Image

മസ്‌ക്കറ്റില്‍ ശമ്പളവും ഭക്ഷണവുമില്ലാതെ 34 ഇന്ത്യക്കാര്‍ ദുരിതക്കയത്തില്‍

Published on 16 June, 2012
മസ്‌ക്കറ്റില്‍ ശമ്പളവും ഭക്ഷണവുമില്ലാതെ 34 ഇന്ത്യക്കാര്‍ ദുരിതക്കയത്തില്‍
മസ്‌കറ്റ്‌്‌: തലസ്ഥാന നഗരിയിലെ പള്ളി നിര്‍മാണത്തിന്‌ രണ്ടുവര്‍ഷം മുമ്പ്‌ ഖുറമിലെത്തിയ 34 ഇന്ത്യന്‍ തൊഴിലാളികള്‍ ഭക്ഷണവും ശമ്പളവും കിട്ടാതെ ദുരിതക്കയത്തില്‍. 70,000 മുതല്‍ 80,000 രൂപവരെ വിസക്ക്‌ നല്‍കി ഒമാനിലെ ഗോള്‍ഡ്‌ വേ നിര്‍മാണ കമ്പനിയിലെത്തിയ ഉത്തര്‍പ്രദേശില്‍ നിന്നുള്ള തൊഴിലാളികളാണ്‌ ഈ ഹതഭാഗ്യര്‍. നാല്‌ മാസമായി ശമ്പളം കിട്ടാത്ത ഇവര്‍ തൊഴില്‍ കോടതിയെ സമീപിച്ചിരുന്നു. ഒരു മാസം മുമ്പ്‌ ഇവരുടെ വിസാ കാലാവധിയും അവസാനിച്ചു.

ഭക്ഷണവും ശമ്പള കുടിശ്ശികയും നല്‍കണമെന്ന്‌ കോടതി വിധി ഉണ്ടായിട്ടും കമ്പനി അധികൃതര്‍ അത്‌ നല്‍കുന്നില്ലെന്ന്‌ തൊഴിലാളികള്‍ പറയുന്നു. ഫലത്തില്‍ നല്ല ജീവിതവും മെച്ചമായ ശമ്പളവും പ്രതീക്ഷിച്ച്‌ ഒമാനിലെത്തിയ ഇവര്‍ ഭക്ഷണത്തിന്‌ മറ്റുള്ളവരൂടെ കടാക്ഷത്തിനായി കാത്തിരിക്കേണ്ട ഗതികേടിലാണ്‌. ശമ്പളവും മറ്റ്‌ ആനുകൂല്യങ്ങളും ലഭിച്ചില്ലെങ്കിലും എങ്ങനെയെങ്കിലും നാട്ടിലെത്തിയാല്‍ മതിയെന്ന ആഗ്രഹത്തിലാണ്‌ 34 പേരും. ഇവരെ നാട്ടിലയക്കാന്‍ കോടതി വിധിയുണ്ടായെങ്കിലും മാസത്തില്‍ മൂന്ന്‌ പേരെ വീധം നാട്ടിലയക്കാമെന്ന നിലപാടിലാണ്‌ കമ്പനി അധികൃതര്‍. ഇത്തരത്തില്‍ ഇവര്‍ മൂഴൂവന്‍ നാട്ടിലെത്താന്‍ ഒരു വര്‍ഷമെങ്കിലുമെടുക്കും. ഭക്ഷണം കഴിക്കാന്‍ പോലും വരുമാനമില്ലാത്ത തങ്ങളെങ്ങനെ അത്വരെ ജീവിതം നീക്കുമെന്നാണ്‌ തൊഴിലാളികള്‍ ചോദിക്കുന്നത്‌.

മാസം 65 റിയാലും 70 റിയാലും മാത്രം ശമ്പളമുള്ള തൊഴിലാളികള്‍ക്ക്‌ ശമ്പളം നല്‍കാന്‍ തുടക്കം മുതലെ കമ്പനി അധികൃതര്‍ അമാന്തം കാണിച്ചതായി ഉത്തര്‍പ്രദേശ്‌ സ്വദേശി പീതാംബര്‍ 'ഗള്‍ഫ്‌ മാധ്യമ' ത്തോട്‌ പറഞ്ഞു. ശമ്പളം കിട്ടണമെങ്കില്‍ ഓരോ മാസവും സമരം ചെയ്യണമായിരുന്നു. സമരം ചെയ്‌താല്‍ മാത്രം ശമ്പളം നല്‍കുന്ന രീതിയാണ്‌ കമ്പനിക്കുണ്ടായിരുന്നത്‌. നാല്‌ മാസം മുമ്പ്‌ അതും നിലച്ചു. ശമ്പളം കിട്ടാത്തതിനാല്‍ ഇവര്‍ ജോലി ചെയ്യാന്‍ വിസമ്മതിച്ചതിനാല്‍ പുറമെ നിന്ന്‌ വാടകക്കെടുത്ത തൊഴിലാളികളാണ്‌ ഇപ്പോള്‍ പള്ളി നിര്‍മാണം നടത്തുന്നത്‌.

അതോടെ എല്ലാ വരുമാനവും നിലച്ച 34 പേരും ഇപ്പോള്‍ എങ്ങനെയെങ്കിലും നാട്ടിലെത്തിയാല്‍ മതിയെന്നാഗ്രഹിക്കുന്നുവെങ്കിലും അതിന്‌പോലും കഴിയാത്ത നിസഹായാവസ്ഥയിലാണ്‌.
അതിനിടെ ഇന്നലെ നജീബിന്റെ നേതൃത്വത്തിലുള്ള പ്രവാസി ഹെല്‍പ്‌ ലൈന്‍ പ്രവര്‍ത്തകര്‍ ക്യാമ്പിലെത്തുകയും തൊഴിലാളികളുമായി സംസാരിക്കുകയും ചെയ്‌തു.
മസ്‌ക്കറ്റില്‍ ശമ്പളവും ഭക്ഷണവുമില്ലാതെ 34 ഇന്ത്യക്കാര്‍ ദുരിതക്കയത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക