Image

കാര്യസ്ഥന്‍ (കുറ്റാന്വേഷണ നോവല്‍ -അധ്യായം -1: കാരൂര്‍ സോമന്‍)

Published on 24 January, 2021
കാര്യസ്ഥന്‍ (കുറ്റാന്വേഷണ നോവല്‍ -അധ്യായം -1: കാരൂര്‍ സോമന്‍)

അഗ്നിച്ചിറകുകള്‍

അതിമനോഹരമായി പടുത്തുയര്‍ത്തിയ പുതിയ ബംഗ്ലാവിലേക്ക് പോലീസ് നായടക്കം ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍മാരും രാഷ്ട്രീയ സാമുദായിക നേതാക്കന്മാരും എത്തിച്ചേര്‍ന്നു. ബംഗ്ലാവിന് മുന്നിലെ പൂന്തോപ്പില്‍ റോസ്സാപ്പൂക്കള്‍ വിരുന്നുകാരെപ്പോലെ നിറകുടമണിഞ്ഞ് മന്ദഹാസ്സത്തോടെ നില്ക്കുന്നു. ബംഗ്ലാവിന് വടക്കുഭാഗത്തായിട്ടാണ് അറയും നിരയുമുള്ള പഴയ തറവാട്. അവിടെയാണ് നാട്ടിലെ പ്രമാണി ശങ്കരന്‍ നായയരുടെ ഭാര്യയും മകനും താമസ്സിക്കുന്നത്. രാവിലെ ചൂടുള്ള ചായയുമായി ഭാര്യ രമാദേവി വരുമ്പോഴാണ് ആ കാഴ്ച കണ്ടത്.
 

ശങ്കരന്‍ നായര്‍ കൊല്ലപ്പെട്ടിരിക്കുന്നു. അതും ലൈംഗിക അവയവം ഛേദിക്കപ്പെട്ട നിലയില്‍. സംഭവമറിഞ്ഞ നാട്ടുകാര്‍ ആശ്ചര്യപ്പെട്ടു.  എല്ലാവരുടെയും നാവിന്‍ തുമ്പില്‍ ഒരു ചോദ്യമേയുളളൂ. ആരാണീ കൊടുംക്രൂരത ചെയ്തത്? എത്രയോ നല്ലൊരു മനുഷ്യനായിരുന്നു. പോലീസ് നായ് കൊല്ലപ്പെട്ട മുറിക്കുള്ളില്‍ മണത്തിട്ട് പുറത്തിറങ്ങി വീടിന്റെ ഒരു ഭാഗത്തും ഗേറ്റിലേക്കും ഓടി. നായ് കൂടുതല്‍ മുന്നോട്ടു പോകാതെ പ്രതികാരമെന്നതുപോലെ കുരച്ചു.
കോടീശ്വരനും സമുദായിക നേതാവും വിവിധ സ്കൂളുകളുടെ ഉടമയുമായ ശങ്കരനെതിരെ ഒരു വിരല്‍പോലുമനങ്ങില്ല ഈ നാട്ടില്‍. അങ്ങനെയിരിക്കെ ഇതെങ്ങനെ സംഭവിച്ചു. അതിനാവശ്യമുള്ള തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ ശേഖരിക്കുന്നുണ്ടെങ്കിലും പോലീസ് എസ്.പി. അബ്ദുള്ള കോയക്ക് സംശയങ്ങള്‍ ഏറിയിരുന്നു. പുറത്ത് തിങ്ങിക്കൂടിയ ജനത്തെ ഒഴിവാക്കാന്‍ പോലീസ് ലാത്തി വീശി. സംഭവമറിഞ്ഞ് സ്കൂള്‍ അദ്ധ്യാപകരും കുട്ടികളും എത്തിക്കൊണ്ടിരുന്നു. അകത്തളങ്ങളില്‍ വളരെ സൂക്ഷ്മതയോടെയാണ് പരിശോധനകള്‍ നടക്കുന്നത്.
ആദ്യത്തെ പരിശോധനയില്‍ പോലീസുകാര്‍ക്ക് ഒരു കാര്യം ബോദ്ധ്യപ്പെട്ടു. ഒരു തുമ്പും ബാക്കി വെക്കാതെയാണ് കുറ്റവാളികള്‍ രക്ഷപെട്ടിരിക്കുന്നത്. കുറ്റവാളിയുടെ രേഖാചിത്രത്തിനുപോലും സാദ്ധ്യതയില്ല. അബ്ദുള്ളയും അന്വേഷണ ഉദ്യോഗസ്ഥരും അടക്കത്തില്‍ പലതും പറഞ്ഞു. പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ സാധിക്കുന്നില്ല. ഇതിന്റെ പിന്നില്‍ ഏതോ അദൃശ്യകരമെന്നയാള്‍ മനസസിലാക്കി. അടുത്ത മുറിയില്‍ നിറകണ്ണുകളോടെ പ്രിയപ്പെട്ടവരും ബന്ധുക്കളുമുണ്ട്.
കുറ്റവാളികളെ പിന്‍തുടര്‍ന്ന് കണ്ടുപിടിക്കാനോ അതിന്റെ ഉറവിടം കണ്ടെത്താനോ കഴിയാത്ത അവസ്ഥയില്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറാനുള്ള സാദ്ധ്യതയും അബ്ദുള്ള തള്ളിക്കളഞ്ഞില്ല. ഈ കേസ് കൈ പൊള്ളിക്കുമെന്ന് വളരെ വേഗം തന്നെ അയാള്‍ മനസിലാക്കിക്കഴിഞ്ഞിരുന്നു.
പത്രക്കാരും ഫോട്ടോഗ്രാഫര്‍മാരും പാഞ്ഞെത്തി. അവര്‍ക്കത് ഒരു ചൂടുവാര്‍ത്തയായിരുന്നു. പത്രക്കാരുടെ ചോദ്യങ്ങളില്‍ നിന്ന് അബ്ദുള്ള ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു. പക്ഷേ, അവര്‍ വിടാതെ പിന്നാലെ കൂടി.
എസ്പി ഒന്നുമാത്രം പറഞ്ഞു,""കുറ്റവാളിയാരെന്ന് നിങ്ങളെപ്പോലെതന്നെ ഞങ്ങള്‍ക്കും അറിയില്ല. അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. ഒരുകാര്യംകൂടി പറയാം. വായനകക്കാരനെ തൃപ്തിപ്പെടുത്താനും പത്രത്തിന്റെ കോപ്പി കൂട്ടാനും ആവശ്യമില്ലാത്തതൊന്നും എഴുതിപ്പിടിപ്പിക്കരുത്.''
അതിന് ഒരു പത്രക്കാരന്‍ ഉത്തരം കൊടുത്തത് ഇങ്ങനെയാണ്. ""സാറെ അതൊക്കെ സിനിമയിലെ നടക്കൂ, ജീവിതത്തില്‍ നടക്കുമോ?'' ഇന്നത്തെ ചില പത്രപ്രവര്‍ത്തകര്‍ അപകടകാരികളായതുകൊണ്ട് കേസന്വേഷണത്തെ ബാധിക്കുന്ന ഒരു കാര്യവും തുറന്നു പറയാന്‍ അബ്ദുള്ള തയ്യാറായില്ല. പെട്ടെന്ന് സൈറന്‍ മുഴക്കിക്കൊണ്ട് ആംബുലന്‍സ് അവിടെയെത്തി. ശവശരീരം ആംബുലന്‍സിലേക്ക് കയറ്റുന്നത് കണ്ണീരില്‍ കുതിര്‍ന്ന് സമനില തെറ്റിയവളെപ്പോലെ രമാദേവിയും പതിനാലു വയസുള്ള മകന്‍ അനിലും ബന്ധുക്കളും കാവല്‍ക്കാരന്‍ മണ്ടന്‍ മാധവനും വേദനയോടെ കണ്ടു.
അബ്ദുള്ള സംശയദൃഷ്ടിയോടെ രമാദേവിയെ നോക്കി. ഇയാള്‍ എന്തിനാണ് രാത്രി ഉറങ്ങാന്‍ മാത്രം ഈ വീട്ടിലേക്ക് വരുന്നത്? പോക്കറ്റിലിരുന്ന മൊബൈലില്‍ വനംവകുപ്പുമന്ത്രി ശബ്ദിച്ചു.
മന്ത്രി പറഞ്ഞു നിര്‍ത്തിയപ്പോള്‍ അയാള്‍ പറഞ്ഞു, ""കുറ്റവാളികളെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണു സര്‍.''
മുറ്റത്തെ വിശാലമായ പൂന്തോപ്പിലെ പൂക്കള്‍ ഇളംതെന്നലില്‍ പുഞ്ചിരിതൂകി ബംഗ്ലാവിലുള്ളവരെ നോക്കുന്നുണ്ടായിരുന്നുവെങ്കിലും അവിടെയുള്ള ആര്‍ക്കും പുഞ്ചിരിക്കാനായില്ല. എല്ലാവരിലും ദുഃഖവും പരിഭ്രാന്തിയും ഉത്കണ്ഠയും നിറഞ്ഞുനിന്നു. സൂര്യകാന്തിയില്‍ പൂക്കള്‍ പുഞ്ചിരിച്ചുകൊണ്ടിരുന്നു.
അടുത്ത ദിവസം തന്നെ ശങ്കരന്റെ ഭൗതികശരീരം സ്ഥലത്തേ പ്രമുഖരുടെ സാന്നിധ്യത്തില്‍ സംസ്കരിച്ചു. അവിടെയും ചോദ്യങ്ങള്‍ ധാരാളമുണ്ടായി. സംസ്കാരച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ വനം മന്ത്രി കാശി പിള്ളയോട് സ്ഥലത്തേ എല്ലാ പ്രമുഖ മതരാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടത് ഒന്നുമാത്രം. കുറ്റവാളികളെ എത്രയും വേഗം കണ്ടെത്തിയില്ലെങ്കില്‍ ഞങ്ങള്‍ സമരം ചെയ്യാന്‍ നിര്‍ബന്ധിതരാകും. ആഴ്ചകള്‍ കഴിഞ്ഞിട്ടും ഈ കേസിന് ഒരു തുമ്പുമുണ്ടാക്കാന്‍ പോലീസിനായിട്ടില്ല. ഉന്നത കുറ്റാന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറാതെ ഈ കൊലപാതകം തെളിയിക്കാനാവില്ലെന്നും അവര്‍ വാദിച്ചു.
പോലീസിനെ ന്യായീകരിക്കാന്‍ മന്ത്രി മുതിര്‍ന്നില്ല. അന്വേഷണം തുടരുകയാണ്. കൂടുതല്‍ ചോദ്യങ്ങള്‍ ഉയരുന്നതിന് മുന്നേ അവരോടായി പറഞ്ഞു. ഇത്ര സ്‌നേഹസമ്പന്നനും മാന്യനും പരോപകാരിയുമായ ഇദ്ദേഹത്തെ കൊല്ലാന്‍ മനുഷ്യന് മനസ് വരുമോ? അവര്‍ ഏത് കൂരിരുട്ടില്‍ പോയി പാര്‍ത്താലും പോലീസ് അവരെ വെളിച്ചത്ത് കൊണ്ടുവരികതന്നെ ചെയ്യും. ഏത് പ്രശ്‌നത്തെ നേരിടാനും എതിരാളികളുടെ നാവിനെ അടപ്പിക്കാനുമുള്ള എല്ലാം തന്ത്രങ്ങളുമറിയാവുന്ന മന്ത്രി അവരുടെ സ്‌നേഹാദരങ്ങള്‍ നേടി കൈകൂപ്പി യാത്രയായി. ഉടനടി സ്ഥലം വിട്ടില്ലെങ്കില്‍ കൂടുതല്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‌കേണ്ടിവരുമെന്ന് അവര്‍ക്ക് അറിയാമായിരുന്നു.
പോലീസ് നാടെങ്ങും തെരച്ചില്‍ ശക്തമാക്കി. രാത്രികാലങ്ങളില്‍ പോലീസ് ജീപ്പ് വിജനവീഥികളില്‍ ചീറിപ്പാഞ്ഞു. ജീപ്പിന്റെ പ്രകാശം മരച്ചില്ലകളിലും അടഞ്ഞു കിടക്കുന്ന കടമുറികളുടെ വാതിലുകളിലും പ്രകാശിച്ചു. കടത്തിണ്ണയിലുറങ്ങുന്ന പ്രായമുളളവരെ തട്ടി ഉണര്‍ത്തി ചോദ്യം ചെയ്‌തെങ്കിലും കുറ്റവാളികളെ മാത്രം കണ്ടില്ല. പോലീസ് തിരച്ചിലിനിടയില്‍ സ്പിരിറ്റ് കടത്തുന്നവരെ പിടികൂടിയതില്‍ സന്തോഷിച്ചു. അത് കാര്‍ത്തികേയന്‍ മുതലാളിയുടെ ജീപ്പായിരുന്നു.
ആദ്യം ദേഷ്യവും നീരസവും വെളിപ്പെടുത്തിയ പോലീസുകാര്‍ ആയിരത്തിന്റെ നോട്ടുകള്‍ കണ്ടപ്പോള്‍ വായടച്ചു. ഭീതിയുടെ പിടിയിലമര്‍ന്നവര്‍ക്ക് സന്തോഷമായി. നാട്ടിലെ സാമൂഹികദ്രോഹികള്‍, ഗുണ്ടകള്‍, ശങ്കരന്റെ ബന്ധുക്കള്‍ അങ്ങിനെ കേസുമായി ബന്ധപ്പെട്ട എല്ലാവരിലേക്കും പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. ടെലിഫോണിലെങ്കിലും ശങ്കരനുമായി ബന്ധമുള്ള എല്ലാ ഉന്നതരുമായും ബന്ധപ്പെട്ടു. ആരില്‍ നിന്നും കൃത്യമായി ഒന്നും ലഭിച്ചില്ല. മാന്യനും സൗമ്യനുമായ ഒരാളെ കൊല്ലുകയെന്നത് സ്വപ്നത്തില്‍ നിനയ്ക്കാത്ത കാര്യമാണെന്നും സുഹൃത്തുക്കള്‍ ആവര്‍ത്തിച്ചു.
വളരെ താല്പര്യമെടുത്ത് കേസ്സന്വേഷിച്ച പോലീസുകാര്‍ നിരാശരായി. വീട്ടുകാരും നാട്ടുകാരും പോലീസിന്റെ വീഴ്ചയെ പരസ്യമായി വിമര്‍ശിച്ചു. സ്വന്തം പാര്‍ട്ടിയിലള്ളവരായിരുന്നില്ലെങ്കില്‍ എത്രയും വേഗം കുറ്റക്കാരെ കണ്ടെത്തുമെന്ന് അവര്‍ക്ക് ഉറപ്പുണ്ടായിരുന്നു. ഭരണപക്ഷം - പ്രതിപക്ഷം നോക്കി കുറ്റവാളികളെ ശിക്ഷിക്കുകയും രക്ഷിക്കുകയും ചെയ്യുന്ന പ്രവണത സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് മുദ്രാവക്യങ്ങളുമായി റോഡിലിറങ്ങിയ ജാതിമതസംഘടനകള്‍ ആവശ്യപ്പെട്ടു. പോലീസുമായി പലരും സംസാരിച്ചെങ്കിലും ഒരു പരിഹാരവും കണ്ടെത്താനായില്ല. സത്യസന്ധമായി കേസന്വേഷിച്ചാല്‍ ഏത് കേസും തെളിയും.
നമുക്കിടയില്‍ യഥേഷ്ടം മിന്നിത്തിളങ്ങുന്ന കാറുകളില്‍ സഞ്ചരിക്കുകയാണ് കൊലപ്പുള്ളികള്‍. എന്നിട്ടും പോലീസിന് കാണാന്‍ കണ്ണുകളില്ല. യാതൊരു അടിസ്ഥാനവുമില്ലാതെ കുറെ നിരപരാധികളെ ചോദ്യം ചെയ്യുകയല്ലാതെ മറ്റൊന്നും നടക്കുന്നില്ല. നിയമസഭയിലെ ചോദ്യോത്തരവേളയില്‍ പ്രതിപക്ഷം കൊലപാതകം വിഷയം ഉന്നയിച്ചു. മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നടത്തേണ്ട സര്‍ക്കാര്‍ ഈ കൊലപാതകത്തില്‍ ഇന്നുവരെ കുറ്റവാളികളെ കണ്ടെത്തിയിട്ടില്ല. ആഴ്ചകള്‍ പലത് കഴിഞ്ഞിരിക്കുന്നു. ഇന്നുവരെ കുറ്റവാളികളെ കണ്ടെത്താനായില്ല. മറ്റുള്ള എംഎല്‍എമാരും ഈ ഈ കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് ആവശ്യപ്പെട്ടു. കുറ്റവാളികളെ കണ്ടെത്താന്‍ നിങ്ങളെപ്പോലെ എനിക്കും താത്പര്യമുണ്ടെന്നറിയിച്ച ആഭ്യന്തര മന്ത്രി ഉടനടി ഈ കേസ് ക്രൈംബ്രാഞ്ചിന് കൈമാറുമെന്ന് ഉറപ്പുകൊടുത്തു. അത് ജില്ലാപോലീസ് മേധാവി അബ്ദുള്ളയ്ക്ക് ആശ്വാസമായി. നാട്ടുകാരുടെ പ്രതിഷേധമടക്കാന്‍ അതുതന്നെയാണ് നല്ലത്. ഇതിനുള്ളിലെ ദുരൂഹതകള്‍ ഇനിയെങ്കിലും പുറത്തുവരട്ടെ. അതിലൂടെ ഇതിനുത്തരവാദി ആരെന്നറിയാന്‍ കഴിയും.
ശങ്കരന്റെ കൊലപാതകമന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ടത് സ്‌പെഷ്യല്‍ ക്രൈംബ്രാഞ്ച് വനിതാ എസ്പി കിരണ്‍ സൈമണ്‍. മാവേലിക്കരക്കാരിയായ കിരണിന് ഐപിഎസ് പദവി ലഭിച്ചിട്ട് രണ്ടു വര്‍ഷമേ ആയിട്ടുള്ളൂ. ഈ രണ്ട് വര്‍ഷത്തിനിടയില്‍ പിടികിട്ടാപ്പുള്ളികളായ പലരെയും തുറുങ്കിലടയ്ക്കാന്‍ അവള്‍ക്ക് കഴിഞ്ഞു. തലസ്ഥാനനഗരിയില്‍ നിന്നുള്ള യാത്ര ജന്മദേശത്തേക്കായത് വളരെ സന്തോഷം. അവളുടെ അച്ഛന്‍ ചാരുംമൂടന്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന സാഹിത്യകാരനാണ്, സൈമണ്‍ ശാമുവേല്‍. അച്ഛന്റെ ഡിറ്റക്ടീവ് നോവലുകള്‍ കുറ്റാന്വേഷണത്തിന് വളരെ സഹായിച്ചിട്ടുണ്ട് കിരണിനെ. മുറിക്കുള്ളിലെ കമ്പ്യൂട്ടറില്‍ എന്തോ പരതിക്കൊണ്ടിരിക്കുമ്പോഴാണ് പുറത്തുനിന്നുള്ള വാതില്‍ ആരോ തട്ടുന്നത്.
അനുവാദം കിട്ടിയപ്പോള്‍ ആള്‍ അകത്തു വന്നു, സല്യൂട്ട് ചെയ്ത് ഫയല്‍ മേശപ്പുറത്തു വച്ചിട്ടു മടങ്ങി. അവള്‍ തുറന്നുനോക്കി. ശങ്കരന്‍ കേസുമായി ബന്ധപ്പെട്ട പുതിയ ഫയല്‍. രാവിലെതന്നെ മേലുദ്യോഗസ്ഥനില്‍ നിന്ന് വിവരമറിഞ്ഞിരുന്നു. പുതിയ ദൗത്യം മറ്റൊരാള്‍ക്ക് കൈമാറാതെ തന്നെ ഏല്‍പ്പിച്ചതിന്റെ പ്രധാനകാരണം ആ ദേശക്കാരി ആയതുകൊണ്ട് മാത്രമാണ്. അത് കേസന്വേഷണത്തിന് സഹായകമാകും. ഫയല്‍ വീണ്ടും മേശപ്പുറത്തു വച്ചു. നിമിഷങ്ങള്‍ ചിന്തയിലാണ്ടിരുന്നു. കണ്ണുകള്‍ തിളങ്ങി, സന്തോഷം തുളുമ്പുന്ന കവിളിണകള്‍, ഹൃദയം തുടിച്ചുമറിഞ്ഞു. അവള്‍ ഫയലിലേക്ക് തുറിച്ചുനോക്കി. മമ്മിക്കും പപ്പായ്ക്കുമൊപ്പം കഴിയാനുള്ള അവസരങ്ങള്‍ ഇത്രപെട്ടെന്ന് കൈവരുമെന്ന് കരുതിയതല്ല. ഒരു മാസത്തില്‍ കൂടുതലായി അവരെയൊന്ന് കണ്ടിട്ട്. ഫോണിലൂടെയുള്ള ശബ്ദം കേള്‍ക്കുമ്പൊഴാണ് ഒരാശ്വാസമനുഭവപ്പെടുന്നത്. സ്വന്തമായി കേസ്സന്വേഷണമില്ലെങ്കില്‍ പോസീസ് പ്രബോധന ക്ലാസ്സെന്ന പേരില്‍ ഡല്‍ഹി, ബോംബെ നഗരങ്ങളില്‍ ആഴ്ചകള്‍ പറഞ്ഞുവിടും. ഈ രംഗത്ത് ഒരു ഉന്നതസ്ഥാനത്ത് എത്തണമെന്ന ആഗ്രഹമുള്ളതുകൊണ്ട് അല്പമൊക്കെ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടാലും അതിലെല്ലാം പങ്കെടുക്കും.
തിരുവനന്തപുരത്ത് ആകെയുള്ള ഒരാശ്രയം കൃഷിവകുപ്പുമന്ത്രി കരുണാകരനാണ്. കിരണിന്റെ ആത്മസുഹൃത്ത്. ഈ വാര്‍ത്ത അവനറിഞ്ഞിട്ടുണ്ടോ അതറിയില്ല. മൊബൈലില്‍ വിളിച്ചു.
""മന്ത്രികുമാരന്‍ ഓഫീസിലുണ്ടോ?'' അവള്‍ മറുപടി പറയുന്നത് കേട്ടിട്ടറിയിച്ചു. ""മീറ്റിംഗിന് പോകാന്‍ രണ്ടു മണിക്കൂറുണ്ടല്ലോ. ഞാനുടനെ വരാം.''
വേഗത്തിലവള്‍ പുറത്തേക്കിറങ്ങി. വാതില്‍ക്കല്‍ നിന്ന് പോലീസുകാരന്‍ സല്യൂട്ട് ചെയ്തു. ഷര്‍ട്ടും ജീന്‍സുമാണ് വേഷം. മന്ത്രി കരുണ്‍ അവളെ പ്രതീക്ഷിച്ചിരുന്നു.
തിരക്കുള്ള റോഡിലൂടെ കാറോടിച്ചുകൊണ്ടിരിക്കെ സന്തോഷത്താല്‍ അവളുടെ കണ്ണുകള്‍ തിളങ്ങുന്നുണ്ടായിരുന്നു. മന്ത്രിയുടെ ഓഫീസ്സിലേക്ക് ചെന്ന കിരണിനെ സെക്രട്ടറി അകത്തേക്ക് കയറ്റി വിട്ടിട്ട് കതകടച്ചു. കിരണ്‍ വരുമ്പോഴൊക്കെ മന്ത്രിക്ക് ടെലിഫോണ്‍പോലും സെക്രട്ടറി കൊടുക്കാറില്ല. എപ്പോഴും ഒരേ ഉത്തരമേയുള്ളൂ. മന്ത്രി മീറ്റിംഗിലാണ്. മുറിക്കുള്ളില്‍ കയറിയ കിരണ്‍ കളിയാക്കി ചോദിച്ചു, ""എന്താ സല്യൂട്ട് ചെയ്യണോ?''
കസേരയില്‍ ഇരുന്നിട്ട് പറഞ്ഞു ""അല്ല എന്നെപ്പോലുള്ളവരെ സല്യൂട്ട് ചെയ്യേണ്ടത് നിന്നെപ്പോലുള്ളവരല്ലേ? മന്ത്രിയായതുകൊണ്ട് ആ യോഗ്യത ഇല്ലാതെ വരുമോ?''
അവളുടെ മുഖത്തേക്ക് നോക്കി ഒന്നു പുഞ്ചിരിക്ക മാത്രം ചെയ്തു. യുവജനങ്ങളുടെ മാര്‍ഗ്ഗദര്‍ശി, സത്യവും നീതിയും ധര്‍മ്മവും മാത്രം കൈമുതലാക്കിയ കരുണ്‍ അവളുടെ മനസ്സില്‍ ഇടംനേടിയിട്ട് എത്രയോ നാളുകളായിരിക്കുന്നു. ഒരിക്കല്‍ അവളത് തുറന്നുപറയുകയും ചെയ്തതാണ്. മൗനമായി നിന്ന കരുണിനോട് രണ്ടിലൊന്ന് തുറന്നു പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ കുശവന്‍ കല്ലുകൊണ്ട് കളിക്കരുതെന്ന ചിന്തയാണ് മനസ്സിലുണ്ടായത്.
അന്ന് പറഞ്ഞ മറുപടി ഇപ്പോഴും ഓര്‍ക്കുന്നു. ""കിരണ്‍, നമ്മള്‍ വിദ്യാര്‍ത്ഥികളാണ്. ഈ പ്രണയം പ്രേമം അതൊക്കെ മാറ്റി പഠിക്കുന്നതിനെപ്പറ്റി മാത്രം ചിന്തിക്കാം. ദയവു ചെയ്ത് ഇനിയും ഇതാവര്‍ത്തിക്കരുത്.'' ആ വാക്കുകള്‍ മനസ്സിനെ വല്ലാതെ സ്പര്‍ശിച്ചു. ആദ്യം ഒരല്പം ദുഃഖം തോന്നിയെങ്കിലും വേദന പുറത്തു കാട്ടിയില്ല. പഠിക്കുന്ന കാലത്ത് പാഠപുസ്തകളല്ലാതെ മറ്റൊരു ജീവിതപാഠവും അറിയില്ലായിരുന്നു. അന്നവന്‍ പറഞ്ഞ വാക്കുകള്‍ വളരെ വിലപ്പെട്ടതാണെന്ന് ഇന്ന് തോന്നുന്നു. ജീവിതത്തെ വലുതാക്കാനുളളതാണ്. മറിച്ച് വലിച്ചിഴയ്ക്കാനുള്ളതല്ലെന്ന് മനസ്സിലാക്കി.
അവന്റെ മുഖത്തുനിന്നും മിഴികളിളക്കാതെ നോക്കിയിരിക്കുന്നവളോട് മറുപടിയായി പറഞ്ഞു. ""വിദ്യാഭ്യാസ യോഗ്യത വച്ചുനോക്കുമ്പോള്‍ എനിക്കതിനോടു യോജിപ്പാണ്. നിങ്ങള്‍ എത്ര കഷ്ടപ്പെട്ട് പഠിച്ചാണ് ഈ നിലയിലായത്. നീ ലണ്ടനില്‍ പോയി  പഠിച്ചതുകൊണ്ടാണ് പലതും ഇവിടെ പഴഞ്ചനായി തോന്നുന്നത്. അവിടൊന്നും ഇങ്ങനെ സല്യൂട്ട് ചെയ്യുന്നില്ലല്ലോ.''
അവള്‍ മധുരമായി മന്ദഹസിച്ചിട്ട് പറഞ്ഞു. ""ഞാന്‍ കേട്ടിട്ടുണ്ട്. നിന്നെ ആരും സല്യൂട്ട് ചെയ്യുന്നത് ഇഷ്ടമല്ലെന്ന്.''
""അതെ കിരണ്‍. എന്തിനാണ് പോലീസുകാരന്‍ എന്നെ കാണുമ്പോള്‍ സല്യൂട്ട് ചെയ്യുന്നത്. ഞാനും അയാളെപ്പോലെ ഒരു ജോലിക്കാരന്‍. അതിരിക്കട്ടെ നിനക്കെന്താ പറയാനുള്ളത്?''
കരുണ്‍ സംശയത്തോടെ നോക്കി. എന്തെന്നില്ലാത്ത ഒരു സന്തോഷം ആ മുഖത്ത് കണ്ടു. അനന്തതയിലേക്ക് പറന്നുയരാന്‍ വെമ്പല്‍ കൊള്ളുന്ന ഒരു കുഞ്ഞുപക്ഷിയെപ്പോലെ അവള്‍ നോക്കി. എന്താണ് സംഭവിച്ചത്? എന്തോ പ്രധാനപ്പെട്ട ഒന്നു സംഭവിച്ചിട്ടുണ്ട്. വിവാഹാലോചന വല്ലതുമാണോ? കഠിനഹൃദയനായ എന്നെ നോക്കിയിരുന്നാല്‍ രക്ഷപെടില്ലെന്ന് മാത്രമല്ല ഒരുപാടു ദുഃഖിക്കേണ്ടി വരുമെന്നും അവള്‍ മനസ്സിലാക്കിക്കാണും. ഇവള്‍ എന്നെ എന്തോ ഒളിപ്പിക്കുന്നുണ്ട്.
""എന്താ എസ്.പി.ക്ക് വിവാഹാലോചന വല്ലതും വന്നോ?'' അവള്‍ ഗൗരവത്തില്‍ ഒന്നു മൂളിയിട്ട് മുന്നിലിരുന്ന ഒരു ഫയലെടുത്ത് അവന്റെ മുഖത്തേക്കെറിഞ്ഞു. കരുണ്‍ മുഖത്തേക്കു വന്ന ഫയല്‍ പിടിച്ചിട്ട് ചോദിച്ചു.
""എന്താ നീ കാണിക്കുന്നെ? ഏതോ പാവത്തിന്റെ ഫയലാ. ഒപ്പിടാന്‍ വെച്ചിരിക്കയാ. അല്ലാ ഈ കല്യാണക്കാര്യം പറയുമ്പം നിനക്കെന്താ ഇത്ര ദേഷ്യം. നിനക്ക് നല്ല മനസ്സുണ്ടെങ്കില്‍ കഴിച്ചാല്‍ മതി. അല്ല നിന്റെ പപ്പയു മമ്മീയും എന്നോടാ മോളെ പരാതി പറയുന്നെ.''
അവളുടെ മുഖത്തെ പ്രസരിപ്പെല്ലാം മാറി. അവനെ ദേഷ്യപ്പെട്ടു നോക്കി. ഒന്നും അറിയാത്തവനെപ്പോലെ അഭിനയിക്കുന്നു. അകത്തെ ഫോണില്‍ വിരലമര്‍ത്തിയപ്പോള്‍ മുറി തുറന്ന് സെക്രട്ടറി വന്നു.
""രണ്ടു ചായ. എന്തെങ്കിലും...'' സെക്രട്ടറിക്ക് കാര്യം മനസ്സിലായി. മുന്നില്‍ അടങ്ങാത്ത അമര്‍ഷവുമായി കിരണ്‍ മൂകയായി മുഖം താഴ്ത്തിയിരുന്നു. കരുണ്‍ പുഞ്ചിയിയോടെ നോക്കി. ആരെയും ആശ്ചര്യപ്പെടുത്തുന്ന ശരീരസൗന്ദര്യമുള്ളവള്‍. അവളെ വാരിപ്പുണരാന്‍ ഏതൊരു പുരുഷനും ആഗ്രഹിച്ചുപോകും. സമ്പന്ന കുടുംബത്തിലെ ഏകമകള്‍. നല്ല ഉയരത്തിനൊത്ത ശരീരം. സ്വദേശത്തും വിദേശത്തും ഉപരിപഠനങ്ങള്‍. കരേട്ടയില്‍ ബ്ലാക് ബെല്‍റ്റ്. പഠനകാലത്ത് കായികരംഗത്തെ ജില്ലാ ചാമ്പ്യന്‍. എല്ലാം കണക്കുകൂട്ടി നോക്കുമ്പോള്‍ താന്‍ അവളുമായി ആനയും ആടുംപോലുള്ള വ്യത്യാസമുണ്ട്. എന്താണ് തന്റെ യോഗ്യത? ജീവിത ദുഃഖങ്ങളില്‍ ഇന്നും അഴലുന്നവന്‍. ദരിദ്രന്‍, ദുര്‍ബലന്‍, നിസ്സഹായന്‍, സത്യത്തില്‍ എനിക്ക് ചുറ്റും വട്ടമിട്ട് പറക്കുന്നത് ദുഃഖങ്ങള്‍ അല്ലാതെ എന്താണ്? ജീവിതത്തില്‍ താങ്ങും തണലുമായി നിന്ന കുടുംബമാണ് അവളുടേത്. സ്വന്തം മകനെപ്പോലെ സ്‌നേഹിക്കുന്നവരെ മകളെ സ്വന്തമാക്കി ദുഃഖിപ്പിക്കാന്‍ മനസ്സനുവദിക്കുന്നില്ല. ഉള്ളില്‍ വേദന തങ്ങി നില്ക്കുമ്പോഴാണ് ചായയും പലഹാരങ്ങളുമായി ഓഫീസ് പ്യൂണ്‍ കടന്നുവന്നത്. ഒരു പാത്രത്തില്‍ ഉഴുന്നുവടയും പരിപ്പുവടയും, നെയ്യപ്പവമുണ്ട്. അത് വെച്ചിട്ട് പ്യൂണ്‍ മടങ്ങി.
""ദേ നിനക്ക് ഇഷ്ടമുള്ള നെയ്യപ്പമുണ്ട്. കഴിക്ക്. പറഞ്ഞത് തെറ്റെങ്കില്‍ അയാം സോറി.''
അവളുടെ ദേഷ്യം മാറിവന്നു. ""നീയാരാ എന്നെ കല്യാണം കഴിപ്പിക്കാന്‍?''
""അയ്യോ, ഞാനാരുമല്ലേ....'' അവന്‍ എഴുന്നേറ്റുവന്ന് നെയ്യപ്പെമെടുത്ത് കയ്യില്‍ വച്ചുകൊടുത്തിട്ട് വീണ്ടും ചോദിച്ചു, ""എന്താ പറയാനുള്ളത്?''
ഒരു ഉഴുന്നുവട കഴിച്ചു കൊണ്ട് ചോദിച്ചു. അവളുടെ മുഖത്ത് എന്തോ ഒക്കെ മിന്നിമറഞ്ഞു. അവള്‍ പറയുന്നത് കേള്‍ക്കാന്‍ കാതോര്‍ത്തു. അവള്‍ എല്ലാം തുറന്നു പറഞ്ഞു. അവന്റെ പ്രതികരണത്തിനായി മുഖത്തേക്ക് നോക്കി.
""അത് ഏറ്റവും നല്ലൊരു വാര്‍ത്തയാണ്. സ്വന്തം മണ്ഡലത്തില്‍ ഇങ്ങനെ ഒരു കൊടുംകൊലപാതകം നടന്നത് കേട്ടപ്പോള്‍ ഞെട്ടലാണുണ്ടായത്. ഞാനും ആഭ്യന്തരമന്ത്രിയെ കണ്ട് കഴിവുള്ള ആരെയെങ്കിലും ഈ കേസ് ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഒരു കൊലപാതകമെന്ന് പറഞ്ഞാല്‍ നാട്ടുകാര്‍ക്ക് ഒരു മുറിവ് തന്നെയാണ്. ആ മുറിവ് ഉണങ്ങണമെങ്കില്‍ ആ കൊലപാതകിയെ കണ്ടെത്തി തൂക്കിക്കൊല്ലുകതന്നെവേണം. ആ കുടുംബത്തിന്റെ വേദന, കണ്ണുനീര്‍, ഒറ്റപ്പെടല്‍, നഷ്ടം, ഈകൊലയാളിക്കറിയില്ലല്ലോ. എന്തായാലും കുറ്റവാളികളെ കണ്ടെത്താനുള്ള നിയോഗം മിടുക്കിയായ ഓഫീസര്‍ക്കു തന്നെ കിട്ടി. ഇതിലെ ഒരു രഹസ്യങ്ങളും മറ്റാരും അറിയാതിരിക്കാന്‍ ശ്രദ്ധിക്കണം. ലോക്കല്‍ പോലീസ്സിന് ഒരു തെളിവും ഇതുവരെ ലഭിക്കാത്ത കേസ്സാണ്. അതിനാല്‍ അന്വേഷണവും അത്ര നിസ്സാരമായിരിക്കില്ല.''
കരുണ്‍ കൂടുതല്‍ വാചാലനായി കണ്ടപ്പോള്‍ അവളുടെ ചുണ്ടില്‍ പുഞ്ചിരിയും മിഴികളില്‍ ആവേശവും ഇളകി മറിഞ്ഞു. അവളുടെ മൊബൈല്‍ ശബ്ദിച്ചു. മറുപടി പറഞ്ഞിട്ട്  അവള്‍ കസേരയില്‍ നിന്നെഴുന്നേറ്റ് പോകാന്‍ തിടുക്കം കൂട്ടി. കരുണ്‍ അടുത്ത് ചെന്ന് മാറോടമര്‍ത്തി എല്ലാ നന്മകളും നേര്‍ന്നു. കരുണ്‍ നെഞ്ചോടു ചേര്‍ത്തമര്‍ത്തിയപ്പോള്‍ മോഹങ്ങള്‍ ഉള്ളില്‍ ഉദിച്ചുയരുകതന്നെ ചെയ്തു. കവിള്‍ത്തടങ്ങള്‍ ചുവന്നുതുടുത്തു, കണ്ണുകള്‍ പ്രകാശിച്ചു, ശരീരമാകമാനം കോരിത്തരിക്കുകയും ചെയ്തു. ഉള്ളില്‍ പിറുപിറുത്തു. ""കള്ളന്‍, നിനക്കെന്നെ കല്യാണം കഴിച്ചാലെന്താ?'' അവള്‍ കൈത്തണ്ടയില്‍ പിടിച്ചുകൊണ്ടുചോദിച്ചു.
""നീയെന്നാ നാട്ടിലേക്കു വരുന്നെ?''
""അടുത്താഴ്ച എനിക്കവിടെ ഒരു പരിപാടിയുണ്ട്. ഞാന്‍ വിളിക്കാം. നീയെന്നാ പോകുന്നെ?''
""ഞാന്‍ മറ്റെന്നാള്‍ രാവിലെ പോകും. ശരി, ഓകെ ബൈ.'' കയ്യില്‍ ഒരു നെയ്യപ്പം എടുക്കാനും അവള്‍ മറന്നില്ല. അത് കഴിച്ചുകൊണ്ടുപോകുന്നതും നോക്കി കരുണ്‍ നിമിഷങ്ങള്‍ നിന്നു.
നാട്ടിലെത്തി കിരണ്‍ സ്വന്തം വീട്ടില്‍ പോകാതെ ആദ്യം പോയത് ജില്ലാ പോലീസ് മേധാവി അബ്ദുള്ളയെ കാണാനാണ്. മുറിയിലെത്തിയ വനിതാ എസ്.പി.യെ സ്‌നേഹബഹുമാനത്തോടെയാണ് ജില്ലാ പോലീസ് മേധാവി സ്വീകരിച്ചത്. കേസ് വളരെ ദുര്‍ബലമാണെന്ന് ആദ്യത്തെ കാഴ്ചയില്‍ത്തന്നെ എസ്.പി. വെളിപ്പെടുത്തി. കുറ്റവാളികളായി ഇതുവരെ ആരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പത്രക്കാര്‍ തൊപ്പും തൊങ്ങലും വച്ച് കഥകള്‍ എഴുതി ജനങ്ങളെ ആകാംക്ഷാഭരിതരാക്കുന്നു. കൊലപാതകവുമായി ബന്ധമില്ലാത്തവരെ കസ്റ്റഡിയില്‍ എടുത്തു പീഡിപ്പിക്കുന്നു എന്നുവരെ അവര്‍ എഴുതിയിട്ടുണ്ട്. ഇത് വളരെ ആസൂത്രിതമായ ഒരു കൊലപാതകമാണ്. അയാള്‍ കഴിച്ച മദ്യത്തില്‍ വിഷാംശമുണ്ട്. മറ്റൊന്ന് എന്തിന് അയാളുടെ വൃഷ്ണങ്ങള്‍ ഛേദിച്ചു എന്നതാണ്. ഉള്ളില്‍ ചെന്നത് വീര്യമുള്ള മദ്യമല്ലായിരുന്നു. അതെ മദ്യമുള്ള കുപ്പിയും പരിശോധിച്ചു. അതില്‍ വിഷാംശം കണ്ടെത്താനായില്ല. എന്നാല്‍ ഒരല്പമുണ്ടുതാനും. അത് കഴിക്കുന്ന ഒരാള്‍ മരിക്കില്ല. ആ മദ്യക്കുപ്പികളാകട്ടെ മദ്യലോബികള്‍ നല്ല മദ്യത്തിന്റെ ലേബല്‍ ഒട്ടിച്ച് വില്പന നടത്തിയവരാണ്. അതിന് കൂട്ടുനിന്ന ജീവനക്കാരെ അതുണ്ടാക്കിയവരെയെല്ലാം ഞങ്ങള്‍ അറസ്റ്റു ചെയ്തുകഴിഞ്ഞു. ശങ്കരന്‍ മദ്യം കഴിച്ച് മണിക്കൂറുകള്‍ക്കുശേഷമാണ് കൊല്ലപ്പെടുന്നത്. അയാളുടെ ബോധമനസ് അതുവരെ പ്രവര്‍ത്തിച്ചിരുന്നു. കഴുത്തുഞെരിച്ചു കൊന്നു എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.
അവര്‍ തുടര്‍ന്നു ചോദ്യോത്തരങ്ങള്‍ നടത്തിയതിന് ശേഷം കേസ്സിന്റെ ഫയല്‍ കിരണിനെ ഏല്പിച്ചു. അവള്‍ ഒരു കാര്യം കൂടി മുന്നോട്ടു വച്ച, ""ഈ കേസ്സന്വേഷണവുമായി ഞാനീ നാട്ടില്‍ വന്നകാര്യം മറ്റൊരാള്‍ അറിയരുത്. മാത്രവുമല്ല നമ്മുടെ വകുപ്പിലുള്ളവരുടെ സേവനം തല്ക്കാലം എനിക്കാവശ്യമില്ല. എന്തെങ്കിലും സഹായം ആവശ്യമെങ്കതില്‍ ഞാന്‍ മിസ്റ്റര്‍ അബ്ദുള്ളയെ അറിയിക്കാം. എന്നാല്‍ ഇന്ന് എന്നോടൊപ്പം താങ്കളും വരണം. എനിക്ക് ചില പരിശോധനകള്‍ നടത്താനുണ്ട്.''
പെട്ടെന്ന് അബ്ദുള്ള മേശപ്പുറത്തിരുന്ന ഒരു ഫയലില്‍ നിന്ന് കൊല്ലപ്പെട്ട ആളിന്റെ  ഫോട്ടോകളും മെഡിക്കല്‍ റിപ്പോര്‍ട്ട്, മൊബൈല്‍ തുടങ്ങിയവ ഉള്‍പ്പെട്ട ഒരു കവര്‍ അവളെ ഏല്പിച്ചു. അബ്ദുള്ള ചായക്ക് ഓര്‍ഡര്‍ ചെയ്‌തെങ്കിലും അവളത് സ്‌നേഹപൂര്‍വ്വം നിരസ്സിച്ചു.  അവള്‍ എഴുതിക്കൊണ്ടിരുന്നപ്പോള്‍ ആ സുന്ദരമായ മുഖത്തേക്ക് പല പോലീസുകാരും തലയുയര്‍ത്തി നോക്കി. ഇളം തെന്നല്‍ അവളെ തഴുകിപ്പോയി. അബ്ദുള്ള താക്കോലെടുത്ത് അവള്‍ക്കൊപ്പം യാത്ര തിരിച്ചു.

കടപ്പാട്: മീഡിയ ഹൌസ് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക