Image

സലിം കുമാറിനെ ഒഴിവാക്കി എറണാകുളത്ത് ചലച്ചിത്ര മേള സാധ്യമല്ലെന്ന് കമല്‍; പങ്കെടുക്കില്ലെന്ന് സലിം കുമാര്‍

Published on 17 February, 2021
സലിം കുമാറിനെ ഒഴിവാക്കി എറണാകുളത്ത് ചലച്ചിത്ര മേള സാധ്യമല്ലെന്ന് കമല്‍;  പങ്കെടുക്കില്ലെന്ന് സലിം കുമാര്‍


രാജ്യാന്തര ചലച്ചിത്ര മേളയില്‍ നിന്നും നടന്‍ സലിം കുമാറിനെ ഒഴിവാക്കിയെന്ന ആരോപണത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍. സലിം കുമാറിനെ ചലച്ചിത്ര മേളയില്‍ നിന്നും ഒഴിവാക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.  സലിം കുമാറിനെ ഒഴിവാക്കി എറണാകുളത്ത് ചലച്ചിത്ര മേള സാധ്യമല്ല. ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്ന അതിഥികളുടെ അന്തിമ പട്ടിക ആയിട്ടില്ലെന്നും രാഷ്ട്രീയമായി മാറ്റി നിര്‍ത്താവുന്ന ആളല്ല സലിം കുമാറെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഉദ്ഘാടന ചടങ്ങില്‍ നടന്‍ സലിം കുമാര്‍ പങ്കെടുക്കില്ല. കമല്‍ വിളിച്ചത് വിവാദമായ ശേഷമാണെന്നും ചടങ്ങില്‍ പങ്കെടുത്താല്‍ പിന്തുണ നല്‍കിയവരോട് ചെയ്യുന്ന വഞ്ചനയാകുമെന്നും സലിം കുമാര്‍ പ്രതികരിച്ചു.

എന്നെ മാറ്റിനിര്‍ത്തിയത് ആരുടെയൊക്കെയോ താത്പര്യം സംരക്ഷിക്കാന്‍ വേണ്ടിയാണ്. അത് സംരക്ഷിക്കപ്പെടട്ടെ. ഞാനൊന്ന് അറിയാന്‍ വേണ്ടി വിളിച്ചതാണ് എന്തുകൊണ്ട് എന്നെ ഒഴിവാക്കിയെന്ന്. മാധ്യമങ്ങളിലൊക്കെ വാര്‍ത്ത വന്ന ശേഷമാണ് എന്നെ വിളിച്ചത്. ഒരാഴ്ച മുന്‍പേ ചടങ്ങില്‍ പങ്കെടുക്കേണ്ടവരുടെ കാര്യത്തില്‍ ധാരണയായിരുന്നു. അന്ന് എന്റെ കാര്യം യോഗത്തില്‍ പങ്കെടുത്ത അമ്മ പ്രതിനിധി ടിനി ടോം ചോദിച്ചിരുന്നു. അന്ന് തൊടുന്യായം പറഞ്ഞ് അവര്‍ പേര് തള്ളി. ഇനി പങ്കെടുത്താല്‍ എന്നെ പിന്തുണച്ചവരോടുള്ള വഞ്ചനയാകും.-സലിം കുമാര്‍ പറഞ്ഞു. 

കൊച്ചിയില്‍ നടക്കുന്ന ചലച്ചിത്ര മേളയുടെ തിരി തെളിയിക്കേണ്ടവരുടെ പട്ടികയില്‍ ദേശീയ പുരസ്‌കാര ജേതാവായ സലിം കുമാറിനെ ഉള്‍പ്പെടുത്തിയില്ലെന്ന വാര്‍ത്ത ഇന്നലെയാണ് പുറത്തെത്തിയത്. ഇതില്‍ പ്രതികരിച്ച് സലിം കുമാര്‍ രംഗത്ത് എത്തിയിരുന്നു. 'സംഘാടകരെ വിളിച്ചപ്പോള്‍ ആദ്യം ലഭിച്ച പ്രതികരണം തനിക്ക് പ്രായക്കൂടുതല്‍ ആയതുകൊണ്ടാണ് മേളയിലേക്ക് ക്ഷണിക്കാതിരുന്നത് എന്നാണ്. പക്ഷേ മേളയുടെ തിരി തെളിയിക്കുന്ന ആഷിഖ് അബുവും അമല്‍ നീരദും എന്റെ ഒപ്പം മഹാരാജാസില്‍ പഠിച്ചതാണ്. ഇക്കാര്യം പറഞ്ഞപ്പോള്‍ തിരിച്ചുവിളിക്കാം എന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു. പിന്നീട് സംഘാടകരില്‍ തന്നെയുള്ള മറ്റൊരാള്‍ തിരിച്ചു വിളിച്ച് നാളെ പങ്കെടുക്കാന്‍ കഴിയുമോ എന്ന് ചോദിച്ചു. വിവാദമായപ്പോള്‍ വേണമെങ്കില്‍ വന്ന് കത്തിച്ചോ എന്ന പോലെയാണ് വിളിച്ചു ചോദിച്ചത്. ഒഴിവാക്കിയത് കോണ്‍ഗ്രസുകാരനായത് കൊണ്ടുതന്നെയാണ്. 

അവിടെ നടക്കുന്നത് സി.പി.എം മേളയാണ്. അവരോട് അനുഭാവമുള്ളവരെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് പരിപാടി നടത്താന്‍ ആണ് ഉദ്ദേശിക്കുന്നത്. അല്ലാത്തവരെ പുറത്താക്കും. അതിന് ഓരോ ന്യായീകരണങ്ങള്‍ പറയുകയും ചെയ്യും. എന്തുവന്നാലും മരിക്കും വരെ കോണ്‍ഗ്രസുകാരനായിരിക്കും. എന്തെങ്കിലും നേട്ടങ്ങള്‍ക്ക് വേണ്ടി പാര്‍ട്ടി മാറാനോ ആശയങ്ങളില്‍ വെള്ളം ചേര്‍ക്കാനോ തയ്യാറല്ല'-സലിംകുമാര്‍ പറയുന്നു









Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക