കോവിഡ് മരണസംഖ്യ 4,08,000 കടന്നു; പ്രതിദിനം മരിക്കുന്നത് 3000-ൽ ഏറെ പേർ

യു എസിൽ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 4,08,000 കടന്നു. വേൾഡ് ഒ മീറ്റർ പ്രകാരം ഇത് 420,000-നു മേലാണ്. ഇപ്പോൾ പ്രതിദിന ശരാശരി മരണനിരക്ക് 3000 ൽ കൂടുതലാണ്. കഴിഞ്ഞ വര്‍ഷം ഏപ്രിലിൽ രേഖപെടുത്തിയ ഏറ്റവും ഉയർന്ന നിരക്കിലും കൂടുതൽ.
ചികിത്സാരീതി മെച്ചപ്പെടുകയും കൂടുതൽ ആളുകൾ രോഗത്തെ അതിജീവിക്കുകയും ചെയ്യുമ്പോഴും മരണനിരക്ക് താഴുന്നില്ല. അടുത്ത ഒരു മാസത്തിനുള്ളിൽ ഒരു ലക്ഷം മരണം കൂടി ഉണ്ടാകുമെന്നാണ് വിദഗ്ദർ പറയുന്നത്.
ബൈഡന്‍ അധികാരമേറ്റ ബുധനാഴ്ച മാത്രം 4383 പേര്‍ മരിച്ചു.ഓരോ ദിവസവും ശരാശരി 194,000 പേര്‍ക്കാണ് കോവിഡ് ബാധിക്കുന്നത്. ഇപ്പോൾ 122,000 പേര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.
ന്യുന പക്ഷ വിഭാഗങ്ങള്‍, നേറ്റിവ് അമേരിക്കന്‍സ് എന്നിവരാണ് മരിക്കുന്നവരില്‍ കൂടുതല്‍.
ബുധനാഴ്ച കാലിഫോര്‍ണിയയില്‍ രോഗബാധിതര്‍ മൂന്നു മില്യന്‍ കടന്നു. ഒരു സ്റ്റേറ്റില്‍ ഇത്രയധികം രോഗികള്‍ ഇതാദ്യമാണ്. 10 മാസം കൊണ്ടാണ് അവിടെ ഒരു മില്യന്‍ എത്തിയത്. ഒന്നര മാസം കൊണ്ട് അത് 2 മില്യനായി. ഒരു മാസം കൊണ്ട് 3 മില്യനും.
ജൂലൈ 2020 ൽ മരണനിരക്ക് കുറഞ്ഞ പ്രതിദിന മരണസംഖ്യ 463 വരെ ആയിരുന്നു. അവിടെ നിന്നാണ് ഈ മുന്നേറ്റം.
ശൈത്യകാലത്ത് രോഗവ്യാപനവും മരണനിരക്കും ഉയരുമെന്ന് മുൻപേ ആരോഗ്യ വിദഗ്ദ്ധർ പ്രവചിച്ചിരുന്നു.
ഇത് കൂടാതെയാണ് യു കെ യിൽ സ്ഥിരീകരിക്കപ്പെട്ട കോവിഡ് വകഭേദവും അമേരിക്കയിൽ എത്തിയത്. അവധി ദിനാഘോഷങ്ങൾക്ക് യാത്രകൾ പരിമിതപ്പെടുത്താൻ നിർദ്ദേശിച്ചിരുന്നെങ്കിലും ഫലം കാണാതിരുന്നത് രോഗവ്യാപനം നിയന്ത്രണാതീതമായതിന്റെ മറ്റൊരു കാരണമാണ്.
കഴിഞ്ഞ വര്‍ഷം ഏപ്രിൽ മധ്യത്തിൽ ന്യൂയോർക്കിൽ 3700 -ലധികവും ജൂൺ 25 നു ന്യൂജേഴ്‌സിയിൽ 1800- ലധികവും കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ആരോഗ്യ രംഗത്തെ ഉദ്യോഗസ്ഥരും രാജ്യത്തെ മികച്ച പകർച്ചവ്യാധി വിദഗ്ദ്ധനായ അന്റോണി ഫൗച്ചിയും പറയുന്നത് റിപ്പോർട്ട് ചെയ്യപ്പെടുന്നതിനേക്കാൾ കൂടുതൽ ആളുകൾ വൈറസ് ബാധിച്ച് മരിക്കുന്നുണ്ടെന്നാണ്.
ന്യൂയോർക്കുകാരോട് ഗവർണർ ആൻഡ്രൂ കോമോ പറയുന്നത്
വർദ്ധിക്കുന്ന കോവിഡ് രോഗബാധയോടും വകഭേദം ഉയർത്തുന്ന ഭീഷണിയോടും വാക്സിൻ വിതരണം ഊർജ്ജിതമാക്കിക്കൊണ്ടുള്ള നമ്മുടെ മത്സരം തുടരുകയാണ്. ന്യൂയോർക്കുകാർക്ക് എത്രയും വേഗം വാക്സിൻ നൽകുന്നതിന് വിതരണ സൈറ്റുകളുടെ വലിയൊരു ശൃംഖല തന്നെ സജ്ജമാക്കിയിട്ടുണ്ട്, ഫെഡറൽ ഗവൺമെന്റിൽ നിന്ന് പര്യാപ്തമായ അളവിൽ ഡോസ് ലഭ്യമാകാത്തതാണ് പ്രശ്നം.
ശൈത്യത്തിന്റെ ഏറ്റവും മോശം അവസ്ഥയിലേക്ക് കടക്കുമ്പോൾ ന്യൂയോർക്കിലെ ജനങ്ങളോട് കൂടുതൽ ജാഗ്രത പുലർത്തേണ്ടതിന്റെ ആവശ്യകത ഞാൻ ഓർമ്മിപ്പിക്കുന്നു. കൈകൾ കഴുകുകയും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. സമൂഹത്തിലേക്ക് എത്രമാത്രം രോഗവ്യാപനം ഉണ്ടാകുമെന്നത് നമ്മുടെ പ്രവൃത്തിയെ ആശ്രയിച്ചിരിക്കും. കഴിഞ്ഞ വര്‍ഷം അത്രമാത്രം കഷ്ടതകൾ ധൈര്യത്തോടെയും ഊർജസ്വലതയോടെയും നേരിട്ടുകൊണ്ട് എണ്ണമറ്റ ജീവൻ രക്ഷപ്പെടുത്താൻ ന്യൂയോർക് നിവാസികൾക്ക് കഴിഞ്ഞിട്ടുണ്ട്. വെളിച്ചത്തിനായി പ്രതീക്ഷയോടെ നമുക്ക് കാത്തിരിക്കാം.
* കഴിഞ്ഞ 24 മണിക്കൂറുകൾക്കുള്ളിൽ ന്യൂയോർക്കിൽ 96,000 വാക്സിൻ ഡോസുകൾ വിതരണം ചെയ്യാൻ സാധിച്ചു.
*ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ എണ്ണം 9055 ആയി കുറഞ്ഞു.
2,24,569 ആളുകളെ പരിശോധിച്ചതിൽ 13886 പേരുടെ ഫലം പോസിറ്റീവായി.
പോസിറ്റിവിറ്റി നിരക്ക് : 6.18 ശതമാനം.
ഐ സി യു വിലെ രോഗികളുടെ എണ്ണം: 1560.
174 പേർ മരണപ്പെട്ടു.
*ആരോഗ്യ പരിരക്ഷ ഇനിയും എടുക്കാത്ത ന്യൂയോർക്കുകാർക്ക് വേണ്ടി എൻറോൾ ചെയ്യാനുള്ള അവസാന തീയതി മാർച്ച് 31,2021 വരെ നീട്ടി.
- കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് നൽകിവരുന്ന 6 മരുന്നുകളുടെ വില വർദ്ധിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത്തരം മരുന്ന് കമ്പനികൾക്കെതിരെ അന്വേഷണമുണ്ടാകും.
കോവിഡിനെതിരെ കടുത്ത നടപടികളുമായി പ്രസിഡന്റ് ജോ ബൈഡൻ; വ്യാപനം രൂക്ഷമായ ശേഷമേ ശമനം ഉണ്ടാകൂ
ആവശ്യമായ അളവിൽ വാക്സീൻ ലഭിച്ചെന്ന് ഫോർട്ട്ബെൻഡ് കൗണ്ടി ജഡ്ജി കെ. പി. ജോർജ്
Facebook Comments