Image

ഉമ്മന്‍ ചാണ്ടിക്കു പങ്കില്ലെന്ന റിപ്പോര്‍ട്ട് അംഗീകരിച്ചതിനെതിരെ ഹര്‍ജി

Published on 15 June, 2012
ഉമ്മന്‍ ചാണ്ടിക്കു പങ്കില്ലെന്ന റിപ്പോര്‍ട്ട് അംഗീകരിച്ചതിനെതിരെ ഹര്‍ജി
കൊച്ചി: പാമോയില്‍ ഇടപാടില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു പങ്കില്ലെന്ന വിജിലന്‍സിന്റെ തുടരന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ച തൃശൂര്‍ വിജിലന്‍സ് ജഡ്ജിയുടെ ഉത്തരവു റദ്ദാക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. വിജിലന്‍സിന്റെ റിപ്പോര്‍ട്ടില്‍ തന്റെ വാദം പരിഗണിക്കാതെ ഏകപക്ഷീയമായിട്ടാണു ജഡ്ജി ഉത്തരവിട്ടതെന്നും അതു നീതിനിഷേധമാണെന്നുമാണ് അച്യുതാനന്ദന്‍ ഹര്‍ജിയില്‍ പറയുന്നത്. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും മുന്‍ എംഎല്‍എയുമായ അല്‍ഫോണ്‍സ് കണ്ണന്താനവും ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം വിജിലന്‍സ് ജഡ്ജിയാണ് അന്നു ധനകാര്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടിരുന്നത്. തുടര്‍ന്നുണ്ടായ രാഷ്ട്രീയ, ഭരണതല സമ്മര്‍ദങ്ങളെത്തുടര്‍ന്നു ജഡ്ജി പി.കെ. ഹനീഫ കേസ് പരിഗണിക്കുന്നതില്‍നിന്നു പിന്‍മാറിയിരുന്നു. പിന്മാറ്റത്തിനുള്ള അനുമതി തേടി ഹനീഫ ഹൈക്കോടതിയില്‍ അപേക്ഷ നല്കിയതു പരിഗണിച്ചാണു കേസ് തൃശൂര്‍ വിജിലന്‍സ് കോടതിയുടെ പരിഗണനയ്ക്കു വിട്ടത്. കോടതി മാറിയെങ്കിലും തിരുവനന്തപുരം കോടതിയുടെ ഉത്തരവു പ്രകാരം വിജിലന്‍സ് തുടരന്വേഷണം നടത്തി തൃശൂര്‍ കോടതിയില്‍ റിപ്പോര്‍ട്ടു നല്കി. കഴിഞ്ഞ മാസം 25നാണു തൃശൂര്‍ വിജിലന്‍സ് കോടതി റിപ്പോര്‍ട്ട് അംഗീകരിച്ച് ഉത്തരവിറക്കിയത്. വിജിലന്‍സ് ജഡ്ജി വി. ഭാസ്കരന്‍ നായര്‍ റിപ്പോര്‍ട്ടു പരിശോധിച്ച് അച്യുതാനന്ദനും മുന്‍ ഐഎഎസ് ഓഫീസര്‍ അല്‍ഫോണ്‍സ് കണ്ണന്താനവും നല്കിയ ഹര്‍ജി തള്ളി. ഉമ്മന്‍ ചാണ്ടിക്കെതിരെ തെളിവില്ലെന്നു കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് അച്യുതാനന്ദനും കണ്ണന്താനവും ഇന്നലെ ഹൈക്കോടതിയെ സമീപിച്ചത്. തങ്ങളുടെ ഭാഗം കേള്‍ക്കാതെ ഏകപക്ഷീയമായി വിജിലന്‍സ് ജഡ്ജി റിപ്പോര്‍ട്ട് അംഗീകരിച്ചതു നീതിനിഷേധമാണെന്ന് അച്യുതാനന്ദന്‍ ഹൈക്കോടതിയില്‍ കൊടുത്ത ഹര്‍ജിയില്‍ ആരോപിച്ചു. കേസില്‍ ആദ്യം നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടും പിന്നീടു നല്‍കിയ തുടരന്വേഷണ റിപ്പോര്‍ട്ടും തമ്മില്‍ വൈരുധ്യമുണ്െടന്നും ഇതു കണക്കിലെടുക്കാതെയാണു വിജിലന്‍സ് ജഡ്ജിയുടെ ഉത്തരവെന്നും അല്‍ഫോണ്‍സ് കണ്ണന്താനം ഹര്‍ജിയില്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക