Image

കോൺഗ്രസ്സിന്റെ അധോഗതി: കേൾക്കാൻ ചെവിയുള്ളവർ കേൾക്കട്ടെ! (ബാബു പാറയ്ക്കൽ)

Published on 16 February, 2021
കോൺഗ്രസ്സിന്റെ അധോഗതി: കേൾക്കാൻ ചെവിയുള്ളവർ കേൾക്കട്ടെ! (ബാബു പാറയ്ക്കൽ)
കേരള രാഷ്ട്രീയത്തിൽ കോൺഗ്രസ്സിന്റെ അധോഗതി കണ്ടു കരയുന്നവരുടെ കൂട്ടത്തിൽ ഒരാളല്ല ഞാൻ. കാരണം, ആരായാലും കർമഫലം അനുഭവിക്കാതെ മാർഗ്ഗമില്ലല്ലോ. എന്നും ഗ്രൂപ്പ് വഴക്കിന്റെയും പാരവയ്പ്പിന്റെയും പാഠങ്ങൾ കണ്ടു പഠിച്ചാണ് അവിടെ നേതാക്കൾ ആകുന്നതുതന്നെ. ആ അഭ്യാസക്കളരിയിലാണ് അവർ ബിരുദമെടുക്കുന്നത്. ചുണ്ടിനും കപ്പിനുമിടയിൽ എന്നു പറയുന്നതുപോലെ അധികാരം ഏതാണ്ടു കയ്യിലെത്തിക്കഴിഞ്ഞു എന്നു മനസ്സിലാകുമ്പോഴും അന്യോന്യം പാരവച്ചു അതില്ലാതാക്കി കളയുക എന്ന തന്ത്രമാണ് എന്നും അവർ ശീലിച്ചിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു ഡി എഫ് ഭരണം വീണ്ടും ഉണ്ടാകുമെന്നുറപ്പിച്ച പ്രതിപക്ഷം സരിതയെ കൊണ്ടുവന്ന് അട്ടിമറിക്കാൻ ശ്രമിച്ചപ്പോൾ പരോക്ഷമായി കോൺഗ്രസ്സിലെ ചില നേതാക്കന്മാർ അവർക്കു വേണ്ട ഒത്താശകൾ ചെയ്തുകൊടുത്തതായി കേട്ടിട്ടുണ്ട്.

കഴിഞ്ഞ അഞ്ചു വർഷക്കാലം പിണറായി സർക്കാരിനെതിരെ ആഞ്ഞടിക്കാൻ എത്രയോ അവസരങ്ങളുണ്ടായി! ഒന്നും വേണ്ടതുപോലെ വിനിയോഗിച്ചില്ല. അഴിമതിയും സ്വജന പക്ഷപാതവും കള്ളക്കടത്തും തുടങ്ങി എത്രയോ നിയമരാഹിത്യങ്ങളാണ് ഈ സർക്കാരിന്റെ കാലത്തുണ്ടായത്! രാപകൽ ഉറക്കമിളച്ചിരുന്ന് പഠിച്ചു പി എസ് സി ടെസ്റ്റ് എഴുതി പാസായി നിയമനം കാത്തുനിൽക്കുന്ന പതിനായിരക്കണക്കിനു യുവതീയുവാക്കളെ അവഗണിച്ചു പാർട്ടി സഖാക്കളുടെ ബന്ധുക്കളെ തിരുകിക്കയറ്റുന്ന ഹീനമായ നടപടിയും ജനങ്ങൾ കണ്ടു. പാർട്ടി നേതാക്കളുടെ ഭാര്യമാരെയും ബന്ധുമിത്രാദികളെയും മിക്കവാറും എല്ലാ വകുപ്പിലും ഉന്നത സ്ഥാനങ്ങളിൽ ഉപവിഷ്ഠരാക്കി സർക്കാർ ഖജനാവിൽ നിന്നും ശമ്പളം ഉറപ്പുവരുത്തി. മുൻസർക്കാരിന്റെ കാലത്തു തുടങ്ങിവച്ചതും പുരോഗമിച്ചിരുന്നതുമായ പല പദ്ധതികളും ഉത്‌ഘാടനം നടത്തി അതിന്റെ ക്രെഡിറ്റ് ഏറ്റെടുത്തു ചിരിക്കാൻ ഇന്നത്തെ മുഖ്യമന്ത്രിക്കു യാതൊരു ഉളുപ്പുമില്ല.കൊച്ചി മെട്രോ പൂര്ണമായിത്തന്നെ നടപ്പാക്കിയത് കഴിഞ്ഞ സർക്കാരിന്റെ കാലത്തായിരുന്നെങ്കിലും അധികാരത്തിൽ വന്നു മാസങ്ങൾക്കുള്ളിൽ ഉത്‌ഘാടനം നടത്തിയിട്ട് മുൻമുഖ്യമന്ത്രിയെ ക്ഷണിച്ചുപോലുമില്ല.

കണ്ണൂർ എയർപോർട്ട് മുതൽ ആലപ്പുഴ ബൈപാസ് വരെ പിണറായി മന്ത്രിസഭയുടെ നേട്ടങ്ങളായി ചിത്രീകരിക്കുന്നതു നാം കണ്ടു. 40 വർഷം മുൻപ് ആലപ്പുഴ ബൈപ്പാസിന്റെ പണിതുടങ്ങിയപ്പോൾ മുതൽ അതിനെതിരേ ഏറ്റവും കൂടുതൽ സമരം നടത്തി തടസ്സപ്പെടുത്തിയവരാണ് ഇന്നതിന്റെ ഉത്ഘടഭം നടത്തി പ്രണയകവിത വരെ എഴുതി ആനന്ദിക്കുന്നത്.

അടുത്ത തെരെഞ്ഞെടുപ്പ് പടിവാതിൽക്കൽ വന്നുനിൽക്കുന്നു. പ്രതിപക്ഷമായ യു ഡി എഫ് ന് ആവനാഴിയിൽ നിറയെയാണ് ആയുധങ്ങൾ. ആയിരക്കണക്കിന് കോടികളുടെ അഴിമതിയിൽ മുങ്ങിക്കുളിച്ചു 'കിഫ്‌ബി' എന്ന വെള്ളാന നെറ്റിപ്പട്ടം കെട്ടിയാണ് നിൽക്കുന്നത്. അതെല്ലാമെടുത്തു പ്രതിപക്ഷം ആഞ്ഞടിക്കുമെന്നുറപ്പാക്കിയ ഭരണപക്ഷം കഴിഞ്ഞ പ്രാവശ്യം ഭരണം പിടിക്കാൻ ആവശ്യത്തിനുള്ള ഓക്സിജൻ നൽകിയ സരിത എന്ന സിലിണ്ടർ തന്നെ എടുത്തു തയ്യാറാക്കി വച്ചു. അമേരിക്കയിൽ വസന്തകാലത്തിന്റെ വരവറിയിക്കുന്ന 'ഗ്രൗണ്ട് ഹോഗ്' പോലെ തെരഞ്ഞെടുപ്പിന്റെ വരവറിയിച്ചു സരിത എവിടെ നിന്നോ പ്രത്യക്ഷപ്പെട്ടു. ആ കേസിനു മുകളിൽ യാതൊരു നടപടിയും കഴിഞ്ഞ അഞ്ചുവർഷത്തിൽ എടുക്കാതെ അതിനുമുകളിൽ അടയിരുന്നിട്ടു ഇപ്പോൾ അത് സി ബി ഐ ക്കു വിട്ടു. കേരളത്തിൽ എത്രയോ മൃഗീയമായ കൊലപാതകങ്ങൾക്കു തുമ്പുണ്ടായിട്ടില്ല. അതിന്റെ ഒന്നും അന്വേഷണം സി ബി ഐ ക്കു വിടേണ്ട. ലൈഫെമിഷൻ  പദ്ധതിയിലെ അഴിമതി അന്വേഷിക്കാൻ സി ബി ഐ വന്നു. ഒരുകാരണവശാലും അതനുവദിക്കാൻ പാടില്ല എന്നു കരഞ്ഞു സുപ്രീംകോടതിയിൽ വരെ പോയി.

ഇതൊക്കെയുണ്ടായിട്ടും ഇതെല്ലാം വിട്ട് 'ശബരിമല' വിഷയമാണ് യു ഡി എഫ് പൊക്കികൊണ്ടു വരുന്നത്. 'വിനാശകാലേ വിപരീത ബുദ്ധി' എന്നല്ലാതെ എന്ത് പറയാൻ! ഇതുകൊണ്ട് അവർ എന്താണു നേടുന്നത്? ജാതി മത രാഷ്ട്രീയം ഊതിക്കത്തിച്ചു സമൂഹത്തെ വേർതിരിച്ചു വിശ്വാസികളുടെ വോട്ടു നേടുവാനുള്ള ഈ തന്ത്രം വളരെ വിലകുറഞ്ഞതായിപ്പോയി. ശബരിമലയിൽ സ്ത്രീ കയറണമോ വേണ്ടയോ എന്നതാണോ കേരളത്തിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം? അയ്യപ്പൻ ഈശ്വരന്റെ അവതാരമാണ്. അതായതു സാക്ഷാൽ ഈശ്വരൻ. ഈശ്വരന്റെ മുൻപിൽ പ്രാർഥിക്കാൻ വരുന്ന സ്ത്രീയെ കണ്ടാൽ ഈശ്വരനു നിയന്ത്രണം പോകുമെന്നു പറയുന്നതുതന്നെ യുക്തിക്കു നിരക്കാത്തതാണ്. സർവ്വ ചരാചരങ്ങളെയും സൃഷ്‌ടിച്ച ശക്തിയാണ് ഈശ്വരൻ എന്നു വിശ്വസിക്കുന്നു എങ്കിൽ ആ ശക്തിയുടെ മുൻപിൽ ആണും പെണ്ണും എല്ലാം തുല്യരാണ്. എന്നാൽ എല്ലാ വിശ്വാസങ്ങളും കാലാനുസൃതമായി ജനിക്കുന്നതാണെന്ന സത്യം നാം മനസ്സിലാക്കണം. നൂറു വർഷങ്ങൾക്കു മുൻപ് ഘോരവനത്തിൽക്കൂടി രാവുംപകലും യാത്ര ചെയ്താണ് ശബരിമലയ്ക്കു വിശ്വാസികൾ പോയിരുന്നത്. ആ യാത്രയിൽ സ്ത്രീകളെ ഉൾപ്പെടുത്തുന്ന കാര്യം ചിന്തിക്കാൻ പോലും സാധിക്കില്ലായിരുന്നു.അതുകൊണ്ടായിരിക്കാം അങ്ങനെയൊരു കീഴ്വഴക്കം ഉണ്ടായത്. ഇന്നതല്ല സ്ഥിതി. വാഹന സൗകര്യങ്ങളും പ്രത്യേക ശൗച്യാലയങ്ങളും സ്ത്രീകൾക്കു മാത്രമുള്ള ക്യൂ സൗകര്യങ്ങളും സെക്യൂരിറ്റി സിസ്റ്റവും ക്യാമറകളും എല്ലാം ഉള്ളപ്പോൾ യഥാർഥത്തിൽ ആ സന്നിധിയിൽ ചെന്ന് പ്രാർഥിക്കാൻ ആത്മാർഥമായി ആഗ്രഹിക്കുന്ന സ്ത്രീകളെ ഒഴിവാക്കണമോ എന്നുള്ള കാര്യം അതിനു ചുമതലപ്പെട്ടവർ തീരുമാനിക്കട്ടെ. രാഷ്ട്രീയക്കാർ അതിന്റെ പുറകെ പോകണ്ട. സാധാരണ ജനങ്ങളെ ബാധിക്കുന്ന എത്രയോ ജീവിതപ്രശ്നങ്ങളുണ്ട്. അതിൽ ശ്രദ്ധിക്കുക.

കേരളത്തിലെ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിൽ മുഖ്യമായ അളവുകോൽ ജാതിയും മതവും തന്നെ. ഓരോ മതവും ജാതിയും ഉപജാതിയും എല്ലാം അവനവൻറെ ആളുകളെ പരമാവധി നിർത്താനാണ് ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ രാഷ്ട്രീയ നേതാക്കൾ മതനേതാക്കന്മാരുടെ തിണ്ണ നിരങ്ങുന്ന കാഴ്ച്ച സർവ്വ സാധാരണമാണ്. ഇതു നിർത്താനുള്ള ആർജ്ജവം യുവനേതാക്കളെങ്കിലും കാണിക്കണം. മതവും ജാതിയുമല്ല, മനുഷ്യത്വമാണ് വലുത് എന്നുത്‌ഘോഷിക്കുന്ന കമ്മ്യൂണിസ്റ്റു പ്രസ്ഥാനങ്ങൾ പോലും ഇന്ന് ചില പ്രത്യേക മതവിഭാഗങ്ങളെ പ്രീണിപ്പിക്കാൻ വേണ്ടി നെട്ടോട്ടമോടുന്ന കാഴ്ച്ച ലജ്ജാവഹമാണ്. വേദനാജനകവും!ഒരുകാര്യം വ്യക്തായി പറയട്ടെ. മതേതരത്വത്തിൽ വിശ്വസിക്കുന്ന ഭാരതാമ്മ നാനാ മതങ്ങളിൽ വിശ്വസിക്കയും നാനൂറു ഭാഷകൾ സംസാരിക്കയും ചെയ്യുന്ന ഒരു ജനതതിയെയാണ് വയറ്റിൽ കൊണ്ടുനടക്കുന്നത്. നാനാത്വത്തിലെ ഏകത്വം ഉറപ്പുനൽകുന്ന ഒരുസംസ്കാരമാണ് ആര്ഷഭാരതത്തിനുള്ളത്. ആ  സ്വാതന്ത്ര്യം ഉറപ്പുനൽകുന്ന ഒരു  ഭരണഘടനയും. അധികാരത്തിന്റെ അപ്പക്കഷണങ്ങൾ പങ്കിട്ടു കോടികൾ സമ്പാദിക്കുന്ന താത്കാലിക നേട്ടത്തിനു വേണ്ടി ജാതി മത ചിന്തകളെ ഊതിക്കത്തിച്ചു ജനതയെ വേർതിരിച്ചു ചിതറിക്കുന്ന ഈ തെണ്ടിത്തരത്തിനു വലിയ വില കൊടുക്കേണ്ടിവരും. ഇന്ത്യ എന്ന റിപ്പബ്ലിക്കിന്റെ നിലനിൽപ്പു തന്നെ ചോദ്യം ചെയ്യപ്പെട്ടേക്കും. കേൾക്കാൻ ചെവിയുള്ളവർ കേൾക്കട്ടെ!

Join WhatsApp News
George Neduvelil 2021-02-16 16:10:10
ഈ ലേഖന വായിക്കുന്ന കടലിനക്കരെയുള്ള കടൽക്കിഴവന്മാരായകോൺഗ്രാസുകാർ, കാണുവാൻ കണ്ണുള്ളവർ ഇതു തുടർന്നു കാണരുതെന്ന് കൽപ്പിക്കാൻ ഇടയുണ്ട്! കണ്ണടച്ച് ഇരുട്ടാക്കുകയും, ഇരുട്ടുകൊണ്ട് ഓട്ട അടക്കുകയും ചെയ്യുന്നവർ = കോൺഗ്രാസുകാർ? തങ്ങൾ ചെയ്യുന്നത് നാലുപൊതുജനം അറിയരുതെന്ന് നിർബന്ധമുള്ളവരാണ് കോൺഗ്രാസുകാർ. യേശു പ്രാർത്ഥനയെപ്പറ്റി പഠിപ്പിച്ചത് കോൺഗ്രാസുകാർ അവരുടെ പ്രവർത്തിയുടെ കാര്യത്തിൽ പ്രാവർത്തികമാക്കാൻ പാടുപെടുന്നു!
കോരസൺ 2021-02-16 16:47:02
നല്ല ഒരു രാഷ്ട്രീയ ലേഖനം ശ്രീ ബാബു പാറക്കൽ . കേരളം ഇന്ന് പുതിയ രാഷ്ട്രീയ സാദ്ധ്യതകൾ തേടുകയാണ്. ഇലെക്ഷൻ കാലത്തു തല്ലിക്കൂട്ടുന്ന മുന്നണികൾ ഒരിക്കലും നല്ല മോഡലുകൾ അല്ല എന്ന് കാലം തെളിയിച്ചുകൊണ്ടിരിക്കുന്നു. ഓരോ പാർട്ടിയും അവരവർ തനിയെ നിൽക്കട്ടെ , എല്ലാവരും ജയിച്ചുകഴിഞ്ഞു പിന്നീട് മുന്നണി സംഘടിപ്പിക്കട്ടെ. കേരളരാഷ്ട്രീയം കുറച്ചുകൂടി വ്യക്തമാവും. കോൺഗ്രസ് പാർട്ടി ഇന്ന് ലക്‌ഷ്യം തെറ്റിയ കപ്പിത്താന്മാരുടെ കൈയിലാണ്. മേന്മയുള്ള ഒരു ചെറുപ്പക്കാരുടെ കൂട്ടം ഉണ്ടെകിലും അവരെ എട്ടുക്കും ഏഴുക്കും അടുപ്പിക്കില്ല. ഇപ്പോൾ എടുത്ത് പയറ്റുന്ന ആയുധം മതവൈരാഗ്യം ആളിക്കത്തിച്ചു ബിജെപിക്ക് ചൂട്ടുപിടിക്കുകയാണ്. ബിജെപി സുരു പറയുന്നത് കോൺഗ്രസ് അഹിന്തുക്കളെ ആണ് നേതാക്കൾ ആക്കുന്നതെന്ന പച്ച വർഗീയത. സരിതയല്ലാതെ ഒന്നും നിരത്താനില്ലാത്ത ഇടതുപക്ഷം. ഗ്രവുണ്ട്ഹോഗ് എന്ന പ്രയോഗം നന്നേ ബോധിച്ചിരിക്കുന്നു. ഒരു മുന്നണിയിലും പെടാത്ത പ്രാദേശീയ കൂട്ട് കേരളത്തെ സംശുദ്ധമാക്കുമോ അതോ വർഗീയ ചേരിയിലേക്കു കൂടുതൽ അടുപ്പിക്കുമോ? - കോരസൺ
surendran Nair 2021-02-16 17:36:58
കോൺഗ്രസ് എന്ന രാഷ്ട്രീയ മുത്തശ്ശിയുടെ അവസ്ഥാന്തരവും എഴുത്തുകാരൻ പങ്കുവെക്കുന്ന വ്യാകുലതകളും അംഗീകരിക്കുന്നു. ശബരിമല പോലുള്ള മത വിഷയങ്ങളെ തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കുന്നതിലെ അദ്ദേഹത്തിന്റെ അസഹിഷ്ണതയും മനസിലാക്കുന്നു. പക്ഷെ ആ വിഷയത്തിൽ തന്റെ അസാമാന്യമായ പാണ്ഡിത്യം കൂടി പ്രകടിപ്പിക്കാൻ അദ്ദേഹം കാട്ടിയ മിടുക്കു സത്യസന്ധമല്ലാത്തതിനാൽ അത് മുകളിൽ പറഞ്ഞ കാര്യങ്ങളുടെ ആത്മാർത്ഥതയെ ഇല്ലാതാക്കിയെന്നു പറയാതിരിക്കാൻ നിർവാഹമില്ല. അതിലെ ന്യായാന്യായങ്ങൾ ബന്ധപ്പെട്ടവർക്ക് വിട്ടുകൊടുക്കുക.
Shyamala Unnikrishnan 2021-02-16 19:02:59
ലേഖനം നന്നായിരിക്കുന്നു. എന്നാൽ ശബരിമല വിഷയത്തിൽ താങ്കൾ പറയുന്ന കാര്യം അമ്പതു വയസ്സിനു മുകളിലുള്ള ആണുങ്ങളായ ഹിന്ദുക്കൾ അംഗീകരിക്കില്ല. താങ്കൾ എഴുതിയ ഒരു കാര്യം സത്യമാണ്. എല്ലാ വിശ്വാസങ്ങളും കാലാനുസൃതമായി ജനിക്കുന്നവയാണ്. അതാണ് മഹാകവി കുമാരനാശാൻ പറഞ്ഞത്, “ഇന്നലെ ചെയ്തോരബദ്ധം ലോകർക്കിന്നത്തെ ആചാരമാകാം” എന്ന്. “യുക്തിപരമായി നിങ്ങൾ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു. എന്നാൽ ഹൈന്ദവ സങ്കല്പത്തിൽ ശാസ്താവ് ബ്രഹ്മചാരിയാണ്. സ്ത്രീകളെ കണ്ടാൽ ബ്രഹ്മചാരിത്വം നഷ്ടപ്പെട്ടാലോ. അത് വലിയൊരു വിഷയമായതിനാൽ ഞാൻ അതിൽ തൊടുന്നില്ല.
Krishna M 2021-02-16 19:41:03
കോൺഗ്രസിന്റെ രാഷ്ട്രീയ അപചയത്തെക്കുറിച്ചുള്ള ലേഖനം കൊള്ളാം. കാര്യങ്ങൾ പറയാൻ ലേഖകൻ അവലംബിച്ച രീതിയെയും മാനിക്കുന്നു. പക്ഷെ അതിനുവേണ്ടി ശബരിമല വിഷയം എടുത്തിട്ട് അതിനെപ്പറ്റി ഒരു വിശകലം കൊടുക്കേണ്ട ആവശ്യം ഉണ്ടായിരുന്നോ എന്ന് ചിന്തിക്കേണ്ടതാണ്. ശബരിമല വിഷയത്തിന്റെ ന്യായാന്യായങ്ങൾ ചർച്ച ചെയ്യാൻ ഈ ഒരു ലേഖനം ഉപയോഗിച്ച തങ്ങളുടെ ഔചിത്യത്തെപ്പറ്റി സംശയം ഉണ്ട്. അത് ഈ ലേഖനത്തിന്റെ യുക്തിക്കും കെട്ടുറപ്പിനും യാതൊരുവിധ അടിത്തറയും നൽകുന്നില്ല. അതൊഴിവാക്കിയിരുന്നെങ്കിൽ നന്നായിരുന്നു.
സത്യൻ 2021-02-16 21:15:41
ഈശ്വരന് മുന്നിൽ ആൺ പെൺ വ്യത്യാസമില്ല. അതാണ് സത്യം. പക്ഷെ കേരളത്തിൽ രാഷ്ട്രീയ വർഗീയ തിമിരം ബാധിച്ചവർക്ക് അത് അംഗീകരിക്കാൻ വിഷമം.
Babu Parackel 2021-02-18 17:22:58
ലേഖനം വായിച്ചവർക്കും വായിച്ചു പ്രതികരിച്ചവർക്കും എല്ലാം നന്ദി. ശബരിമല വിഷയത്തിൽ എനിക്ക് പാണ്ഡിത്യം ഉണ്ടായിട്ടല്ല, ചെറുപ്പത്തിൽ അയലത്തുള്ള ഗോവിന്ദപ്പിള്ള സാർ പറഞ്ഞത് മനസ്സിൽ കിടന്നതു കൊണ്ടു മാത്രമാണ്. എനിക്ക് പ്രത്യേകിച്ച് ഒരു മതത്തോടും വലിയ ആഭിമുഖ്യമില്ല. എല്ലാവര്ക്കും ഒരിക്കൽക്കൂടി നന്ദി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക