Image

മെഡിക്കല്‍ ഹ്യൂമാനിറ്റീസില്‍ രാജു കുന്നത്തിന്‌ ഡോക്‌ടറേറ്റ്‌

ജോയിച്ചന്‍ പുതുക്കുളം Published on 15 June, 2012
മെഡിക്കല്‍ ഹ്യൂമാനിറ്റീസില്‍ രാജു കുന്നത്തിന്‌ ഡോക്‌ടറേറ്റ്‌
ന്യൂജേഴ്‌സി: മാഡിസണിലെ ഡ്രൂ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ ഹ്യൂമാനിറ്റീസില്‍ നിന്ന്‌ രാജു കുന്നത്തിന്‌ ഡോക്‌ടറേറ്റ്‌ പദവി ലഭിച്ചു. `യൂണിവേഴ്‌സല്‍ ഹെല്‍ത്ത്‌ കെയര്‍ ഈസ്‌ ദ സൊല്യൂഷന്‍ ഫോര്‍ ദ കറന്റ്‌ ഹെല്‍ത്ത്‌ കെയര്‍ ക്രൈസിസ്‌ ഇന്‍ യുണൈറ്റഡ്‌ സ്റ്റേറ്റ്‌സ്‌' എന്ന വിഷയത്തിലാണ്‌ രാജു കുന്നത്തിന്‌ ഡോക്‌ടറേറ്റ്‌ പദവി ലഭിച്ചത്‌.

കോട്ടയം ജില്ലയിലെ തെള്ളകം സ്വദേശിയായ രാജു കുന്നത്ത്‌ മംഗലാപുരത്തെ എം.വി ഷെട്ടി കോളജില്‍ നിന്ന്‌ നഴ്‌സിംഗ്‌ ബിരുദം നേടിയശേഷം 1993-ലാണ്‌ അമേരിക്കയിലെത്തിയത്‌.

ന്യൂജേഴ്‌സിയിലെ കീന്‍സ്‌ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ നഴ്‌സിംഗ്‌ ആന്‍ഡ്‌ പബ്ലിക്‌ അഡ്‌മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദം നേടി ആര്‍.എന്‍. ആയി ജോലി തുടങ്ങിയ രാജു വൈകാതെ ആരോഗ്യ രംഗത്ത്‌ ഭരണ ചുമതലയേറ്റു. 2006-ല്‍ ഗ്ലോബല്‍ ഹെല്‍ത്ത്‌ കെയര്‍ സര്‍വീസിന്റെ സ്ഥാപക നേതാക്കളിലൊരാളായി ചേരും മുമ്പ്‌ ന്യൂജേഴ്‌സിയിലെ പ്രശസ്‌തമായ ട്രിനിറ്റാസ്‌, മാനര്‍ കെയര്‍ ജനസിസ്‌ തുടങ്ങിയ ആരോഗ്യ സ്ഥാപനങ്ങളില്‍ അഡ്‌മിനിസ്‌ട്രേറ്ററായി ജോലി നോക്കിയിരുന്നു. ഇന്ന്‌ ആറു സംസ്ഥാനങ്ങളിലായി 24 കേന്ദ്രങ്ങളും, 5000 ജീവനക്കാരുമുള്ള ഗ്ലോബല്‍ ഹെല്‍ത്ത്‌ കെയര്‍ സര്‍വീസിന്റെ വൈസ്‌ പ്രസിഡന്റാണ്‌ രാജു കുന്നത്ത്‌. അറിയപ്പെടുന്ന ഹെല്‍ത്ത്‌ കെയര്‍ കണ്‍സള്‍ട്ടന്റ്‌ എന്ന നിലയില്‍ വടക്കുകിഴക്കന്‍ പ്രദേശത്ത്‌ ഹെല്‍ത്ത്‌ കെയര്‍ സെമിനാറുകളില്‍ പ്രസംഗിക്കാന്‍ അദ്ദേഹം ക്ഷണിക്കപ്പെടാറുണ്ട്‌. ന്യൂജേഴ്‌സിയിലെ ലൈസന്‍സ്‌ഡ്‌ നഴ്‌സിംഗ്‌ ഹോം, അഡ്‌മിനിസ്‌ട്രേറ്റേഴ്‌സ്‌ സൊസൈറ്റി, ന്യൂജേഴ്‌സി ഹോസ്‌പിറ്റല്‍ അസോസിയേഷന്‍ തുടങ്ങി വിവിധ പ്രൊഫഷണല്‍ ബോര്‍ഡുകളില്‍ ഇദ്ദേഹം പ്രവര്‍ത്തിച്ചുവരുന്നു.

കോട്ടയത്ത്‌ തെള്ളകം പരേതനായ ജോസഫ്‌ കുന്നത്തിന്റേയും, മറിയാമ്മയുടേയും മകനാണ്‌. കൊണ്ടൂര്‍ സ്വദേശിനി മേരി (ജയ) ആണ്‌ ഭാര്യ. ആഷ്‌ലി, അനു, അനിത എന്നിവര്‍ മക്കളാണ്‌. ഫാ. മാത്യു കുന്നത്ത്‌, ഫാ. സെബാസ്റ്റ്യന്‍ കുന്നത്ത്‌ എന്നിവര്‍ അങ്കിള്‍മാരും, ഫാ തോമസ്‌ കുന്നത്ത്‌ കസിനുമാണ്‌. സെബാസ്റ്റ്യന്‍ ആന്റണി ഇടയത്ത്‌ അറിയിച്ചതാണിത്‌.
മെഡിക്കല്‍ ഹ്യൂമാനിറ്റീസില്‍ രാജു കുന്നത്തിന്‌ ഡോക്‌ടറേറ്റ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക