Image

കോലത്ത് കുടുംബത്തിൽ നിന്നും പതിമൂന്നാമത്തെ വൈദികൻ

Published on 24 January, 2021
കോലത്ത് കുടുംബത്തിൽ നിന്നും പതിമൂന്നാമത്തെ  വൈദികൻ
പന്ത്രണ്ടു വൈദികർക്കും, അനേകം സുവിശേഷകർക്കും പൊതുപ്രവർത്തകർക്കും ജന്മം നൽകിയ പ്രസിദ്ധമായ കോഴഞ്ചേരി കോലത്ത് കുടുംബത്തിനും മലങ്കര മാർത്തോമ്മാ സുറിയാനി  സഭക്കും ഇത്‌ ധന്യ മുഹൂർത്തം. ഒരു കുടുംബത്തിൽ നിന്ന്‌ പതിമൂന്നു വൈദികർ എന്ന അപൂർവ ഭാഗ്യം ലഭിച്ച കോലത്ത് കുടുംബം വിനയത്തോടെ ദൈവത്തിന് മഹത്വം അർപ്പിക്കുന്നു. 
 
കോഴഞ്ചേരി കോലത്ത് തായ്  വീട്ടില അംഗമായ  ജോൺ സൈമൺന്റെയും സൂസൻ ജോണിന്റെയും മകനാണ് വ്യാഴാഴ്ച മാതൃ ഇടവകയായ കുമ്പളന്താനം സെന്റ്. ജോൺസ് ദേവാലയത്തിൽ നടന്ന അനുഗ്രഹീതമായ ശുശ്രൂഷയിൽ കോലത്ത് കുടുംബത്തിൽ നിന്നുള്ള പതിമൂന്നാമത്തെ വൈദികനാകുന്നതിന്റെ മുന്നോടിയായി  ശെമ്മാശ്ശപട്ടം സ്വീകരിച്ച ജെസ്വിൻ സൈമൺ ജോൺ. 
കൂടാതെ,  പ്രസ്തുത ശുശ്രൂഷയിൽ, ജിബിൻ ജോയ്, വിനീത് തോമസ് എന്നിവരും ശെമ്മാശ്ശ പട്ടം സ്വീകരിച്ചു.
 
അഭി. തോമസ്‌ മാർ തീമൊത്തെയോസ് തിരുമേനി, അഭി. തോമസ് മാർ  തീത്തൂസ് തിരുമേനി, എന്നിവരുടെ അനുഗ്രഹ സാമീപ്യം നിറഞ്ഞു നിന്ന ശുശ്രൂഷയിൽ  സഭാ സെക്രട്ടറി കെ.ജി. ജോസഫ് അച്ചൻ, ട്രസ്റ്റി പി.പി.അച്ചൻകുഞ്ഞ് , പതിനഞ്ചോളം വൈദികർ, , കോലത്ത് കുടുംബയോഗം മാനേജിങ് കമ്മിറ്റി അംഗവും, വേൾഡ് മലയാളി കൌൺസിൽ ഗ്ലോബൽ പ്രവാസികാര്യവകുപ്പു ചെയർമാനും, സംസ്ഥാന സർക്കാരിന്റെ ലോക കേരള സഭ അംഗവുമായ ജോസ് കോലത്ത് കോഴഞ്ചേരി, പത്തനംതിട്ട ജില്ലാ പഞ്ചായത്തു വൈസ് പ്രസിഡന്റും, കോലത്ത് കുടുംബയോഗം മാനേജിങ് കമ്മിറ്റി അംഗവുമായ ജോർജ് മാമ്മൻ കൊണ്ടൂർ, ജോർജ് ഫിലിപ്പ് സാർ,  സഭാസ്നേഹികൾ, കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.
 
ഈ വിശുദ്ധ ശുശ്രുഷക്ക്  കുമ്പളന്താനം സെന്റ്. ജോൺസ് മാർത്തോമ്മാ ദേവാലയം സാക്ഷിയായപ്പോൾ, ഇതേ ദേവാലയത്തിലെ അംഗമായി, 90 വയസ്സിലധികം ജീവിച്ചിരുന്ന പരേതനായ കോലത്ത് ജെ. തോമസ് അച്ചന്റെ കൊച്ചുമകനായ (great grandson) ജസ്‌വിൻ ജോൺ  കോലത്ത് , പൂർവ്വപിതാക്കളുടെ പാത പിന്തുടർന്നത് ദൈവനിയോഗം തന്നെയാണെന്ന്  റവ. ജോർജ് ജോസഫ് ശുശ്രൂഷ മദ്ധ്യേ പറഞ്ഞപ്പോൾ ദേവാലയത്തിലിരുന്ന പലരുടെയും കണ്ണുകൾ നിറഞ്ഞു. മാർത്തോമ്മാ സഭയുടെ സേവികാസംഘം സ്ഥാപക കാണ്ടമ്മ കൊച്ചമ്മയുടെ മരുമകൻ പരേതനായ  രാവ്. കെ.സി. മാത്യു ആയിരുന്നു കോലത്ത് തായ് വീട്ടിൽ നിന്നുള്ള  ആദ്യ വൈദികൻ..
 
വികാരി ജനറാളും , കാണ്ടമ്മ കൊച്ചമ്മയുടെ കൊച്ചുമകനും ആയിരുന്ന പരേതനായ  ചെറുകര സി.ജി. അലക്സാണ്ടർ അച്ചന്റെ മാതൃകാ ജീവിതവും  പ്രസംഗമധ്യേ അനുസ്മരിക്കയുണ്ടായി.
ഒരമ്മ പ്രസവിച്ച മൂന്ന്  മക്കൾ വൈദികരായ പ്രത്യേക പദവിയും കുമ്പളന്താനം  സെന്റ്. ജോൺസ് ദേവാലയത്തിനുണ്ട് എന്ന് അതിലൊരുവനായ റവ. ഡാനിയൽ ഫിലിപ്പിനെ  ചൂണ്ടിക്കാണിച്ചു മുഖ്യ പ്രാസംഗികൻ പറയുകയുണ്ടായി.
 
ഇപ്പോൾ ശെമ്മാശ്ശനായി സ്ഥാനമേറ്റ  ജെസ്വിൻ കോലത്ത് കോട്ടയം വൈദിക സെമിനാരിയിലാണ് പഠിച്ചത്. മാതാപിതാക്കളായ  ജോൺ, സൂസൻ, ഏക സഹോദരൻ ജെയ്‌സൺ  എന്നിവരോടൊപ്പം അമേരിക്കയിലെ ഫിലഡൽഫിയയിലാണ് (അസൻഷൻ മാർത്തോമാ ചർച്ച് അംഗങ്ങൾ).
 
തിരുവല്ലാ മാർത്തോമ്മാ പള്ളി അസിസ്റ്റന്റ്  വികാരിയും മുൻ മാർത്തോമ്മാ മെത്രാപ്പോലീത്തായുടെ അസിസ്റ്റന്റ് ആയി കുറച്ചുകാലം സേവനം അനുഷ്ഠിക്കയും ചെയ്ത കോലത്ത്  കുടുംബത്തിലെ  പന്ത്രണ്ടാമതു വൈദികൻ അലക്സ് കോലത്തും (യു.എസിലുള്ള ജോർജ് കോലത്തിന്റെ പുത്രൻ) അമേരിക്കയിൽ ജനിച്ചുവളർന്ന ആളാണ്.
 
നൂറ്റാണ്ടുകൾക്കു മുൻപ് കണ്ണൂരിനപ്പുറം ഏഴിമലയോടുചേർന്ന് മലയാളചരിത്രത്തിലെ കോലത്തിരികൾ   വാണിരുന്ന കോലത്ത് നാട്ടിൽ നിന്ന്‌ വന്ന പൂർവികർ കോഴഞ്ചേരിയിൽ താമസമുറപ്പിക്കയും, കിടങ്ങാലിൽ,  തോളൂർ, പാലാംകുഴിയിൽ, മുട്ടിത്തോടത്തിൽ,  എന്നിങ്ങനെ 16 ശാഖകളായി ഇരവിപേരൂർ (കൊണ്ടൂർ), നിരണം (വിഴലിൽ), കൂടൽ, പത്തനാപുരം, റാന്നി, കോട്ടയം, തിരുവനന്തപുരം, പത്തനംതിട്ട, കുമ്പളന്താനം, പാലക്കാട്, തിരുവല്ലാ എന്നിങ്ങനെ കേരളത്തിലുടനീളവും, ലോകമെമ്പാടും   ആയിരക്കണക്കിന് അംഗങ്ങൾ വ്യാപിച്ചു കിടക്കുന്ന കുടുംബമായി മാറുകയും ചെയ്‌തു.
 
പന്തളം രാജകൊട്ടാരത്തിൽ നിന്ന്‌ പ്രത്യേക പദവികൾ കോലത്ത് കുടുംബത്തിന്  ലഭിച്ചിരുന്നതായി കുടുംബചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
 
കോഴഞ്ചേരിയിൽ സ്ഥിതിചെയ്യുന്ന കോലത്ത് തായ്‌വീട്ടിലെ പൂർവ്വ പിതാവ് കോലത്ത് തൊമ്മി വിവാഹം ചെയ്തത്  കാലം ചെയ്ത യൂഹാനോൻ മാർത്തോമ്മാ മെത്രാപ്പോലീത്തായുടെ കുടുംബമായ  അയിരൂർ ചെറുകര കുടുംബത്തിൽ നിന്നായിരുന്നു.  
 
തൊമ്മിക്കു പത്ത് ആൺ മക്കൾ ആയിരുന്നു. അതിൽ ഒരാൾ അമ്മ വീടായ അയിരൂർ ചെറുകര  തറവാട്ടിലാണ്  വളർന്നത്. ബാക്കി 9 പേർ കോലത്തുനാട്ടിൽ നിന്നും പൂർവികർ ആദ്യമായി വന്ന്‌ പാർത്ത കോഴഞ്ചേരിയിലെ തായ് വീട്ടിലും വളർന്നു.  
 
വൈദിക പാരമ്പര്യവും ദൈവ വിശ്വാസവുമാണ് കോലത്ത്  കുടുംബത്തിന്റെ മുഖമുദ്ര എന്ന്  ജോർജ് മാമ്മൻ കൊണ്ടൂർ പറഞ്ഞു.  
കോഴഞ്ചേരിക്കടുത്തു തെക്കേമലയിൽ സ്ഥിതിചെയ്യുന്ന കോലത്ത് കുടുംബത്തിന്റ സ്വന്തം  ഓഡിറ്റോറിയത്തിൽ വർഷത്തിലൊരിക്കൽ വാർഷിക യോഗം നടക്കുന്നത് കോവിഡ് കാരണം മുടങ്ങി എങ്കിലും ഓൺലൈൻ വഴി കഴിഞ്ഞമാസം നടത്തിയ മീറ്റിംഗിൽ ലോകമെമ്പാടുമുള്ള  നൂറുകണക്കിന് അംഗങ്ങൾ പങ്കെടുത്തു.
 
ആ  മീറ്റിംഗിൽ ക്രിസ്മസ് സന്ദേശം നൽകിയത് പ്രശസ്ത സംവിധായകനും കോലത്ത് കുടുംബത്തിന്റെ അടുത്ത സുഹൃത്തും, ക്രിസോസ്റ്റം മാർത്തോമ്മാ വല്യമെത്രാപ്പോലീത്തായുടെ ജീവചരിത്രം 100 എപ്പിസോഡുകളാക്കി ചിത്രീകരിച്ചു ചരിത്രത്തിൽ ഇടം നേടിയ പ്രഗത്ഭനായ  ശ്രീ. ബ്ലെസി  ആയിരുന്നു.
 
കുടുംബയോഗം പ്രസിഡന്റ് പ്രൊഫ. ഐസക്ക് എബ്രഹാം, മാനേജിങ് കമ്മിറ്റി അംഗങ്ങൾ, ഓവർസീസ് പ്രതിനിധികൾ, നടനും സംവിധായകനുമായ ടോം ജോർജ് കോലത്ത് (Keltron, Tax Corp., USA) തുടങ്ങി കോലത്ത് കുടുംബത്തിന്റെ 16 ശാഖകളിൽ നിന്നുള്ള ബന്ധു മിത്രാദികൾ കുടുംബത്തിലെ പതിമൂന്നാമത്തെ വൈദികനായ ജെസ്വിൻ കോലത്തിനു  പ്രാർത്ഥനാപൂർവ്വം  ആശംസകൾ അറിയിച്ചു. 
 
പണമോ സമ്പത്തോ അല്ല, കുടുംബാംഗങ്ങൾ ഒരുമിച്ചു ദൈവസന്നിധിയിൽ കണ്ണീരോടെ കുടുംബപ്രാർത്ഥന നടത്തുന്നതാണ് കോലത്ത് കുടുംബത്തിന്റെ നിലനിൽപിന് കാരണം എന്ന് ജോസ് കോലത്ത് പറയുകയുണ്ടായി.
---
ഫോട്ടോ:
ജെസ്വിൻ കോലത്ത് (ബൈബിൾ കയ്യിൽ) മാതാപിതാക്കളായ ജോൺ, സൂസൻ, കോലത്ത് കുടുംബത്തിലെ അംഗങ്ങളായ  ജോസ് കോലത്ത്, ജെബി, ജോർജ്ജ് മമ്മൻ കൊണ്ടൂർ, ജോർജ്ജ് ഫിലിപ്പ് തുടങ്ങിയവർക്കൊപ്പം 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക