Image

തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് രമേഷ് പിഷാരടി ; കോണ്‍ഗ്രസ് കേരളത്തിന് അനിവാര്യം

Published on 17 February, 2021
തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് രമേഷ് പിഷാരടി ; കോണ്‍ഗ്രസ് കേരളത്തിന് അനിവാര്യം

കൊച്ചി: കേരള രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് ഇപ്പോഴും അനിവാര്യമായ പ്രസ്ഥാനമാണെന്നും അത് അത്ര പെട്ടെന്ന് മുങ്ങുന്ന കപ്പലല്ലെന്നും നടനും സംവിധായകനും മിമിക്രിക്കാരനുമായ രമേഷ് പിഷാരടി. കോണ്‍ഗ്രസിന്റെ മൃദുസ്വഭാവമാണ് തന്നെ ഏറെ ആകര്‍ഷിച്ചതെന്നും പക്ഷേ കോണ്‍ഗ്രസില്‍ ചേര്‍ന്നത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനല്ലെന്നും ഉറപ്പായിട്ടും താന്‍ മത്സരിക്കാനില്ലെന്നും പറഞ്ഞു. കൂട്ടുകാരനും നടനുമായ ധര്‍മ്മജന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകും എന്ന അഭ്യൂഹങ്ങള്‍ക്കിടയില്‍ കഴിഞ്ഞ ദിവസമാണ് താന്‍ കോണ്‍ഗ്രസില്‍ ചേരുന്നതായി രമേഷ് പിഷാരടി വ്യക്തമാക്കിയത്.

ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രമേഷ് പിഷാരടി തന്റെ നിലപാട് വ്യക്തമാക്കിയത്. അതേസമയം താന്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയല്ലെന്നും ചില മാധ്യങ്ങള്‍ അങ്ങിനെ പ്രചരിപ്പിച്ചേക്കാമെങ്കിലും താന്‍ ഉറപ്പായിട്ടും മത്സരരംഗത്ത് ഉണ്ടാകില്ലെന്നും പറഞ്ഞു. താന്‍ കോണ്‍ഗ്രസില്‍ ചേരാന്‍ കാരണം വേണ്ടപ്പെട്ടവരെല്ലാം കോണ്‍ഗ്രസുകാര്‍ ആയതിനാലെന്ന് രമേഷ് പിഷാരടി. പിതാവ് ഐഎന്‍ടിയുസി പ്രവര്‍ത്തകനായിരുന്നു. ചെറുപ്പം മുതല്‍ കണ്ടുവളര്‍ന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നും ധര്‍മ്മജനും സലിംകുമാറും അടക്കം അനേകം സുഹൃത്തുക്കളും കോണ്‍ഗ്രസുകാരായി ഉള്ള സാഹചര്യത്തിലാണ് താനും കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്നും പറഞ്ഞു.

കോണ്‍ഗ്രസ് കേരളത്തിന് ഇപ്പോഴും അനിവാര്യമാണ്. ഇത്രയും ബഹുസ്വരതയുള്ള ഒരു രാജ്യത്ത് എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകാന്‍ കോണ്‍ഗ്രസ് അത്യാവശ്യ ഘടകമാണ്. ധര്‍മ്മജന്‍ കോണ്‍ഗ്രസുകാരനായി മാറിയത് കൊണ്ടല്ല താന്‍ കോണ്‍ഗ്രസില്‍ എത്തിയതെന്നും ധര്‍മ്മജന്‍ വേറെ പാര്‍ട്ടിയില്‍ ആയിരുന്നാല്‍ പോലും താന്‍ കോണ്‍ഗ്രസില്‍ കാണുമായിരുന്നു. രാഷ്ട്രീയനിലപാട് വ്യക്തമാക്കിയതിന്റെ പേരില്‍ താന്‍ അവഗണിക്കപ്പെടുമെന്ന് കരുതുന്നില്ലെന്നും മറ്റു പാര്‍ട്ടികളോട് അനുഭാവം പുലര്‍ത്തുന്നവര്‍ക്ക് ചെറിയ ഇഷ്ടക്കേട് ഉണ്ടായേക്കാം എന്നാല്‍ അത് സ്വാഭാവികം മാത്രമാണെന്നും എന്നാല്‍ അത് ദീര്‍ഘകാലം നില്‍ക്കുന്നതല്ലെന്നും പറഞ്ഞു. 

തങ്ങള്‍ കല ഉപജീവനമാക്കി മാറ്റിയവായതിനാല്‍ രാഷ്ട്രീയ അനുഭാവം വേണ്ടെന്ന് അര്‍ത്ഥമാക്കുന്നില്ല. അതുപോലെ തന്നെ രാഷ്ട്രീയ അനുഭാവം ഉണ്ടെങ്കിലും അതിനെ ഉപജീവനമാക്കി മാറ്റാന്‍ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞു. കോണ്‍ഗ്രസ് മുങ്ങാന്‍ പോകുന്ന കപ്പലാണെന്ന ആക്ഷേപത്തോടും അദ്ദേഹം വിയോജിച്ചു. ഇത്രയും വര്‍ഷം പ്രവര്‍ത്തിച്ചു പാരമ്പര്യവും പരിചയവുമുള്ള പാര്‍ട്ടിയാണത്. ജനങ്ങളില്‍ ആഴത്തില്‍ വേരോടുകയും ഇത്രയും നേതാക്കളുമുള്ള പാര്‍ട്ടി അത്ര പെട്ടെന്ന് മുങ്ങുമെന്ന് കരുതുന്നില്ല. മുങ്ങുന്നത് അനുസരിച്ച് മാറിമാറി കയറാനാണെങ്കില്‍ ഏതു കപ്പലിനാണ് ഗ്യാരന്റി ഉള്ളതെന്നും രമേഷ് പിഷാരടി ചോദിച്ചു. 

രമേഷ് പിഷാരടിയുടെ സുഹൃത്തും നടനുമായ ധര്‍മ്മജന്‍ ബോള്‍ഗാട്ടി ഇത്തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോഴിക്കോട് ബാലുശ്ശേരിയില്‍ ധര്‍മ്മജന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായേക്കും എന്നാണ് സൂചനകള്‍. ഇതിന്റെ ഭാഗമായി മണ്ഡലത്തിലെ കോണ്‍ഗ്രസ് പരിപാടികളില്‍ ധര്‍മ്മജന്‍ സജീവമാണ്. നേരത്തേ കോണ്‍ഗ്രസ് അനുഭാവം പ്രകടിപ്പിച്ച സിനിമയില്‍ നിന്നും രാഷ്ട്രീയത്തില്‍ എത്തിയ ജഗദീഷ്, സലിംകുമാര്‍ എന്നിവര്‍ക്ക് പിന്നാലെയാണ് ധര്‍മ്മജനും രമേഷ് പിഷാരടിയും രംഗത്ത് വന്നിരിക്കുന്നത്. ഐശ്വര്യ കേരളയാത്രയുടെ ഹരിപ്പാട് വേദിയില്‍ എത്തിയാണ് പിഷാരടിയും ഇടവേള ബാബുവും കോണ്‍ഗ്രസ് അനുഭാവം കാട്ടിയത്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക