Image

നീലച്ചിറകുള്ള മൂക്കുത്തികൾ -- 53 - സന റബ്സ്

Published on 21 February, 2021
നീലച്ചിറകുള്ള മൂക്കുത്തികൾ -- 53 - സന റബ്സ്

അവൾ ഉറങ്ങുന്നത് ദാസ് അല്പസമയം നോക്കിനിന്നു. ആദ്യമായി മിലാനെ  കണ്ടനാൾ ആണ് മനസ്സിലേക്ക് ഓടിവന്നത്.    ഇടതൂർന്ന മുടിയിൽ അണിഞ്ഞിരുന്ന മനോഹരമായ ഹെയർബോ അനേഷിച്ചു നടന്നിരുന്ന ചുവന്നു തുടുത്ത ഇളംമുളകുപോലൊരു പെൺകുട്ടി!  മിലാൻ  സഞ്ജയ്‌പ്രണോതി  എന്ന മിസ് മുംബൈ !!

ശേഷം എന്തെല്ലാം എന്തെല്ലാം ജീവിതത്തിരമാലകൾ  ആർത്തലച്ചു....

ചിലതരം സ്നേഹം ബലൂൺ പോലെയാണ്.  കുറെ ഊതി വീർപ്പിക്കാം.. പക്ഷേ ഒരു കാറ്റിൽ അതെല്ലാം ഉലഞ്ഞുപോകുന്നു.  കുമിളപോലെ പൊട്ടിപ്പോകുന്നു. 

ചിലത് കൊടുങ്കാറ്റായിവന്നു എല്ലാം  തച്ചുതകർത്തു  മടങ്ങുന്നു. ശ്മശാനം പോലെ എല്ലാം ഭസ്മമായി മാറിയിരിക്കും ഒടുവിലൊടുവിൽ.

സാഗരംപോലെ ഇരമ്പുന്ന സ്നേഹവും കണ്ടു. പിൻവാങ്ങി നിരാശപ്പെടുത്തിയും തഴുകിത്തലോടി  കൊതിപ്പിച്ചും അതെപ്പോഴും കൂടെയുണ്ട്. ഭ്രമിപ്പിക്കുന്ന സാഗരം....

അയാൾ അവളുടെ അരികിലേക്കിരുന്നു   ആ  നെറ്റിയിൽ കൈ വെച്ചു.  മിലാൻ ഞെട്ടി കണ്ണുകൾ തുറന്നു. 

"വിദേത്..... " ഒരു നിലവിളിയോടെ മിലാൻ അയാളുടെ നെഞ്ചിലേക്ക് പാഞ്ഞുകയറി. ബെഡിലേക്കു വീഴാതിരിക്കാൻ പിന്നോട്ടാഞ്ഞു   ദാസിന് ബാലൻസ് ചെയ്യേണ്ടി വന്നു. 

"എന്നോട് ക്ഷമിക്ക്  വിദേത്... ക്ഷമിക്ക്.... " മിലാൻ  ചില്ലുപാത്രം  ഉടയുംപോലെ ചിതറി.

"സാരമില്ല... പോട്ടെ... പോട്ടെ...."

"എനിക്ക് സമനില കിട്ടുന്നുണ്ടായില്ല വിദേത്...  ചിന്തിക്കാൻ കഴിഞ്ഞില്ല. മനസും  ഉടഞ്ഞുപോയി."  മിലാന്റെ കൈകൾ അയാളെ മുറുകെ വരിഞ്ഞു.
 "വിദേതിനെ നഷ്ടപ്പെടുമോ എന്ന ചിന്തയിൽത്തന്നെ ഞാൻ ഭ്രാന്തിയായി. തനൂജ....  അവൾ....  എന്തൊക്കെയാണ്....  അവൾ..... അവൾ ചെയ്തത്......."

 "പോട്ടെ.... പോട്ടെ.... കരയാതെ...."  അയാളുടെ ചുണ്ടും വിരലുകളും മന്ത്രിച്ചു. 

 സാന്ത്വനപ്പെടുത്തുംതോറും ഏറുന്ന വേലിയേറ്റമായിരുന്നു മിലാന്റെ സങ്കടം. ആ തിരകൾ ആഞ്ഞടിച്ചു  പിൻവാങ്ങുവോളം ദാസ് കാത്തിരുന്നു. മിലാന്റെ തേങ്ങലുകൾ അടങ്ങിയേയില്ല.

"എന്തിനിങ്ങനെ കരയുന്നു മിലാൻ... ഞാൻ വന്നില്ലേ... ഇനിയാരും നമ്മുടെ ജീവിതത്തിൽ തടസ്സമായി വരില്ല. വിശ്വസിക്ക്..." അയാൾ പറഞ്ഞുകൊണ്ടിരുന്നു.

"എങ്കിലും വിദേത്... ഞാൻ കണ്ട ആ സ്വപ്നം... അതെല്ലാം  ഈ വിഷമങ്ങളുടെ മുന്നറിയിപ്പായിരുന്നു."
 
"ഏത് സ്വപ്നം....?"

 "വിദേതിനെ വളരെ അപരിചിതരൂപത്തിൽ ഞാൻ കണ്ട സ്വപ്നം... മുടിയില്ലാതെ.. പറിഞ്ഞുപോകുന്ന കണ്ണുകളോടെ.... എന്റെ വായിലേക്കു  വിഷം കോരിത്തരുന്ന ആ പ്രാകൃത സ്വപ്നം..."

 "ഓഹോ.. അപ്പോൾ ആളുകൾക്ക് വിഷം കൊടുക്കുന്നവനാണ് നിന്റെ പ്രിയതമൻ എന്നാണ് വിശ്വാസം അല്ലേ... കൊള്ളാം"
ദാസ് ചിരിച്ചു. 

വളരെനാൾ കൂടി കണ്ട ആ ചിരിയിലേക്ക് മിലാൻ അലിഞ്ഞു.

അയാളുടെ പുരികങ്ങളിലൂടെയും കൺകോണുകളിലൂടെയും ആ വിരലുകൾ സഞ്ചരിച്ചു. ക്ഷീണം തൂങ്ങിയ അയാളുടെ കൺതടങ്ങളിൽ കറുപ്പും ഇരുളും കലർന്നിരുന്നു. അവയെല്ലാം വേഗത്തിൽ വേഗത്തിൽ മായിച്ചുകളയാൻ എന്നോണം മിലാന്റെ കൈവിരലുകൾ അയാളുടെ മുഖത്തെ തഴുകി.  കുറേക്കഴിഞ്ഞു മിലാൻ ചോദിച്ചു.

"കേസ് ഇനി എന്താകും വിദേത്?  തനൂജയുടെ ആരോഗ്യനില മെച്ചപ്പെടുമോ?"

"തെളിവുകൾ വേണ്ടേ മിലാൻ?  അതീവഗുരുതരാവസ്ഥയാണ് ഇപ്പോഴും  എന്നാണ് നിന്റെ അച്ഛനു കിട്ടിയ വിവരം. നമുക്കു നോക്കാം."
കുറച്ചുനേരം അവർക്കിടയിൽ  നിശ്ശബ്ദത പടർന്നു. 

"വാ,  നമുക്കു കുറച്ചുനേരം വിശ്രമിച്ചിട്ടു കഴിക്കാൻ പോകാം." മിലാൻ അയാളുടെ കൈകളിൽ തൂങ്ങി എഴുന്നേറ്റു. തിരികെ മടങ്ങുംമുൻപേ അയാൾ ഓരോ തൂണിനരികിലും ജ്വലിച്ചുനിന്ന വിളക്കുകൾ അണച്ചു.

             സ്വാദിഷ്ടമായ ഡിന്നർ  കഴിഞ്ഞു മുകളിലേക്കു പോകുമ്പോൾ  ദാസ് അക്വാറിയത്തിലേക്ക് നോക്കിയിരുന്നു. നേരത്തെ കണ്ട ആ ചുവന്ന മത്സ്യം മാത്രമല്ല വേറെയും ചില  മൽസ്യങ്ങൾ അതിൽ ഉണ്ടായിരുന്നില്ല. അപ്പുറത്തുള്ള  ഗോൾഡൻ ഫിഷ് നീന്തുന്ന  മറ്റൊരു  അക്വാറിയത്തിലും മൽസ്യങ്ങൾ കുറഞ്ഞിരുന്നു. 

"ഇന്നത്തെ അത്താഴം എങ്ങനെ ഉണ്ടായിരുന്നു മിലാൻ?" മുറിയിൽ വന്നപ്പോൾ ദാസ് മിലാനെ നോക്കി. 

"ഫന്റാസ്റ്റിക്, അമ്മ പ്രത്യേകം ഉണ്ടാക്കിയതാണെന്നല്ലേ പറഞ്ഞത്?"

"നിനക്ക് മൽസ്യം ചേർത്ത  കേക്ക് ഉണ്ടാക്കാൻ അറിയാമോ?"

കട്ടിലിലെ വിരിയും കുഷ്യനും അടുക്കിവെച്ചുകൊണ്ടിരുന്ന മിലാന്റെ കൈകൾ നിശ്ചലമായി. അവൾ മുഖമുയർത്തി ദാസിനെ നോക്കി. 
"എന്താ ഇങ്ങനെയൊരു ചോദ്യം?"

ദാസ് ചിരിച്ചു. "അറിയാമോ?"

"ഇല്ല. വെളുത്ത മാംസം  ഉള്ള മത്സ്യത്തിന്റെ കരളുകൊണ്ടുണ്ടാക്കിയ കേക്ക്  കഴിച്ചിട്ടുണ്ട്.  വൈറ്റ് ഫിഷ്! മുൻപ് ഏതോ റിസോർട്ടിൽ പോയപ്പോൾ കഴിച്ചതാണ്.  മീനിന്റെ കരളോ  മുട്ടയോ എന്നറിയില്ല. എ  സ്പെഷ്യൽ പാർട്ട്‌ ഓഫ് ഫിഷ്! എന്താ വിദേത്?" അവളുടെ നീലക്കണ്ണുകൾ തിളങ്ങി.

"ഒന്നുമില്ല. എന്തോ സ്പെഷ്യൽ വിഭവമാണ് തനൂജ അവസാനം കഴിച്ചത് എന്നല്ലേ പറയുന്നത്? എന്താണെന്ന് പിടികിട്ടുന്നില്ല."

"ശരിക്കും എന്തായിരിക്കും സംഭവിച്ചിരിക്കുക വിദേത്....?  അവൾ ഒരിക്കലും സുയിസൈഡ്  ചെയ്യാൻ ശ്രമിക്കില്ല."

"ഉം..... "  അയാൾ മൂളി.  "അവൾ എഴുന്നേൽക്കും മുൻപേ നമ്മുടെ വിവാഹം നടക്കണം. വെറുമൊരു വിവാഹമല്ല നമ്മുടേതെന്നു തനൂജ മനസ്സിലാക്കിയിരുന്നു. ഒരു പരമ്പരയുടെ തുടർച്ച, ആഭിജാത്യത്തിന്റെ പെരുമ്പറ, സ്നേഹസ്പർശങ്ങൾ, ബന്ധങ്ങളുടെ നിലാവെളിച്ചങ്ങൾ.....  അങ്ങനെ എല്ലാമാണീ വിവാഹം."
അതെ. ഉടനെ വേണം. ഏറ്റവും അടുത്തുതന്നെ. മിലാന്റെ മനസ്സും ഉരുവിട്ടു.

 രാവിന്റെ  യാമങ്ങൾ ഒഴുകിനീങ്ങിയപ്പോൾ മിലാൻ ആ നെഞ്ചിൽ ശാന്തമായി ഉറങ്ങിച്ചേർന്നു. അവളുടെ മുഖമെടുത്തു  തലയിണയിലേക്കുവെച്ചു ദാസ് വളരെ പതുക്കെയെഴുന്നേറ്റു. 

അയാൾ അമ്മയുടെ മുറിയിലേക്കുചെന്നു കർട്ടൻ അല്പം മാറ്റി. താരാദേവി ഉറങ്ങുന്നു. ദാസ് പതുക്കെ കോണിയിറങ്ങി അക്വാറിയത്തിനടുത്തെത്തി. 
പവിഴപ്പുറ്റുകളിൽ വളരുന്നതരം മത്സ്യമായിരുന്നു തന്റെ അക്വാറിയത്തിൽ  എന്നയാൾ  അത്ഭുതത്തോടെ കണ്ടു. 
എങ്കിൽ....... 

അമ്മ ഇതിൽ വളർത്തുന്നത് പഫർ ഫിഷിനേയാണോ....എങ്കിൽ....? 

അയാൾ സൂക്ഷ്‌മതയോടെ ഫിഷ് ടാങ്കിൽ പരതി. മൽസ്യത്തിന്റെ കൂർത്ത മുള്ളും പല്ലും  കണ്ടു  ദാസ് കൈകൾ പിൻവലിച്ചു. കൈയുറയില്ലാതെ ടാങ്കിൽ പരതുന്നത് ബുദ്ധിയല്ല. ദാസ് അടുക്കളയിലേക്കു നടന്നു.
കൈയുറ നോക്കിയെടുത്തു തിരിയുമ്പോൾ അയാളൊന്നു നിന്നു. സുപ്രധാനമായ പല തെളിവുകളും വേസ്റ്റുകുട്ടകളിൽ ഉറങ്ങുന്നു എന്ന വാക്യം പെടുന്നനെ മനസ്സിലേക്ക് കയറിവന്നു. 
വേസ്റ്റ് ബിന്നിൽ തലയും കുടലും അറുത്തിട്ട മത്സ്യത്തിന്റെ ചെകിളകളിൽ നിന്നും അപ്പോഴും രക്തം കിനിയുന്നു! അതെല്ലാം നാളെ പുലരുമ്പോൾ ആ വീട്ടിൽനിന്നേ മാഞ്ഞുപോകുമെന്നു  അയാൾക്ക് മനസ്സിലായി.
ഒരു മൽസ്യത്തിന്റെ കുടൽ എടുത്ത് അയാൾ സൂക്ഷ്‌മമായി പരിശോധിച്ചു. 
എന്താണ് ചെയ്യുക? 
തീരുമാനമെടുക്കാൻ ദാസിന്‌ അരനിമിഷംപോലും വേണ്ടായിരുന്നു. 
അതെ. പരിശോധിക്കണം. സത്യമെന്തെന്നു തനിക്കറിഞ്ഞേ പറ്റൂ. 
വേസ്റ്റിൽ കണ്ട മത്സ്യത്തിന്റെ  ഭാഗങ്ങൾ എല്ലാം  ദാസ് ശ്രദ്ധയോടെ എടുത്തു കവറിലേക്കിട്ടു. കൂടാതെ ജലത്തിൽ നീന്തുന്ന ഒരു മീനിനെയും പിടിച്ചു ആ കവറിലേക്കിടാൻ അയാൾ മറന്നില്ല. ഇന്നത്തെ മത്സ്യത്തിന്റെ കുടലും രക്തവും തനിക്ക് കാര്യമായ യാതൊന്നും  നൽകാൻ പോകുന്നില്ലെന്നും അയാൾക്കറിയാമായിരുന്നു. എങ്കിലും എവിടെയോ ആറാമിന്ദ്രിയം തുടിക്കുന്നു!

എല്ലാം ഭദ്രമായി എടുത്തുവെച്ചു ദാസ് കൈ കഴുകി. 
കൈകൾ മൂക്കിൽ തൊട്ടപ്പോൾ നേർത്ത കടൽ മണം!!

...............................

രണ്ടുദിവസങ്ങൾക്കു ശേഷമുള്ള സായാഹ്നം. 

"എന്താണ് തന്റെ മനസ്സിൽ?  അതുപറയൂ..... " നിരഞ്ജൻ ദാസിനെ ചുഴിഞ്ഞു നോക്കി. 

"എന്റെ സംശയം മാത്രമാണ് നിരഞ്ജൻ. ഞാനത് എന്നോടുപോലും ഉറക്കെ പറയാൻ പാടില്ലാത്തതാണ്. എങ്കിലും തന്നോട് ഞാൻ പറയുന്നത് എന്റെ ചിന്തകൾക്ക് തെറ്റുപറ്റിയോ എന്നറിയാനാണ്. ഉണ്ടെങ്കിൽ താൻ തിരുത്തണം."

നിരഞ്ജൻ മുഖമുയർത്തി ദാസിനെതന്നെ നോക്കിയിരുന്നു. 
"അതായതു....." ദീർഘമായ സംഭാഷണത്തിനു തുടക്കമിടുംപോലെ അയാൾ ഒന്ന് നിറുത്തി കുറച്ചു നേരം ആലോചിച്ചുകൊണ്ട്  വീണ്ടും നിരഞ്ജനെ നോക്കി. 

"ഇന്നലെ സഞ്ജയ്‌ പ്രണോതി എന്നെ കണ്ടിരുന്നു. ഞങ്ങൾ സുപ്രധാനവിവരങ്ങൾ ഇപ്പോൾ ഫോണിൽ പറയാറില്ല. പോലീസ് കോളുകൾ നിരീക്ഷിക്കുന്നുണ്ട്.  അതുകൊണ്ടാണ് സഞ്ജയ്‌ജീ എന്നെ കാണാൻ വന്നത്."
ദാസ് എഴുന്നേറ്റുപോയി കുറച്ചു പേപ്പറുകൾ എടുത്തുകൊണ്ടു വന്നു. "ഇതാണ് തനൂജയുടെ ശരീരത്തിൽ ഇപ്പോൾ കാണാപ്പെടുന്ന പോയ്സൺ. ടെട്രോഡോടോക്സിൻ. സയനൈഡ് എന്ന പോയ്സണേക്കാൾ ആയിരത്തിഇരുന്നൂറു ഇരട്ടി ശക്തിയുള്ള പോയ്സൺ ആണ് TTX."

"അതേ, പഫർ  ഫിഷിന്റെയും സ്ക്വിഡിന്റെയും ഒക്ടോപ്സുകളുടെയും   ശരീരത്തിൽ ആണ് ഈ വിഷം കാണപ്പെടുന്നത് എന്നാണല്ലോ ഡോക്ടർമാർ പറയുന്നത്.  ആരോഗ്യമുള്ള പഫർഫിഷിന്റെ ശരീരത്തിൽ മുപ്പത്തിരണ്ടു മനുഷ്യരുടെ ജീവനെടുക്കാൻ പോന്ന വിഷം സംഭരിച്ചു വെച്ചിരിക്കുന്നു. അതെങ്ങനെ തനൂജയുടെ ശരീരത്തിൽ എത്തി എന്നതാണല്ലോ ചോദ്യം." നിരഞ്ജൻ പറഞ്ഞു. 

"യെസ്, കറക്റ്റ്. അതാണ്‌ ചോദ്യം.  TTX എന്ന വിഷത്തിനു ഇതുവരെ ഫലപ്രഥമായ  ആന്റിഡോട്ട് ഇല്ല എന്നാണ് അറിവ്.  വളരെ ചെറിയ അളവിൽ ഇതു ശരീരത്തിൽ എത്തിയാൽ,  ആ രോഗിയെ ഉടനെ ചികിൽസിച്ചാൽ, ഒരുപക്ഷേ രോഗി രക്ഷപ്പെട്ടുവെന്നും വരാം. എങ്കിൽപോലും ഏതെങ്കിലും അവയവം ഭാഗികമായോ മുഴുവനായോ തളരുകയോ തലച്ചോർ പ്രവർത്തിക്കാതെ ആവുകയോ ചെയ്തേക്കാം. പൂർണ്ണമായ ആരോഗ്യത്തോടെയുള്ള ഒരു തിരിച്ചുവരവ് ആൾമോസ്റ്റ്‌ അസാധ്യം എന്നുതന്നെ പറയാം."

"ഉം.....  അതെ. TTX പോയ്സൺ തലച്ചോറിലെ ന്യൂറോൻസിനെ ബ്ലോക്ക് ചെയ്യുന്നു എന്നാണ്  പറയുന്നത്. ഇറ്റ് ഈസ്‌ എ സോഡിയം ചാനൽ ബ്ലോക്കർ" നിരഞ്ജൻ കൂട്ടിച്ചേർത്തു.

"സീ നിരഞ്ജൻ,  ഇതെങ്ങനെ തനൂജയുടെ ശരീരത്തിൽ വന്നു എന്നാണ് തന്റെ ഊഹം?"

നിരഞ്ജൻ ചിരിയോടെ എഴുന്നേറ്റു. മുകളിലേക്ക് ചീകിവെച്ച അയാളുടെ മുടിയിഴകൾ തിളങ്ങി. "ഇതറിയാൻ ഞാൻ പോലീസിൽ ചേരണം എന്നാണോ പറഞ്ഞു വരുന്നത്"

"ബി സീരിയസ് നിരഞ്ജൻ, ജപ്പാനികളുടെയും തായികളുടെയും കംബോഡിയക്കാരുടെയും  ഫുഡിൽ ആണ് പഫർ എന്ന മൽസ്യം  കൂടുതലായി കാണുന്നത്. അവിടെങ്ങളിലെ റെസ്റ്റോറന്റുകളിൽ ലൈസൻസുള്ള വിദഗ്ദ്ധരായ ഷെഫുകൾ ആണ് ഈ സീഫുഡ്‌ വൃത്തിയാക്കുന്നതും പാചകം ചെയ്യുന്നതും. മത്സ്യത്തെ സൂക്ഷിച്ചു വൃത്തിയാക്കിയില്ലെങ്കിൽ ഈ വിഷം ആ മത്സ്യത്തിന്റെ ശരീരത്തിൽതന്നെ പടരുകയും പാചകം ചെയ്ത രൂപത്തിൽ  അതു കഴിക്കുന്നവരെ കൊല്ലുകയും ചെയ്യും. വളരെ സ്വാദിഷ്ടവും വിലകൂടിയതും ആണ് പഫർ ഫുഡ്‌.  വളരെ റിസ്ക് ഉള്ള ഈ വിഭവം ഏറെ ഡിമാൻഡുള്ളതും ആയത് അങ്ങനെയാണ്."

"സൊ....?" നിരഞ്ജന്റെ നെറ്റിയിൽ വരകൾ വീണിരുന്നു. 

"സൊ.... ഇനിയാണ് നമ്മൾ നമ്മുടെ സമസ്യ പൂരിപ്പിക്കേണ്ടത്. ഇവിടെ ഡൽഹിയിൽ അത്തരം സീഫുഡ്‌ ഉണ്ടാവാറില്ല. തനൂജ കഴിച്ച കേക്കിൽ മീനിന്റെ കരൾ ഉണ്ടെന്നത് നേരാണ്. പക്ഷേ അതു പഫർ ഫിഷിന്റെ ഫ്ലെഷ് അല്ല."

"ആരു പറഞ്ഞു അല്ലെന്ന്....?"

"ആ കേക്ക് പരിശോധിച്ചല്ലോ.... അതിൽ അങ്ങനെ ഒരു കെമിക്കൽ ഇല്ല എന്നാണ് സഞ്ജയ്‌ജീ തന്ന റിപ്പോർട്ടുകൾ പറയുന്നത്. വിശദമായി അറിഞ്ഞിട്ടില്ല. എങ്കിലും പ്രാഥമിക പരിശോധനയിൽ ഇല്ല."

ദാസ് വീണ്ടും നിരഞ്ജന്റെ അരികിലേക്ക് വന്നു. 
"ഇനിയാണ് ഞാൻ പറയാൻ പോകുന്ന പോയിന്റ്. നിരഞ്ജൻ "മൗണ്ട് താര'യിലെ  അക്വാറിയം കണ്ടിട്ടുണ്ടോ?  മത്സ്യങ്ങളെ കണ്ടിട്ടുണ്ടോ? 

"യെസ്.... അതുകൊണ്ട്?"

"ഒരു പഫർഫിഷ് ഒരിഞ്ചു മുതൽ രണ്ടടി വലിപ്പം വരെ വളരും. ട്രോപ്പിക്കൽ ഏരിയയിൽ വളരുന്ന ഇവ ഫ്രഷ് വാട്ടറിലും വളർത്തിയാൽ വളരും. അലങ്കാരമൽസ്യങ്ങൾ വീടുകളിൽ കൊണ്ടുകൊടുക്കുന്ന വിൽപ്പനക്കാർക്കൊന്നും വളരെ കൃത്യമായി ഈ മൽസ്യങ്ങളുടെ പേരും അവയുടെ ടോക്സിൻസും അറിയണം എന്നില്ല. അറിയാവുന്നവരും ഉണ്ടാവും. നമ്മുടെ അക്വാറിയങ്ങളിൽ മൽസ്യം പെറ്റുപെരുകിയാൽ നമ്മളും അവയെ വിൽക്കുമല്ലോ. അല്ലെങ്കിൽ മറ്റൊരു ഫിഷ്ടാങ്കിലേക്ക് മാറ്റും."

"എന്താണ് വിദേത് പറഞ്ഞുവരുന്നത്?"

"ഈ മത്സ്യങ്ങളെക്കുറിച്ചു കൃത്യമായി അറിയാവുന്നവർ മാർക്കറ്റിൽ പോയി ഇത്തരം  അലങ്കാരമത്സ്യങ്ങളെ വാങ്ങുകയും ചെയ്യും.  വാങ്ങുന്നവർക്കും വിൽക്കുന്നവർക്കും ഇവയുടെ അപകടസാധ്യത അറിയണം എന്നില്ല." 

നിരഞ്ജൻ ദാസിന്റെ കൈകളിൽ അക്ഷമയോടെ പിടിച്ചു. "കം റ്റു  ദി പോയിന്റ് മാൻ" 

"തനൂജയും അമ്മയും പലപ്പോഴും ഒരുമിച്ചു പുറത്തുപോയിട്ടുണ്ട്. അവർ ആഹാരം കഴിച്ചിട്ടും ഉണ്ട്. ഞാൻ ആരെ ഭാര്യ ആക്കിയാലും അമ്മയ്ക്ക് അവൾ മരുമകൾ ആണല്ലോ. നമ്മുടെ പരമ്പരയിൽ കൈമാറുന്ന  മൂക്കുത്തി തനൂജ ആഗ്രഹിച്ചിരുന്നു. താരഡയമണ്ടിൽനിന്നു അവർ മൂക്കുത്തി വാങ്ങിയിരുന്നു. അമ്മയും തനൂജയും ഒരുമിച്ചു പോയാണ് മൂക്കുത്തി വാങ്ങിയത്. ഒരേപോലെയുള്ള രണ്ടുമൂക്കുത്തികൾ അമ്മ അന്നു അവിടെനിന്നും എടുത്തിട്ടുണ്ട്."

നിരഞ്ജൻ കണ്ണുകൾ അനങ്ങിയില്ല. 

 "വീഴുന്നതിനും നാലുദിവസം മുൻപാണ് തനൂജ  പുതിയ മൂക്കുത്തികൊണ്ടുതന്നെ മൂക്ക് തുളച്ചു മൂക്കുത്തി ഇട്ടതെന്നു അമ്മ പറഞ്ഞു. അതു ശരിയാണെങ്കിൽ...."

"എങ്കിൽ.....?"

"എങ്കിൽ.... ആ മൂക്കുത്തിയിൽനിന്നും ആയിക്കൂടെ അവൾ വിഷബാധിതയായത് നിരഞ്ജൻ? "

"വാട്ട്‌ ആർ യു ടാക്കിങ് വിദേത്....? " അവിശ്വസനീയതയോടെ നിരഞ്ജന്റെ ശബ്ദം വല്ലാതെ ഉയർന്നുപോയി.

"യെസ്.... ഞാൻ ചിന്തിച്ച കാര്യങ്ങൾ ആണിതെല്ലാം. ഞാനും സഞ്ജയ്‌ജിയും ഒരുപാട് ഇതേക്കുറിച്ചു സംസാരിച്ചു. എന്റെ അക്വാറിയത്തിലെ ചില മത്സ്യങ്ങളെ ഞാൻ പരിശോധിപ്പിച്ചു എങ്കിലും ഒന്നും കിട്ടിയില്ല സംശയിക്കാൻ. അതുകൊണ്ട് എനിക്കു അമ്മയെ ആ രീതിയിൽ നോക്കാൻ ധൈര്യം പോരാ."

"പിന്നെ?  എന്തടിസ്ഥാനത്തിലാണ് ഈ പറയുന്നതെല്ലാം?"

"ഒരു മൂക്കുത്തികൊണ്ടു തുളയിടുന്ന മുറിവ് ധാരാളം മതി ഈ വിഷം നമ്മുടെ  അകത്തുചെല്ലാൻ. ആ മുറിവ് വളരെ അപകടം പിടിച്ചതാണ്. മൂക്കുത്തി ഈ വിഷത്തിൽ മുക്കുകയോ കല്ലുകൾ പിടിപ്പിക്കാൻ ഉള്ള വെൽഡിങ് ഗ്യാസിൽ ഈ വിഷം കലർത്തിയാൽപോലുമോ TTX ആ കല്ലിലും സ്വർണ്ണത്തിലും പറ്റിച്ചേരുകയും അതുവഴി മൂക്കിലൂടെ ശ്വാസത്തിലൂടെ അകത്തു ചെല്ലുകയും ചെയ്യും. 
വളരെ കുറച്ചു ഡോസിൽ ആണെങ്കിൽ രണ്ടോമൂന്നോ ദിവസംകൊണ്ടായിരിക്കും രക്തത്തിൽ മുഴുവനായി ടെട്രോഡോടോക്സിൻ അലിഞ്ഞുചേരുന്നത്."

"പക്ഷേ.... മൂക്കുത്തിയിൽ എങ്ങനെ ഈ വിഷം നിറഞ്ഞു?" ചോദ്യം ചോദിച്ച ഉടനെതന്നെ നിഷേധാർഥത്തിൽ നിരഞ്ജൻ സ്വയം തല വെട്ടിച്ചു.

"ഒന്നുകിൽ മൂക്കുത്തി വിഷത്തിൽ മുക്കിയിരിക്കാം. അല്ലെങ്കിൽ അതിനുള്ളിലേക്ക് ഈ വിഷത്തിന്റെ ഗ്യാസ് കയറ്റിവിട്ടിരിക്കാം. മൂക്കുത്തിയുടെ മുനയിൽ TTX ഉണ്ടെങ്കിൽ ആ മുന ശരീരത്തിൽ തൊടുന്ന നിമിഷം മുതൽ വിഷം പ്രവർത്തിച്ചുതുടങ്ങുന്നു."

"ഏയ്‌....  നോ...  വിദേത്!!?   പഫർ ഫിഷിനെ താരാമ്മ വളർത്തി എന്നാണോ വിദേത് പറയുന്നത്?  നോ... നെവർ.... "

ദാസ് അയാളുടെ വായ്  പെട്ടെന്നു കൈയെടുത്തു  മൂടി. "ശ്ശ്ശ്ശ്....  പതുക്കെ."

"നോ വിദേത്... ഇതു തന്റെ ഒരു വൈൽഡ് ഇമാജിനേഷൻ ആണ്. ഒൺലി ഇമാജിനേഷൻ.... " നിരഞ്ജൻ ദാസിന്റെ കൈപ്പത്തി എടുത്തുമാറ്റി. പക്ഷേ അയാളുടെ നെറ്റിത്തടവും മൂക്കും വിയർത്തിരുന്നു. 

"ആണ്... ആയിരിക്കാം.... അതാണ് ഞാൻ ആദ്യം പറഞ്ഞത്. ഞാൻ സംശയങ്ങൾ മാത്രമാണ് തന്നോട് പറയുന്നത് എന്ന്. തെറ്റുണ്ടെങ്കിൽ തിരുത്തണം എന്നും."

നിരഞ്ജന്റെ  തലച്ചോർ കത്തി.  തലമുടി പിണച്ചും ചുരുട്ടിയും മീശയുടെ അരികുകൾ പറിഞ്ഞു പോകുമാറ്  കശക്കിയും കവിൾ ചുവന്നു പോകുമാറ് തിരുമ്മിയും  അയാളുടെ ചിന്തകൾ കടൽകടന്നും ആകാശംകടന്നും  മാറിമാറി സഞ്ചരിച്ചു.
ഒടുവിൽ അയാൾ വീണ്ടും ദാസിന്റെ മുൻപിൽ എത്തി. വാളോങ്ങി നിൽക്കുംപോലെ അയാൾ ദാസിനെ നോക്കി. 
"താൻ ആരെയാണ് സംശയിക്കുന്നത് വിദേത്? തനിക്കു വേണ്ടി ജീവിച്ച അമ്മയിലേക്കോ... പരമ്പരയിലേക്കോ....? " 

ദാസ് കൈകൾ കുടഞ്ഞു. "ഓക്കെ.... ഇങ്ങനെയൊന്നും അല്ലെങ്കിൽ പിന്നെ എങ്ങനെയാണ് വീണ്ടും തനൂജയുടെ ശരീരത്തിൽ വിഷം ഇറങ്ങുന്നത്? ഐ സി യുവിൽ കിടക്കുന്ന അവളുടെ ദേഹത്തു ഇതല്ലാതെ വേറെ ആഭരണം ഉണ്ടാവാൻ സാദ്ധ്യതയും ഇല്ല. ആം ഐ കറക്റ്റ്?"

അതിനു നിരഞ്ജനു മറുപടി ഉണ്ടായില്ല. 
എങ്ങനെ.... 
എങ്ങനെ... 
തനൂജ അണിഞ്ഞ മൂക്കുത്തിയിൽ നിന്നാണ് ആ വിഷം പടരുന്നതെങ്കിൽ.... 
ആ മുറിവിലൂടെയാണെങ്കിൽ..... 

മൈ ഗോഡ്.....
തന്റെ മകന്റെ ജീവിതത്തിൽ കാളിയനെപ്പോലെ പടർന്നു കയറിയ തനൂജ എന്ന വിഷത്തെ മറികടക്കാൻ ആ അമ്മ അതിനിഗൂഢമായ വലയങ്ങൾ  നെയ്തിട്ടുണ്ടാകുമോ... 

 ചിന്തകളുടെ  പകുതിവഴിയിൽ  റായ് വിദേതൻദാസും നിരഞ്ജൻ റെഡ്ഢിയും മുഖത്തോടുമുഖം നോക്കാനാവാതെ  നിശ്ചലം നിന്നു. 

                                                 (തുടരും)
അടുത്ത ലക്കത്തോടു കൂടി - നീലച്ചിറകുള്ള മൂക്കുത്തികൾ പൂർണ്ണമാകുന്നു.
നീലച്ചിറകുള്ള മൂക്കുത്തികൾ -- 53 - സന റബ്സ്നീലച്ചിറകുള്ള മൂക്കുത്തികൾ -- 53 - സന റബ്സ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക