Image

മുൻ  ജനറൽ ഓസ്റ്റിൻ ലോയ്‌ഡ് ആദ്യ ആഫ്രിക്കൻ-അമേരിക്കൻ പ്രതിരോധ സെക്രട്ടറി 

Published on 22 January, 2021
മുൻ  ജനറൽ ഓസ്റ്റിൻ ലോയ്‌ഡ് ആദ്യ ആഫ്രിക്കൻ-അമേരിക്കൻ പ്രതിരോധ സെക്രട്ടറി 

മുൻ ആർമി ജനറൽ ഓസ്റ്റിൻ ലോയ്ഡിനെ  പ്രതിരോധ സെക്രട്ടറിയായി  യു എസ് സെനറ്റ് അംഗീകരിച്ചു . ഈ പദവി വഹിക്കുന്ന ആദ്യ ആഫ്രിക്കൻ -അമേരിക്കൻ ആയിരിക്കും ഓസ്റ്റിൻ ലോയ്‌ഡ്. സെനറ്റിൽ 93-2 നാണ് അദ്ദേഹത്തിന് സ്ഥിരീകരണം ലഭിച്ചത്.

ജനറലായി വിരമിച്ച് ഏഴ് വർഷങ്ങൾക്ക് ശേഷമേ നിയമപരമായി പ്രതിരോധ സെക്രട്ടറി സ്ഥാനത്ത് നിയമിക്കാനാവു. 2016 ലായിരുന്നു ലോയ്ഡ് വിരമിച്ചത്. ഏഴ് വർഷം എന്നത്    ഒഴിവാക്കാൻ വ്യാഴാഴ്‌ച കോൺഗ്രസ് അനുമതി നൽകി 

'അമേരിക്കൻ സൈന്യം എല്ലായ്പ്പോഴും സുഹൃത്തുക്കളെ പിന്തുണയ്ക്കുമെന്നും എതിരാളികളെ പിന്തിരിപ്പിക്കുകയും വേണ്ടിവന്നാൽ പരാജയപ്പെടുത്തുകയും ചെയ്യുമെന്നും  ഓസ്റ്റിൻ ലോകത്തിന് വീണ്ടും വിശദീകരിച്ചു കൊടുക്കണം'    സെനറ്റ് മജോറിറ്റി നേതാവ് ചക്ക് ഷൂമർ പറഞ്ഞു. 

'ജനറൽ ഓസ്റ്റിനേക്കാൾ മികച്ച വ്യക്തിയെ  ഈ സ്ഥാനത്തേക്ക് ലഭിക്കുമെന്ന് തോന്നുന്നില്ല' സെനറ്റ് സായുധ സേന സമിതി (സെനറ്റ് ആംഡ് സർവീസ് കമ്മിറ്റി) യുടെ റിപ്പബ്ലിക്കൻ നേതാവ് ജിം ഇൻഹോഫ് അഭിപ്രായപ്പെട്ടു.

രാജ്യം കടുത്ത പ്രതിസന്ധി അഭിമുഖീകരിക്കുന്ന  സാഹചര്യത്തിലാണ് ഓസ്റ്റിൻ പെന്റഗൺ നേതൃത്വം ഏറ്റെടുക്കുന്നത്. ഇൻഡോ-പസിഫിക് മേഖലയിൽ ആയിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരുന്നത്, ഇവിടെയാണ് ലോകത്തിന് തന്നെ ഭീഷണി ഉയർത്തുന്ന ചൈന. ഈ പ്രദേശത്ത് നേരിട്ട് പ്രവർത്തിച്ച് അദ്ദേഹത്തിന് പരിചയമില്ല.

41 വർഷങ്ങൾ നീണ്ട സൈനിക ജീവിതത്തിൽ മിഡിൽ ഈസ്റ്റിൽ യു എസ് മിലിറ്ററിയുടെ സെൻട്രൽ കമാൻഡിന്റെ തലവനായിരുന്നു.   ദക്ഷിണേഷ്യയുടെ ഒരു ഭാഗത്ത്  മിലിറ്ററി പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചും പരിചയമുണ്ട്.  

2003-05 കാലഘട്ടത്തിൽ യു എസിന്റെയും സഖ്യകക്ഷികളുടെയും സംയുക്ത ടാസ്ക് ഫോഴ്‌സിന്റെ കമാൻഡറായി അഫ്‌ഗാനിസ്ഥാനിൽ അനുഭവപരിചയമുള്ള ഓസ്റ്റിന് അന്ന്  പാകിസ്ഥാനി  ജനറൽമാരുമായി അടുത്ത് ഇടപഴകാൻ അവസരം ലഭിച്ചിരുന്നു. ആ  ബന്ധം വച്ച്  തീവ്രവാദികൾക്ക് സങ്കേതം ഒരുക്കുന്നത് നിർത്താൻ പാകിസ്ഥാനോട് ആവശ്യപ്പെടുമെന്ന് അദ്ദേഹം സെനറ്റ് സായുധ സേന സമിതിയോട് പറഞ്ഞിരുന്നു. ഇന്ത്യ  വിരുദ്ധ തീവ്രവാദി സംഘടനകളായ ലഷ്കറേ ത്വായിബ, ജെയ്ഷെ മുഹമ്മദ് എന്നിവക്കെതിരെ പാകിസ്ഥാന്റെ പ്രവർത്തനങ്ങളിൽ പുരോഗതി ഉണ്ടെങ്കിലും അപൂർണമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഡൊണാൾഡ് ട്രംപ് പ്രസിഡന്റായിരിക്കെ ഇന്ത്യയോട്  കാട്ടിയ   വാഷിങ്ങ്ടണിന്റെ പ്രതിരോധ സമീപനത്തിന്റെ തുടർച്ചയുടെ സൂചനയാണ് ലോയ്‌ഡ്  നൽകിയത്. 

ഇന്ത്യയുമായി ശക്തമായ പ്രതിരോധ സഹകരണം വളർത്തിയെടുക്കുമെന്നും ഇരു രാജ്യങ്ങളിലെയും സൈനികർക്ക് സഹകരിക്കാമെന്ന് ഉറപ്പുവരുത്തുമെന്നും ഓസ്റ്റിൻ പറഞ്ഞു. 

അനൗദ്യോഗികമായി യു എസും ഇന്ത്യയും ജപ്പാനും ഓസ്‌ട്രേലിയയും ആണ് ഇൻഡോ- പസിഫിക് അംഗങ്ങൾ. സുരക്ഷാ സംഭാഷണങ്ങളിലൂടെയും മറ്റു പ്രാദേശിക ബഹുരാഷ്ട്ര ഇടപെടലുകളിലൂടെയും നാല് രാജ്യങ്ങളും തമ്മിൽ പ്രതിരോധ സഹകരണം  കൂടുതൽ വിപുലമാക്കാൻ ആഗ്രഹിക്കുന്നതായും ലോയ്‌ഡ്  വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക