Image

തന്നെ കുടുക്കിയത് എസ്. ശര്‍മയും കെ. ചന്ദ്രന്‍ പിള്ളയുമെന്ന് ഗോപി കോട്ടമുറിക്കല്‍

Published on 16 June, 2012
തന്നെ കുടുക്കിയത് എസ്. ശര്‍മയും കെ. ചന്ദ്രന്‍ പിള്ളയുമെന്ന് ഗോപി കോട്ടമുറിക്കല്‍
കൊച്ചി: തന്നെ സ്വഭാവദൂഷ്യ ആരോപണത്തില്‍ കുടുക്കാന്‍ കരുക്കള്‍ നീക്കിയത് മുതിര്‍ന്ന വി.എസ് പക്ഷ നേതാക്കളായ എസ്. ശര്‍മയും കെ. ചന്ദ്രന്‍പിള്ളയുമാണെന്ന ആരോപണവുമായി സിപിഎം മുന്‍ ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കല്‍. സംസ്ഥാനത്തെ സംഘടനാ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അടക്കമുള്ള കേന്ദ്ര നേതാക്കള്‍ അടുത്ത ആഴ്ച തിരുവനന്തപുരത്ത് എത്താനിരിക്കെയാണ് ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വിഎസ് പക്ഷത്തെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ ഗോപി കോട്ടമുറിക്കല്‍ ആഞ്ഞടിച്ചത്.

 ചന്ദ്രന്‍ പിള്ളയും എസ്. ശര്‍മയും കൂടാതെ വിഎസ് പക്ഷത്തെ മറ്റൊരു പ്രമുഖ നേതാവിനെതിരേയും കേന്ദ്ര കമ്മറ്റി അംഗവും ആരോപണം അന്വേഷിക്കുന്ന സമതിയിലെ അംഗവുമായ എം.സി. ജോസഫൈനെതിരേയും അഭിമുഖത്തില്‍ ഗോപി കോട്ടമുറിക്കല്‍ ആരോപണം ഉന്നയിക്കുന്നുണ്ട്. തെളിവെടുപ്പിന് മുന്‍പ് ജോസഫൈന്‍ പരാതിക്കാരിയായ അഭിഭാഷകയെ സന്ദര്‍ശിച്ചത് ശരിയായില്ലെന്നും അഭിഭാഷകയില്‍ നിന്നും നിര്‍ബന്ധിച്ച് പരാതി എഴുതി വാങ്ങുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

 കെ. ചന്ദ്രന്‍ പിള്ളയുടെ ലാപ് ടോപ് കണ്ടെടുക്കണമെന്നും എറണാകുളം ഏരിയ കമ്മറ്റി ഓഫീസിലെയും ജില്ലാ കമ്മറ്റി ഓഫീസിലേയും കംപ്യൂട്ടറുകള്‍ സീല്‍ ചെയ്യണമെന്നും അന്വേഷണ കമ്മീഷന് അയച്ച കത്തില്‍ താന്‍ ആവശ്യപ്പെട്ടിരുന്നു. എസ്. ശര്‍മയുടെ പേഴ്സണല്‍ സ്റാഫില്‍ അംഗങ്ങളായിരുന്ന സതീഷിനേയും പി.എ. പീറ്ററിനേയും ചോദ്യം ചെയ്യണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം പറയുന്നു. നെടുമ്പാശ്ശേരിയില്‍ വിമാനത്താവളത്തോട് ചേര്‍ന്നുള്ള 150 ഏക്കര്‍ സ്ഥലം സ്വകാര്യ കമ്പനിയ്ക്കുവേണ്ടി നികത്താന്‍ ശ്രമം നടത്തിയെന്നും ഇതിന് കൂട്ടുനില്‍ക്കാഞ്ഞതിന്റെ വിരോധമാണ് ശര്‍മയ്ക്ക് തന്നോട് ഉള്ളതെന്നും ഗോപി കോട്ടമുറിക്കല്‍ അഭിമുഖത്തില്‍ ആരോപിക്കുന്നു. ജിസിഡിഎ ചെയര്‍പേഴ്സണ്‍ എന്ന നിലയില്‍ എം.സി. ജോസഫൈനും ശര്‍മയ്ക്കും എതിരെ പരാതികള്‍ തന്റെ മുന്നില്‍ എത്തിയിരുന്നതായും ഇതൊക്കെ എറണാകുളം ജില്ലാ കമ്മറ്റി ഓഫീസിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക