Image

മത്സരം ഒഴിവാക്കാന്‍ ഫോമയിലെ മുതിര്‍ന്ന നേതാക്കള്‍

ജോയിച്ചന്‍ പുതുക്കുളം Published on 14 June, 2012
മത്സരം ഒഴിവാക്കാന്‍ ഫോമയിലെ മുതിര്‍ന്ന നേതാക്കള്‍
ന്യൂയോര്‍ക്ക്‌: ഫോമയുടെ 2012-14 കമ്മിറ്റിയിലേക്കുള്ള ജനറല്‍ ഇലക്ഷന്‌ ആഴ്‌ചകള്‍ മാത്രം നില്‍ക്കെ വിവിധ സ്ഥാനങ്ങളിലേക്കുള്ള നോമിനേഷന്‍ സമര്‍പ്പിക്കേണ്ട സമയപരിധി കഴിഞ്ഞതോടെ ചിത്രം വ്യക്തമായിരിക്കുന്നു. പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ ഫോമയുടെ രണ്ട്‌ സീനിയര്‍ നേതാക്കള്‍ മത്സരഗോദായിലേക്ക്‌ ഇറങ്ങിയിരിക്കുകയാണ്‌.

ഫൊക്കാനയിലൂടെ പ്രവര്‍ത്തനം ആരംഭിച്ച ജോര്‍ജ്‌ മാത്യു ഫൊക്കാന ജനറല്‍ സെക്രട്ടറി, ഫിലാഡല്‍ഫിയയിലെ സാംസ്‌കാരിക സംഘടനയായ `കല'യുടെ പ്രസിഡന്റ്‌, സീറോ മലബാര്‍ കാത്തലിക്‌ കോണ്‍ഗ്രസിന്റെ ഭാരവാഹി, പെന്‍സില്‍വേനിയ ഗവര്‍ണറുടെ ഏഷ്യന്‍ അമേരിക്കന്‍ ഉപദേശക സമിതി അംഗം, പ്രഗത്ഭനായ ടാക്‌സ്‌ അക്കൗണ്ടന്റ്‌ എന്നീ നിലകളിലും ജീവകാരുണ്യ രംഗങ്ങളിലും പ്രവര്‍ത്തിച്ച്‌ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്‌.

ഫൊക്കാനയിലൂടെ തന്നെ പ്രവര്‍ത്തനം ആരംഭിച്ച രാജു വര്‍ഗീസും കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍, ട്രസ്റ്റി ബോര്‍ഡ്‌ മെമ്പര്‍, സൗത്ത്‌ ജേഴ്‌സി മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌, ഓര്‍ത്തഡോക്‌സ്‌ സഭയുടെ മാനേജിംഗ്‌ കമ്മിറ്റി മെമ്പര്‍ എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുകയും ഏവരുടേയും സ്‌നേഹാദരവ്‌ നേടിയെടുക്കുകയും ചെയ്‌തിട്ടുണ്ട്‌.

രണ്ടുപേരും 2014-ലെ കണ്‍വെന്‍ഷന്‍ ഫിലാഡല്‍ഫിയയിലെ നടത്തുവാനാണ്‌ ആഗ്രഹിക്കുന്നത്‌. ന്യൂയോര്‍ക്ക്‌, ന്യൂജേഴ്‌സി, കണക്‌ടിക്കട്ട്‌, വാഷിംഗ്‌ടണ്‍ ഡിസി, മേരീലാന്റ്‌ തുടങ്ങിയ സ്റ്റേറ്റുകളില്‍ നിന്നും കുറച്ചുദൂരം മാത്രമുള്ള ഫിലാഡല്‍ഫിയയില്‍ വളരെ മനോഹരമായ കണ്‍വെന്‍ഷന്‍ നടത്തുവാന്‍ ഇരുകൂട്ടര്‍ക്കും സാധിക്കും.

സംഘടനകളുടെ സംഘടനയില്‍ ഇപ്പോള്‍ അമ്പതോളം അംഗ സംഘടനകളുണ്ട്‌. ഈ സംഘടനകളില്‍ നിന്നും അഞ്ച്‌ പ്രതിനിധികള്‍ വീതം 250-ഓളം ഡെലിഗേറ്റ്‌സുകളാണ്‌ ഫോമാ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നത്‌. ഡെലിഗേറ്റ്‌സുകളുടെ ലിസ്റ്റിന്‌ അന്തിമ രൂപമായതോടെ ജോര്‍ജ്‌ മാത്യുവും, രാജു വര്‍ഗീസും ടെലിഫോണിലൂടെയും, ഇമെയിലിലൂടെയും പ്രചാരണ പരിപാടികള്‍ക്ക്‌ തുടക്കംകുറിച്ചുകഴിഞ്ഞു.

അതേസമയം തന്നെ ഫോമയുടെ മുന്‍ സെക്രട്ടറിയായ അനിയന്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഫോമയിലെ മുതിര്‍ന്ന നേതാക്കള്‍ രണ്ട്‌ സീനിയര്‍ നേതാക്കള്‍ തമ്മിലുള്ള മത്സരം ഒഴിവാക്കാന്‍ അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുമുണ്ട്‌.
മത്സരം ഒഴിവാക്കാന്‍ ഫോമയിലെ മുതിര്‍ന്ന നേതാക്കള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക