Image

ട്രാക്ടര്‍ മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടു; പൊലീസ് വെടിവെയ്പ്പിലെന്ന് കര്‍ഷകര്‍

Published on 26 January, 2021
ട്രാക്ടര്‍ മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടു; പൊലീസ് വെടിവെയ്പ്പിലെന്ന് കര്‍ഷകര്‍

കര്‍ഷകരുടെ ട്രാക്ടര്‍ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഒരു കര്‍ഷകന്‍ കൊല്ലപ്പെട്ടു. ദല്‍ഹി ഐ.ടി.ഒയില്‍ പൊലീസും കര്‍ഷകരും തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് കര്‍ഷകന്‍ കൊല്ലപ്പെട്ടത്. 


ഉത്തരാഖണ്ഡില്‍ നിന്നുള്ള കര്‍ഷകനാണ് കൊ ല്ലപ്പെട്ടത്. പൊലീസ് വെടിവെപ്പിലാണ് കര്‍ഷകന്‍ മരിച്ചതെന്ന് കര്‍ഷകര്‍ ആരോപിച്ചു. അതേസമയം ട്രാക്ടര്‍ മറിഞ്ഞാണ് കര്‍ഷകന്‍ മരിച്ചതെന്നാണ് പൊലീസ് പറയുന്നത്. തങ്ങള്‍ വെടിവെച്ചിട്ടില്ലെന്നും ദല്‍ഹി പൊലീസ് ആവര്‍ത്തിച്ചു.


എന്നാല്‍ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് വെടിവെച്ചുവെന്നും ആ വെടിവെപ്പിലാണ് ട്രാക്ടര്‍ മറിഞ്ഞതെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. മൃതദേഹവുമായി പ്രതിഷേധം ആരംഭിച്ചിരിക്കുകയാണ് കര്‍ഷകര്‍. അതേസമയം ചില സമരക്കാര്‍ ചെങ്കോട്ടയില്‍ പ്രവേശിച്ചിരിക്കുകയാണ്. 


ചൊങ്കോട്ടയിലെത്തിയ കര്‍ഷകര്‍ കര്‍ഷക സംഘടനകളുടെ കൊടികള്‍ ഉയര്‍ത്തി. വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ ചെങ്കോട്ടയിലേക്ക് എത്തികൊണ്ടിരിക്കുകയാണ്.


ഇവിടെ നിന്ന് ഇന്ത്യാ ഗേറ്റിലേക്കും പ്രതിഷേധവുമായി എത്തുമെന്ന് കര്‍ഷകര്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. തലസ്ഥാന നഗരിയില്‍ വ്യാപകമായി കര്‍ഷകരുടെ പ്രതിഷേധം അരങ്ങേറുകയാണ്. ചെങ്കോട്ടയില്‍ കയറിയ കര്‍ഷകരെ തടയാന്‍ പൊലീസിന് കഴിഞ്ഞില്ല. പ്രഗതി മൈതാനിയിലും രാജ്ഘട്ടിലും കര്‍ഷകരെത്തിയിട്ടുണ്ട്. സീമാപുരിയില്‍ ലാത്തിവീശിയ പൊലീസ് പിന്നാലെ കണ്ണീര്‍വാതകം പ്രയോഗിച്ചു. 


ചിലയിടങ്ങളില്‍ പൊലീസ് ട്രാക്ടറുകളുടെ കാറ്റ് അഴിച്ചുവിട്ടു. അതേസമയം റാലി തടയാനായി പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകളും ബസുകളും പൊലീസിന്റെ വാഹനങ്ങളും കര്‍ഷകര്‍ തള്ളി നീക്കുകയോ തകര്‍ക്കുകയോ ചെയ്തു. പൊലീസ് വാഹനങ്ങളുടെ മുകളില്‍ കയറിയും കര്‍ഷകര്‍ പ്രതിഷേധ മുദ്രാവാക്യങ്ങള്‍ വിളിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക