Image

ഉറക്കൂ...വീണ്ടും ഉണർത്തൂ...ഭഗവാനെ! (തൊടുപുഴ കെ ശങ്കർ മുംബൈ)

Published on 12 February, 2021
ഉറക്കൂ...വീണ്ടും ഉണർത്തൂ...ഭഗവാനെ! (തൊടുപുഴ കെ ശങ്കർ മുംബൈ)
ഉറക്കി സുഖ നിദ്ര തന്നു നീ  അടിയനെ
ഉണർത്തി പതിവുപോ ലിന്നും നീ ഭഗവാനെ!
ഉദരം നിറച്ചെന്നും ഉണ്ണുവാൻ തരുന്നു നീ
ഉദ്യമം തുടരുവാൻ ഊർജ്ജവും ആരോഗ്യവും!

ഉടുക്കാൻ സുലഭമായ് വസ്ത്രവും വസിയ്ക്കുവാൻ
ഉലകിൽ ജീവിയ്ക്കുവാൻ വേലയും വീടും തന്നു!
ഉഷസ്സിൽ കിരണങ്ങൾ ഉർവ്വിയിൽ പതിയ്ക്കുമ്പോൾ
ഉണരാൻ നഭസ്സിൽ നിന്നാഹ്വാനം ലഭിയ്ക്കുമ്പോൾ,

ഉണരുന്നോരോ ജീവ ജാലവും പുലർകാലേ
ഉണർത്തുന്നതു നീയെന്നറിഞ്ഞോ  അറിയാതോ!
ഉടനേ തുടങ്ങുന്നു നിത്യ  കർമ്മങ്ങൾ സ്വയം
ഉത്സാഹ പൂർവ്വം രാത്രി ഉറങ്ങാൻ പോകും വരെ!

ഉണർത്തൂ ഭഗവാനേ, യിങ്ങനെയനു ദിനം
ഉന്മേഷത്തോടെൻ നിത്യ കർമ്മങ്ങളനുഷ്ഠിപ്പാൻ!
ഉദ്ദേശ മടിയനു ജന്മസാക്ഷാത്കാരം താൻ
ഉത്തമ മനുഷ്യനായ്‌ ഭക്തനായ് ജീവിയ്ക്കുവാൻ!

ഊതുക ഭഗവാനേ, താവക മണിവേണു
ഊർജ്ജ്വ സ്വലതയോടെ  അടിയനുണരട്ടെ!
ഉണർത്തീടണേ പ്രഭോ,  നിശ്ചിത നേരം വരെ
ഉഷസ്സിൽ പേർത്തും കർമ്മ കാണ്ഡത്തിൽ പ്രവേശിപ്പാൻ!
Join WhatsApp News
Vayanakaaran 2021-02-12 15:22:28
ശ്രീ തൊടുപുഴ ജി ഇതൊരു പ്രാർത്ഥനയല്ലേ? താങ്കളെപ്പോലെ പലർക്കും ഇത് ഉരുവിടാം. കവിത എന്നെഴുതാഞ്ഞത് .നന്നായി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക