Image

ചലച്ചിത്ര മേള ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നതിന് തന്റെ അയോഗ്യതയെന്തെന്ന് കമലിനോട് ചോദിച്ചു; സലീം അഹമ്മദ്

Published on 18 February, 2021
ചലച്ചിത്ര മേള ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നതിന് തന്റെ അയോഗ്യതയെന്തെന്ന് കമലിനോട് ചോദിച്ചു; സലീം അഹമ്മദ്
രാജ്യാന്തര ചലച്ചിത്ര മേളയുടെ കൊച്ചി എഡിഷന്‍ ഉദ്ഘാടന ചടങ്ങില്‍ നിന്ന് തന്നെ ഒഴിവാക്കിയെന്ന് സംവിധായകന്‍ സലീം അഹമ്മദ്. ദേശീയ പുരസ്‌കാര ജേതാവും, വര്‍ഷങ്ങളായി എറണാകുളത്ത് താമസിക്കുകയും ചെയ്യുന്ന തന്റെ യോഗ്യത കുറവ് എന്താണെന്ന് സംവിധായകന്‍ കമലിനെ വിളിച്ച്‌ ചോദിച്ചെന്നും സലീം അഹമ്മദ് മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.

സലീം അഹമ്മദ് കൊച്ചിയിലാണ് താമസിക്കുന്നതെന്ന വിവരം അറിയാത്തതിനാലാണ് മേളയുടെ ഉദ്ഘാടന ചടങ്ങില്‍ വിളിക്കാഞ്ഞതെന്നായിരുന്നു കമല്‍ പറഞ്ഞത്. തന്നെ ഒഴിവാക്കിയതിന് രാഷ്ട്രീയ കാരണങ്ങള്‍ ഒന്നുമില്ല. പക്ഷെ ചിലരുടെ ഒക്കെ ബോധമില്ലായിമ അതിന് കാരണമായെന്നും സലീം അഹമ്മദ് പറഞ്ഞു.

'തിരികൊളുത്താനുള്ള യോഗ്യത ദേശീയ സംസ്ഥാന പുരസ്‌കാരങ്ങളാണെങ്കില്‍ അതിന് തീര്‍ച്ചയായും യോഗ്യതയുള്ള ഒരാളാണ് ഞാനെന്നാണ് എന്റെ വിശ്വാസം. മഹത്തരമായ സിനിമകള്‍ ചെയ്തു എന്നൊന്നും ഞാന്‍ അവകാശപ്പെടുന്നില്ല. എന്നെക്കാളും നല്ല സിനിമകള്‍ ചെയ്ത ഒരുപാട് ആളുകളുണ്ട്. നല്ല സിനിമകളുമുണ്ട്. പക്ഷെ ഇന്നലെ അവിടെ തിരികൊളുത്തിയ 24 ആളുകളെക്കാള്‍ യോഗ്യത ഉള്ള ആളാണ് ഞാന്‍. നാല് ദേശിയ പുരസ്‌കാരവും, രണ്ട് സംസ്ഥാന പുരസ്‌കാരങ്ങളും ഉണ്ട്. അപ്പോ എന്തുകൊണ്ട് മാറ്റി നിര്‍ത്തി എന്നാണ് എന്റെ ചോദ്യം.'

'പരിപാടി കഴിഞ്ഞതിന് ശേഷം ഇതേ കുറിച്ച്‌ ചോദിക്കാന്‍ ഞാന്‍ കമലിനെ വിളിച്ചിരുന്നു. സത്യത്തില്‍ ഇന്നലെ അവിടെ അങ്ങനെയൊരു ചടങ്ങ് നടക്കുന്നത് പോലും എനിക്ക് അറിയില്ലായിരുന്നു. ഞാന്‍ സിനിമ കാണാനായി അവിടെ എത്തിയപ്പോഴാണ് ഇങ്ങനെയൊരു ചടങ്ങ് നടക്കുന്നത് ഞാന്‍ കാണുന്നത്. ചടങ്ങിലുള്ള ആളുകളെ കണ്ടപ്പോഴാണ് ഞാന്‍ എന്നോട് തന്നെ ചോദിച്ചത് എന്താണ് എന്റെ അയോഗ്യത എന്നത്.

അങ്ങനെയാണ് കമലിനെ വിളിക്കുന്നത്. അപ്പോള്‍ അദ്ദേഹം പറഞ്ഞത് നിങ്ങള്‍ ഇവിടെയാണ് താമസിക്കുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു എന്നാണ്. കഴിഞ്ഞ പത്തോളം വര്‍ഷങ്ങളായി എനിക്ക് ഈ മേല്‍വിലാസത്തിലാണ് അക്കാദമിയില്‍നിന്ന് കത്തുകള്‍ വരുന്നതെന്ന് ഞാന്‍ പറഞ്ഞു. ഇരുപത് വര്‍ഷങ്ങളായി ഞാന്‍ എറണാകുളത്താണ് ജീവിക്കുന്നത്. ഞാന്‍ വോട്ട് ചെയ്യുന്നതും ഇവിടെയാണ്. എന്നാല്‍ രാഷ്ട്രീയമായോ, ബോധപൂര്‍വ്വമോ എന്നെ മാറ്റി നിര്‍ത്തി എന്നല്ല. പക്ഷെ ബോധമില്ലായിമ ഉണ്ടായിട്ടുണ്ട്.'

സലീം കുമാര്‍, ഷാജി കരുണ്‍ എന്നിവരെ മേളയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്നും മാറ്റി നിര്‍ത്തിയെന്ന വിവാദം നിലനില്‍ക്കെയാണ് സലീം അഹമ്മദും ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. അതേസമയം ആരേയും ബോധപൂര്‍വ്വം മാറ്റി നിര്‍ത്തിയിട്ടില്ലെന്നും സലീം കുമാറിന്റെ തീരുമാനത്തിന് പിന്നില്‍ രാഷ്ട്രീയ ഉദ്ദേശമുണ്ടെന്നും മന്ത്രി എ കെ ബാലന്‍ പ്രതികരിച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് കൊച്ചി എഡിഷന്‍ ഐഎഫ്‌എഫ്‌കെയുടെ ഉദ്ഘാടനം നടന്നത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക