Image

ഷാര്‍ജയില്‍ മലയാളിയെ ആക്രമിച്ച്‌ 94,680 ദിര്‍ഹം കൊള്ളയടിച്ചു

Published on 15 June, 2012
ഷാര്‍ജയില്‍ മലയാളിയെ ആക്രമിച്ച്‌ 94,680 ദിര്‍ഹം കൊള്ളയടിച്ചു
അജ്‌മാന്‍: ഷാര്‍ജ നാഷനല്‍ പെയിന്‍റിനടുത്ത്‌ മലയാളിയെ ആക്രമിച്ച്‌ ആഫ്രിക്കന്‍ വംശജനെന്ന്‌ സംശയിക്കുന്നയാള്‍ 94,680 ദിര്‍ഹം കവര്‍ന്നു. നാഷനല്‍ പെയിന്‍റിനടുത്ത്‌ കഴിഞ്ഞ 12 വര്‍ഷമായി അല്‍ സഖര്‍ കെമിക്കല്‍ ട്രേഡിങ്‌ കമ്പനി നടത്തുന്ന തൃശൂര്‍ മാള സ്വദേശി മുഹമ്മദ്‌ ബഷീറാണ്‌ കവര്‍ച്ചക്കിരയായത്‌. ബാങ്കില്‍ നിന്നും പണം പിന്‍വലിച്ച ശേഷം സമീപത്തുള്ള മറ്റൊരു ബാങ്കില്‍ നിക്ഷേപിക്കാന്‍ പോകുംവഴിയാണ്‌ സംഭവം. കവര്‍ച്ച മുന്‍കൂട്ടി ആസൂത്രണം ചെയ്‌ത മൂന്നംഗ സംഘം സമീപത്ത്‌ വാഹനം സ്റ്റാര്‍ട്ട്‌ ചെയ്‌ത്‌ നിര്‍ത്തിയിരുന്നു. ഇതില്‍ ഒരാള്‍ ബഷീറിനെ ആക്രമിച്ച്‌ കൈയിലുണ്ടായിരുന്ന പണമടങ്ങിയ പ്‌ളാസ്റ്റിക കവര്‍ പിടിച്ചുപറിക്കുകയും ഓടി വാഹനത്തിലെത്തി രക്ഷപ്പെടുകയുമായിരുന്നു. പിന്നാലെ ഓടിയ ബഷീറിന്‌ വാഹനത്തില്‍ കയറാന്‍ കഴിഞ്ഞെങ്കിലും കവര്‍ച്ചാസംഘം മര്‍ദിച്ച്‌ പുറത്തിട്ട്‌ കടന്നു.

വ്യാഴാഴ്‌ച രാവിലെ 10.20ഓടെയായിരുന്നു സംഭവം. അബൂദബി ഇസ്ലാമിക്‌ ബാങ്കില്‍നിന്നും പണം പിന്‍വലിച്ച്‌ സമീപത്തുള്ള ദുബൈ ഇസ്ലാമിക്‌ ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുപോകുകയായിരുന്നു ബഷീര്‍. ഇദ്ദേഹത്തിന്‍െറ സ്ഥാപനത്തിലേക്ക്‌ ആവശ്യമായ കെമിക്കല്‍ മെറ്റീരിയല്‍സ്‌ നല്‍കുന്ന സ്ഥാപനത്തിന്‌ കൊടുക്കേണ്ട പണമാണ്‌ നഷ്ടപ്പെട്ടത്‌. സഹായം അഭ്യര്‍ഥിച്ചെങ്കിലും ഭയം കാരണം ആരും എത്തിയില്ലെന്ന്‌ ബഷീര്‍ പറയുന്നു. ബഹളത്തിനിടെ വാഹനത്തിന്‍െറ നമ്പര്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞതുമില്ല. ഷാര്‍ജ ഇന്‍ഡസ്‌ട്രിയല്‍ ഏരിയയിലെ പൊലീസ്‌ സ്‌റ്റേഷനില്‍ പരാതി കൊടുത്തിട്ടുണ്ട്‌.
ബാങ്കുകളില്‍ നിന്ന്‌ പണവുമായി ഇറങ്ങുന്നവരെ നിരീക്ഷണം നടത്തിയാണ്‌ മോഷ്ടാക്കള്‍ പദ്ധതി ആസൂത്രണം ചെയ്യുന്നത്‌. മൂന്നാഴ്‌ച മുമ്പ്‌ ഇതുപോലുള്ള മോഷണം നടത്തിയ സംഘത്തെ ദുബൈ പൊലീസ്‌ പിടികൂടിയപ്പോള്‍ വാഹനത്തിനകത്തുനിന്നും വില കൂടിയ ബൈനോക്കുലര്‍ കണ്ടെത്തിയിരുന്നു. മോഷ്ടാക്കള്‍ ഉപയോഗിച്ച വാഹനത്തിന്‍െറ നമ്പര്‍ വ്യാജമായിരുന്നു.

ബാങ്കിലേക്ക്‌ കൊണ്ടുപോകുന്ന പണ കൊള്ളയടിക്കപ്പെടുന്നത്‌ പതിവായ സാഹചര്യത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളും വന്‍ ബിസിനസ്‌ ഗ്രൂപുകളും പണം ഓഫിസുകളില്‍നിന്ന്‌ ശേഖരിച്ച്‌ ബാങ്കുകളില്‍ സുരക്ഷിതമായി എത്തിക്കുന്ന കമ്പനികളെ ആശ്രയിച്ചിരിക്കുകയാണ്‌. മോഷ്ടാക്കളുടെ ആക്രമണം പ്രഹരമേല്‍പ്പിക്കാത്ത വാഹനവും പരിശീലനം ലഭിച്ച ജീവനക്കാരെയുമാണ്‌ ഇതിനായി നിയോഗിക്കുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക