Image

കാലിഫോർണിയ ദുരന്തഭൂമി; പുകവലിക്കാർക്ക് വാക്‌സിൻ; മോഡർനയുടെ പാർശ്വഫലം; ജോൺസൻ ആൻഡ് ജോൺസൻ പ്രതീക്ഷ 

മീട്ടു  Published on 23 January, 2021
കാലിഫോർണിയ ദുരന്തഭൂമി; പുകവലിക്കാർക്ക് വാക്‌സിൻ; മോഡർനയുടെ പാർശ്വഫലം; ജോൺസൻ ആൻഡ് ജോൺസൻ പ്രതീക്ഷ 

കാലിഫോർണിയയിൽ കോവിഡ് മരണങ്ങൾ ഉയരുന്നു 

സാൻ ഫ്രാൻസിസ്‌കോ:  കഴിഞ്ഞ 24 മണിക്കൂറുകൾക്കുള്ളിൽ 764 പേരാണ് സംസ്ഥാനത്ത് കോവിഡ് മൂലം മരണപ്പെട്ടത്. ഇതോടെ, കാലിഫോർണിയയിലെ കൊറോണ മരണസംഖ്യ 35,768 ആയി ഉയർന്നു. രണ്ടാഴ്ച മുൻപ് രേഖപ്പെടുത്തിയിരുന്ന  708 എന്ന ഏറ്റവും ഉയർന്ന മരണസംഖ്യയാണ് വെള്ളിയാഴ്‌ച മറികടന്നത്. 23,024 പേരിൽ പുതിയതായി കോവിഡ് സ്ഥിരീകരിച്ചതോടെ കാലിഫോർണിയയിലെ രോഗബാധിതരുടെ എണ്ണം 3,062,068 ആയി.    

യു എസിൽ ആദ്യമായി കോവിഡ് ബാധിതരുടെ എണ്ണം 3  മില്യൺ കടന്നത് 40 മില്യൺ ആളുകളുള്ള ഈ സംസ്ഥാനത്താണ്. 18,985 പേരാണ് നിലവിൽ കാലിഫോർണിയയിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 4,627 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. വ്യാഴാഴ്ച വരെ സംസ്ഥാനത്ത് വിതരണം ചെയ്ത വാക്സിൻ ഡോസുകളുടെ എണ്ണം 1,795,174 ആണെന്നാണ് പൊതു ആരോഗ്യ അധികൃതർ പുറത്തുവിട്ട വിവരം. 

പെൻസിൽവാനിയയിൽ  വാക്സിനു പുകവലിക്കാരും ഇടംനേടി 

പെൻസിൽവാനിയ: പുകവലിക്കാരിൽ കോവിഡ് പിടിപെടാനുള്ള സാധ്യത ഏറെയാണെന്ന് വിലയിരുത്തി സംസ്ഥാന ആരോഗ്യവകുപ്പ് വാക്സിൻ വിതരണത്തിന്റെ  ഫേസ് 1- എ യിൽ  അവരെയും ഉൾപ്പെടുത്തി. ആരോഗ്യ പ്രവർത്തകർ, നഴ്സിംഗ് ഹോം അന്തേവാസികൾ, 64 വയസ് പിന്നിട്ടവർ എന്നീ വിഭാഗത്തോടൊപ്പം 16 നും 64 നും ഇടയിൽ പ്രായമുള്ള പുകവലിക്കാരും  ഇനി മുതൽ വാക്സിൻ സ്വീകരിക്കാൻ അർഹരാകും. 

രേഖകൾ ഒന്നും ആവശ്യമില്ലാത്തതുകൊണ്ട് വാക്സിൻ സ്വീകരിക്കാൻ എത്തുന്നവർ യഥാർത്ഥത്തിൽ പുകവലിക്കാർ തന്നെയാണോ എന്നെങ്ങനെ മനസ്സിലാക്കും എന്ന സംശയത്തോട് സംസ്ഥാന ആരോഗ്യവകുപ്പ് പ്രതികരിച്ചിട്ടില്ല. രോഗസാധ്യതയുള്ള വിഭാഗങ്ങളെ ഫേസ് 1 - സി യിൽ ഉൾപ്പെടുത്താനാണ് സിഡിസി നിർദ്ദേശിച്ചതെങ്കിലും സംസ്ഥാനങ്ങൾക്ക് ഇഷ്ടാനുസരണം മാറ്റങ്ങൾ വരുത്താൻ അനുവാദമുണ്ട്.
ന്യൂജേഴ്‌സിയിലും മിസ്സിസിപ്പിയിലും ഇതിനു മുൻപേ പുകവലിക്കാരെ വാക്സിൻ പരിഗണനാപട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.

ഒരു ഡോസ് കൊണ്ട് പ്രതിരോധം തീർക്കുന്ന ജോൺസൺ ആൻഡ് ജോൺസന്റെ വാക്സിനിൽ പ്രതീക്ഷ ഏറെ 

ഫൈസറിന്റെയും മോഡേണയുടെയും വാക്സിൻ വിതരണം നിലവിൽ നടക്കുന്നുണ്ടെങ്കിലും  ജോൺസൺ ആൻഡ് ജോൺസൺ വാക്സിന് അനുമതി ലഭിക്കാൻ  ഉറ്റുനോക്കുന്നതിനു പിന്നിൽ ചില കാരണങ്ങളുണ്ട്.  ഫൈസറിന്റെയും മോഡേണയുടെയും ആദ്യ ഡോസ് സ്വീകരിച്ച്  ഒരുമാസത്തോളം കാത്തിരുന്ന് രണ്ടാമത്തെ ഡോസ് നേടിക്കഴിഞ്ഞാൽ മാത്രം സൃഷ്ടിക്കപ്പെടുന്ന പ്രതിരോധമാണ്  ജോൺസൺ ആൻഡ് ജോൺസൻ ഒറ്റ ഡോസിലൂടെ വാഗ്ദാനം ചെയ്യുന്നത്. ഡിസംബറിലാണ് രണ്ടു വാക്സിനുകൾക്കും അനുമതി ലഭിച്ചത്.

അടിയന്തര ഉപയോഗാനുമതി ലഭ്യമാകുന്നതിന് ആവശ്യമായ പഠന വിവരങ്ങൾ ജനുവരി അവസാനം  ജോൺസൺ ടീം സമർപ്പിക്കും.

മറ്റു വാക്സിനുകളിൽ എം ആർ എൻ എ ആണ് ഉപയോഗിച്ചിരിക്കുന്നത്. മെസഞ്ചർ  ആർ എൻ എ ഒരു പ്രോടീൻ ഉത്പാദിപ്പിച്ച് ശരീരത്തിൽ പ്രതിരോധ സംവിധാനം ഏർപ്പെടുത്തുന്ന  രീതി. എന്നാൽ, ജോൺസന്റെ  വാക്സിനിൽ അഡിനോ വൈറസിനെയാണ് ഉപയോഗിച്ചിരിക്കുന്നത്. സാധാരണ ജലദോഷം ഉണ്ടാക്കുന്ന  വൈറസാണിത്. അഡിനോ വൈറസ് അതിന്റെ പകർപ്പ്  ഉണ്ടാക്കില്ല. അഡിനോ വൈറസിനൊപ്പം  മനുഷ്യകോശങ്ങളിലേക്ക് കോറോണവൈറസിൽ നിന്നൊരു ജീൻ  കയറ്റിവിടും. അത് പിന്നീട് കൊറോണ വൈറസ് സ്‌പൈക്ക്  പ്രോടീൻ ഉത്പാദിപ്പിക്കും. ഈ സ്‌പൈക്ക്  പ്രോടീനാണ് പിന്നീട് രോഗം ബാധിക്കുമ്പോൾ കൊറോണ  വൈറസുമായി ഏറ്റുമുട്ടി പ്രതിരോധം തീർക്കുന്നത്. 

ജോൺസന്റെ തന്നെ എബോളയുടെയും എച്ച് ഐ വി യുടെയും ആർ എസ് വി യുടെയും വാക്സിനുകളിൽ ഉപയോഗിച്ച് .സുരക്ഷിതമാണെന്ന് ബോധ്യപ്പെട്ടതാണിത്. ഏത് താപനിലയിലും സൂക്ഷിക്കാം എന്നതാണ് മറ്റൊരു പ്രത്യേകത. 

രണ്ടു വര്‍ഷം വരെ മൈനസ് 4 ഡിഗ്രി ഫാറെൻഹീറ്റിൽ ഈ വാക്സിൻ സാങ്കേതിക വിദ്യയിലൂടെ മരുന്ന് സൂക്ഷിക്കാം. 34  മുതൽ  46 ഡിഗ്രി  ഫാറെൻഹീറ്റിൽ മൂന്ന് മാസം വരെയും കേടുവരില്ല. അതായത് വീടുകളിലെ ഫ്രിഡ്ജിൽ  സൂക്ഷിക്കാം. നിശ്ചിത താപനില നിലനിർത്തിക്കൊണ്ട് ഷിപ്പിംഗിനു  വേണ്ടിവരുന്ന അധിക ചിലവും ബുദ്ധിമുട്ടും ഇതിന്റെ വിതരണവുമായി ബന്ധപ്പെട്ട് ഉണ്ടാകില്ല.

യു എസ് ഗവൺമെന്റിൽ നിന്ന് 454 മില്യൺ ഡോളർ ഗവേഷണാവശ്യത്തിന് ഇവർക്ക് നൽകിയിരുന്നു. 
ഏപ്രിലിനകം 100 മില്യൺ അമേരിക്കക്കാരെ വാക്സിനേറ്റ് ചെയ്യാൻ പര്യാപ്തമായത്ര ഡോസുകൾ ഉണ്ടെന്നാണ് ന്യൂജേഴ്‌സി ആസ്ഥാനമായി പ്രവർത്തിക്കുന്ന ജോൺസൺ കമ്പനി പറഞ്ഞിരിക്കുന്നത്. ഒറ്റ ഡോസ് കൊണ്ട് 90 ശതമാനം ഫലപ്രാപ്തിയാണ് ക്ലിനിക്കൽ പരീക്ഷണങ്ങളിൽ കണ്ടത്.

മോഡേണയുടെ വാക്സിൻ സ്വീകരിച്ച 1200- ലധികം പേർക്ക് പാർശ്വഫലം 

ജനുവരി 10 വരെ  മോഡേണയുടെ  വാക്സിൻ സ്വീകരിച്ച 1200-ലധികം  പേരിൽ പാർശ്വഫലങ്ങൾ കണ്ടതായി റിപ്പോർട്ട്. ഇതിൽ 10 പേരിൽ അനാഫിലാക്‌സിസ് പ്രതികരണങ്ങൾ കണ്ടെത്തിയതായും സി ഡി സി വെള്ളിയാഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

ഒരു മാസത്തെ ഇടവേളയിൽ രണ്ടു ഡോസുകൾ സ്വീകരിക്കുന്നതിന് മോഡേണയുടെ കോവിഡ് വാക്സിന് എഫ് ഡി എ ഉപയോഗാനുമതി നൽകിയത് ഡിസംബർ 18 -നാണ്. ജനുവരി 10 ,  വരെ യു എസിൽ മോഡേണയുടെ 40,41,396 ആദ്യ ഡോസുകൾ വിതരണം ചെയ്തതിൽ 1,266 പേർക്ക് പാർശ്വഫലം കണ്ടെന്ന റിപ്പോർട്ടാണ് സി ഡി സി പുറത്തുവിട്ടത്. ഇതിൽ അനാഫിലാക്‌സിസ് ഉൾപ്പെടെയുള്ള ഗുരുതരമായ അലർജികൾ കണ്ട  108 കേസുകൾ പുനഃപരിശോധനയ്ക്ക് വിധേയമാക്കും.

വാക്സിൻ സ്വീകരിച്ച് നിമിഷങ്ങൾക്കോ മണിക്കൂറുകൾക്കോ ഉള്ളിൽ മരണത്തിലേക്ക് പോലും നയിച്ചേക്കാവുന്ന ഗുരുതരമായ അലർജിയാണ്  അനാഫിലാക്‌സിസ്. ഒരു മില്യണിൽ 2.5 എന്ന തോതിലാണ് മോഡേണ വാക്സിൻ മൂലം യു എസിൽ അനാഫിലാക്‌സിസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇത്തരം അലർജി ലക്ഷണം വാക്സിൻ സ്വീകരിച്ച് 7.5 മിനിറ്റ് കഴിയുമ്പോൾ മുതൽ തുടങ്ങാൻ സാധ്യതയുണ്ട്.
മാർഗരേഖകൾ കൃത്യമായി പാലിക്കണമെന്നും അലർജി സാധ്യത ഉള്ളവർക്ക് വാക്സിൻ നൽകരുതെന്നും സി ഡി സി നിഷ്കര്‍ഷിച്ചിട്ടുണ്ട്.

അനാഫിലാക്‌സിസ് പ്രതികരണം ഉണ്ടായ പത്തുപേരും സ്ത്രീകളാണ്. ഇവയിൽ 9 കേസുകളും മരുന്ന് സ്വീകരിച്ച് 15 മിനിറ്റുകൾക്കുള്ളിൽ തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഒൻപത് പേർ മുൻപ് അലർജി ചരിത്രമുള്ളവരാണ്. അതിൽ തന്നെ 5 പേർക്ക്  അനാഫിലാക്‌സിസ് പ്രതികരണം മുൻപ് വന്നിട്ടുമുണ്ട്.  അനാഫിലാക്‌സിസ് പ്രതികരണത്തെ തുടർന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. 

അടിയന്തരമായി ചികിത്സ തേടേണ്ട ഒന്നാണിത്.  എപിനെഫ്രിൻ കുത്തിവയ്പ്പിലൂടെ ഇത് സുഖപ്പെടും. സമയത്തു ചികിത്സ ലഭിച്ചില്ലെങ്കിൽ, മരണം പോലും സംഭവിക്കാം.

ന്യൂയോർക് ഗവർണർ ആൻഡ്രൂ കോമോ പറയുന്നത് 

നമുക്ക്  അടുത്ത ആഴ്ചത്തേക്കുള്ള വാക്സിൻ ഡോസുകൾ ഉടനെ എത്തിച്ചേരും. ലഭിച്ചാൽ അതിവേഗം അവ അത്യാവശ്യക്കാരുടെ കൈകളിൽ എത്തിക്കാനുള്ള കാര്യക്ഷമമായ ശ്രമം തുടരും. അപ്പോയിന്റ്മെന്റ് എടുത്ത ആളുകൾക്ക് നൽകാൻ ഡോസ് പര്യാപ്തമാണോ എന്ന് സൈറ്റുകൾ ഉറപ്പുവരുത്തണം. ഡോസ് ഇല്ലാത്തതിന്റെ പേരിൽ  അപ്പോയിന്റ്മെന്റ് ക്യാൻസൽ ചെയ്യുന്ന അവസ്‌ഥയിലേക്ക് കാര്യങ്ങൾ നീങ്ങുന്നത് ഒഴിവാക്കണം. ആദ്യ ഡോസ്  സ്വീകരിച്ച ന്യൂയോർക്കുകാർ ആരും തന്നെ രണ്ടാമത്തെ ഡോസ് ലഭിക്കാതെ വരുമോ എന്ന് ആശങ്കപ്പെടേണ്ടതില്ല. ആദ്യ ഡോസ് നിങ്ങൾക്ക് നൽകുമ്പോൾ തന്നെ അടുത്ത ഡോസിന്റെ ലഭ്യത ഞങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്.

വാക്സിൻ ലഭിച്ചാൽ, പ്രതിദിനം ഒരുലക്ഷത്തിൽ  അധികം പേരെ വാക്സിനേറ്റ് ചെയ്യാൻ ന്യൂയോർക്കിന് കഴിയും. ബൈഡൻ ഭരണകൂടം വാക്സിന്റെ ഉത്പാദനം കൂട്ടുന്നതിനും വിതരണത്തിലെ കാലതാമസം കുറയ്ക്കുന്നതിനും ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. അതുവരെ, എല്ലാ ന്യൂയോർക് നിവാസികളും ക്ഷമയോടെ തുടരുക.

* ന്യൂയോർക്കിൽ  1- 5 ആഴ്ചകൾകൊണ്ട് എത്തിച്ച വാക്സിൻ ഡോസുകളുടെ 97 ശതമാനവും രാവിലെ 9 മണികൊണ്ട് വിതരണം ചെയ്തു കഴിഞ്ഞു.
*ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ എണ്ണം 8,846 ആയി കുറഞ്ഞു.
   2,68,001 ആളുകളെ പരിശോധിച്ചതിൽ 15,144 പേരുടെ ഫലം പോസിറ്റീവായി.
   പോസിറ്റിവിറ്റി നിരക്ക് : 5.65 ശതമാനം. 
   ഐ സി യു വിലെ രോഗികളുടെ എണ്ണം: 1546
   165 പേർ മരണപ്പെട്ടു.
* പുതിയതായി മൂന്ന് പേരിൽ കൂടി യു കെ വേരിയന്റ് കണ്ടെത്തി. ന്യൂയോർക്കിലെ വൈറസ് വകഭേദ ബാധിതരുടെ എണ്ണം ഇതോടെ 25 ആയി.
* ഇതുവരെ 30 മിലിയോണിൽ അധികം കോവിഡ് പരിശോധനകൾ നടത്താൻ സംസ്ഥാനത്തിന് സാധിച്ചു.
* പ്ലാറ്റ്‌സ്ബർഗിൽ പുതിയ വാക്സിനേഷൻ സൈറ്റ് തുറന്നു.
* ആശുപത്രിയിൽ പ്രവേശിക്കുന്ന രോഗികളുടെ പ്രതിദിന നിരക്ക് കുറഞ്ഞു. തുടർച്ചയായി കുറവ് രേഖപ്പെടുത്തിവരുന്നത് ആശ്വാസകരമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക