Image

ബര്‍മ്മയുടെ തിളയ്ക്കുന്ന ഓര്‍മകളുമായി കോവിലന്‍, ക്യാപ്റ്റന്‍ ഒ. മത്തായി (കുര്യന്‍ പാമ്പാടി)

കുര്യന്‍ പാമ്പാടി Published on 13 February, 2021
ബര്‍മ്മയുടെ  തിളയ്ക്കുന്ന ഓര്‍മകളുമായി കോവിലന്‍, ക്യാപ്റ്റന്‍ ഒ. മത്തായി  (കുര്യന്‍ പാമ്പാടി)
ലോകമാകെ  ജനാധിപത്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി പടപൊരുതുമ്പോള്‍  ജനാധിപത്യത്തെ ചവുട്ടി മെതിച്ചുകൊണ്ടു മ്യാന്മറില്‍ വീണ്ടും പട്ടാളം പിടിമുറുക്കുന്നത്തില്‍ ഖേദിക്കുന്ന ഒരു വിഭാഗമുണ്ട്--അരിയാഹാരം കഴിക്കുന്ന മലയാളികള്‍. രണ്ടാം ലോകമഹായുദ്ധത്തെത്തുടര്‍ന്നു വറുതിയിലാണ്ട തിരുവിതാംകൂറിലേക്ക് അരി എത്തിച്ചത് മ്യാന്‍മര്‍ എന്ന അന്നത്തെ ബര്‍മ്മയാണ്.

പമ്പയും പെരിയാറും പോലെ എല്ലാ വര്‍ഷവും പ്രളയം കൊണ്ടു വരുന്ന അയര്‍വാടി നദിയുടെ തീരങ്ങളില്‍ അവര്‍ക്കു ഇന്നും വ്യാപകമായി നെല്‍കൃഷി ഉണ്ട്. അരിക്ക് പുറമെ ബര്‍മ്മീസ് സില്‍ക്കും ബര്‍മ്മീസ് തേക്കും  പ്രസിദ്ധമാണല്ലോ. ബര്‍മ്മയില്‍ സേവനം ചെയ്ത ബ്രിട്ടീഷ് ഇന്ത്യന്‍ പട്ടാളക്കാരനായിരുന്ന എന്റെ അമ്മാവന്‍ ക്യാപ്റ്റന്‍ ഒ. മത്തായിയില്‍ നിന്നാണ് ബുദ്ധമതവിശ്വാസികളായ ആ പാവപെട്ട ജനതയെക്കുറിച്ച് ഞാന്‍ ആദ്യം നേരിട്ടറിയുന്നത്.

മാവന്‍ എന്ന് ഞങ്ങള്‍ വിളിക്കുന്ന അടൂര്‍ കളത്തൂര്‍ തെക്കേല്‍ ഉമ്മന്‍ മത്തായി, മെട്രിക്കുലേഷന്‍ കഴിഞ്ഞു 1943 മെയ് 29 നു  പതിനെട്ടാം വയസില്‍ ശ്രീചിത്രാ ഗാര്‍ഡ്സ് എന്ന തിരുവിതാംകൂര്‍ പോലീസില്‍ ചേര്‍ന്നു. രണ്ടാം ലോകമഹായുധ്ധ കാലത്ത് ബ്രിട്ടീഷ് ആര്‍മിയിലേക്കു കാലുമാറ്റിച്ചവിട്ടി. 5'11' പൊക്കമുള്ള മത്തായിയെ ഹവില്‍ദാര്‍ ക്ലാര്‍ക്ക് തസ്തികയിലേക്കാണ് എടുത്തത്. ആകെ പത്തു പേരെ റിക്രൂട്ട് ചെയ്തു.

അലഹബാദ്, കട് നി  എന്നിവിടങ്ങളിലെ ട്രെയിനിങ്ങിനു ശേഷം ആസാമിലെ ജോര്‍ഹട്ടിലേക്ക്.. രണ്ടാം ലോകമഹായുദധം ആരംഭിക്കുകയുകയും  ജപ്പാന്‍ ബര്‍മ്മ പിടിച്ച് ഇന്ത്യയിലേക്ക് കണ്ണയക്കുകവും ചെയ്തപ്പോള്‍ മട്ടുമാറി. ബര്‍മ്മയില്‍ നിന്ന് മണിപ്പൂര്‍ വഴി ടാങ്കുകളുമായി വന്ന ജാപ്പനീസ് സൈന്യത്തെ 1944ലെ കൊഹിമ യുധ്ധത്തില്‍ ബ്രിട്ടന്‍ പാടെ തോല്‍പ്പിച്ചു. മലയാളികള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ യുദ്ധത്തില്‍ രക്തസാക്ഷികളായി.

ബര്‍മ്മ അടക്കി വാണിരുന്ന  ജപ്പാന്‍കാരെ തോല്‍പ്പിച്ച് അനേകം പേരെ യുധ്ധത്തടവുകാരായി പിടിച്ച ബ്രിട്ടീഷ് സൈന്യം യുദ്ധാനന്തര സേവനത്തിനായി ജോര്‍ഹട്ടില്‍ നിന്ന് മൂന്ന് കപ്പല്‍ നിറയെ ഇന്ത്യന്‍ സേനയെ ബര്‍മ്മയിലേക്കു അയച്ചു. മത്തായിയും അതില്‍ ഉള്‍പ്പെട്ടിരുന്നു.  ചിറ്റഗോങ് വഴി ബര്‍മ്മയിലെ അയര്‍വാടി തുറമുഖത്ത് ഇറങ്ങിയ പട്ടാളം തലസ്ഥാനമായ റംഗൂണിലേക്കാണ് പോയത്. അവിടെ അവര്‍ ഒന്നര വര്‍ഷം  കഴിച്ചുകൂട്ടി.

'പഴയ തിരുവനന്തപുരം പോലുള്ള പട്ടണം. നമ്മുടെ സെക്രട്ടറിയറ്റ് പോലുള്ള ഭരണകേന്ദ്രം. വീതിയുള്ള റോഡുകള്‍. ട്രാം സര്‍വീസ്. നഗരഹൃദയത്തില്‍ നിന്ന് രണ്ടു കി മീ അകലെ അല്‍ഹോണിലായിരുന്നു ബ്രിട്ടീഷ് ആര്‍മിയുടെ വമ്പന്‍ വര്‍ക് ഷോപ്. നഗരത്തിനു നടുവില്‍ ഹൈസ്‌കൂള്‍  കോംപ്ലെക്‌സ്. അവിടെ പള്ളി. സെന്‍ട്രല്‍ ജയിലും തൊട്ടടുത്ത്.  ഇംഗ്ലീഷ് കാ രനായ  ബ്രിഗേഡിയര്‍ ജനറലിന്റെ ഓഫീസില്‍ ഹവില്‍ദാര്‍ ക്ലാര്‍ക് ആയി മത്തായി ജോലി ചെയ്തു, ബ്രിഗേഡിയര്‍ക്കു പ്രിയപ്പെട്ട,  ഇംഗ്ലീഷ് അറിയാവുന്ന മത്തായി.

'എന്നെ വലിയ കാര്യമായിരുന്നു, ഓഫീസര്‍ കമാന്‍ഡിങ് എന്ന ഓസിക്കും ഭാര്യക്കും. വളര്‍ത്തു നായയെ പിന്നിലിരുത്തി നഗരത്തിലൂടെ ജീപ്പില്‍ പോകുമ്പോള്‍ പലപ്പോഴും ഞാനും കൂടെ ഉണ്ടാവും.  ഓസി   രാവിലെ നടക്കാന്‍ പോകുമ്പോള്‍  ഞാന്‍ ആയിരിക്കുംഅകമ്പടി. സംസാരിച്ചുകൊണ്ടു നീങ്ങും.  ഓസിയുടെ ചാരന്‍ ആണ് ഞാന്‍ എന്ന് ബ്രിഗേഡില്‍ കുശുകുശുപ് ഉണ്ടായിരുന്നു,' മാവന്‍ എന്നോട് അടക്കം പറഞ്ഞു. .

'ഒന്നരവര്‍ഷം ഞങ്ങള്‍ അല്ലലില്ലാതെ കഴിഞ്ഞു. ബ്രിഗേഡില്‍ ഇന്ത്യയിലെ എല്ലാ ഭാഷയുംസംസാരിക്കുന്നവര്‍.ഉണ്ടായിരുന്നു. ഹിന്ദിയില്‍ വികൃതമായി ജാപ്പനീസും ബര്‍മ്മീസും പറയുന്നവര്‍ വരെ.  കൈലി ഉടുത്ത തമിഴര്‍ ചെറിയ കടകള്‍ നടത്തിയിരുന്നു. ഞങ്ങള്‍ അവിടൊക്കെ നിന്ന് സിഗരറ്റും ബീഡിയും സോപ്പും ചീപ്പുമൊക്കെ വാങ്ങും. പട്ടാളക്കാരുടെ കയ്യിലെ കാശുള്ളു. അതിനാല്‍ അവര്‍ക്കു ഞങ്ങളെ ബഹുമാനമായിരുന്നു.

'ഞായറാഴ്ചകളില്‍ ലോക്കല്‍ തീയറ്ററുകളില്‍ ഇംഗ്ലീഷ്, ഹിന്ദി സിനിമകള്‍  കാണാന്‍ പോകും തോംസണ്‍ സ്ട്രീറ്റിലെ തമിഴന്റെ റെസ്റ്റോറന്റുകളില്‍ നിന്ന് ശാപ്പാട് കഴിക്കും സാമ്പാര്‍, പപ്പടം ഉള്‍പ്പെടെ ഒരു വെജിറ്റേറിയന്‍ ഊണിനു 5-7 രൂപ. ചായക്ക് ഒരു രൂപ. പള്ളിയില്‍ ഞായറാഴ്ച കുര്‍ബാനക്കും പോകാറുണ്ടായിരുന്നു. പള്ളിക്കാര്യങ്ങളില്‍ സൈന്യത്തിലുണ്ടായിരുന്ന ഇടയാറന്മുളക്കാരന്‍ മാത്യു മുന്നില്‍ നിന്നു. കത്തോലിക്കരെ കച്ചന്‍സ് എന്നും ആംഗ്ലിക്കരെ കരയന്‍സ് എന്നുമാണ് വിളിച്ചിരുന്നത്.

'അപ്പന്‍ ഉമ്മനച്ചായന്‍ 65ആം വയസില്‍ മരിച്ച വിവരം രണ്ടാഴ്ച കഴിഞ്ഞു എപിഒ (ആര്‍മി പോസ്റ്റ് ഓഫീസ്) വഴി വന്ന കത്തില്‍ നിന്നാണ് ഞാന്‍ അറിയുന്നത്. പട്ടാളത്തില്‍ നിന്ന് ആദ്യം കിട്ടിയ 65 രൂപ ശമ്പളത്തില്‍ നിന്ന് അമ്പത് രൂപ ഞാന്‍ അപ്പന് അയച്ചു കൊടുത്തത് ഓര്‍ക്കുന്നു.  

'ഇടയ്ക്കിടെ പട്ടാള വണ്ടികള്‍ കോണ്‍വോയി ആയി 500 കിമീ അകലെയുള്ള മാണ്ഡലേക്കും മറ്റും പോകും.. എവിടെത്തിരിഞ്ഞു നോക്കിയാലും ബൗദ്ധരുടെ പഗോഡകള്‍ എന്ന ക്ഷേത്രങ്ങള്‍ കാണാം. ബുദ്ധമതം സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് ഇന്ത്യയില്‍ നിന്ന് ബര്‍മയിലെത്തിയതാണെന്നു പ്രസിദ്ധണല്ലോ. മിക്ക നഗരങ്ങളിലും ഉച്ചയോടടുക്കുമ്പോള്‍ ചുവന്ന മേലങ്കി ചുറ്റിയ കൊച്ചു ബുദ്ധ ഭിക്ഷുക്കള്‍പാത്രങ്ങളുമായി ഭക്ഷണം യാചിച്ചു കൊണ്ട് നിരനിരയായി സഞ്ചരിക്കുന്നത് കാണാം. നാട്ടുകാര്‍ ഭയഭക്തിയോടെ കൊടുക്കുയും ചെയ്യും.

ജാപ്പനീസ് യുധ്ധതടവുകാരെക്കൊണ്ട് നന്നായി പണിഎടുപ്പിച്ചിരുന്നു.  അവര്‍ കഠിനാദ്ധ്വാനികള്‍.  പക്ഷെ അധികാരം കയ്യാളിയ കാലത്ത് ഇംഗ്ലീഷു യുധ്ധ ത്തടവുകാരെക്കൊണ്ട് നടുവൊടിപ്പിച്ച് പണിയിക്കുമായി
രുന്നു അവര്‍.  റെയില്‍വേ നിര്‍മ്മിക്കാനും പാലങ്ങള്‍ തീര്‍ക്കാനും. മാണ്ഡലേക്കു പോകും വഴി ക്വയി  നദിക്കു കുറുകെ പാലം നിര്‍മ്മിച്ചതിനെക്കുറിച്ചുള്ള  അലക് ഗിന്നസും വില്യം ഹോള്‍ഡനും അഭിനയിച്ച 'ബ്രിഡ്ജ് ഓണ്‍ ദി റിവര്‍ ക്വയി' എന്ന ചിത്രം പലരും കണ്ടു കാണും.

'ഒരിക്കല്‍ എനിക്ക് ഒരു അബദ്ധം പറ്റി.. അബദ്ധം അല്ല മനപ്പൂര്‍വം വരുത്തി വച്ചതാണ്. അനുമതി കൂടാതെ ആര്‍മിയുടെ ഒരു വണ്ടി ഓടിച്ചു ഞാന്‍ പുറത്തേക്കു പോയി.നിര്‍ഭാഗ്യവശാല്‍  വണ്ടി മറിഞ്ഞു. വര്‍ക്ക് ഷോഷോപ്പില്‍ നിന്ന് ആള്‍ വന്നു കെട്ടിവലിച്ചു കൊണ്ടുവരേണ്ടി വന്നു ആളപായം ഉണ്ടായില്ലെങ്കിലും സംഭവം അങ്ങാടിപ്പാട്ടായി. ഞാന്‍ ഓസിയുടെ മുമ്പാകെ ഹാജരായി കുറ്റം ഏറ്റുപറഞ്ഞു മാപ്പിരന്നു. 'യു ബ്ലഡി മത്തായി, നൗ ഗെറ്റ് ഔട്ട്,' എന്നായിരുന്നു ശിക്ഷ.'.    

കാളപൂട്ടി വിത്തെറിയുന്ന  പാവപെട്ട കൃഷിക്കാരായിരുന്നു നാട്ടുകാര്‍ ഏറെയും. ചെറിയ പീടികകളില്‍ കച്ചവടവുമായി കഴിഞ്ഞിരുന്ന തമിഴ് നാട്ടുകാര്‍  ബര്‍മയില്‍ ഭൂമി വാങ്ങിക്കൂട്ടിയ നാട്ടുകോട്ട ചെട്ടിയാ ര്‍മാരുടെ പിന്നാലെ എത്തിയവരാണ്.  യുദ്ധം മൂലം വെള്ളവും വെളിച്ചവും ആഹാരവും ഇല്ലാതെ കഴിഞ്ഞ കാലത്ത് ബാരക്കുകളിലെ ആഹാരം കഴിച്ച് ഇന്ത്യന്‍ സൈനികര്‍ രാജാക്കന്‍മാരായി കഴിഞ്ഞു.

'ബര്‍മ്മയില്‍ സ്ത്രീകള്‍ക്കു നല്ല സ്ഥാനമുണ്ട്. മൂക്കു പതുങ്ങിയവരെങ്കിലും വെളുത്തവരാണ്. പൊക്കവും കുറവ്.  ലുങ്കിയോ പാന്റ്‌സോ ധരിക്കും. സൈക്കിളില്‍ സഞ്ചരിക്കും. വയലില്‍ കാളപൂട്ടാനും വിത്തിറ ക്കാനും പങ്കെടുക്കും. ബര്‍മീസ് സ്വാതന്ത്ര്യ സമരത്തിന്റെ നായകനും രാഷ്ട്രപിതാവുമായിരുന്ന ജനറല്‍ ആങ് സാനിന്റെ മകള്‍ ആണല്ലോ ആങ് സാന്‍ സ്യു ക്വി. രാഷ്ട്രപതി കെ ആര്‍ നാരായണന്‍ വിവാഹം ചെയ്തതും റംഗൂണ്‍ വൈഡബ്ലിയുസിഎ  സെക്രട്ടറിയായിരുന്ന ടിന്റ് ടിന്‍ന്റിനെ ആണല്ലോ. അവരുടെ പേര് പിന്നീട് ഉഷ എന്നാക്കി.'

'പെണ്‍വിഷയത്തില്‍ ജപ്പാന്‍കാര്‍ വളരെ മോശമായിരുന്നു. പടയോട്ടങ്ങള്‍ക്കിടയില്‍ അവര്‍ സ്ത്രീകളെയും പെണ്‍കുട്ടികളെയും ബലാല്‍ക്കാരം ചെയ്തു. ഭരിക്കുന്ന കാലത്ത് അവരെ വെപ്പാട്ടിമാരായി വച്ചു. ഞങ്ങള്‍ ചെല്ലുന്ന കാലത്ത് ജപ്പാനീസ് മുഖമുള്ള ധാരാളം കുട്ടികളെ തെരുവുകളില്‍ കാണാറുണ്ടായിരുന്നു. അധികാരം പോയ കാലത്ത് വഴിയോരങ്ങളില്‍ ഉപക്ഷിച്ചുപോയ ജാപ്പാനീസ് കറന്‍സി നോട്ടുകളും കെട്ടുകെട്ടായി കണ്ടിട്ടുണ്ട്'..  

കരമാര്‍ഗവും ഇന്ത്യന്‍ സൈന്യം ബര്‍മ്മയിലേക്കു നീങ്ങി. അന്ന് സൈന്യത്തില്‍ വയര്‍ലെസ് ഓപ്പറേറ്റര്‍ ആയിരുന്നു പിന്നീട് പേരെടുത്ത പട്ടാളക്കഥകള്‍ രചിച്ച തൃശൂര്‍ കണ്ടാണശ്ശേരി വിവി അയ്യപ്പന്‍ എന്ന കോവിലന്‍. 'ഞാന്‍ ഒരു പെണ്‍കുട്ടിയെ സ്‌നേഹിക്കുകയുണ്ടായി, എന്റെ കരളിന്റെ നെല്ലിപ്പലകയില്‍ പതിഞ്ഞു കിടക്കുകയാണ് അവള്‍,' കോവിലന്റെ 'ഓര്‍മ്മകള്‍' എന്ന കഥ തുടങ്ങുതു അങ്ങിനെ
യാണ്.

'ഷെര്‍മാന്‍ ടാങ്കുകളുടെ പിന്നില്‍ അക്വാബില്‍ നിന്ന് ഞങ്ങള്‍ അഡ്വാന്‍സ് ചെയ്യുകയാണ്. അറാക്കന്‍ മലകളുടെ ഇടയില്‍ ഞങ്ങള്‍ തമ്പടിച്ചു. നൂറുകണക്കിന് തമ്പുകള്‍. വെടിയേറ്റും ബോംബിട്ടും മരിച്ച ആയിരക്കണക്കിന് ആളുകളുടെ ദേഹങ്ങള്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചും കുഴിച്ചിട്ടും ഞങ്ങള്‍ മുന്നേറി. ആഴ്ചകളോളം കാലില്‍ കിടന്ന ബൂട്‌സ് അഴിച്ചെറിഞ്ഞു ഒരുദിവസം ഉപ്പുരസമുള്ള നദിയിലെ കുളിര്‍ വെള്ളത്തിലേക്ക് ചാടി.

ആറിന്റെ അങ്ങേക്കരയില്‍ ചാക്കുപോലെ ഇരുണ്ട തോര്‍ത്ത് ചുറ്റിയ ഒരു വൃദ്ധന്‍ വാഴപ്പോളകള്‍ അരിഞ്ഞു കൂട്ടുന്നു. ഒരു മണി അരിയില്ല. എല്ലാം ജാപ് പട്ടാളം കവര്‍ന്നെടുത്തു. വാഴപ്പോള ഉപ്പു വെള്ളത്തില്‍ തിളപ്പിച്ച് കഴിക്കാനാണ്. മലയാളി ആണോ എന്ന ചോദ്യത്തിന് മുമ്പില്‍ അയാള്‍ ഒന്ന് പകച്ചു. എന്നിട്ടു പൊട്ടിക്കരഞ്ഞു, 'മോനേ' എന്നു വിളിച്ചു.

മലപ്പുറത്തു നിന്ന് ബര്‍മ്മയില്‍ എത്തിയിട്ട് 21 വര്‍ഷമായി ഒരു ബര്‍മ്മക്കാരിയെ കെട്ടി വയലില്‍ പണി ചെയ്തു ജീവിക്കുകയായിരുന്നു. ജപ്പാന്‍കാര്‍ നെല്ലും കോഴിയും കന്നുകാലികളും എല്ലാം കൊണ്ടുപോയി. സ്ത്രീകളെ ബലാത്സംഗം ചെയ്തു. അയാളുടെ ഭാര്യയെ ബലമായി പിടിച്ചുകൊണ്ടു പോയി. മകളും താനും കഷ്ട്ടിച്ചു രക്ഷപെട്ടു.

'മോനേ ഒരു മുണ്ടു തരുമോ?' എന്നയാള്‍ യാചിച്ചു. എന്റെ കയ്യില്‍ മുണ്ടില്ല. വെറും പട്ടാള ഉടുപ്പുകള്‍ മാത്രമുണ്ട്. ഓ ഒരു ബ്ലൗസും പാന്റും ടവ്വലും... ഞാന്‍ അയാളോടൊപ്പം ആറ്റിനക്കരെ അകലെ മുക്കാലിയില്‍ കെട്ടിപ്പൊക്കിയ അയാളുടെ കുടിലിലേക്ക് പോയി. 'മീനേ' എന്നയാള്‍ വിളിച്ചു.. 'അവള്‍ പുറത്തേക്കു വരില്ല. ആകെയുള്ള ഒരു ഉടുപ്പ് നനച്ച് ഉണങ്ങാന്‍ ഇട്ടിരിക്കുകയാണ്'. അയാള്‍ പറഞ്ഞു. മറ തുറന്നു അയാള്‍ അകത്തേക്ക് കയറി  അകത്തുനിന്നു കരച്ചില്‍ കേള്‍ക്കാം.

'ഒടുവില്‍ അവള്‍ പുറത്തേക്ക് തലനീട്ടി. വിടര്‍ന്ന കണ്ണുകള്‍. കരഞ്ഞു കലങ്ങിയവ. അവള്‍ ഇട്ടിരിക്കുന്ന പാന്റ് ഞാന്‍ ഉപയോഗിച്ചതാണ്. അവള്‍ ഇട്ടിരിക്കുന്ന പച്ച ബ്ലൗസ് എന്റെ നെഞ്ചില്‍ കിടന്നിരുന്നതാണ്. എന്റെ വിയര്‍പ്പ്... ഞാന്‍ കുറെ നേരം അവളെ നോക്കി നിന്നു.  ആ നേരത്ത് അവളോടുമിണ്ടാന്‍ എനിക്ക് നാക്കില്ല. 'ഞാന്‍ പോട്ടെ. സമയമായി, ' ഞാന്‍ പറഞ്ഞു. വീണ്ടും 'എന്റെ മോനേ'എന്ന് വിളി. അവള്‍ കരഞ്ഞു കണ്ണ് പൊത്തികൊണ്ട്.

'അവള്‍ നിറയെ പുളകം ആയിരുന്നു. അവള്‍സുഖമായിരിക്കട്ടെ' എന്നു പറഞ്ഞാണ് കഥ അവസാനിപ്പിക്കുന്നത്. യുദ്ധത്തിന്റെ ഭീകരതയിലേക്കു വീരല്‍  ചൂണ്ടുന്ന ഇതിലും ഹൃദയസ്പര്‍ശിയായ ഒരു കഥ ഞാന്‍ വായിച്ചിട്ടില്ല. എണ്‍പതു കഴിഞ്ഞിരിക്കുന്ന കാലത്ത് കോവിലനെ വീട്ടില്‍ പോയി ഞാന്‍ കണ്ടു. ഗ്രാമീണന്റെ മുഖവുരയില്ലാത്ത വര്‍ത്തമാനം. പുട്ടും കടലയും ചായയും തന്നു. 'എന്തിനിതൊക്കെ?' എന്ന് പറഞ്ഞെങ്കിലും ഫോട്ടോക്ക് പോസ് ചെയ്തു.

സാഹിത്യത്തിനുള്ള കേരളഗവര്‍മെന്റിന്റെ ഏറ്റവും വലിയ സമ്മാനം എഴുത്തച്ഛന്‍ പുരസ്‌കാരം നേടിയിട്ടുള്ള കോവിലന്‍ 2010ല്‍  87-ആം വയസിലാണ് അന്തരിച്ചത്. അദ്ദേഹം ജനിച്ചു രണ്ടുവര്‍ഷം കഴിഞ്ഞു ജനിച്ച എന്റെ അമ്മാവന്‍ മത്തായി  ആറുവര്‍ഷം കഴിഞ്ഞു 2016ല്‍ കടന്നു പോയി. ഇന്ന് ഉണ്ടായിരുന്നെങ്കില്‍ കോവിലനു 98  വയസും മത്തായിക്ക് 96 വയസും ആകുമായിരുന്നു.

രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത മലയാളികള്‍ കുറേപ്പേരെങ്കിലും തൊണ്ണൂറിനും നൂറിനും ഇടയില്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടാകാം.                                                
 
യുദധം കഴിഞ്ഞു ഇന്ത്യയില്‍ തിരിച്ചെത്തിയ മാവന്‍ ഇന്ത്യന്‍ കരസേനയില്‍ തുടര്‍ന്നു. ആദ്യം ചേര്‍ന്ന പത്തുപേരില്‍ ഒമ്പതു പേരും സ്ഥലം വിടുകയാണ് ചെയ്തത്.  1963ല്‍   ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫീസര്‍ ആയി. 69ല്‍ പരീക്ഷ എഴുതി റെഗുലര്‍ ഓഫീസര്‍ തസ്തികയില്‍ പ്രവേശിച്ചു. ക്യാപ്റ്റന്‍ ആയി വിരമിച്ചു. 1948, 65, 71 വര്‍ഷങ്ങളിലെ ഇന്ത്യ-പാക് യുദ്ധങ്ങളില്‍ സജീവമായി പങ്കെടുത്ത കഥകള്‍ മാവന്‍വിവരിക്കാറുണ്ടായിരുന്നു.

സ്വാതന്ത്ര്യം നേടി പിറ്റേവര്‍ഷം 1948ല്‍ കാശ്മീരിന് വേണ്ടി പാക്കിസ്ഥാനുനുമായി നടത്തിയ യുദ്ധത്തില്‍ മാവന്‍ പങ്കെടുത്തു. ബംഗ്ലാദേശ് രൂപമെടുത്ത 1971ലെ യുധ്ധത്തില്‍ ഇന്ത്യന്‍ സൈന്യം പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ സിയാല്‍ക്കൊട്ടു വരെ എത്തിയതാണ്.

'സിയാല്‍കോട്ട് റെയില്‍വേ സ്റ്റേഷന്‍ ഞങ്ങള്‍ക്ക് കാണാമായിരുന്നു, വെറുമൊരു 'വാക്കോവര്‍' ദൂരത്ത്. കിഴക്കന്‍ പാകിസ്ഥാനിലെ ജെസോറില്‍ പാക് സൈന്യം ആയുധം വച്ച് കീഴടങ്ങിയതോടെ പാക് പ്രധാന മന്ത്രി സുള്‍ഫിക്കര്‍ അലി ഭൂട്ടോ പരിഭ്രാന്തനായി. സിംലാ കരാര്‍ പ്രകാരം ഇന്ത്യന്‍  സൈന്യം  സ്വയം വിട്ടൊഴിഞ്ഞു പോരുകയും ചെയ്തു.

ഇന്ത്യ പിന്‍വാങ്ങിയത് തെറ്റായിപ്പോയെന്നൊന്നും മാവന്‍ പറഞ്ഞിട്ടില്ല. ഒരു പക്ഷെ സിയാല്‍ക്കോട്ടോ പാകിസ്ഥാനോ കീഴ്‌പെടുത്തിയാല്‍ ഒരു നീറിന്‍  കൂടെടുത്ത് തലയില്‍ വയ്ക്കുന്നതുപോലെ ആകാനും സാധ്യതയുണ്ട്. മാവന്‍ റിട്ടയര്‍ ചെയ്ത ശേഷം പതിവായി  പ്രതിരോധം, സാമ്പത്തികം,  ഭരണം മുതലായ വിഷയങ്ങളില്‍ യുപിഎ ഗവര്‍മെന്റിനെ നിശിതമായി വിമര്‍ശിക്കുന്ന ഒന്നാംതരം കത്തുകള്‍ ദി ഹിന്ദുവിലും  ഇന്ത്യന്‍ എക്‌സ്പ്രസ്സിലും എഴുതുമായിരുന്നു. അഞ്ഞൂറ് കത്തുകള്‍ എങ്കിലും എഴുതിക്കാണും. ധാരാളം ആരാധകരും ഉണ്ടായി.

ഗാന്ധിജി, നെഹ്റു ഇന്ദിര എന്നിവരെ തൊട്ടടുത്ത് നിന്ന് കണ്ടിട്ടുണ്ട്. കേണല്‍ ജസ്വന്ത് സിങ്ങും എകെ  ആന്റണിയും പ്രതിരോധമന്ത്രിമാര്‍ എന്ന നിലയില്‍ സൈനികര്‍ക്കു ഒട്ടേറെ നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ട് എന്നും കരുതുന്നു. '65 രൂപ ശമ്പളത്തില്‍ തുടങ്ങിയ ഞാന്‍ ഇന്നിപ്പോള്‍ 14100 രൂപ പെന്‍ഷന്‍ വാങ്ങുന്നു,' 2008ല്‍ മാവന്‍ എന്നോട് പറഞ്ഞു.  

നടന്‍ മോഹന്‍ലാലിന്റെ അച്ഛന്‍ വിശ്വനാഥന്‍ നായരുടെ ശിഷ്യ പത്തനംതിട്ട ഇലന്തൂര്‍ നെല്ലിക്കാലായില്‍ ആനി എന്ന അന്നമ്മയെ വിവാഹം ചെയ്ത ക്യാപ്റ്റന്‍  മത്തായിക്ക് പുണെ ആംഡ് ഫോഴ്‌സസ് മെഡിക്കല്‍ കോളേജില്‍ പഠിച്ചിറങ്ങിയ ജെയ്സി ഏകമകള്‍. റംഗൂണില്‍ നിന്ന് നിന്നു കിട്ടിയതാണ് ആ പേരെന്ന് മാവന്‍ അവകാശപ്പെടുമായിരുന്നു. ജെയ്സി ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്യുട്ടില്‍ വകുപ്പ് മേധാവിയായി പിരിഞ്ഞു. വൈദ്യതി റെഗുലേറ്ററി കമ്മീഷന്‍ മുന്‍ അംഗവും എഴുത്തുകാരനുനുമായ മാത്യു ജോര്‍ജ് ഭര്‍ത്താവ്.

'മോഹന്‍ ലാല്‍ യുണിവേഴിസിറ്റിറ്റി കോളജില്‍ പഠിക്കുന്ന കാലത്ത് ഞങ്ങള്‍ തിരുവനതപുരത്ത് സ്ഥിരതാമസം ആയി. ആനിയെ കാണാന്‍ വിശ്വനാഥന്‍ നായരും ഭാര്യ ശാന്തകുമാരിയും ഇടയ്ക്കിടെ വരാറുണ്ടായിരുന്നു,' മാവന്‍ ഓര്‍മ്മിക്കുന്നു.          

മാവന്‍ കടന്നു വന്നിട്ടുള്ള വഴിത്താരകളിലൂടെഎല്ലാം സഞ്ചരിച്ച് ആ അനുഭവങ്ങള്‍ ഒപ്പിയെടുക്കാന്‍ ശ്രമിച്ചിട്ടുണ്ട് ഞാന്‍. അദ്ദേഹത്തിനെ ആല്‍മസുഹൃത്ത് ലഫ്. കേണല്‍ അംഗദ് സിംഗിനെ തേടി പഞ്ചാബിലെ മൊഹാലിയിലും മേജര്‍ പി ആര്‍ കുട്ടിയെ കാണാന്‍ ഗുജറാത്തിലെ കച്ചിലും കാശ്മീറിലെ ശ്രീനഗറിലും നാഗാലാന്‍ഡിലെ കോഹീമയിലും മണിപ്പൂരിലെ ബര്‍മ്മാ അതിര്‍ത്തിയായ മോറെയിലും പോയി. മൊഹാലിയില്‍ കേണല്‍ അംഗദ് സിംഗ് ആര്‍മി സപ്ലൈ കോറിന്റെ ജൂബിലി മേളയില്‍ കൂട്ടിക്കൊണ്ടു പോയി സല്‍ക്കരിച്ചു.

മാധ്യമ സുഹൃത്ത്  വൈക്കം മധുവിനോടൊപ്പമാണ് കൊഹിമയില്‍ പോയത്. 75  വര്‍ഷം മുമ്പ് കോഹീമ യുധ്ധത്തില്‍ ജപ്പാന്‍കാരില്‍ നിന്ന് പിടിച്ചെടുത്ത ഷെര്‍മ്മന്‍ ടാങ്ക് സൂക്ഷിച്ചിരിക്കുന്ന വാര്‍  മ്യുസിയവും ആയിരക്കണക്കിന് ഇന്‍ഡ്യാക്കാരെയും ബ്രിട്ടീഷ്‌കാരേയും  അടക്കിയ വാര്‍ സെമിറ്ററിയും കണ്ടു. നായര്‍സാബ് മാരുടെയും പിള്ളമാരുടെയും പേരുകള്‍ അവിടെ കൊത്തിവച്ചിട്ടുണ്ട്.

കൊഹീമയില്‍ നിന്ന് തെക്കോട്ടു ബര്‍മ്മാ അതിര്‍ത്തി വരെ നീളുന്ന നാഷണല്‍ ഹൈവേ നമ്പര്‍ 2 വഴി ഞങ്ങള്‍ മുന്നോട്ടു പോയി. പാതയുടെ ഓരത്ത് ഉടനീളം ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍ സ്ഥാപിച്ച കുറിമാനങ്ങള്‍ കാണാം. 'നിങ്ങള്‍ ഇപ്പോള്‍ രണ്ടാം ലോകമഹായുദ്ധകാലത്തെ ചരിത്രപ്രധാനമായ പാതയിലൂടെയാണ് സഞ്ചരിക്കുന്നത്.'

മണിപ്പൂര്‍ തലസ്ഥാനമായ ഇന്‍ഫാലില്‍ നിന്ന് 108 കിമീ പോയാല്‍ മൊറെ എന്ന അതിര്‍ത്തി ഗ്രാമമായി. അവിടം കടന്നു ബര്‍മ്മയിലെ താമു എന്ന കൊച്ചു പട്ടണം വരെ നടന്നു പോകാം. വിസയൊന്നും വേണ്ട. താമുവില്‍ നിന്ന് ബസില്‍ മാണ്ഡലേക്കു 475 കി,മീ. അവിടെനിന്നു തലസ്ഥാനമായ യാംഗോനിലേക്കു 575  കി.മീ. ബസും ട്രെയിനും ഉണ്ട്. അല്ലെങ്കില്‍ തന്നെ ബര്‍മ്മയില്‍ കയറാന്‍ ഇന്ത്യക്കാര്‍ക്ക് വിസ ഓണ്‍ അറൈവല്‍ ആണ്.

മ്യാന്‍മറിലെ സൂപ്പര്‍മാര്‍ക്കറ്റുകള്‍, റെസ്റ്റോറന്റുകള്‍  ഉള്‍പ്പെടെയുള്ള കച്ചവടം കയ്യടക്കി വച്ചിരിയ്ക്കുന്ന ചൈനയെ നേരിടുക ഇന്ത്യക്കു അത്ര എളുപ്പമല്ല. പക്ഷെ അവിറെ റോഹിങ്ഗ്യന്‍  മുസ്ലിംകള്‍ ഉള്‍പ്പെടെയുള്ളവരോട് മ്യാന്‍മര്‍ ഭരണകൂടം കാണിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ നോക്കി നില്‍ക്കാനും ആവില്ല. ബൈഡന്‍ ഭരണകൂടം പുതിയ സൈനിക ഭരണകൂടത്തിനെതിരെ തിരിഞ്ഞത് ആശ്വാസം നല്‍കുന്നു.

ആങ് സാന്‍ സ്യു ക്വിയെ  ദശാബ്ദങ്ങളോളം വീട്ടു തടങ്കലില്‍ പാര്‍പ്പിച്ച സൈനിക ഭരണാധികാരികള്‍ക്കു അവരുടെ രാഷ്ട്രീയ കക്ഷി നേടിയ ജനകീയ പിന്തുണ ഒട്ടും രസിച്ചിട്ടില്ല. ആ പരിഭ്രാന്തിയിലാണ് അവര്‍ വീണ്ടും അധികാരം പിടിച്ചെടുത്തരിക്കുന്നത്. ബിസിനസിലും റീയല്‍ എസ്‌റേറ്റിലും ജനറല്‍മാര്‍ക്കു പങ്കാളിത്തം ഉണ്ട്. പക്ഷെ രാജ്യമാകെ പൊട്ടിപ്പുറപ്പെട്ടിരിക്കുന്ന യുവജന പ്രക്ഷോഭങ്ങള്‍ അവരുടെ ഉറക്കം കെടുത്തുകയാണ്.

ഇന്ത്യ കോവിഷീല്‍ഡ് ആസ്ട്രസെനക്കയുടെ ഒന്നര ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ മ്യാന്‍മറിന് സൗജന്യമായി നല്‍കി. മൂന്നര ദശലക്ഷം ഡോസ് അവര്‍ വിലകൊടുത്ത് വാങ്ങിയിട്ടുമുണ്ട്. സീനിയര്‍ പൗരന്മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമുള്ള കുത്തിവയ്പ്പ് നടന്നു വരുന്നു.



ബര്‍മ്മയുടെ  തിളയ്ക്കുന്ന ഓര്‍മകളുമായി കോവിലന്‍, ക്യാപ്റ്റന്‍ ഒ. മത്തായി  (കുര്യന്‍ പാമ്പാടി)ബര്‍മ്മയുടെ  തിളയ്ക്കുന്ന ഓര്‍മകളുമായി കോവിലന്‍, ക്യാപ്റ്റന്‍ ഒ. മത്തായി  (കുര്യന്‍ പാമ്പാടി)ബര്‍മ്മയുടെ  തിളയ്ക്കുന്ന ഓര്‍മകളുമായി കോവിലന്‍, ക്യാപ്റ്റന്‍ ഒ. മത്തായി  (കുര്യന്‍ പാമ്പാടി)ബര്‍മ്മയുടെ  തിളയ്ക്കുന്ന ഓര്‍മകളുമായി കോവിലന്‍, ക്യാപ്റ്റന്‍ ഒ. മത്തായി  (കുര്യന്‍ പാമ്പാടി)ബര്‍മ്മയുടെ  തിളയ്ക്കുന്ന ഓര്‍മകളുമായി കോവിലന്‍, ക്യാപ്റ്റന്‍ ഒ. മത്തായി  (കുര്യന്‍ പാമ്പാടി)ബര്‍മ്മയുടെ  തിളയ്ക്കുന്ന ഓര്‍മകളുമായി കോവിലന്‍, ക്യാപ്റ്റന്‍ ഒ. മത്തായി  (കുര്യന്‍ പാമ്പാടി)ബര്‍മ്മയുടെ  തിളയ്ക്കുന്ന ഓര്‍മകളുമായി കോവിലന്‍, ക്യാപ്റ്റന്‍ ഒ. മത്തായി  (കുര്യന്‍ പാമ്പാടി)ബര്‍മ്മയുടെ  തിളയ്ക്കുന്ന ഓര്‍മകളുമായി കോവിലന്‍, ക്യാപ്റ്റന്‍ ഒ. മത്തായി  (കുര്യന്‍ പാമ്പാടി)ബര്‍മ്മയുടെ  തിളയ്ക്കുന്ന ഓര്‍മകളുമായി കോവിലന്‍, ക്യാപ്റ്റന്‍ ഒ. മത്തായി  (കുര്യന്‍ പാമ്പാടി)ബര്‍മ്മയുടെ  തിളയ്ക്കുന്ന ഓര്‍മകളുമായി കോവിലന്‍, ക്യാപ്റ്റന്‍ ഒ. മത്തായി  (കുര്യന്‍ പാമ്പാടി)
Join WhatsApp News
vaikom madhu 2021-02-14 04:18:32
The story is not only great but extra ordinarily superb and exclusive, given the tumultuous events that upturned the hope of a stable Democracy. Su Chi was had no soft corner towards the plight of Uighur who are being tortured, burned thrown into rivers in large scale. It is also history that our own Shivram who lived later days in Trivandrum was the first Journalist to report assassination of her father. Immediately after that all international communications from Burma was snapped by the putsch leaders. That is that. The story, when i read on, opens up a sense of deja vu for me. Yes, a trip together we made to North-east. So many Malayalee names, unsung and un heard before, were seen scripted on a plaque, in a memorial, who had laid down their lives, in far off land, for me, you and the entire nation . Thanks Mr Pampadi, for the deja vu. Vaikom Madhu
Reader 2021-02-14 17:14:35
Excellent item. nicely written
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക