Image

ഇണ ചോരുമ്പോള്‍(കഥ :ജോണ്‍ വേറ്റം)

ജോണ്‍ വേറ്റം Published on 27 January, 2021
ഇണ ചോരുമ്പോള്‍(കഥ :ജോണ്‍ വേറ്റം)
സജി സന്തോഷത്തോടെ ഭാര്യയെ നോക്കി. അവള്‍ പൂര്‍വ്വാധികം ആരോഗ്യമുള്ളവളും സുന്ദരിയുമായിരിക്കുന്നു. തന്നെ ആകര്‍ഷിച്ച കണ്ണും കുളിര്‍കിനവ് നല്‍കിയ മന്ദഹാസവും ഇപ്പോഴും വശ്യമായിരിക്കുന്നു! അനുരാഗം അടുപ്പിച്ച രണ്ട് ആത്മാവുകള്‍. ആവശ്യബോധം ആശീര്‍വ്വദിച്ച ബന്ധം! സംതൃപ്തിയിലാരംഭിച്ച മധുരിതജീവിതം! ധനികതയല്ല, സ്വച്ഛന്ദമായ കുടുംബമായിരുന്നു ലക്ഷ്യം. അപ്രതീക്ഷിതഭാഗ്യം മുന്നില്‍വന്നുവിളിച്ചപ്പോള്‍; ഉപദേശങ്ങള്‍ നിര്‍ബന്ധിച്ചപ്പോള്‍, ഉള്ളം നൊന്തുവെങ്കിലും വേര്‍പെടുകയായിരുന്നു. സമ്പന്നതയിലേക്ക് വഴിയൊരുക്കിയ ആ ജീവനം ഇന്ന് വിദേശഭൂമിയില്‍ പുനരാരംഭിച്ചു!

പണ്ടേപ്പോലെ, കെട്ടിപ്പിടിച്ചുകിടന്നു കാര്യം പറയാന്‍ തിടുക്കം. അതറിഞ്ഞിട്ടും, മകന്റെയും മകളുടെയും ഇടയില്‍ 'റിബേക്ക' കിടന്നു. മക്കളുറങ്ങുമ്പോള്‍ അവള്‍ വന്നു കൂടെക്കിടക്കുമെന്നു കരുതി ഏറെനേരം ഉറങ്ങാതെ കിടന്നു. പിന്നെ, തളര്‍ന്ന കണ്ണ് താനേ അടഞ്ഞു. യാത്രാക്ഷീണം!

പിറ്റേന്ന്, വൈകുന്നേരത്ത് അയല്‍വാസി ഉസ്മാനും ഭാര്യ ഹജിര യും വന്നു. അയാളൊരു കമ്പനി മാനേജരും ഭാര്യ വീട്ടമ്മയുമാണെന്നു റിബേക്ക പരിചയപ്പെടുത്തി. സഹായസഹകരണങ്ങള്‍ വാഗ്ദാനം ചെയ്തിട്ട് അവര്‍ മടങ്ങി.

ആഴ്ചകള്‍ കൊഴിഞ്ഞപ്പോള്‍, റിബേക്കയുടെ പണ്ടത്തെ പെരുമാറ്റത്തിനും സ്വഭാവത്തിനും  മാറ്റമുണ്ടായെന്ന് സജിക്ക് മനസ്സിലായി. കഷ്ടതയനുഭവിച്ചവരെ സഹാനുഭൂതിയോടെ സഹായിച്ചവള്‍, എളിമയോടും ബഹുമാനത്തോടെയും സംസാരിക്കയും പാകതയോടെ പെരുമാറുകയും ചെയ്തവള്‍ക്ക് പുതുശീലം. വിദേശവാസവും പരിഷ്‌കാരവും അവളെ മാറ്റി. അര്‍ഹതയുള്ള ബന്ധിക്കളെപ്പോലും സഹായിക്കാന്‍ സന്മനസ്സില്ല. അദ്ധ്വാനിച്ചുണ്ടാക്കുന്ന ധനം മക്കള്‍ക്കുള്‌ളതാണെന്നും, അത് അന്യന് കൊടുത്തിട്ട് പകരം നന്ദികേട് വാങ്ങരുതെന്നുമാണ് അവളുടെ തീരുമാനം. എപ്പോഴുമൊരു അഹംഭാവം. ക്രമേണ, അവരുടെ ആഗ്രഹങ്ങളും അഭിപ്രായങ്ങളും ആവശ്യങ്ങളും ഭിന്നിച്ചു. ഏതൊരു കുടുംബത്തിന്റെയും നിലനില്‍പ് ധനം വേണ്ടതിനാല്‍, സാധ്യമായ ജോലിചെയ്യാന്‍  സജി സന്നദ്ധനായി. എന്നാല്‍, റിബേക്കയുടെ നിര്‍ദ്ദേശം തടഞ്ഞു. 'അന്തസ്സില്ലാത്ത പണിക്കുപോയി എന്നെ നാണംകെടുത്തരുത്. നല്ലൊരു ജോലികിട്ടിയില്ലെങ്കില്‍, പിള്ളാരെയും നോക്കി ഈ വീട്ടില്‍ കുത്തിയിരുന്നാമതി' എന്നായിരുന്നു നിര്‍ദ്ദേശം. അവളുടെ അന്തസ്സിനുചേര്‍ന്ന ഉദ്യോഗമെന്തെന്ന് ചോദിച്ചു ശണ്ഠയുണ്ടാക്കണ്ടായെന്നു വിചാരിച്ചു സജി മിണ്ടിയില്ല. കടകളിലും ഗ്യാസ്സ്‌റ്റെഷനുകളിലും അയാളെ വിളിച്ചിട്ടും ഭാര്യ വിട്ടില്ല.

വണ്ടിക്കൂലിക്കും സിഗരറ്റ് വാങ്ങാനും ഭാര്യയെ ആശ്രയിക്കേണ്ടിവന്നപ്പോഴുണ്ടായ വിഷമം മനസ്സിലൊതുക്കി. അവളുടെ, നിയന്ത്രണവും നിര്‍ദ്ദേശങ്ങളും പലപ്പോഴും ചൊടിപ്പിച്ചു. അലസ്സനായി ഒരു തൊഴിലന്വേഷിച്ചു നടന്നിട്ടും കാര്യസ്ഥയുടെ പദവിക്കുപറ്റിയ പണിയൊന്നും കിട്ടാഞ്ഞതിനാല്‍ സജി നിരാശനായി. സ്വദേശത്ത് മടങ്ങിയെത്തണമെന്നും വിചാരിച്ചു. പത്ത് മാസം കഴിഞ്ഞപ്പോള്‍, സര്‍ക്കാര്‍ജോലിക്ക് വിളിച്ചു. 'കൊറഞ്ഞ ശമ്പളത്തിലുള്ള പണിക്ക്‌പോകണ്ടാ' എന്ന് അപ്പോഴും റിബേക്ക പറഞ്ഞു. അരിശം വന്നെങ്കിലും, സജി മിണ്ടിയില്ല. നിയമനം വാങ്ങി. കാറില്‍ സഞ്ചരിച്ചാല്‍, ജോലിസ്ഥലത്തെത്താന്‍ മുക്കാല്‍ മണിക്കൂര്‍ മതിയാകും. എന്നാല്‍, കാറ് ഉപയോഗിക്കുവാനുള്ള അനുവാദം ഭാര്യ കൊടുത്തില്ല. അതുകൊണ്ട്, ബസും ബോട്ടും ട്രെയിനും മാറിമാറിക്കയറി, രണ്ട് മണിക്കൂര്‍ നേരം യാത്രചെയ്ത് ജോലിക്കുപോയി. സ്ഥിരം തൊഴിലും ശമ്പളവും ലഭിച്ചപ്പോള്‍ സജി സന്തോഷവാനായി.

കുടുംബഭരണവും മക്കളും റിബേക്കയുടെ നിയന്ത്രണത്തിലായിരുന്നു. മലയാളത്തില്‍ ഒന്നും പറയരുതെന്നും വീട്ടിലും ഇംഗ്ലീഷില്‍ സംസാരിക്കണമെന്നും അവള്‍ കുട്ടികളെ ഉപദേശിച്ചു. അതും സജിക്കു അരോചകമായി. അയാള്‍ മലയാളത്തിലും ഭാര്യ ഇംഗ്ലീഷിലും കുഞ്ഞുങ്ങളോട് സംസാരിച്ചു.

അടുത്ത ബന്ധുക്കളെപ്പോലെയായിരുന്നു ഉസ്മാന്റെ കുടുംബവുമായുള്ള അയല്‍ബന്ധം. ഹജിര മിതഭാഷിയും സുന്ദരിയുമായിരുന്നു. കടിഞ്ഞൂല്‍പുത്രി ജനിച്ചപ്പോള്‍ ജോലി ഉപേക്ഷിച്ചു. എപ്പോഴും, പ്രസന്നമായിരുന്നു അവളുടെ മുഖം. എങ്കിലും, ക്രമേണ ആത്മശക്തിയും സമചിത്തതയും കുറഞ്ഞു. ആത്മാര്‍ത്ഥവും വിനീതവുമായിരുന്ന ഊഷ്മളസൗഹൃദം തണുത്തു. വികാരാവേശത്തോടെ സംസാരിച്ചവള്‍ വിഷാദമൂകയായി! അപ്പോഴും, സ്‌നേഹം നിമിത്തമെന്നു തോന്നുംവിധം, സജിയെ കാണുമ്പോള്‍ മന്ദഹസിക്കുമായിരുന്നു. അയാളോട് കുശലം പറയാന്‍ താല്‍പര്യം. ദാമ്പത്യത്തെയും കുടുംബസമാധാനത്തെയും വികലമാക്കുന്ന പ്രവര്‍ത്തിയും പൊതുപ്രവര്‍ത്തനങ്ങളും പാടില്ലെന്നുവിചാരിച്ചു കരുതലോടെ ജീവിച്ച സജി സഹോദരിയെപ്പോലെയാണ് അവളെ കരുതിയത്.

ആകസ്മികമായി തുണിക്കടയില്‍ പരസ്പരംകണ്ടു. സജിയുടെ അരികിര്‍ ഹജിര ചെന്നുനിന്നു. പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു:  എനിക്കൊരു കാര്യം പറയാനുണ്ട്. രഹര്യമാണ്. മറ്റാരുമറിയേണ്ടതല്ല. സൗകര്യമുള്ളപ്പോള്‍ വിളിക്കുണം. മറക്കരുത്. മറ്റൊന്നും പറയാതെ, അവള്‍ പോയി. സജി അതിശയിച്ചു! 

അപ്രതീക്ഷിതമായൊരഭ്യര്‍ത്ഥന. രഹസ്യകാഴ്ചക്കുള്ള ക്ഷണം. അത് എന്തിനായിരിക്കും? എന്നെ ഇഷ്ടപ്പെടുകയും വിശ്വസിക്കുകയും ചെയ്യുന്നുവെന്നല്ലേ അതിന്റെയര്‍ത്ഥം? അവള്‍ക്കൊരു ഭര്‍ത്താവുണ്ട്. സല്‍സ്വഭാവിയും സുന്ദരനുമായ പുരുഷന്‍. അയാല്‍ക്ക് അറിയാവുന്ന വിഷയമോ? അയാള്‍ അറിയരുതാത്തകാര്യമോ? അവ എന്തുതന്നെയാണെങ്കിലും എന്നേയെന്തിന് അറിയിക്കണം? 

ഒരയല്‍വാസിയെന്നതില്‍കവിഞ്ഞ് അവളോട് ബന്ധവുമില്ല. സ്വസ്ഥതക്ക്, തന്റെ ജീവിതമുറയനുസരിച്ച് ജീവിക്കുന്നു. അങ്ങനെയാണെങ്കിലും, സഹായത്തിനു സമീപിക്കുന്ന അയല്‍ക്കാരിയെ അവഗണിക്കാമോ? ഏതുനേരത്തും അടിയന്തിരാവശ്യം ആര്‍ക്കുമുണ്ടാവാം. വാസ്തവമറിയാനുള്ള വലിയ ആകാംക്ഷയുണ്ടായെങ്കിലും, ഹജിരയെ സജി വിളിച്ചില്ല.
ഉസ്മാന്റെ വീടിന്റെ മുന്‍വശത്തുള്ള ജാലകത്തിലൂടെ നോക്കിയാല്‍; ഇടത്തും വലത്തുമുള്ള വീടുകളില്‍ വന്നുപോകുന്നവരെയും, ഇടംവലം ഓടുന്ന വാഹനങ്ങളെയും കാണാം. തെക്കടുത്ത വീട് സജിയുടെതാണ്. രാവിലെ, റിബേക്ക എവിടെയോ പോകുന്നത് ഹജിര കണ്ടു. പെട്ടെന്ന്, വീടുവിട്ടിറങ്ങി. സജിയുടെ വീട്ടുവാതില്‍ക്കല്‍ ചെന്നു. കാളിംഗ്‌ബെല്‍ അമര്‍ത്തി. സജിവാതില്‍തുറന്നു. സ്വീകരണമുറിയിലേക്ക് ഹജിരയെ വിളിച്ചു. എങ്കിലും, അവള്‍ വെളിയില്‍ നിന്നതേയുള്ളൂ. ആരുമറിയാതെ കുറേക്കാലം ഹൃദയത്തിന്റെ ആഴത്തില്‍ സൂക്ഷിച്ച, സജിയോടുമാത്രം പറയാന്‍ കൊണ്ടുനടന്ന ഏകസംഗതി, ഗദ്ഗദത്തോടെ അവള്‍ പറഞ്ഞു. അത് ഉസ്മാനെ അറിയിക്കരുതെന്നും അപേക്ഷിച്ചിട്ട് അവള്‍ പോയി. സജിയുടെ വികാരങ്ങലിളകി! മര്‍മ്മത്ത് അടിയേറ്റവനെപ്പോലെ, തളര്‍ന്നിരുന്നു. ഭാവിയെക്കുറിച്ച് ആശങ്കയുളവാക്കുന്നൊരു സന്ദേശം.

ഒരു വിലയേറിയ സൗഹൃദത്തിന്റെ സാന്ത്വനീയസ്വനമല്ല കേട്ടത്. അന്നോളമുണ്ടായ അനുഭവപരിചയത്തിന്റെ വ്യാപ്തിയില്‍ ഇതുപോലൊരു മാര്‍ഗ്ഗനിര്‍ദ്ദേശം കേട്ടിട്ടില്ല. അതിലൊരുമൂര്‍ച്ചയുള്ള മുന്നറിയിപ്പുണ്ട്. അഭിഭാനക്ഷതമുണ്ട്. സംശയവാദമുണ്ട്. സങ്കടവികാരമുണ്ട്. നേര്‍ച്ചയും പ്രാര്‍ത്ഥനയുംകൊണ്ട് അഴിക്കാനാവാത്തൊരു ബന്ധനമുണ്ട്. പ്രഹരശേഷിയുള്ളൊരു സമരശൈലിയുമുണ്ട്. പക്ഷേ കേട്ടത് ശരിയോ? എങ്ങനെ വിശ്വസിക്കാതിരികക്ും. എങ്ങനെയെങ്കിലും, സത്യമറിയണം. ചെയ്യേണ്ടത് ഉപകാരമോ ഉപദ്രവമോയെന്നു തിട്ടപ്പെടുത്തണം. അതിനൊരു കൂട്ട് വേണം പക്ഷേ, ആര് എന്നെ സഹായിക്കും? ഉണ്ണുന്ന ചോറിനെ സംശയിക്കേണ്ട നേരത്ത് ആരെ വിശ്വസിക്കാം. സംഭ്രമം വര്‍ദ്ധിച്ചു. ആലോചിച്ചു.

ഖേദം മറച്ച്, മക്കളോടും ഭാര്യയോടും അയാള്‍ സംസാരിച്ചു. ഉല്‍കണ്ഠനിറഞ്ഞ ദിനരാത്രങ്ങള്‍. ഒന്നുംചെയ്യാന്‍ കഴിയാത്തോരവസ്ഥ. നിസ്സഹായതയാല്‍ വെറുപ്പും വിദ്വേഷവും! വഴിമുട്ടിയ നേരം. ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചാലേ ഉദ്ദിഷ്ടകാര്യം സാധിക്കൂ എന്ന് ഹജിരയെ അറിയിച്ചു. സഹായിക്കാമെന്ന് അവള്‍ സമ്മതിച്ചു.
ഉസ്മാന്റെ പ്രവൃത്തികളും, ടെലിഫോണ്‍ സന്ദേശങ്ങളും, പരിപാടികളും ഹജിര പരിശോധിച്ചു. എവിടെയെല്ലാം പോകുന്നുവെന്ന് അന്വേഷിച്ചു. കിട്ടിയവിവരങ്ങള്‍ സജിയെ അറിയിച്ചു. അത് ഒറ്റും വിശ്വാസവഞ്ചനയുമാണെന്ന് ഓര്‍ത്തില്ല. വേര്‍പെടാതിരിക്കാനുള്ള മാര്‍ഗ്ഗമെന്നുമാത്രം വിചാരിച്ചു. ഒരു ശിക്ഷക്കും പ്രതികാരത്തിനുമല്ലായിരുന്നു. സംശയിക്കപ്പെടുന്ന ഒരവിഹിതബന്ധത്തിന്റെ രൂപവും ഭാവവും കണ്ടെത്തണമായിരുന്നു. എങ്കിലും, ചെയ്തത് അവിവേകമെന്നു തോന്നി. മറക്കാനും മാപ്പുകൊടുക്കാനും ഭാര്യക്ക് കഴിയണം. അവളുടെ സ്‌നേഹവും സന്തുഷ്ടിയും സുലഭമാകമം. അതില്‍ ത്യാഗമുണ്ടായിരിക്കണമെന്നും അവള്‍ മനസ്സിലാക്കി. എപ്പോഴെങ്കിലും സജിയുടെ അയല്‍സ്‌നേഹം വറ്റുകയും അയാളുമായുള്ള രഹസ്യസമ്പര്‍ക്കം പരസ്യമാവുകയും ചെയ്താല്‍, കുടുംബഭദ്രത തകരുമെന്നുകരുതി ഭയന്നു! സജിയുടെ സത്യസന്ധതയില്‍ വിശ്വാസമുണ്ടെങ്കിലും നീളുന്നോരാശങ്ക! മനസ്സുറപ്പിനുവേണ്ടി വീണ്ടും അയാളെ സമീപിച്ചു. രഹസ്യം സൂക്ഷിക്കപ്പെടുമെന്ന മധുരവാക്ക് കേട്ടു മടങ്ങി. എന്നിട്ടും, കുറ്റബോധവും സംശയവും തമ്മിലൊരു മല്‍പിടുത്തം. നെഞ്ചിനുള്ളില്‍ പുകച്ചില്‍.

അന്യോന്യം കീഴ്‌പ്പെട്ടിരിക്കേണ്ടവരാണ് ദമ്പതികള്‍. ആത്മീയ ഭക്ഷണം കഴിച്ചും ആത്മനിയന്ത്രണം പാലിച്ചും ജീവിക്കേണ്ടവര്‍. എന്നുവരികിലും, സ്‌നേഹം വാര്‍ന്നുപോവുകയും  വിശ്വാസത്തിന്റെ വേരുകള്‍ അറ്റുപോവുകയും ചെയ്യുമ്പോള്‍, പ്രതികാരമെന്ന പോലെ, വ്യഭിചാരത്തിലേക്ക് പോകുന്നവരുണ്ടെന്നും അവര്‍ വശീകരിക്കയും വഞ്ചിക്കയും ചെയ്യുമെന്നുമറിയാം. അനങ്ങുന്തോറും മുറുകുന്ന ബന്ധനത്തിലായെന്ന ധാരണ സജിക്കുണ്ടായി. കാര്യക്ഷമതയുള്ളൊരു ഉപദേശത്തിന്, ആരേയും സമീപിക്കാനുമാവില്ല. അരുതാത്ത ആശയവിനിമയം ആപത്താണ്. ഹജിരയുടെ ആവലാതിയാല്‍ ഉള്ളംവിങ്ങുന്നു. വിരസമായ രാപകലുകള്‍.
സജി അന്യപ്പെടുന്നതും മൗനിയായതും കണ്ടു റിബേക്ക ചോദിച്ചു: ഈയിടെയായിട്ട് നിങ്ങക്കെന്താ ഒരു മൂശേട്ട? മറുപടി പറയരുതെന്നു വിചാരിച്ചിട്ടും, ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ അയാള്‍ പറഞ്ഞു: നിന്നെ കാണുമ്പോഴുണ്ടാകുന്ന   തന്തോയമാ മൂശേട്ടയല്ല.'
ഈ കോറുവാ പറായാനിപ്പോഴെന്തുപറ്റി? '
എന്നെക്കൊണ്ട് പറയിക്കണോ? നാറുന്നത് നക്കുന്നത് നായിക്കളാ. ആ നാണംകെട്ടവര്‍ഗ്ഗം മനുഷ്യരിലുമുണ്ട്. എന്റെ നാവിലിപ്പോഴൊരു താഴുണ്ട്. അതുകൊണ്ട്, കൂടുതലൊന്നും പറയുന്നില്ല. '

'കൊച്ചാക്കാതേം കൊള്ളിവെക്കാതേം കാര്യം വല്ലതുമൊണ്ടേലങ്ങു തൊറന്നുപറ.'
'എന്റെ മക്കളെ ഓര്‍ത്തിപ്പോഴൊന്നും പറയുന്നില്ല.'
റിബേക്ക കോപിച്ചു. ഉച്ചത്തില്‍പറഞ്ഞു: മക്കളെ പെറ്റതു ഞാനാ. ഒരു കാര്യം പറഞ്ഞേക്കാം, ഇതമേരിക്കയാ. കൊമ്പ്കുലുക്കിയാലിവിടെ ചോദിക്കാനാളുണ്ട്. നിങ്ങളുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ട തുക കുടുക്കാഞ്ഞതില്‍ പരിഭവമുണ്ടെന്നെനിക്കറിയാം. എത്രപേരേ സഹായിക്കണം! ഇവിടെ കടം വാങ്ങി മേടിച്ച ഒരു വീടും ഒരു കാറുമുണ്ട്. കഷ്ടപ്പെടുന്നത് കാണാനാരുമില്ല. ആര്‍ക്കും സ്‌നേഹവും വിശ്വാസവുമില്ലാതാവുമ്പോള്‍ വെറുപ്പുണ്ടാവും.'
സജിക്കും ദേഷ്യംവന്നു. ചാടിയെണീറ്റു. ഉറക്കെപ്പറഞ്ഞു: ഞാനൊരു മണ്ടനാടീ, മൂധേവീ, തൊണ്ട പഴുത്താല്‍ തുപ്പണം. പക്ഷേ,  ഞാനത് വിഴുങ്ങുന്നു. നിന്റെ നാക്ക് വലിച്ചൂരാനും നടുവ് ചവുട്ടിഒടിക്കാനുമെനിക്കറിയാം. ഇപ്പഴത് ചെയ്യുന്നില്ല. രണ്ട് വര്‍ഷം നീയവിടെ ഒറ്റക്കല്ലേ താമസിച്ചത്?

അതുകൊണ്ട്, ഇപ്പഴെന്തുപറ്റി? എന്നെ മൊരടനക്കിപേടിപ്പിക്കണ്ട, കാണിച്ചതൊക്കെ മതി. ഇഷ്ടമല്ലെങ്കി ഇട്ടേച്ചങ്ങുപോണം. നിങ്ങളത്ര വലിയ പുണ്യവാളനൊന്നുമല്ല. എനിക്കുമറിയാം ഇത്തിക്കാര്യം. വടക്കേലെ മേത്തച്ചിയെ കാണുമ്പോ നിങ്ങക്കെന്തിനാ ഒരു ശ്രിംഗാരം? ഒരു കൊഴച്ചില്? മിനിഞ്ഞാന്ന് അവളെന്തിനാ  ഇവിടെ വന്നത്? വല്ലതും മനസ്സിലുണ്ടെങ്കിലതങ്ങ് കളഞ്ഞേര്. ഇപ്പഴും തൊട്ടു തൊടുവിച്ചും കുറെ നടന്ന മനുഷ്യനെന്നേ ഇപ്പോള്‍ കാണുമ്പോഴൊരു ഓക്കാനം. ഒരു തുറിച്ചുനോട്ടം. എനിക്കൊന്നും മനസ്സിലാകുന്നില്ല. അത് കേട്ടിട്ടും, കേള്‍ക്കാത്തപോലെ, സജി മുറ്റത്തേക്ക് നടന്നു.
ഒച്ചവച്ചുള്ള വാഗ്വാദം നിലച്ചത് നല്ലതെന്ന് അയാള്‍ക്ക് തോന്നി. എങ്കിലുമൊരു നൊമ്പരം! സ്വയം പറഞ്ഞു: ഞാനിനി ഉള്ളതും ഇല്ലാത്തതും അവള്‍ക്കൊരുപോലെ.' മുങ്ങിത്തപ്പിയാല്‍ മുത്ത് ; കരക്കടിഞ്ഞാല്‍ കക്ക!' അന്നുവരെ, സ്‌നേഹദായകനായി ഉന്മേഷത്തോടെ നയിച്ച ജീവിതം തുടരാനാവില്ലെന്നൊരു തോന്നല്‍.
രാത്രി ഏഴ് മണിയായപ്പോള്‍, റിബേക്ക ജോലിക്ക്് പോയി. അവള്‍ക്ക് രാത്രിജോലിയാണ് ഇഷ്ടം. ജോലിക്കുറവും ശമ്പളക്കൂടുതലുമുണ്ടത്രേ. തടഞ്ഞുനിര്‍ത്താനാവാതെ, നേരം നേരേ പോകുന്നു. ഭാര്യയുടെ വാക്കുകള്‍ മനസ്സില്‍ മുള്ളുകളായി. വെറുപ്പോടെ സജി പറഞ്ഞു: സ്ത്രീ അവസരത്തിനടിമയാകും. വശീകരിക്കപ്പെടും. അവളില്‍ ആദ്യം മോഹം നിറച്ചതും അനുഭവിച്ചതും ചെകുത്താനാണ്. ആ പാപം തലമുറകളിലൂടെ ഒഴുകുന്നു. ചില പുരുഷന്മാര്‍ പിശാചുക്കലാണ്. ആദ്യസന്തതി-കയീന്‍-ദുഷ്ടനില്‍നിന്നുള്ളവനായി എന്നാണല്ലോ വേദവചനം. അവന്റെ സന്തതികള്‍ ഭൂമിയില്‍. ജനസമൂഹത്തിലുണ്ട്. നിഷ്‌ക്കളങ്കരായ സ്ത്രീകളെ നിഷ്‌ക്കരുണം ചതിക്കുന്ന തെമ്മാടികള്‍.'
ആംബുലന്‍സിന്റെ ആര്‍ത്തനാദം കേട്ടു സജി ഞെട്ടിയുണര്‍ന്നു. പാതിരാ നേരം. ജാലകം തുറന്നു. ഉസ്മാന്റെ വീടിന്റെ മുന്നില്‍ ആംബുലന്‍സും പോലീസും. 

അഗ്നിശമനവാഹനവും വന്നു. ഹജിരയെ കിടക്കയിലെടുത്ത് ആംബുലന്‍സില്‍ കയറ്റി. കൈവിലങ്ങ് വച്ച് ഉസ്മാനെ ഒരു കാറിലും, അയാളുടെ മകളെ മറ്റൊരുകാറിലും കയറ്റി പോലീസും ഓടിച്ചുപോയി. എന്ത് സംഭവിച്ചുവെന്നറിയാതെ, സജി അസ്വസ്ഥനായി. ഉസ്മാനെ പോലീസ് അറസ്റ്റു ചെയ്തതിനാല്‍ തീര്‍ച്ചയായും ഗൗരവമേറിയതെന്തോ ഉണ്ടായിട്ടുണ്ടെന്ന് വിശ്വസിച്ചു. ഹജിരയുടെ അവസ്ഥ എന്തെന്നറിയാനുള്ള വലിയ ആകാംക്ഷ. അസ്വസ്ഥതയും, ഭീതിയും അയാളെ ഉറക്കിയില്ല. വഴിതെറ്റുന്ന ചിന്തകള്‍.
രാവിലെ റിബേക്ക വന്നപ്പോള്‍, അവളോട് ഒന്നും പറയാതെ, സജി വീടുവിട്ടിറങ്ങി. തുണിക്കടയിലും ബാങ്കിലും കയറി. കാറ് ഓടിച്ചപ്പോള്‍ റേഡിയോ വാര്‍ത്തകള്‍ കേട്ടുകൊണ്ടിരുന്നു. ഉച്ചക്ക്, പരിചിതനായ മലയാളിയുടെ കടയില്‍ ചെന്നു. അപ്പോള്‍, തലേ രാത്രിയിലുണ്ടായ അത്യാഹിതത്തെപ്പറ്റി സംസാരിക്കുന്നത് കേട്ടു. ആ സ്ത്രീ സ്വയം വെടിവച്ചതാണെന്നും ഭര്‍ത്താവ് വെടിവച്ചെന്നും രണ്ടഭിപ്രായങ്ങള്‍. മല്‍പ്പിടുത്തത്തിനിടയില്‍ വെടിപൊട്ടിയതാണെന്നും ആരോ പറഞ്ഞു. തട്ടിപ്പോകുമത്രേ. അരിശംമൂത്ത് കൊല്ലുകേം ചാവുകേം ചെയ്യുന്നതിന് കണക്കും കയ്യുമില്ലെന്നായി. ' അത് കേട്ടെങ്കിലും, ഒന്നും ചോദിക്കാതെ സജി കാറിനുള്ളില്‍ കയറിയിരുന്നു. വിഷണ്ണനും ചകിതനുമായി. ഒരു കേസുണ്ടാകുമെന്നും, ഏറെക്കുറെ സാക്ഷിമൊഴിക്കെങ്കിലും വിളിക്കുമെന്നും, ആരും അറിയരുതാത്ത കാര്യങ്ങള്‍ പരസ്യമാകുമെന്നും വിചാരിച്ചു ഭീതനായി. അതെല്ലാമെങ്ങനെ ഒഴിവാക്കാമെന്ന് ചിന്തിച്ചു. സമയം പോക്കാന്‍, ലക്ഷ്യമില്ലാതെ ഏറെനേരം കാറോടിച്ചു. പിറ്റേന്ന് സ്വദേശത്തേക്ക് പോകണമെന്ന തീരുമാനത്തോടെ വീട്ടിലെത്തി. റിബേക്കയോട് ഒന്നും പറയരുതെന്നും തീരുമാനിച്ചു.
സജിയെ കണ്ടപ്പോള്‍, സ്വല്പ ദേഷ്യത്തോടെ, ഭാര്യ ചോദിച്ചു: ഇന്നിത്രനേരാം എവിടാരുന്നു? നമ്മുടെ അയലത്തുണ്ടായൊരു കാര്യം കണ്ടിട്ടും അതേപ്പറ്റി എന്നോടൊരു വാക്ക് പറയാതെ പോയല്ലോ. കള്ളുകുടിച്ചും ചീട്ടുകളിച്ചും പെണ്ണുങ്ങളെ ഉപദ്രവിച്ചും വീട് നശിപ്പിക്കുന്നവര്‍ക്ക് കൂട്ടുചേരാന്‍ വിടാഞ്ഞതുകൊണ്ട് ഞാന്‍ നിങ്ങക്ക് ദോഷിയായി. സ്വന്ത ഭര്‍ത്താവിനെപ്പറ്റി അന്യരോട് പരാതി പറയുന്നവളേയാ നിങ്ങക്കിഷ്ടം.'
സജി വീണ്ടും അസ്വസ്ഥനായി. ഹജിര മരിച്ചുവൊ എന്നറിയാനുള്ള വ്യഗ്രത ഉണ്ടായെങ്കിലും മൗനിയായി. റിബേക്ക ശാന്തതയോടെ പറഞ്ഞു: ഉദ്യോഗമുപേക്ഷിച്ചു വീട്ടിലിരിക്കുന്ന പെണ്ണിങ്ങള്‍ക്കുണ്ടാകുന്ന മനപ്രയാസം ഹജിരാക്കുമുണ്ടായി. വേളുപ്പാന്‍കാലത്ത് വീട് വിട്ടിറങ്ങുന്ന ഭര്‍ത്താവ് രാത്രിയില്‍ വരും. മോള് സ്‌ക്കൂളില്‍ പോയാപ്പിന്നെ തള്ള ഒറ്റക്കാവും. ഭര്‍ത്താവിന് പരസംഗമുണ്ടെന്ന് അവള്‍ പലരോടും പറഞ്ഞു. അവളെ കണ്ടാല്‍ മാനസിക രോഗമുണ്ടെന്ന് ആരെങ്കിലും പറയുമോ?' സജി ദേഷ്യത്തോടെ ചോദിച്ചു: നീയിതൊക്കെ എങ്ങനറിഞ്ഞു? മനുഷ്യര്‍ മരിച്ചുകഴിയുമ്പോളുണ്ടാക്കുന്ന വാര്‍ത്തകളെല്ലാം ശരിയാകണമെന്നില്ല. പണ്ടേ നിനക്കുള്ളതാകേക്കുന്നത് പെരുപ്പിച്ചു പറയുന്ന സ്വഭാവം.'

റിബേക്ക തറപ്പിച്ചു പറഞ്ഞു: ഞാന്‍ പറഞ്ഞത് സത്യമാ. എന്റെ കൂട്ടുകാരി ജോലിചെയ്യുന്ന എയര്‍വ്യൂ ഹോസ്പിറ്റലിലാ ഇന്നലെ അവളെ കൊണ്ടുപോയത്. തള്ള തന്നത്താന്‍ വെടിവെച്ചതാണെന്ന് അവളുടെ മോള് തന്നയാ മൊഴികൊടുത്തത്. അതൊരുഭാഗ്യം.'
'എന്ത് സംഭവിച്ചെന്ന് നീ പറഞ്ഞില്ല. സജി കോപത്തോടെ പറഞ്ഞു.
ജോലികഴിഞ്ഞ് തളര്‍ന്ന് വീട്ടിലെത്തുമ്പോള്‍, ഭാര്യ കുറ്റപ്പെടുത്തുകേം പരാതിപ്പെടുകേ ചെയ്താല്‍ ദേഷ്യം വരില്ലേ? അവര് തമ്മില്‍ തര്‍ക്കമുണ്ടായപ്പോള്‍ അവള്‍ തന്നത്താന്‍ ചാകാനൊരുങ്ങിയത്രേ. അന്യര് പറയുന്നത് കേട്ട്, ഭാര്യെ സംശയിക്കയും, തല്ലിച്ചതക്കയും, ഉപേക്ഷിക്കയും, കൊല്ലുകേം ചെയ്യുന്ന ദുഷ്ടന്മാരുണ്ടല്ലോ. ഉസ്മാന്‍ അത്തരക്കാരനല്ലെന്നാ കേട്ടത്.

'സജി സഹതാപത്തോടെ പറഞ്ഞു: ഇത് സംഭവിക്കരുതായിരുന്നു. എങ്ങനായാലും, അവരുടെ മോള്‍ക്ക് അമ്മയില്ലാണ്ടായി!'
അങ്ങനൊരു ദുഃഖം ആ കുഞ്ഞിന് ദൈവം കൊടുത്തില്ല.'
അതെന്താ?'
മരിച്ചെന്നും മരിച്ചുപോകുമെന്നുമൊക്കെ ആരൊക്കെയോ പറഞ്ഞു. അവളെ കൊല്ലാന്‍ ഭര്‍ത്താവ് വെടിവെച്ചുവെന്നല്ലേ പോലീസും സംശയിച്ചത്. അവള്‍ മുഖാന്തിരം എത്രയോ പേര് പേടിച്ചു. കേസുണ്ടെങ്കിലും, അവള്‍ ചാകാഞ്ഞതുകൊണ്ട് അവര്‍ക്കെല്ലാ രക്ഷയായി: റിബേക്ക വിശദീകരിച്ചു.

സജിയുടെ മനസ്സില്‍, ഹജിര പകര്‍ന്ന ഇരുണ്ടവികാരം മാഞ്ഞു! ഹൃദയം സ്വസ്ഥയായി! ആനന്ദത്തിന്റെ ആന്ദോളനം! തെല്ല് കുറ്റബോധത്തോടെ, അയാള്‍ ഇണയോട് ചേര്‍ന്നിരുന്നു!

ഇണ ചോരുമ്പോള്‍(കഥ :ജോണ്‍ വേറ്റം)
Join WhatsApp News
Samgeev 2021-01-28 17:02:09
Good Story
ലോത്ത് 2021-01-29 04:14:01
ഇത് എന്ത് ഇണ ചേരലാണ് രണ്ടു ജോൺമാരും കൂടി ? വയസ്സാകുമ്പോൾ ഓരോ ഓരോ പൂതിയെ ?
Hi Hi Hi 2021-01-30 00:20:29
One John on top and another one on bottom. It looks like they both were waiting for Biden to revoke the LGBT order.
ജോണ്‍ വേറ്റം 2021-01-30 19:14:58
കഥ വായിച്ചഭിപ്രായമെഴുതിയവര്‍ക്ക് നന്ദി!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക