന്ന സി.എ. പരമേശ്വരന്‍െറ മകനാണ് കെ.ആര്‍. രവി. അടുത്തകാലത്ത് അന്തരിച്ച ഡോ.സി.ആര്‍. സോമന്‍ ഇദ്ദേഹത്തിന്‍െറ സഹോദരനാണ്. ക്രിയേറ്റിവ് എഴുത്തുകാരനായിരുന്ന രവിയുടെ തിരുവനന്തപുരം കത്ത് ആളുകളെ വളരെയധികം ആകര്‍ഷിച്ചിരുന്നു. മറ്റു പത്രങ്ങളിലൊന്നും അന്ന് തിരുവനന്തപുരം കത്തില്ല. നിയമസഭ നടക്കുമ്പോള്‍ ആഴ്ചയിലൊരിക്കല്‍ ഒരു അവലോകനം അദ്ദേഹം എഴുതുമായിരുന്നു. മന്ത്രിമാരെപ്പറ്റിയും എം.എല്‍.എമാരെപ്പറ്റിയും ആളുകള്‍ക്കറിയാത്ത ചില നുറുങ്ങുകളൊക്കെ ഉള്‍പ്പെടുത്തിയുള്ളതായിരുന്നു ഈ അവലോകനം. അതുകൊണ്ടുതന്നെ, സ്വന്തമായ വായനാലോകമുണ്ടായിരുന്ന പത്രങ്ങളായിരുന്നു ദേശബന്ധുവും കേരളഭൂഷണവും. മറ്റൊന്ന് ദീപികയാണ്. ദീപിക അന്ന് തനി കത്തോലിക്ക പത്രമായിരുന്നു. അതില്‍ വരുന്നത് മാത്രമാണ് സത്യമെന്ന് കത്തോലിക്കര്‍ വിശ്വസിച്ചിരുന്ന കാലമായിരുന്നു അത്. പോപ്പിന്‍െറ അപ്രമാദിത്വം എന്നു പറഞ്ഞതുപോലെ ദീപികക്കുമുണ്ടായിരുന്നു ഒരു അപ്രമാദിത്വം.

പ്രസിദ്ധീകരണം നിലച്ചുപോയ ചില പ്രധാന പത്രങ്ങള്‍  കോട്ടയത്തുണ്ടായിരുന്നതായി കേട്ടിട്ടുണ്ട്.
* ഞാന്‍ കോട്ടയത്തു വരുന്നതിനു മുമ്പ് അവസാനിച്ചുപോയൊരു പത്രമുണ്ട്. അതായിരുന്നു ഏറ്റവും ശക്തമായ പത്രം- പൗരധ്വനി. കെ.എം. ചാക്കോ ആയിരുന്നു ഉടമ. വളരെ അത്യുത്സാഹിയായ ആളായിരുന്നു അദ്ദേഹം. കുട്ടനാട്ടിലെ വലിയ ജന്മിയായിരുന്ന അദ്ദേഹം ഇവിടെവന്നാണ് പത്രം തുടങ്ങിയത്. അദ്ദേഹത്തിന്‍െറ സഹോദരന്‍ ഇവിടെ മന്ത്രിയായിരുന്നു. കെ.എം. കോര. മനോരമയില്‍നിന്ന് റിട്ടയര്‍ ചെയ്തവരും ഏതെങ്കിലും കാരണവശാല്‍ നേരത്തേ പിരിഞ്ഞുപോയവരുമായ ആളുകളുടെ ഒരു യോഗം മനോരമയുടെ ശതാബ്ദിക്കാലത്ത് വിളിച്ചപ്പോള്‍ ലഭിച്ച കൗതുകകരമായ ഒരു വിവരമുണ്ട്. അന്നത്തെ മനോരമയുടെ അവസ്ഥയും മറ്റു പത്രങ്ങളുടെ ശേഷിയും ബോധ്യമാക്കുന്നതായിരുന്നു ഈ മുന്‍ ജീവനക്കാര്‍ പറഞ്ഞ അനുഭവം. സ്വാതന്ത്ര്യസമരകാലത്ത് ദിവാന്‍ സി.പി. രാമസ്വാമി അയ്യര്‍ പൂട്ടി മുദ്രവെച്ചശേഷം 1947ല്‍ മനോരമ രണ്ടാമതു തുടങ്ങിയപ്പോള്‍ കമ്പോസിറ്റര്‍മാര്‍ക്ക് 15 രൂപയായിരുന്നു ശമ്പളം. അന്ന് ദേശബന്ധുവില്‍ ശമ്പളം 75 രൂപയുണ്ടായിരുന്നു. സ്വരാജ് ബസില്‍ യാത്ര ചെയ്യാനുള്ള ഫ്രീ ടിക്കറ്റ് പുറമെ. ഏതാണ്ട് എല്ലാ സ്ഥലത്തേക്കും സൗജന്യയാത്രക്കുള്ള അവസരമാണ് ഇതിലൂടെ ലഭിച്ചത്. പൗരധ്വനിയില്‍ പോയയാള്‍ പറഞ്ഞത് മറ്റൊരു കഥയാണ്. അവിടെയും മനോരമയിലെക്കാള്‍ കൂടുതല്‍ ശമ്പളമുണ്ടായിരുന്നു. കനത്ത ക്ഷാമകാലമായിരുന്നു അത്.  ഭക്ഷണത്തിനും വസ്ത്രത്തിനുമടക്കം എല്ലാറ്റിനും റേഷന്‍. റേഷന്‍കാര്‍ഡ് ഉണ്ടെങ്കിലേ ആഹാരവും തുണിയുമൊക്കെ കിട്ടൂ. അന്ന് പലര്‍ക്കും റേഷന്‍കാര്‍ഡ് ഉണ്ടായിരുന്നില്ല. പക്ഷേ, പൗരധ്വനിയില്‍ എല്ലാവര്‍ക്കും നല്ല ശമ്പളത്തിനു പുറമെ റേഷന്‍കാര്‍ഡുമുണ്ടായിരുന്നു. കാരണം, ഉടമയുടെ സഹോദരന്‍ ഭക്ഷ്യമന്ത്രിയാണ്. ഇതിനൊക്കെ പുറമെ, ശമ്പളംകൊണ്ട് ആളുകള്‍ക്ക് തികയുന്നില്ലെന്ന് തോന്നിയാല്‍ കെ.എം. ചാക്കോ ഒരു ലോറി അയച്ച് നാട്ടില്‍നിന്ന് നെല്ല് കൊണ്ടുവരും. ആ നെല്ല് എല്ലാവര്‍ക്കും നല്‍കും. അങ്ങനെ ഭൗതികമായ മെച്ചങ്ങള്‍ മറ്റു പത്രങ്ങളില്‍ ഏറെയായിരുന്നു.

അക്കാലത്ത് പത്രങ്ങള്‍ തമ്മിലുള്ള മത്സരം എങ്ങനെയായിരുന്നു?
* കേരളത്തില്‍ രണ്ടാമതൊരു സ്ഥലത്തുകൂടി യൂനിറ്റ് തുടങ്ങിയ ആദ്യ പത്രം ഏതാണെന്ന് അന്വേഷിക്കുമ്പോള്‍ നാമെല്ലാം കരുതുക, മാതൃഭൂമിയാണെന്നാണ്. 1962ല്‍ വി.എം. നായര്‍ മാതൃഭൂമിക്ക് കൊച്ചിയിലൊരു യൂനിറ്റ് തുടങ്ങി. അതിന് എത്രയോ മുമ്പ് കെ.എം. ചാക്കോ ഇതു ചെയ്തിരുന്നു. പക്ഷേ, അദ്ദേ ഹം എന്തുകൊണ്ടോ പൗരധ്വനി എന്ന പേരിലല്ല രണ്ടു പത്രവും ഇറക്കിയത്. രണ്ടാമത്തെ യൂനിറ്റിന് വേറൊരു പേരിട്ടു. പൗരധ്വനിയുടെ പ്രതാപകാലം 1939നു ശേഷമായിരുന്നു. മനോരമ പൂട്ടിക്കഴിഞ്ഞശേഷമാണത് തുടങ്ങുന്നത്. മനോരമയുടെ വിടവ് മുഴുവന്‍ അദ്ദേഹം നികത്തി. കാരണം, ദീപിക കത്തോലിക്ക പത്ര മായും ദേശബന്ധു നായര്‍ പത്രമായും കേരളഭൂഷണം അത്യാവശ്യമൊരു സി.എസ്.ഐയും ഇടതുപക്ഷവുമൊക്കെയായി ബ്രാന്‍ഡ് ചെയ്യ പ്പെട്ടിരുന്നു. അങ്ങനെ പൗരധ്വനി വളര്‍ന്നുവരുമ്പോഴാണ് ’47ല്‍ മനോരമ രണ്ടാമത് ആരംഭിക്കുന്നത്. ഒമ്പതു വര്‍ഷം പൂട്ടിക്കിടന്ന പത്രം രണ്ടാമതുവരു മ്പോള്‍ വര്‍ധിതവീര്യത്തോടെയും വാശിയോടെയുമായിരിക്കും വരുകയെന്ന് ചാക്കോ കണക്കുകൂട്ടി. അവരുടെ മത്സരം അതിജീവിക്കാന്‍ പ്രയാസമായിരിക്കും; അതുകൊണ്ട് തിരുവനന്തപുരത്തുകൂടി ഒരു പത്രം തുടങ്ങാം. പക്ഷേ, പൗരധ്വനി എന്നിടാതെ പൗരകാഹളം എന്ന പേരിലാണ് അദ്ദേഹം തിരുവനന്തപുരത്തുനിന്ന് പത്രം തുടങ്ങിയത്. പൗരകാഹളത്തിന്‍െറ എഡിറ്ററായി വെച്ചത് സാക്ഷാല്‍ കെ.പി.എസ്. മേനോന്‍െറ ജ്യേഷ്ഠനെയായിരുന്നു. ജഡ്ജിയായി വിരമിച്ച അദ്ദേഹത്തിന്‍െറ പേര്‍ കെ.പി.ഗോപാലമേനോന്‍ എന്നായിരുന്നു. ജഡ്ജിയായിരുന്നതിനാല്‍ തിരുവനന്തപുരത്തെ ഉദ്യോഗസ്ഥവൃന്ദങ്ങളില്‍ ഭയങ്കരമായ സ്വാധീനമുള്ളയാളായിരുന്നു അദ്ദേഹം. പക്ഷേ, രണ്ടു പത്രവുമായി മത്സരത്തിനിറങ്ങിയെങ്കിലും ആദ്യം പൗരകാഹളവും പിന്നീട് പൗരധ്വനിയും പൂട്ടിപ്പോവുകയായിരുന്നു. മനോരമ രണ്ടാമതു തുടങ്ങുമ്പോള്‍ മനോരമയെക്കാള്‍ ശക്തരായ നാലു പത്രങ്ങള്‍ കോട്ടയത്തുണ്ടായിരുന്നു. ഇതില്‍ പൗരധ്വനിതന്നെയായിരുന്നു ഒന്നാമത്. പാലായില്‍ ഒരു ചടങ്ങ് നടന്നാല്‍ ഏജന്‍റ് അത് വാര്‍ത്തയാക്കി പിറ്റേന്ന് തപാലില്‍ അയച്ച് ഒന്നോ രണ്ടോ ദിവസം കഴിഞ്ഞ് ഓഫിസിലെത്തി അതിന്‍െറ പിറ്റേന്ന് പത്രത്തില്‍ കൊടുക്കുന്നതായിരുന്നു അന്നത്തെ പത്രപ്രവര്‍ത്തനം. പക്ഷേ, പാലായില്‍ ഒരു പ്രധാന പരിപാടി നടക്കുകയാണെങ്കില്‍ ചാക്കോ കോട്ടയത്തുനിന്ന് ജീപ്പില്‍ ലേഖകനെയും ഫോട്ടോഗ്രാഫറെയും അയക്കുമായിരുന്നു. സത്യത്തില്‍ മലയാള പത്രപ്രവര്‍ത്തനം അഭിവൃദ്ധിപ്പെടാന്‍ വലിയൊരളവ് സഹായിച്ചത് പൗരധ്വനി ചാക്കോച്ചന്‍െറ സാമ്പത്തിക ശക്തിയായിരുന്നു. പിന്നെ വര്‍ഷങ്ങള്‍ക്കുശേഷം കോട്ടയത്തുനിന്നു തുടങ്ങിയ കേരളധ്വനിയും മലയാള പത്രപ്രവര്‍ത്തനരംഗത്ത് വിപ്ളവകരമായ മാറ്റങ്ങളുണ്ടാക്കി.  ഡോ.ജോര്‍ജ് തോമസാണ് അതു തുടങ്ങിയത്. ഇന്ന് ആളുകള്‍ കേരളധ്വനിയെയും ഡോ.ജോര്‍ജ് തോമസിനെയും ഓര്‍ക്കുന്നേയില്ല. ആഴ്ചയില്‍ എല്ലാ ദിവസവും പത്രം ഇറക്കുമെന്ന വാഗ്ദാനവുമായാണ് ജോര്‍ജ് തോമസ് കേരളത്തിലേക്കു വരുന്നത്. അന്ന് ആഴ്ചയില്‍ ആറു ദിവസമേ പത്രമുണ്ടായിരുന്നുള്ളൂ. എല്ലാവര്‍ക്കും ഞായറാഴ്ച അവധി. അമേരിക്കയില്‍ പോയി പത്രപ്രവര്‍ത്തനം പഠിച്ചയാളാണ് ജോര്‍ജ് തോമസ്. കമ്യൂണിസ്റ്റ് വിരുദ്ധശക്തികളുടേതടക്കം അമേരിക്കയില്‍നിന്നുള്ള സാമ്പത്തിക സഹായവും പത്രത്തിനുണ്ടായിരുന്നു. മലയാളപത്രങ്ങളില്‍ രണ്ടാമത് പോക്കറ്റ് കാര്‍ട്ടൂണ്‍ ആരംഭിച്ചത് അദ്ദേഹമാണ്. ആദ്യത്തേത് ജനയുഗമായിരുന്നു. പാര്‍ട്ടിപത്രമായിരുന്നതിനാല്‍ അതിന്‍െറ റീച്ച് കുറവായിരുന്നു. യേശുദാസനാണ് ആദ്യത്തെ പോക്കറ്റ് കാര്‍ട്ടൂണ്‍ വരച്ചിരുന്നത്. ജോര്‍ജ് തോമസ് ടോംസിനെക്കൊണ്ട് ഉപ്പായിമാപ്പിള എന്ന പേരില്‍ പോക്കറ്റ് കാര്‍ട്ടൂണ്‍ വരപ്പിച്ചു. അദ്ദേഹമാണ് എഡിറ്റ് പേജുകളില്‍ കോളമിസ്റ്റുകളെ മലയാളത്തില്‍ ആദ്യമായി കൊണ്ടുവന്നത്. ലോകത്തിലെ ഏറ്റവും വിഖ്യാതനായ കോളമിസ്റ്റ് വാള്‍ട്ടര്‍ ലിപ്മാനായിരുന്നു അദ്ദേഹത്തിന്‍െറ ആദ്യത്തെ കോളമിസ്റ്റ്. ഇന്ത്യയില്‍ മറ്റൊരു പത്രത്തിനും  വാള്‍ട്ടര്‍ ലിപ്മാനെക്കൊണ്ട് എഴുതിക്കാനുള്ള സാമ്പത്തികശേഷി ഇല്ലായിരുന്നു. ജോര്‍ജ് തോമസിന് അമേരിക്കയില്‍നിന്ന് ആരേ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക