Image

പാമ്പും കോണിയും - നിർമ്മല - നോവൽ -33

Published on 13 February, 2021
പാമ്പും കോണിയും - നിർമ്മല - നോവൽ -33
പോകുന്നതിനു തലേ ദിവസം ജിമ്മി മൂന്നു ബ്രോച്ചുമായി വന്നു. സാലി ഇതിനു മുമ്പൊന്നും കണ്ടിട്ടില്ലാത്തതരം ബ്രോച്ചുകൾ. അമ്മച്ചി നാട്ടിൽ ചെന്നപ്പോൾ പണ്ട് അറിയാതിരുന്ന പലരും അമ്മച്ചിയെ കാണാൻ വന്നു. കടം ചോദിച്ചു. ബാധ്യതകൾ പറഞ്ഞു.
- കാനഡ വരെ പോയീന്നും വച്ച് എന്റെ കൈയി എവിടുന്നാ കാശ് !
അവർ കുറച്ചൊരു അപരാധബോധത്തോടെ പറഞ്ഞു. സാലിക്കും അറിയാവുന്നതാണ് ആ വിഷമം. അവൾ ഭർത്താവിനോടു പറഞ്ഞു. - ജോയിച്ചായാ അമ്മച്ചിക്കു കുറച്ചു പൈസ കൊടുക്ക്. പലരും വന്ന് അമ്മച്ചിയോടു പൈസ ചോദിക്കുന്നുണ്ട്.
അമർഷം അടക്കി വെക്കാതെ തന്നെ ജോയി ചോദിച്ചു.
- ഈ സ്വന്തക്കാരൊക്കെ എവിടെയാരുന്നു ?
കാനഡ മരത്തിൽ
ഡോളർ പറിക്കാൻ
പോയവരുടെ കഥ
നിർമ്മലയുടെ നോവൽ
പാമ്പും കോണിയും തുടരുന്നു...
            ......       .......      ......
ജോയിയുടെ അമ്മച്ചി വന്നിട്ട് ഒരിക്കലേ നാട്ടിൽ പോയിട്ടുള്ളൂ.
- അമ്മയെന്തിനാ നാട്ടിൽ പോകുന്നത് ?
ആ ചോദ്യം കേൾക്കുന്നത് അമ്മച്ചിക്കിഷ്ടമല്ല. ഭർത്താവു മരിച്ച കാലത്ത് അവരെ നോക്കാൻ ആരുമില്ലായിരുന്നു. അവർക്കു ബന്ധുക്കൾ ഇല്ലാത്തതുകൊണ്ടായിരുന്നില്ല അത്. ഒരു പെണ്ണിനെയും രണ്ടു കുട്ടികളെയും ദത്തെടുക്കാൻ മാത്രം ഭ്രാന്ത് ആർക്കുമില്ലായിരുന്നു. എന്നാലും ജോയി ആശയോടെ പണി കഴിച്ച വീട്, അതിനു ചുറ്റും പടർന്നു കിടക്കുന്ന പറമ്പ്, വർഷങ്ങളോളം പോയിരുന്ന പള്ളി. അമ്മച്ചി പകലെല്ലാം ആ വഴികളിൽ ചുറ്റിത്തിരിയും.
അവിടെയാരും ഇല്ല. പിന്നെന്തിനു പോകണം ? അതായിരുന്നു ജോയിയുടെ സംശയം.എന്നിട്ടും കുറച്ചൊക്കെ നിർബന്ധം പിടിച്ചാണ് അവർ പോയത്. എന്തൊക്കെ വാങ്ങണമെന്ന് സാലിക്ക് അറിയില്ലായിരുന്നു. അമ്മാളമ്മച്ചിക്ക് അവൾ പണമേ അയച്ചുകൊടുത്തിട്ടുള്ളു.
അമ്മച്ചി സാലിയോടു ബ്രോച്ചു വാങ്ങാൻ ആവശ്യപ്പെട്ടു. ബ്രോച്ചിന്റെ വില കണ്ട് സാലി അമ്പരന്നു. പതിനഞ്ചു ഡോളറോ ! അവൾ ജോയിയോടു മയത്തിൽ പറഞ്ഞു. നാട്ടിലേക്കുള്ള ഷോപ്പിങ്ങിൽ ജോയി ഒരു ബ്രോച്ചു വാങ്ങി.
ആദ്യമായി ബ്രോച്ചു കണ്ട ദിവസം സാലിയോർത്തു യോഹന്നാൻ അമ്മാളമ്മച്ചിയെ കാണാൻ വന്ന ദിവസമായിരുന്നു അത്. അമ്മാളമ്മച്ചിക്ക് കാറു നിറയെ സാധനങ്ങളുമായി കാണാൻ പോകുന്നത് അവൾ പലതവണ സ്വപ്നം കണ്ടിരുന്നു. പക്ഷേ, ആദ്യത്തെ അവധിക്ക് സാലി എത്തുന്നതിനു മുമ്പേ അമ്മാളമ്മച്ചി മരിച്ചു പോയി.
ഷോപ്പിങ്, പ്രത്യേകിച്ചും ജെറാൾഡ് സ്ട്രീറ്റിലെ ഷോപ്പിങ് ജോയിക്ക് തീരെയും ഇഷ്ടമില്ല. ടൊറന്റോയിൽ വടക്കേന്ത്യക്കാരുടെ കടകൾ നിറഞ്ഞ ജെറാൾഡ് സ്ട്രീറ്റ് തിരുക്കും വൃത്തികേടും നാറ്റവും നിറച്ച് ഇന്ത്യയുടെ പിരിഛേദം പോലെ കിടന്നു. ഒരറ്റത്ത് ചൈനക്കടകൾ . അതു കഴിഞ്ഞാൽ ഇന്ത്യൻ കടകൾ . തുണിക്കടകൾ , ചിന്തിക്കടകൾ, ചെറിയ റെസ്റ്റോറന്റുകൾ, പലചരക്കു കടകൾ, പച്ചക്കറികടകൾ . കാറു ദൂരെ പാർക്ക് ചെയ്തിട്ട് തിരക്കുള്ള നിരത്തിലൂടെ ഷോപ്പിങ് ബാഗുകളും പിടിച്ചു നടക്കുന്നതിനൊരു പ്രത്യേക സുഖമുണ്ട്. വടക്കേ ഇന്ത്യൻ സാധനങ്ങളാണ് അധികവും എന്നാലും ബ്രെഡ്ഡും മുട്ടയും പാലും പാസ്റ്റയും സോസും കിട്ടുന്ന അമേരിക്കൻ കടകളെക്കാൾ മെച്ചം തന്നെ.
പോളിയസ്റ്റർ സാരികൾ വിലയനുസരിച്ച് വട്ടത്തിലുള്ള റാക്കുകളിൽ തൂക്കിയിട്ടിരിക്കും. പത്തു ഡോളറിന്റെ, ഇരുപത് ഡോളറിന്റെ . നാട്ടിൽ പോകുന്നതിനു മുമ്പ് ജെറാൾഡ് സ്ട്രീറ്റിലെ ഷോപ്പിങ് അത്യാവശ്യമാണ്. നൂറു ഡോളറിനു പത്തു സാരി , 220 പവറിൽ ഓടുന്ന തേപ്പുപെട്ടി.
അമേരിക്കയിൽ നിന്നും വരുന്ന പോളിയസ്റ്റർ സാരികളെ കേരളക്കാർ ഇഷ്ടപ്പെട്ടു. മഴയത്തുടുക്കാൻ പറ്റിയത്. വേഗം ഉണങ്ങും. കോട്ടണോ സിൽക്കോ പോലെ വെള്ളം വലിചെടുത്ത് മേത്തേക്ക് ഒട്ടിപ്പിടിക്കില്ല. നനഞ്ഞാൽ കരിമ്പനടിക്കില്ല. പിന്നെ നാട്ടിൽ കാണാത്ത നിറങ്ങൾ, മിനുപ്പ്, ഡിസൈനുകൾ .
എന്നാലും അമേരിക്കയോളം വരില്ല കാനഡയിലെ സാരിക്കടകൾ. അമേരിക്കയിലെ മലയാളികളുടെ പ്രത്യേകിച്ചും ഇന്ത്യാക്കാരുടെ പെരുപ്പംകൊണ്ട് കടകളുടെയും സാധനങ്ങളുടെയും എണ്ണം കൂടും. ന്യൂയോർക്കിൽ നിന്നും നയാഗ്ര കാണാൻ വന്ന ബന്ധുക്കളോട് പെണ്ണുങ്ങൾ കെഞ്ചി.
- ഇരുനൂറു ഡോളറിനുള്ള സാരി മേടിച്ചോണ്ടു പോരാമോ?
അല്ലെങ്കിൽ
- 20 സാരി, പല വിലയുടേത്.
നിറവും ഡിസൈനും ഇഷ്ടമുള്ളതു വാങ്ങിക്കോ, നാട്ടിൽ കൊണ്ടുപോകാനാ..
പക്ഷേ, കാനഡയിലെ തേപ്പുപെട്ടിയും കുടയുമൊക്കെ കേരളത്തിലെത്തി രണ്ടു മാസം കൊണ്ടു പണിമുടക്കി. തുണിയുടെ നിറം വേഗത്തിൽ മങ്ങി. കേരളത്തിലെത്തിയപ്പോൾ ചൂടിനു നേർക്കുനേരേ നിൽക്കാൻ കെൽപ്പില്ലാതെ കെ - മാർട്ടിലെ കുടകൾ മങ്ങി. ഇടവപ്പാതിയിൽ ചുളുങ്ങിയും കാറ്റത്തു കമ്പിയൊടിഞ്ഞും കുടകൾ കാനഡയിലെ ബന്ധുക്കളെ അപമാനിച്ചു.
പോകുന്നതിനു തലേ ദിവസം ജിമ്മി മൂന്നു ബ്രോച്ചുമായി വന്നു. സാലി ഇതിനു മുമ്പൊന്നും കണ്ടിട്ടില്ലാത്തതരം ബ്രോച്ചുകൾ. അമ്മച്ചി നാട്ടിൽ ചെന്നപ്പോൾ പണ്ട് അറിയാതിരുന്ന പലരും അമ്മച്ചിയെ കാണാൻ വന്നു. കടം ചോദിച്ചു. ബാധ്യതകൾ പറഞ്ഞു.
- കാനഡ വരെ പോയീന്നും വച്ച് എന്റെ കൈയി എവിടുന്നാ കാശ് !
അവർ കുറച്ചൊരു അപരാധബോധത്തോടെ പറഞ്ഞു. സാലിക്കും അറിയാവുന്നതാണ് ആ വിഷമം. അവൾ ഭർത്താവിനോടു പറഞ്ഞു. - ജോയിച്ചായാ അമ്മച്ചിക്കു കുറച്ചു പൈസ കൊടുക്ക്. പലരും വന്ന് അമ്മച്ചിയോടു പൈസ ചോദിക്കുന്നുണ്ട്.
അമർഷം അടക്കി വെക്കാതെ തന്നെ ജോയി ചോദിച്ചു.
- ഈ സ്വന്തക്കാരൊക്കെ എവിടെയാരുന്നു ?
അതിന് അമ്മച്ചിക്കും സാലിക്കും ഉത്തരമില്ലായിരുന്നു.എന്നിട്ടും ജോയി അമ്മച്ചിക്കു പണം കൊടുത്തു. ജോയി സാലിക്കും കുറച്ചു പണം കൊടുത്തു. ഷോപ്പിങ്ങിനെന്നു പറഞ്ഞ്. സാലി സത്യത്തിൽ അമ്പരന്നുപോയി. സാരി വാങ്ങുന്നതൊക്കെ എല്ലാവരും കൂടിയാണ്. പിന്നെ ഇത്രയും രൂപകൊണ്ട് അവളെന്തു ചെയ്യും ?
അവൾ മറിയാമ്മയെ കാണാൻ പോയി. മറിയാമ്മയുടെ ഭർത്താവ് അവളെ ഉപേക്ഷിച്ചുപോയിരുന്നു. അപ്പോഴാണ് അവൾ സ്വന്തം വീട്ടിലേക്കു മടങ്ങിവന്നത്. പഴയ ആ വീട് കൂടുതൽ പഴകിയിരുന്നു. ചാഞ്ഞു നിൽക്കുന്ന പുരയ്ക്കു മുന്നിലെ വയസ്സൻ പുളിമരം കരിഞ്ഞു പോയിരുന്നു. മറിയാമ്മ അതിശയത്തോടെ അവളെ നോക്കി ചിരിച്ചു. സ്ററൂൾ കൈകൊണ്ടു തുടച്ച് ഇരിക്കാൻ പറഞ്ഞു. കാപ്പിയെടുക്കട്ടെയെന്നു കുശലംചോദിച്ചു.
മറിയാമ്മയുടെ കൈയിൽ പണം കൊടുക്കുമ്പോൾ സാലിക്ക് എന്തുകൊണ്ടോ കുറ്റബോധം തോന്നി. മറിയാമ്മയുടെ കണ്ണിലെ പുഴയിൽ അവൾ തീരെ ചെറുതായി. അന്നു രാത്രി സാലിക്കുറങ്ങാൻ പറ്റിയില്ല. മനുവിനെയും ഷാരനെയും തലോടി കൊതുകിന്റെ മൂളൽ കേട്ട് സാലി ഉറങ്ങാതെ കിടന്നു.
                                    തുടരും ....
പാമ്പും കോണിയും - നിർമ്മല - നോവൽ -33പാമ്പും കോണിയും - നിർമ്മല - നോവൽ -33
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക