Image

മധുരസംഗീതം...സംഗീതമേ ജീവിതം   (മിനി ഗോപിനാഥ്)

Published on 18 February, 2021
മധുരസംഗീതം...സംഗീതമേ ജീവിതം   (മിനി ഗോപിനാഥ്)

“സംഗീതമേ ജീവിതം  
ഒരു മധുര സംഗീതമേ...
 ജീവിതം …..”

 ശാസ്ത്രീയമായും അല്ലാതെയും സംഗീതം അഭ്യസിക്കുകരും  ആസ്വദിക്കുകയും
നമുക്കായി പകർന്നു തരുകയും ചെയ്യുന്ന
 വ്യക്തിത്വങ്ങൾക്ക് മാത്രമല്ല  സാധാരണക്കാർക്കും ജീവിതം മധുരതരമാക്കാൻ
കഴിയും.അത് സാദ്ധ്യമാകണമെങ്കിൽ  
അവനവന്  യോജിച്ച രാഗം  സ്വയം കണ്ടെത്തിയേ മതിയാകൂ.

വ്യകതമായ പാഠ്യപദ്ധതിയുള്ള വിദ്യാഭ്യാസ സമ്പ്രദായത്തിൽ, ജയവും പരാജയവും  സർവ്വ സാധാരണമാണ്.  ഒന്നാം  സ്ഥാനം
കരസ്ഥമാക്കുന്നവർക്ക് ലഭ്യമാകുന്ന അംഗീകാരങ്ങൾക്കുമപ്പുറം  ജീവിതത്തിൽ
അവർ  എത്രമാത്രം വിജയിച്ചുവെന്ന് വ്യക്തമാക്കാനാകില്ല. കാരണം ,കാണുന്നവന്റെ കണ്ണിൽ അയാൾ വിജയം വരിച്ച വ്യക്തിയാണ്.

“ജീവിത വിജയത്തിന് പത്ത് കാര്യങ്ങൾ “എന്ന പേരിൽ ഒരു പുസ്തകത്തിന്  പ്രചാരം ലഭിച്ചു കഴിഞ്ഞാൽ ആകാംക്ഷയോടെ നമ്മളത് വാങ്ങും. വായിച്ചു തുടങ്ങുമ്പോൾ തന്നെ പുതുതായി
അറിയാൻ ഒന്നുമില്ലെന്നും വെറുതെ കാശ് കളഞ്ഞെന്നും  തോന്നിയിരിക്കും.
 “ജീവിത വിജയത്തിന് ഒരൊറ്റ മൂലി”
എന്ന ലേബലിൽ  ആകർഷകമായ പരസ്യത്തോടെ എന്തെങ്കിലും ഉൽപ്പന്നം  വിപണിയിൽ  എത്തിയാൽ, അത് വാങ്ങി സേവിക്കാനും നാം തയ്യാറാകും..ഇത് മൂലം ആരെങ്കിലും ജീവിതത്തിൽ വിജയിച്ചുവെന്ന്  തോന്നിയാൽ
 “കാശുള്ളവർക്ക് എന്തും ആകാമല്ലോ? അല്ലെങ്കിലും ഇത്തരം തട്ടിപ്പുകൾക്കൊന്നും എന്നെ കിട്ടൂല്ല എന്നും പറഞ്ഞിരിക്കും.”

സ്വസ്ഥതയും സന്തോഷവും നിറഞ്ഞതാകണം ജീവിതം,എന്ന് നിശ്ചയിച്ചു  
പ്രകൃതിയോടും സമൂഹത്തോടും ഗുണപരമായി ഇടപെടാൻ കഴിയണം.
അല്ലാതെ പ്രയോജനമുള്ളതിന് മാത്രം മൂല്യം കല്പിക്കുന്നവരാകരുത് . മനസ്സ് തുറന്ന് ചുറ്റുപാടുകൾ വീക്ഷിക്കുന്നവർക്ക് ലഭിക്കുന്നത് ഒരു  ഋഷിയുടെ ഉത്തരമോ, സാധാരണ മനുഷ്യന്റെ കണ്ടെത്തലുകളോ ആയിരിക്കും .അത് വരെ ജീവിക്കാൻ എന്തൊക്കെ വേണമെന്ന് കരുതിയിരുന്നുവോ അതൊന്നുമില്ലാതെയും ജീവിതത്തെ മുന്നോട്ട്  നയിക്കാമെന്ന തിരിച്ചറിവും ഉണ്ടാകും.

തനിച്ചു നിൽക്കുമ്പോഴും ,തീരുമാനിച്ചുറച്ച വഴികളിലൂടെ ദിശ തെറ്റാതെ
സഞ്ചരിക്കാൻ  കഴിയുമ്പോൾ മുന്നിൽ
തെളീഞ്ഞു വരുന്നത് വിജയത്തിന്റെ പാതയായിരിക്കും.
“നമ്മെ രക്ഷിക്കാൻ നമുക്കല്ലാതെ മറ്റാർക്കും കഴിയില്ല.നമ്മൾ നടക്കേണ്ട ദൂരം നടന്നു തീർക്കേണ്ടത് നമ്മൾ തന്നെയാണ് ………” ശ്രീ.ബുദ്ധ വചനം ഇവിടെ വളരെ പ്രസക്തമാണ്.

“മൗനം ദീക്ഷിക്കുന്ന ഭോഷൻ പോലും ജ്ഞാനിയായി ഗണിക്കപ്പെടും”എന്ന്
ബൈബിൾ.
മൗനം വാചാലവും, ശുദ്ധമായ സംഗീതവുമാണ്. ഏകാന്തതയെ(ഒറ്റപ്പെടലിനെ)അതിജീവിക്കാനുള്ള മന്ത്രവുമാണിത്..
മനസ്സിലാക്കാൻ മനസ്സുണ്ടെങ്കിൽ, ശക്തമായ ഭാഷയും,ആഴമേറിയ ഉത്തരങ്ങളും,കഠിനമായ പ്രതിഷേധവുമാണ്.
പ്രണയം,പരിഭവം,പരിഹാസം,പുച്ഛം, നിസ്സഹായത ,ദുഃഖം തുടങ്ങി പലതും ഹൃദയത്തിന്റെ  കാരാഗൃഹത്തിൽ വാക്കുകളായി  ഒളിഞ്ഞിരിക്കുന്ന അവസ്ഥയും മനസ്സിന്റെ ഒളിച്ചോട്ടവും ഒക്കെ മൗനമാണ്.

മൗനം (ഏകാന്തത)വളരെ ആസ്വാദ്യകരമാക്കാൻ ഒറ്റയ്ക്ക്‌,നിശ്ശബ്ദതയെ  മാത്രം കൂട്ട്‌പിടിച്ചു മന:പൂരവ്വം അൽപ്പനേരം ചെലവഴിക്കുക.വ്യക്തമായ  ഉൾക്കാഴ്ചയോടെ   ചിന്തിക്കാൻ കഴിയുന്ന മനസ്സ്  ക്രമേണ രൂപപ്പെടുകയും ആശയ വിനിമയം സാദ്ധ്യമാവുകയും ചെയ്യും. ഇതിലൂടെ  സ്വയം  മനസ്സിലാക്കാനുള്ള വഴി ഉരുത്തിരിഞ്ഞു വരും. വിശ്രമിക്കാനും ശാന്തമാകാനും ഉള്ള അവസരം  തലച്ചോറിന് ലഭ്യമാക്കുന്നത്തിലൂടെ, അവനവനു വേണ്ടി മഹത്തായ ഒരു സേവനം കൂടിയാണ് ചെയ്യാൻ കഴിയുക. എന്നാൽ ഇതൊരിക്കലും  സ്വയം  ഉൾവലിയുന്ന  ഒന്നാകരുത്.

സ്നേഹ ബന്ധങ്ങൾക്കിടയിലെ  മഹാമൗനങ്ങളിൽ  ഇരുണ്ട ചുഴികളും   ഗൃഹാതുരതയും   നിസ്സഹായതയും യാചനയുടെ സ്പന്ദനങ്ങളും നിഴലിക്കും. ചിലത്  ഉച്ചത്തിൽ ആജ്ഞാപിക്കും .എന്നാൽ  അനവസരങ്ങളിലെ മൗനം നോവിന്റെ തീച്ചൂളയിലേയ്ക്കായിരിക്കും വലിച്ചെറിയുക..

"മൗനം  വിദ്വാന് ഭൂഷണം "എന്നാണെങ്കിലും മൗനഭഞ്ജനം കൊണ്ട് അന്യന് എന്തെങ്കിലും നേട്ടം ഉണ്ടാകുമെന്ന് കരുതുന്നവനാണെങ്കിൽ അതിബുദ്ധിമാനെന്ന പദമാകും കൂടുതൽ
യോജിക്കുക?!
പ്രകോപനത്തിന് അടിമപ്പെടാതെ ബോധപൂർവ്വം ശാന്തമായി  പ്രതികരിക്കാനും  സന്തോഷമുള്ള മനസ്സ് വളർത്തിയെടുക്കാനും കഴിഞ്ഞാലും ഇതെല്ലായിടത്തും പ്രായോഗികവും വിജയപ്രദവും
ആകണമെന്നില്ല.കാരണം ,  
“എന്താ നാവിറങ്ങിപ്പോയോ?” സമാന ചോദ്യങ്ങൾ അഭിമുഖീക്കരിക്കാത്തവരായി  ആരുമുണ്ടാകാനിടയില്ല.
അത് കൊണ്ട്  നോക്കിയും  കണ്ടും ഫലപ്രദമായി സാഹചര്യങ്ങൾ വിനിയോഗിക്കണം. ഇത് തികച്ചും വ്യക്ത്യധിഷ്ഠിതമാണ്.

യഥാർത്ഥത്തിൽ മൽസരമല്ലാത്ത യാത്രയായ ജീവിതത്തിൽ,
ശാശ്വതമായത്‌ മാറ്റമാണ്. അതിനെ ഉൾക്കൊള്ളുവാൻ ശ്രമിക്കണം.
പ്രായമായവരുടെ ഒറ്റപ്പെടലിന്റെ പിന്നിലും ഈ സത്യം കുടിയിരിക്കുന്നുണ്ട്. 

യുവതലമുറയുടെ  സ്വഭാവ വ്യത്യാസത്തിന്  പ്രധാന കാരണം  സാങ്കേതികവിദ്യയുടെ അതിപ്രസരമാണെന്ന് കുറ്റപ്പെടുത്തുന്നവരിൽ
 ഭൂരിഭാഗംപേരുടെയും ആശ്വാസവും  സ്മാർട്ട്  
ഫോണുകളാണ്.

വാർദ്ധക്യകാലം ആത്മ വിശ്വാസത്തോടെ ആസ്വദിച്ചു ജീവിക്കാൻ തുടക്കത്തിലേ ശ്രമം തുടങ്ങണം.ആരോഗ്യ പ്രശ്നങ്ങളാണ് ആദ്യത്തെ വെല്ലുവിളി.ആയുർദൈർഘ്യം, ഒറ്റപ്പെടലുകളുടെ ആധിക്യം വർദ്ധിപ്പിക്കും  ഏത് കൊലക്കൊമ്പന്റെയും ഗതി ഇത് തന്നെയായിരിക്കും .ഇതൊക്കെ മുൻകൂട്ടിക്കണ്ട്  ജീവിക്കാനും
 മാറിയ കാലത്തിന്റെ കണ്ണാടിയിൽ കൂടി
കാര്യങ്ങൾ കാണാനുമുള്ള പരിശീലനവും ജീവതത്തിലുടനീളം അത്യന്താപേക്ഷിതമാണ്. ഉള്ളതിൽ സന്തോഷം  കണ്ടെത്താനും   സ്നേഹം ചുമതലയാക്കാതിരിക്കാനുള്ള കഴിവും നാം  ആർജ്ജിച്ചിരിക്കണം.അറിവും  അനുഭവങ്ങളും മുഖേന നേടിയ കരുത്തിലൂടെ ,ജീവിതത്തിന്റെ ഉച്ചകോടിയിൽ എത്തുമ്പോൾ  തിരിച്ചറിയുന്ന സത്യമാണ് അർത്ഥശൂന്യത.

സ്നേഹവും ഭയവും ജ്വലിപ്പിക്കുന്ന യാഗകുണ്ഡമാണ് സ്ത്രീയെങ്കിൽ ,
വിശ്വാസത്തിന്റെ ധീരതയാണ് അവളിൽ  ഉണ്ടാകേണ്ടത്.  ഇതിലൂടെ  വിവേകം കൈവരും. യോഗാത്മക തലങ്ങളിൽ ധൈര്യവും സ്നേഹവും അലിവും ഒന്ന്  തന്നെയാണ്. ഇത് മനസ്സിലാക്കുന്നവൾ  സ്വയം വിജയിക്കുകയും തന്റെ കുടുംബത്തെയും അടുത്ത തലമുറയെയും ജീവിതവിജയത്തിലേയ്ക്ക് നയിക്കുകയും ചെയ്യും.പുരുഷനും  ഒപ്പത്തിനൊപ്പം ഉണ്ടാകണം.ശാശ്വതമായ വിജയപാത ഇതിലൂടെ മാത്രമേ വികസിതമാകൂ.

“ഓർത്താൽ ജീവിതമൊരു ചെറിയ കാര്യം
ആർത്തി കാണിച്ചിട്ടെന്ത് കാര്യം ?”

ബാക്കി നിൽക്കുന്ന സംഗീതമാണ് ജീവിതമെന്ന്  തിരിച്ചറിഞ്ഞ്  സ്വയം  ചിട്ടപ്പെടുത്തിയെടുക്കാൻ പ്രാപ്തരായാൽ
 മധുരസംഗീതമായി നാം നമ്മിൽ അലിഞ്ഞു ചേരും.

മധുരസംഗീതം...സംഗീതമേ ജീവിതം   (മിനി ഗോപിനാഥ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക