Image

ഇന്ത്യ മുന്നേറിയത് കോണ്‍ഗ്രസിന്റെ ഭരണ നേട്ടം: കൊടിക്കുന്നില്‍

ജോയിച്ചന്‍ പുതുക്കുളം Published on 16 June, 2012
ഇന്ത്യ മുന്നേറിയത് കോണ്‍ഗ്രസിന്റെ ഭരണ നേട്ടം: കൊടിക്കുന്നില്‍
ഫിലാഡല്‍ഫിയ: ഐ.എന്‍.ഒ.സി കേരള ചാപ്‌റ്റര്‍ ഉദ്‌ഘാടനം വര്‍ണ്ണപ്രഭ പടര്‍ത്തി. മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷ്‌ മുഖ്യാതിഥിയായി പങ്കെടുത്ത സമ്മേളനത്തില്‍ ന്യൂയോര്‍ക്ക്‌, ന്യൂജേഴ്‌സി, പെന്‍സില്‍വേനിയ എന്നിവടങ്ങളില്‍ നിന്നായി നൂറുകണക്കിന്‌ ആളുകള്‍ പങ്കെടുത്തു.

കോണ്‍ഗ്രസ്‌ എന്ന മഹാപ്രസ്ഥാനത്തിന്റെ ഭാഗമായി അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന ഐ.എന്‍.ഒ.സി, എ.ഐ.സി.സിയുടെ കീഴില്‍ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ഏക പോഷക സംഘടനയാണ്‌. ഐ.എന്‍.ഒ.സി ശക്തമായ വളര്‍ച്ച നേടി എല്ലാ സംസ്ഥാനങ്ങളിലും വ്യാപിക്കട്ടെ എന്ന്‌ ആശംസിച്ചു. ഐ.എന്‍.ഒ.സി ദേശീയ നേതാക്കളായ ജോര്‍ജ്‌ ഏബ്രഹാം, കളത്തില്‍ വര്‍ഗീസ്‌, ചാക്കോട്ട്‌ രാധാകൃഷ്‌ണന്‍, ജോബി ജോര്‍ജ്‌ എന്നിവരെ അനുമോദിച്ചതോടൊപ്പം പെന്‍സില്‍വേനിയ കേരള ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ജോസ്‌ കുന്നേല്‍, ഡോ. ഈപ്പന്‍ ഡാനിയേല്‍, ഷാജി മത്തായി, സാബു സ്‌കറിയ എന്നിവരേയും അഭിനന്ദിച്ചു.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‌ മാത്രമേ ഇന്ത്യയെ രക്ഷിക്കാന്‍ കഴിയുകയുള്ളുവെന്നും സ്വതന്ത്ര ഇന്ത്യ 60 വര്‍ഷംകൊണ്ട്‌ ലോകരാഷ്‌ട്രങ്ങളുടെ മുന്നില്‍ എത്തിയതും കോണ്‍ഗ്രസിന്റെ ഭരണ നേട്ടമാണെന്ന്‌ വ്യക്തമാക്കി.

ഐ.എന്‍.ഒ.സിയുടെ നിരീക്ഷകനായി എത്തിയ എം.പി കോണ്‍ഗ്രസ്‌ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി കൂടിയാണ്‌. സോണിയാ ഗാന്ധിയും, ഡോ. കരണ്‍ സിംഗ്‌ എം.പിയും ഐ.എന്‍.ഒ.സിയുടെ വളര്‍ച്ച ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കുന്നു.

ജോര്‍ജ്‌ ഏബ്രഹാം ഐ.എന്‍.ഒ.സിയുടെ വളര്‍ച്ച വളരെ വേഗത്തില്‍ ആണെന്നും കോണ്‍ഗ്രസില്‍ അണിചേരാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുകയും ചെയ്‌തു.

ഐ.എന്‍.ഒ.സി അമേരിക്കന്‍ മലയാളികള്‍ക്കുവേണ്ടി നിലകൊള്ളുമെന്നും സാധാരണക്കാരന്റെ ആവശ്യങ്ങള്‍ അധികാരകേന്ദ്രങ്ങളില്‍ എത്തിക്കുമെന്നും കേരളാ ചാപ്‌റ്റര്‍ ദേശീയ പ്രസിഡന്റ്‌ കളത്തില്‍ വര്‍ഗീസ്‌ വ്യക്തമാക്കി. പ്രസിഡന്റ്‌ ജോസ്‌ കുന്നേലിനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ്‌ അദ്ദേഹം വായിച്ചു. എം.പി ഔദ്യോഗികമായ ഷാള്‍ അണിയിച്ച്‌ പ്രസിഡന്റിനെ സ്ഥാനം ഏല്‍പിച്ചു. ജോസഫ്‌ കുന്നേല്‍ അധ്യക്‌. പ്രസംഗത്തില്‍ ഐ.എന്‍.ഒ.സിയുടെ പ്രസക്തിയും, അതില്‍ പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയേപ്പറ്റിയും വ്യക്തമാക്കി. ദേശീയ പ്രസിഡന്റ്‌ ജോര്‍ജ്‌ ഏബ്രഹാമിനെ ജോയിന്റ്‌ സെക്രട്ടറി സന്തോഷ്‌ ഏബ്രഹാം പരിചയപ്പെടുത്തി. പ്രസിഡന്റ്‌ ജോസ്‌ കുന്നേല്‍ ഷാള്‍ അണിയിച്ച്‌ ആദരിച്ചു. ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍ ചാക്കോട്ട്‌ രാധാകൃഷ്‌ണന്‍ ആശംസകള്‍ നേര്‍ന്നു. ഫൊക്കാനയെ പ്രതിനിധീകരിച്ച്‌ അലക്‌സ്‌ തോമസ്‌, ഫോമയെ പ്രതിനിധീകരിച്ച്‌ ഐപ്പ്‌ ഉമ്മന്‍ മാരേട്ട്‌ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ഐ.എന്‍.ഒ.സി കേരളാ ചാപ്‌റ്റര്‍ നാഷണല്‍ ജനറല്‍ സെക്രട്ടറി ജോബി ജോര്‍ജ്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സന്ദേശം വായിച്ചു. ഐ.എന്‍.ഒ.സിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ വിശദമാക്കി എംപിയെ സദസിന്‌ പരിചയപ്പെടുത്തി. ചാപ്‌റ്റര്‍ സെക്രട്ടറി സാബു സ്‌കറിയ നന്ദി രേഖപ്പെടുത്തി. സാബു പാമ്പാടി, ഷിനു ഏബ്രഹാം, ഹിന്‍ഡ, മീന, ജോയി എന്നിവരുടെ ഗാനാലാപനം ഹൃദ്യമായി. മാതാ ഡാന്‍സ്‌ അക്കാഡമി, ഭരതം ഡാന്‍സ്‌ അക്കാഡമി, നൃത്തശ്രീ ഡാന്‍സ്‌ അക്കാഡമി എന്നിവരുടെ നൃത്തനൃത്യങ്ങള്‍ വര്‍ണ്ണാഭമായി. വിവിധ സാമൂഹ്യ-സംഘടനാ നേതാക്കള്‍ പങ്കെടുത്തു. ഏഷ്യാനെറ്റ്‌, കൈരളി, എം.സി.എന്‍, ജയ്‌ഹിന്ദ്‌, മലയാളം പത്രം, കേരള എക്‌സ്‌പ്രസ്‌, മലയാളം വാര്‍ത്ത തുടങ്ങിയ മാധ്യമങ്ങള്‍ മുഖാമുഖംപരിപാടിയില്‍ പങ്കെടുത്തു.
ഇന്ത്യ മുന്നേറിയത് കോണ്‍ഗ്രസിന്റെ ഭരണ നേട്ടം: കൊടിക്കുന്നില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക