Image

സാലിം മാഷ് എവിടെ ? (ഷുക്കൂര്‍ ഉഗ്രപുരം)

ഷുക്കൂര്‍ ഉഗ്രപുരം Published on 27 January, 2021
 സാലിം മാഷ് എവിടെ ?  (ഷുക്കൂര്‍ ഉഗ്രപുരം)
അന്ന് നാലാം പിര്യേഡ് ഫിസിക്‌സ് ആയിരുന്നു. സാലിം മാഷാണ് ഞങ്ങളുടെ ഫിസിക്‌സ് ടീച്ചര്‍, ഉല്‍ക്കകളെ കുറിച്ചും വാല്‌നക്ഷത്രങ്ങളെക്കുറിച്ചും വാനലോകത്തെ അജ്ഞാതമായ പലതിനെ കുറിച്ചും മാഷ് ക്ലാസില്‍ സംസാരിച്ചു. മാഷിനെ പോലെത്തന്നെ മാഷിന്റെ ശബ്ദത്തിനും നല്ല മൊഞ്ചായിരുന്നു, ക്ലാസ്സും കിടിലനായിരുന്നു. ഗോളശാസ്ത്ര ക്ലാസ്സുകളില്‍ സാറ് ഞങ്ങളെയുമെടുത്ത് ആകാശത്തേക്ക് പറക്കും, എന്നിട്ട് ഗാലക്‌സികളും ചൊവ്വയും ശനിയും ഉല്‍ക്കകളുമൊക്കെ തൊട്ട് കാണിച്ചാണ് ക്ലാസെടുക്കുന്നത്. മാഷിന് ഒരു തകരാറുണ്ട്, ചില ദിവസം പറയും - ''നാളെ നന്നായി പഠിച്ച് വരണം, ഞാന്‍ ചോദ്യം ചോദിക്കും''. മാഷ് വന്ന് ചോദ്യം ചോദിക്കും, ഉത്തരം പറയാത്തവര്‍ക്കൊക്കെ കയ്യിന് തല്ലും കൊള്ളും.

ഒരു ദിവസം ക്ലാസ്സില്‍ ഉല്‍ക്കകളെ കുറിച്ച് പറഞ്ഞുകൊണ്ടിരിക്കെ മാഷ് പറഞ്ഞു - ''ഒരു വലിയ ഉല്‍ക്ക ഭൂമിക്ക് നേരെ വരുന്നുണ്ട്. എപ്പോഴാണത് ഭൂമിക്ക് മുകളില്‍ പതിച്ച് ഭൂമി തകിട് പൊടിയാവുന്നത് എന്നറിയില്ല''. അത് കേട്ടപ്പോള്‍ പിന്‍ബെഞ്ചില്‍ നിന്നും ശരത്ത് ചോദിച്ചു- ''മാഷേ അയിനുമാത്രം വല്ല്യ ഉല്‍ക്കയാണോ''? ഓരോ കുട്ടികളുടെയും മനസ്സിലുള്ള ചോദ്യമാണ് ശരത്ത് ചോദിച്ചത്. മറുപടിയായി മാഷ് പറഞ്ഞു-''ഒരു പപ്പടത്തിന് മുകളിലേക്ക് കട്ടിയുള്ള ഒരു ദോശ വീണാല്‍ എങ്ങനെയിരിക്കും''? ഞങ്ങളാലോചിച്ചു, ''ഭൂമി തൗട് പൊടിയാകും''. പിന്നെയും മാഷ് ക്ലാസെടുത്തു, പക്ഷെ ഞങ്ങള്‍ ഭയപ്പാടോടെ ഉല്‍ക്കയെ കുറിച്ചോര്‍ത്ത് ബേജാറായി. ക്ലാസ് കഴിഞ്ഞതിന് ശേഷം പതിവ് രീതിയില്‍ ആരും വെള്ളംകുടിക്കാനോ മൂത്രമൊഴിക്കാനോ പെട്ടന്നൊന്നും എണീറ്റില്ല, അന്ന് ഏഴ് 'എ' ക്ലാസ്സുമായി ഫുട്‌ബോള്‍ മാച്ച് പറഞ്ഞിരുന്നു. ടീം മാനസികമായി ആകെ തളര്‍ന്നു പോയി.

മുസ്തഫ ചോദിച്ചു- ''ഇന്നത്തെ മാച്ച് മാറ്റി വെക്കേണ്ടി വരുമോ''? ടീം ക്യാപ്റ്റന്‍ അഷ്റഫ് പറഞ്ഞു- ''ഇജ്ജ് ബേജാറാകാതെ നിക്ക്. സാലി (മാഷ്) പറഞ്ഞത് പെരും ബിടലാണ്, ഉല്‍ക്കിം ഒല്‍ക്കിം ഒരു ചുക്കും ഇബടെ ബികൂല, അഥവാ ബികാണെങ്കില്‍ അള്ളാന്റെ ഔല്യാക്കള് അയിനെയൊക്കെ ചെറുബെരലോണ്ട് തട്ക്കും''!. ഞങ്ങളെല്ലാവരും ആശ്വാസത്തോടെ ഉറക്കെ ചിരിച്ചു. ഭീതിയുടെ മൂകതയാലുള്ള കനത്ത തോടിനെ അഷ്റഫ് തിയോളജി കലര്‍ത്തി സൈദ്ധാന്തികമായിത്തന്നെ തകര്‍ത്തു. ഞങ്ങള്‍ ഗ്രൗണ്ടില്‍ ചെന്ന് മാച്ച് കളിച്ചു, രണ്ട് ഗോളുകള്‍ക്ക് ഏഴ് 'എ' ക്ലാസ്സിനെ തകര്‍ത്തെറിഞ്ഞു. ഇതൊക്കെ കഴിഞ്ഞിട്ട് ഇരുപത്തിമൂന്ന് വര്‍ഷമായി, സാലിം മാഷ് പറഞ്ഞപോലെ ഉല്‍ക്ക ഏഴ് 'ബി' ക്ലാസുകാരുടെ തലയിലേക്ക് ഇനിയും വീണിട്ടില്ല. അഷ്റഫ് പറഞ്ഞത് പോലെത്തന്നെ ഒരു ചുക്കും സംഭവിച്ചില്ല. അവന്‍ പോസ്റ്റ് ഗ്രാജുവേഷനൊക്കെ കഴിഞ്ഞ് നല്ല നിലയിലാണെന്ന് കേട്ടു. സാലിം മാഷെ കണ്ടിട്ട് കുറേ വര്‍ഷങ്ങളായി, അവരൊക്കെ എവിടെയാണാവോ?

 സാലിം മാഷ് എവിടെ ?  (ഷുക്കൂര്‍ ഉഗ്രപുരം)
Join WhatsApp News
Mohammed Saalim 2021-01-27 12:19:45
അധ്യാപക ജീവിതത്തിലെ ഏറ്റവും സന്തോഷം നൽകുന്ന കാര്യം എന്താണെന്ന് ഏതൊരു അധ്യാപകനോട് ചോദിച്ചാലും, ഉത്തരം ഒന്നായിരിക്കും.... നമ്മുടെ മക്കളാൽ ഓർമിക്കപ്പെടുക എന്നത് തന്നെയാവും അത്.... ധന്യമായ ഒരു അധ്യാപക ജീവിതമായിരുന്നു എൻ്റേത് എന്ന് മക്കൾ സാക്ഷ്യപ്പെടുത്തുന്നു... അഭിമാനം വാനോളം... നമ്മുടെ മക്കൾ ഉന്നത മാനുഷിക മൂല്യങ്ങൾ കാത്തു സൂക്ഷിക്കുന്ന, മാനവികമായ മനുഷ്യനായി ജീവിക്കുന്നു എന്ന് അറിയുമ്പോൾ ഉണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല... സ്നേഹത്തിനും ormappeduthalukalkkum നന്ദി
SHUKOOR UGRAPURAM 2021-01-27 13:53:45
ഒരുപാട് സേന്തോഷം സർ... ഇരുപത്തിമൂന്ന് വർഷങ്ങൾക്ക് മുമ്പുള്ള അങ്ങയുടെ ക്ലാസുകൾ ഇന്നും ഓർക്കുന്നു. മടുപ്പിക്കുന്ന ഗവേഷണ പ്രബന്ധത്തിന്റെ മധ്യേയുള്ള ഓട്ടത്തിനിടയിലും ഏഴാം ക്ലാസുകാരന്റെ സ്മൃതികളിൽ മഷി പുരളുന്നുവെന്ന് മാത്രം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക