Image

ഗാന്ധിയും മാർക്‌സും പോയി; കൺസ്യുമറിസം വന്നു; കേരളം പഴയ കേരളമല്ലാതായി (ജെ എസ്‌ അടൂർ)

Published on 15 February, 2021
ഗാന്ധിയും മാർക്‌സും പോയി; കൺസ്യുമറിസം വന്നു; കേരളം പഴയ കേരളമല്ലാതായി (ജെ എസ്‌ അടൂർ)

ഏതാണ്ട് മുപ്പത്തിയഞ്ച് കൊല്ലം മുമ്പ് വരെ കേരളം പ്രായേണ കാർഷിക സമൂഹമായിരുന്നു. ഭൂരിപക്ഷം ചെറുകിട കർഷകരും, കർഷക തൊഴിലാളികളും സർക്കാർ ഉദ്യോഗസ്ഥരുമുള്ള സമൂഹം.

കേരളത്തിൽ ജോലികിട്ടാത്തവർ ബോംബെയിലും ഡൽഹിയിലും മദ്രാസിലും കൽകട്ടയിലും ഭിലായിലും പട്ടാളത്തിലും പോയി മണി ഓർഡർ അയച്ചു കൊടുത്തു ജീവിച്ച സമൂഹം.

അങ്ങനെയുള്ള കാർഷിക സമൂഹത്തിൽ സാമ്പത്തിക വളർച്ച വളരെ കുറവ്. സാമ്പത്തിക വ്യവസ്ഥയുടെ പ്രധാന അംശം കാർഷിക മേഖലയായിരുന്നു. 

അതിന് അനുസരിച്ചായിരുന്നു കേരളത്തിലെ സാമ്പത്തിക -സാമൂഹിക അവസ്ഥ. രാഷ്ട്രീയ പാർട്ടി നേതാക്കൾ മിക്കവാറും അടിസ്ഥാനതലത്തിൽ പ്രവർത്തിച്ച സാധാരണക്കാരയ മധ്യവർഗ്ഗ മനസ്ഥിതിയുള്ളവർ. സാധാരണക്കാരിൽ നിന്ന്  ചെറിയ സഖ്യകൾ പിരിവ് എടുത്തുള്ള രാഷ്ട്രീയ പ്രവർത്തനം.

ഈ അവസ്ഥ 1987 മുതൽ മാറി തുടങ്ങി. കേരളത്തിന്റ സാമ്പത്തിക വളർച്ച കൂടാൻ തുടങ്ങിയത് ആ വർഷം മുതലാണ്. കാരണം 1980 കളിൽ ഉണ്ടായിരുന്ന അഭ്യസ്തവിദ്യാരായ തൊഴിൽ രഹിതർ വലിയ തോതിൽ ഗൾഫ് രാജ്യങ്ങളിൽ  പുതിയ തൊഴിൽ അവസരങ്ങൾ തേടിപ്പോയി. മണി ഓർഡർ ഇക്കോണമിയിൽ നിന്നും ഗൾഫ് പ്രവാസി ഇക്കോണമിയിലേക്കുള്ള കുതിച്ചു ചാട്ടം കേരളത്തിലെ എല്ലാ മേഖലകളെയും ബാധിച്ചു.

കാർഷിക ഇക്കോണമിയിൽ നിന്നും സർവീസ് ഇക്കോണമിയിലേക്കുള്ള മാറ്റം പെട്ടെന്ന് ആയിരുന്നു.1992 മുതൽ സാമ്പത്തിക ഉദാരവൽക്കരണം സാമ്പത്തിക -സാമൂഹിക രംഗങ്ങളെ മാറ്റി മാറ്റി മറിച്ചു.

പ്രവാസികൾ പണം അയച്ചു കൊടുക്കുന്നത് കൂടി വരുന്നതിനോടൊപ്പം സാമ്പത്തിക വളർച്ച കൂടി. അതിന് അനുസരിച്ചു കേരളത്തിൽ ബജറ്റ് കൂടി. സർക്കാരിന്റെ കൈയ്യിൽ കൂടുതൽ പൈസ. കൂടുതൽ മരാമത്തു പണികൾ. രാഷ്ട്രീയ പാർട്ടികൾക്ക് അതിൽ നിന്നുള്ള കമ്മീഷൻ അടക്കമുള്ള വരുമാനം കൂടി. സാമ്പത്തിമായി ഉന്നമിച്ച ഭരണപാർട്ടികളുണ്ടായി. ഇതു രാഷ്ട്രീയ പ്രവർത്തന രീതിയെ ബാധിച്ചു.
1990 കൾ പ്രവാസി പണത്തിനു അനുസരിച്ചു വളർന്ന സാമൂഹിക സാമ്പത്തിക മാറ്റങ്ങൾ എന്തൊക്കെയാണ്?:

1)സമൂഹത്തിൽ കൂടുതൽ പണം വ്യാപരിച്ചതോടെ കേരളം ഒരു ഉപഭോഗ മധ്യവർഗ്ഗ സമൂഹമായി.
പഴയ കമ്മ്യൂണിസ്റ് ആശയങ്ങളിൽ നിന്നും പുതിയ കൺസ്യൂമർ മധ്യവൽക്കരണം സമൂഹ മനസ്ഥിതിയായി.

2) കാർഷിക സാമൂഹിക വ്യവസ്‌ഥ മാറി ഒരു കരിയറിസ്റ്റ് വിദ്യാഭ്യാസ ഇൻവെസ്റ്റ്മെന്റ് മനസ്ഥിതി വന്നു.
വിദ്യാഭ്യാസത്തിന്റെ പ്രധാന ഉദ്ദേശം ഏറ്റവും കൂടുതൽ ശമ്പളം കിട്ടുന്ന കരിയറിന് വേണ്ടിയുള്ള ഇൻവെസ്റ്റ്‌മെന്റ് എന്ന സാമൂഹിക മനസ്ഥിതി പൊതു ധാരണ (കോമൺ സെൻസ്). അതിന് വിദ്യാഭ്യാസം കൂടുതൽ സ്വകാര്യ സംരഭങ്ങളായി.

വൈറ്റ് കോളർ ജോലികളുടെ ' വിലയും നിലയും ' മധ്യവൽകൃത മനസ്ഥിതിയായി. കേരളത്തിൽ കായിക അധ്വാനമുള്ള ജോലികൾക്ക് മധ്യവർഗ്ഗ മനസ്ഥിതിയുള്ളവർക്ക് താല്പര്യം കുറഞ്ഞു. അതാണ് ബംഗാളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ ഇരുപത് ലക്ഷത്തോളം തൊഴിലാളികൾ കേരളത്തിൽ പണി ചെയ്യാൻ വരുന്നത്.

3) 1990 കളുടെ മധ്യത്തോടെ പരമ്പരാഗത കാർഷിക രംഗത്തു ജോലിചെയ്തിരുന്നവർ കെട്ടിട നിർമ്മാണത്തിലേക്കും റബർ ടാപ്പിംഗിലെക്കും തിരിഞ്ഞു.

4) കേരളത്തിലെ സാമ്പത്തിക രംഗം വളർന്നതോടെ  സ്വകാര്യ കെട്ടിടം പണികൾക്ക് ആളുകൾ പണം മാർക്കറ്റിൽ ഇറക്കി. അതിന് അനുസരിച്ചു സർക്കാർ വരുമാനം കൂടി. സർക്കാരും കൂടുതൽ കെട്ടിടങ്ങളും റോഡും പാലവും പണിതു. 'വികസനം'  എന്നാൽ കെട്ടിടം പണിയും റോഡ് പണിയും പുതിയ കൺസ്യൂമർ മാളുകളുമൊക്കെയായി.

5) കേരളത്തിൽ പരമ്പരാഗത കൃഷി സമൂഹം മാറി പണം കൊണ്ട് ജീവിക്കുന്ന സമൂഹമായപ്പോൾ ഭക്ഷണം സാധനങ്ങൾ ഇറക്കുമതി ചെയ്തു. ആഹാരകാര്യങ്ങളും രീതിയും മാറി. പണവും വാഹനങ്ങളും കൂടി. ജീവിത ശൈലി രോഗങ്ങൾ കൂടി. സ്വകാര്യ ആശുപത്രികൾ കൂടി.

6) റബർ / നാണ്യ വിളകൾക്ക് വില വർധിച്ചതോട് കൂടി ഗ്രാമങ്ങളിൽ സാമ്പത്തിക വളർച്ചയുണ്ടായി. പരമ്പരാഗത കൃഷിയിടങ്ങൾ റബർ തോട്ടങ്ങളായി. കർഷക തൊഴിലാളികൾ റബർ ടാപ്പിങ് നടത്തി കൂടുതൽ ആദായം കൂട്ടി

7) പ്രവാസി പണം കൂടിയത് അനുസരിച്ചു സാമ്പത്തിക വളർച്ച കൂടി. ജീവിത ശൈലി രോഗങ്ങൾ കൂടി. ഭർത്താക്കന്മാർ ഗൾഫിലും കുടുംബം ഇവിടെയുമായപ്പോൾ കുടുംബങ്ങളിൽ പിരിമുറുക്കം കൂടി. മാനസിക പ്രശ്‍നങ്ങൾ കൂടി.

സാമ്പത്തിക ഭദ്രതയിൽ പുതിയ വൈകാരിക -മാനസിക അരക്ഷിതത്തങ്ങൾ കൂടി. അതിന് ആളുകൾക്ക് പുതിയ ഭക്തിമാർഗം കൂടി. നാട്ടിൽ പുതിയ പള്ളികളും അമ്പലങ്ങളും വളർന്നു.  എല്ലാ മതത്തിലും ആത്മീയ സംഘടനകൾ  വളർന്നു. അന്ധ വിശ്വാസങ്ങളും  സാമൂഹിക മുൻവിധികളും വളർന്നു.

ജാതി മത സംഘടനകൾ പെട്ടെന്ന് വളർന്നു.  കൂടുതൽ പണം വന്നതോടെ സാമുദായിക മത്സരബുദ്ധി വളർന്നു. അത് അനുസരിച്ചു സ്വത്വ ബോധവും  ജാതി -മത വിഭാഗീയ (sectarian mindset ) മനസ്ഥിതികൂടി. 'ഞങ്ങൾക്ക് ഒന്നും കിട്ടുന്നില്ല. മാറ്റവർക്ക് കിട്ടുന്നു " എന്ന ധാരണകൾ കൂടുന്നത് നിയോ ലിബറൽ സാമ്പത്തിക വളർച്ചയിൽ താരതമ്യ സാമ്പത്തിക സാമൂഹിക അസാമാനതകളും (deprivation inequality mindset) കൂടി. അതനുസരിച്ചു സാമ്പത്തിക -രാഷ്ട്രീയ അരക്ഷിത ബോധം അതാത് സമുദായങ്ങളിൽ പൊതു ധാരണയാകുന്നത് കൊണ്ടാണ്  പരസ്പരം സമുദായ സ്പർദ്ധകളും പരസ്പരം വിശ്വാസം (societal trust ) കുറയുന്നതും.

8) സ്വത്വ ബോധത്തിൽ നിന്നുള്ള സ്വത്വ രാഷ്ട്രീയം മുഖ്യധാര രാഷ്ട്രീയ പാർട്ടികൾകുള്ളിലും വെളിയിലുമുണ്ടായി. കഴിഞ്ഞ ഇരുപത് കൊല്ലങ്ങളിൽ കേരളത്തിൽ ജാതി മത സംഘടനകൾ പഴയ രീതിയിൽ നിന്നും പുതിയ സാമ്പത്തിക സാമൂഹിക ശക്തിയായി.
അതോടെ രാഷ്ട്രീയ പ്രവർത്തനവും സമുദായ -ജാതി -മത പ്രവർത്തനവും കരിയർ ഓപ്‌ഷനായി.
അത് എല്ലാം ജാതി- മത ലെൻസിലൂടെ നോക്കുന്നത് സാധരണമായി.

9) ജാതി -മത ശക്തികളും വ്യവസ്ഥാപിത ഭരണപാർട്ടികളും പുതിയ പണാധിപത്യ വ്യവസ്‌ഥയുടെ പരസ്പര പൂരകങ്ങളായ പ്രസ്ഥാനങ്ങളായി. അവിടെ രാഷ്ട്രീയം നീക്കുപോകുകളുടെ അഡ്ജസ്റ്റ്മെന്റകളിൽ അധികാരം മാത്രം ഐഡിയോളജിയായി. ആദർശങ്ങൾ കുറഞ്ഞ ദീർഘ വീക്ഷണങ്ങൾ കുറഞ്ഞ
ഉടനടി ഇൻസെന്റീവ് നീക്കു പോക്കു രാഷ്ട്രീയ സംസ്കാരമുണ്ടായി. ഭരണം കിട്ടാൻ എന്ത് വേണമെങ്കിലും ചെയ്യുന്നത് പ്രായോഗിക രാഷ്ട്രീയ 'ചാണക്യ ' തന്ത്രമായി.

10) കേരളത്തിൽ കമ്മ്യുണിസ്റ്റ് ആശയങ്ങൾക്കും വിപ്ലവത്തിനും പ്രസക്തി ഇല്ലാതായപ്പോൾ അവർ മധ്യവർഗ  'സ്വയം പുരോഗമന ' സർവിസ് സംഘടനകളുടെയും മധ്യവർഗ്ഗ മനസ്ഥിതിക്കാരുടെ അധികാര പ്ലാറ്റ്ഫോം മാത്രമായി.

കമ്മ്യുണിസത്തിൽ നിന്നും കൻസ്യൂമറിസത്തിലേക്ക് കൂപ്പ് കുത്തി. ചുവന്ന അരിവാൾ ചുറ്റിക നക്ഷത്രത്തിൽ നിന്നും നേതാക്കളുടെ ഇമേജ് വിൽക്കുന്ന മൾട്ടി കളർ പരസ്യ ക്സൺസ്യൂമർ /ഇൻസെന്റീവ് നീക്കു പോക്ക് അധികാര രാഷ്ട്രീമായി പരിണമിച്ചു.

11) മാർക്സ് ഇല്ലാത്ത മാർക്സിസ്റ്റുകൾ ഒരിടത്തു കൂടിയപ്പോൾ, ഗാന്ധി ഇല്ലാത്ത ഗാന്ധിയൻമാർ കോൺഗ്രസിലും കൂടി. എല്ലായിടത്തും ആ മാറ്റങ്ങൾ ഉണ്ടായി.
ഗാന്ധി കൂടുതൽ നോട്ട് ചിത്രങ്ങളായി ബാറിൽപോലും കേറി ഇറങ്ങുന്നു. മാർക്സ് പുസ്തകങ്ങളിൽ നിത്യനിദ്ര പ്രാപിച്ചു. ചെ ഗുവരെ റ്റീ ഷർട്ട് പടമായി. ശ്രീ നാരായണ ഗുരുവിനെ ചില്ലു കൂട്ടിൽ അടച്ചു. യേശുവിനെ വീണ്ടും വീണ്ടും കുരിശിൽ തറച്ചു

ആദർശങ്ങൾ വല്ലപ്പോഴും ഓർക്കാനുള്ള ആചാരങ്ങൾ ആയപ്പോൾ "എനിക്ക് എന്ത് പ്രയോജനം ' ' ഞങ്ങൾക്ക് എന്ത് കിട്ടും ' എന്ന കോമൺസെൻസിലേക്ക് രാഷ്ട്രീയ പാർട്ടികൾ മാറി. അവിടെ പ്രത്യയ ശാസ്ത്രങ്ങളെക്കാൾ  'ക്ലാൻ '/ഗ്രൂപ്പ് ലോയൽറ്റി പ്രധാനമായി. അത് തന്നെയാണ് ജാതി -മത സംഘടനകളിൽ സംഭവിച്ചത്.

ഡിജിറ്റൽ റവലൂഷനും സാമൂഹിക മാധ്യമങ്ങളും ഇവയുടെ ആക്കം കൂട്ടി
കേരളത്തിലെ കോവിഡ് അവസ്ഥ മാത്രം അല്ല. കേരളത്തിലെ സാമ്പത്തിക സാമൂഹിക രാഷ്ട്രീയ അവസ്ഥകൾ പാടെ മാറാൻ പോകുകയാണ്.

see: ബി.ജെ.പിയുടെ അടവ് നയം, ലവ് ജിഹാദ്, കേരളത്തിലെ പൊളിറ്റിക്കൽ എൻജിനീയറിങ് (ജെ.എസ് അടൂർ)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക