Image

പെണ്ണ്(ഗദ്യകവിത:ദീപ ബിബീഷ് നായര്‍(അമ്മു)

ദീപ ബിബീഷ് നായര്‍(അമ്മു) Published on 15 February, 2021
പെണ്ണ്(ഗദ്യകവിത:ദീപ ബിബീഷ് നായര്‍(അമ്മു)


ഓടിച്ചാടികളിച്ചു നടക്കുമ്പോള്‍ അവളൊരു പൂമ്പാറ്റ പോലുള്ള പെണ്ണ്....

എളുപ്പത്തില്‍ ചാലിച്ചെഴുതാവുന്ന ഒരു ചിത്രമായിരുന്നു ആ സുന്ദരി പെണ്ണ്....

മാറിവരുന്ന ഋതുക്കളിലൊരു വേള അക്ഷരങ്ങള്‍ കൊണ്ട് വര്‍ണ്ണിക്കാവുന്നവളായി  ആ മനം മയക്കുന്ന പെണ്ണ്.....

പുതിയ ഒരു ജീവിതത്തിലേക്ക് കാലെടുത്തു വച്ചപ്പോള്‍ ഒരു കച്ചവട വസ്തു പോലെ മാറിയതാണ് ആ പെണ്ണ്....

വിതുമ്പിയെത്തുന്ന സങ്കടങ്ങളെ, നിറയാന്‍ തുടങ്ങുന്ന കണ്ണുകളെ ഒരു ചെറുപുഞ്ചിരിയാല്‍ മറച്ചുവയ്ക്കുന്നവള്‍ ആ പെണ്ണ്....

സ്വപ്നങ്ങള്‍ തകരുന്നതറിഞ്ഞ നേരം  അസ്തിത്വം തിരയാന്‍ തുടങ്ങിയപ്പോള്‍ തളര്‍ന്നു പോയ അവളൊരു പാവം പെണ്ണ്.....

ജീവിതമെന്ന യാഥാര്‍ത്ഥ്യത്തെ മനസും ശരീരവും കൊണ്ടു ജീവിച്ചു ജയിച്ചപ്പോള്‍  സ്വയം ജീവിക്കാന്‍ മറന്നുപോയവള്‍ ആ പെണ്ണ്.......

ഉത്തരവാദിത്വങ്ങളുടെ ഇരുമ്പഴികളില്‍ അടയ്ക്കപ്പെട്ട് പുറം ലോകമെന്തെന്നറിയാത്തവള്‍ ആ പാവം പെണ്ണ്.....

അന്ധകാരത്തിന്റെ വെളിച്ചത്തില്‍, നീറുന്ന മനസും, കലങ്ങിയ കണ്ണുകളുമായി സ്വയം തിരയുന്നവള്‍ ആ പെണ്ണ്...... 

ഒടുവില്‍ എല്ലാ ദു:ഖങ്ങളും ഉള്ളിലെരിഞ്ഞു തീരുമ്പോള്‍, ഒന്നിനും ഒരു പരിഭവവുമില്ലാതെ, ഒരിക്കലുമുണരാത്ത നിദ്രയിലേക്ക് യാത്രയാകുന്നു ആ പാവം പെണ്ണ്......

ദീപ ബിബീഷ് നായര്‍(അമ്മു)

പെണ്ണ്(ഗദ്യകവിത:ദീപ ബിബീഷ് നായര്‍(അമ്മു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക