Image

സമഭാവനയുടെ കരുത്തുമായി ജോർജി വർഗീസ്, ഫൊക്കാന  ചരിത്ര ദൗത്യത്തിലൂടെ മുന്നോട്ട് (അനിൽ പെണ്ണുക്കര)

Published on 21 January, 2021
സമഭാവനയുടെ കരുത്തുമായി ജോർജി വർഗീസ്, ഫൊക്കാന  ചരിത്ര ദൗത്യത്തിലൂടെ മുന്നോട്ട് (അനിൽ പെണ്ണുക്കര)

അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടന ഒന്നേയുള്ളു. അത് ഫൊക്കാനായാണ്. പ്രാദേശികവും, മതപരവും, ജാതീയവുമായി അമേരിക്കന് മലയാളികൾ ഓരോ തുരുത്തുകളിലേക്ക് അകപ്പെട്ടു പോകാതിരിക്കാൻ മുപ്പത്തിയെട്ടു   വർഷങ്ങൾക്കു മുൻപ് വിശാലമായ ഒരു കാൻവാസിലേക്ക് അമേരിക്കൻ മലയാളികളെ വരച്ചിട്ട പ്രസ്ഥാനമാണ് ഫൊക്കാന. ആഗോള മലയാളികളുടെ മനസിൽ കുടിയേറിയ ഏക പ്രവാസി സംഘടന. കടൽ കടന്നിട്ടും മലയാളത്തിന് വേണ്ടി എപ്പോഴും ജാഗരൂകരായി പ്രവർത്തിക്കുന്ന ഫൊക്കാനയുടെ 2020  - 22 കാലയളവിലെ പ്രസിഡന്റ് ഫ്ലോറിഡയിൽ നിന്നുള്ള ജോർജി വർഗീസ്.

ചരിത്രപരമായ ഒരു പ്രതിസന്ധിയിലൂടെ കടന്നു പോകുമായിരുന്ന ഒരു സംഘടനയെ തന്റെ നേതൃ  പാടവത്തിലൂടെ  പുതിയ ചരിത്രമാക്കി മാറ്റുവാൻ ശ്രമിക്കുകയും അതിൽ വിജയം കണ്ടെത്തുകയും  ചെയ്ത  വ്യക്തി കൂടിയാണ് അദ്ദേഹം . വീണ്ടും ഒരു പിളർപ്പിലേക്ക് ഈ മഹത്തായ സംഘടനയെ നയിക്കാതെ എല്ലാവരെയും ഒപ്പം നിർത്തി ഫൊക്കാനയ്ക്ക് പുതിയ ഊടും പാവും നൽകുകയാണ് ജോർജി വർഗീസ് ....

തന്റെ രണ്ടു വർഷത്തെ കർമ്മ വഴികളെ കുറിച്ച് അദ്ദേഹം മനസു തുറക്കുന്നു ..

ചോ: ഫൊക്കാനയെ ഒരു കുടക്കീഴിൽ അണിനിരത്തി സജീവമായി പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുകയാണല്ലോ .എന്ത് തോന്നുന്നു ഇപ്പോൾ?

ഉ: വളരെ സന്തോഷം തോന്നുന്ന നിമിഷങ്ങൾ ആണിത്. മാനസിക സംഘർഷങ്ങൾ  ഒക്കെ മാറി .ഞാൻ വളരെ  സ്നേഹിച്ചിരുന്നവർ, മാതൃകയാക്കിയിരുന്നവരൊക്കെ ഈ സംഘടനയുടെ ഭാഗമായി തന്നെ നിലകൊള്ളണമെന്നും അവരോടൊത്ത് തന്നെ പ്രവർത്തിക്കണമെന്നും പ്രസിഡന്റ് ആയി ചുമതലയേറ്റ സമയത്തു ആഗ്രഹിച്ചിരുന്നു. വളരെ  ചുരുങ്ങിയ സമയത്തിനുള്ളിൽ അഭിപ്രായ  വ്യത്യാസങ്ങൾ ഒക്കെ പരിഹരിക്കുവാനും ഫൊക്കാന അമേരിക്കൻ മലയാളികളുടെ പ്രിയപ്പെട്ട പ്രസ്ഥാനമായി മാറ്റുവാനും സാധിച്ചു . 

ഇതൊക്കെ എന്റെ ഒരു ക്രഡിറ്റായി ഞാൻ കാണുന്നില്ല .കാരണം ഫൊക്കാനയുടെ ചട്ടക്കൂട് തന്നെ സ്നേഹത്തിൽ പടുത്തുയർത്തിയതാണ് .അവിടെ സ്നേഹവും കരുതലും മാത്രമേയുള്ളു .മനുഷ്യൻ ഉള്ളയിടത്ത് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ട് . അവ ചെറിയ ചർച്ചകളിലൂടെ പരിഹരിച്ചു . എല്ലാവർക്കുമൊപ്പം ഞാനും കൂടി . അത്രേയുള്ളു .ഇപ്പോൾ എന്തെന്നില്ലാത്ത സന്തോഷം . ഫൊക്കാനയുടെ പ്രവർത്തനങ്ങളിൽ ഞങ്ങൾ ഒരേ മനസോടെ മുന്നോട്ട് നീങ്ങുന്നു . കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കുറെ നല്ല പ്രോജക്ടുകൾ ഫൊക്കാന വരുന്ന രണ്ടു വർഷങ്ങൾക്കുള്ളിൽ നടപ്പിലാക്കുന്നുണ്ട് .

ചോ: അവ ഒന്ന് വിശദീകരിക്കാമോ ?

ഉ: ഫൊക്കാന എന്നും നിരാലംബരുടെയും അശരണരയുടേയും പക്ഷത്ത് നിലകൊള്ളുന്ന സംഘടനയാണ് . അതുകൊണ്ടുതന്നെ ഫൊക്കാനയുടെ പ്രയോറിറ്റി എന്നും അവർക്കു തന്നെ ആയിരിക്കും . ഇത്തവണ ഓട്ടിസം ബാധിച്ച നൂറു കുട്ടികളെ ഫൊക്കാന ദത്തെടുക്കുകയാണ് . അവരുടെ അമ്മമാർക്ക് കരുത്തു പകരുകയാണ് . അതാണ് ആദ്യ പദ്ധതി . മജീഷ്യനും സാമൂഹ്യ പ്രവർത്തകനുമായ ഗോപിനാഥ് മുതുകാടുമായി ചേർന്നു നടപ്പിൽ വരുത്തുന്ന "കരിസ്മ "എന്ന പ്രോജക്ടിന് തുടക്കം കുറിച്ചു കഴിഞ്ഞു. ഓട്ടിസം ബാധിച്ച നൂറു കുട്ടികളെ ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുവാൻ നമുക്ക് സാധ്യമായതെല്ലാം ചെയ്യുക . അവരുടെ അമ്മമാരെ കരുത്തുള്ളവരാക്കി മാറ്റുന്നതിന് സ്വയം തൊഴിൽ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പരിശീലനം നൽകുന്ന ഒരു പദ്ധതി കൂടി കരിസ്മയിൽ ഉണ്ട് .

ഫൊക്കാന ഈ ദൗത്യത്തെ വളരെ ആവേശത്തോടെയാണ് നോക്കി കാണുന്നതും ഒപ്പം നിൽക്കുന്നതും . കൂടാതെ അമേരിക്കൻ മലയാളികളുടെ മലയാള ഭാഷ പ്രാവിണ്യത്തെ വളർത്തുന്നതിനും അവരിൽ  സാഹിത്യ അഭിരുചി  വളർത്തുന്നതിനും കേരള സർക്കാരിന്റെ മലയാളം മിഷനുമായി  ചേർന്ന് മലയാളം അക്കാദമിക്ക് രൂപം നൽകി പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു .

ലോകമെമ്പാടുമുള്ള മലയാളികളെ ഒരു ചരടിൽ കോർത്തിണക്കുന്ന മഹത്തായ പദ്ധതിയുമായി ഫൊക്കാനാകൂടി കൈകോർക്കുന്നു . കൂടാതെ ഫൊക്കാനയുടെ പ്രസ്റ്റിജ് എന്ന് എക്കാലവും വിശേഷിപ്പിക്കുന്ന "ഭാഷയ്‌ക്കൊരു ഡോളർ." 

അമേരിക്കൻ മലയാളി യുവജനതയുടെ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും ഫൊക്കാന കൺവൻഷനുകളിൽ വിവിധ പ്രോഗ്രാമുകളുമായി യുവജനങ്ങളുടെ സാന്നിധ്യം ഉറപ്പിക്കുന്നതിനുമായി കഴിവുള്ള കലാകാരന്മാരെയും കലാകാരികളെയും കണ്ടെത്തുന്നതിന് അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കുന്ന "ടാലന്റ് ഹണ്ട്", ഫൊക്കാനയുടെ ഹൈലൈറ്റ് ആയ കേരളാ കൺവൻഷൻ തുടങ്ങി നിരവധി കർമ്മ പരിപാടികൾ ഈ രണ്ടു വർഷങ്ങൾക്കുള്ളിൽ നടപ്പിലാക്കും. ഇപ്പോഴത്തെ സാഹചര്യങ്ങൾ എല്ലാം പരിഗണിച്ചുകൊണ്ടാണ് ഈ പരിപാടികൾ എല്ലാം നടപ്പിലാക്കുവാനുള്ള തീരുമാനം എടുത്തുകൊണ്ട് മുന്നോട്ട് പോകുന്നത് . 

ഇപ്പോൾ കോവിഡ് കാലമാണ്. വിവിധ മാനദണ്ഡങ്ങൾ പാലിച്ചു വേണം നമുക്ക് കൂട്ടായ പ്രവർത്തനങ്ങൾ ചെയ്യുവാൻ. അങ്ങനെ ഉള്ള പരിപാടികൾക്കാണ് ഫൊക്കാന മുൻകൈ എടുക്കുന്നത്. ‌ഫൊക്കാനയെ ശക്തിപ്പെടുത്തുക. അതിനായി വേണ്ടത് ചെയ്യുക. അമേരിക്കൻ മലയാളികൾക്കൊപ്പം ചേർന്ന് പ്രവർത്തിക്കുക. അവരെ കേൾക്കുക. ഇതിലൊക്കെ ഉപരിയയായി ഫൊക്കാനയുടെ എല്ലാ റീജിയണുകളും ശക്തിപ്പെടുത്തുന്നതിന് വേണ്ടി റീജിയൻ തലങ്ങളിൽ നിരവധി പരിപാടികൾ സംഘടിപ്പിക്കുകയും അംഗ സംഘടനകളെ ശക്തിപ്പെടുത്തുവാൻ വേണ്ടതെല്ലാം ചെയ്യുകയും ചെയ്യും .കൂടാതെ പ്രൊഫഷണൽ വിദ്യാഭ്യാസ രംഗത്ത് കൂടുതൽ വിജയം  നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി എഡ്യൂക്കേഷണൽ എൻറിച്ച്മെൻ്റ്  പ്രോഗ്രാമിന് ഫൊക്കാന തുടക്കമിടുന്നു. അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളുമായി സഹകരിച്ചു കൊണ്ടാണ് ഈ പ്രോഗ്രാം നടപ്പിലാക്കുന്നത്. ഫൊക്കാനയുടെ പ്രസ്റ്റീജ് പ്രോഗ്രാമായിരിക്കും ഈ പ്രൊഫഷണൽ വിദ്യാഭ്യാസ പരിപാടി.

ചോ: ഫ്ളോറിഡയിലേക്കു ഫൊക്കാന കൺവൻഷൻ വരികയാണല്ലോ. സ്വന്തം തട്ടകത്തിലേക്ക് കൺവൻഷൻ വരുമ്പോൾ എന്ത് തോന്നുന്നു ?

ഉ :2006  നു ശേഷം പതിനാലു വർഷങ്ങൾക്ക് ശേഷമാണു ഫൊക്കാന നാഷണൽ കൺവൻഷൻ ഫ്ളോറിഡയിലേക്ക് എത്തുന്നത്. അമേരിക്കയിലെ കേരളം എന്നറിയപ്പെടുന്ന ഫ്ളോറിഡയിലേക്ക് കൺവൻഷൻ വരുന്നതിൽ വ്യക്തിപരമായി  സന്തോഷമുണ്ട്. ഫൊക്കാനയുടെ വളർച്ചയ്‌ക്കൊപ്പം സഞ്ചരിച്ച ഒരാൾ എന്ന നിലയിൽ ഈ പദവി വലിയ ഉത്തരവാദിത്വവും സന്തോഷവും നൽകുന്നു. എല്ലാ തരത്തിലും മികച്ച ഒരു  ടീമാണ് എന്നോടൊപ്പം ഉള്ളത്. വിവിധ രംഗങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ചവരുടെ ഒത്തുചേരൽ ഫൊക്കാനയ്ക്ക് ഏറെ ഗുണം ചെയ്തു എന്ന് കാലം തെളിയിക്കും. ഫ്ലോറിഡയിലെ പ്രാദേശിക സംഘടനാ പ്രവർത്തനങ്ങളിലൂടെ വളരുവാൻ സാധിച്ചതിൽ അതിയായ സന്തോഷം ഉണ്ട് . കേരളസമാജത്തിന്റെ സെക്രട്ടറിയായും, പ്രസിഡണ്ടായും  ഉപദേശക സമിതി അധ്യക്ഷനായും പ്രവർത്തിച്ചു. വിവിധ പദവികൾ ഫൊക്കാനയിൽ ഏറ്റെടുക്കുകയും ഫൊക്കാന ഏൽപ്പിക്കുകയും ചെയ്തിട്ടുണ്ട്. അവയെല്ലാം ഏറ്റവും ഭംഗിയായി കൃത്യതയോടെ നിർവഹിച്ചിട്ടുണ്ട്. ആ പ്രവർത്തനങ്ങൾ അതേ ആത്മാർത്ഥതയോടെ തുടരാനും ഫൊക്കാനയെ കൂടുതൽ പ്രവർത്തനനിരതമാക്കുവാനുമാണ് എന്റെ ശ്രമം. 

ഫ്ലോറിഡാ ഫൊക്കാനാ കൺവെൻഷന് ഏറ്റവും അനുയോജ്യമായ സംസ്ഥാനമാണ്. ഓർലാണ്ടോ, ടാമ്പാ, ഫോർട്ട് ലൗഡർഡേൽ, മയാമി തുടങ്ങിയവ  മലയാളികൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങൾ തന്നെ. അമേരിക്കയിലെ കൊച്ചു കേരളം തന്നെയാണ് ഫ്ലോറിഡ. അതുകൊണ്ട് ഫ്ലോറിഡയിൽ കൺവെൻഷൻ വരുമ്പോൾ കേരളത്തിൽ നടക്കുന്ന പ്രതീതി ഉണ്ടാകും . കുട്ടികൾ ഉൾപ്പെടെ പുറമെ നിന്നുള്ള അതിഥികളുടെ ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണ് ഫ്ലോറിഡ. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി കുടുംബങ്ങളുടെ ഒരു സംഗമം ആയി ഫൊക്കാന കൺവൻഷനെ   മാറ്റുവാനാണ് എന്റെ ശ്രമം. സ്ത്രീകൾ , കുട്ടികൾ, യുവജനങ്ങൾ തുടങ്ങിയവരുടെ ഒരു പരിഛേദത്തെ ഫ്ലോറിഡയിൽ 2022 ലെ കൺവൻഷനിൽ അവതരിപ്പിക്കുക എന്നതാണ് എന്റെ പ്ലാൻ .

ചോ:  ചെറുപ്പം മുതൽക്കേ സാമൂഹ്യ സാംസ്കാരിക രംഗത്ത് സജീവമാണല്ലോ? കുട്ടനാട്ടിൽ തൊഴിലാളികളുടെ ജീവിത വളർച്ചയ്ക്കായി നിരവധി പ്രവർത്തനങ്ങൾ നടത്തിയതായി കേട്ടിട്ടുണ്ട് . ഇത്തരം പ്രവർത്തനങ്ങൾ എങ്ങനെ ഇപ്പോഴത്തെ പ്രവർത്തനങ്ങളെ സഹായിക്കുന്നു എന്ന് വിലയിരുത്തിയിട്ടുണ്ടോ?

ഉ: തീർച്ചയായും. കാരണം, നമ്മളെല്ലാം അടിസ്ഥാന പരമായി കർഷകരുടെ മക്കളാണ്. നമ്മുടെ പൂർവികർ എല്ലാം മണ്ണിൽ പണിയെടുക്കുന്നവർ ആയിരുന്നു. അതുകൊണ്ടു തന്നെ നമുക്ക് കാർഷിക വൃത്തിയോടും അതുമായി ബന്ധപ്പെട്ട എന്തിനോടും ഒരു അഭിനിവേശം  തോന്നും എക്കാലവും. ഞാൻ എം എസ് ഡബ്ല്യൂ കഴിഞ്ഞതിനു ശേഷം ഹാരിസൺ ആൻഡ് ക്രോസ്സ്‌ഫീൽഡ് എന്ന അന്തർദേശീയ കമ്പനിയിൽ ലേബർ ഓഫീസർ ആയാണ് ജോലി ആരംഭിച്ചത്.

 പിന്നീട് മറ്റൊരു സന്നദ്ധ സംഘടനയോട് ചേർന്ന് കുട്ടനാട് പ്രദേശത്തു അനേകം തൊഴിലാളികളെ സംഘടിപ്പിച്ചു തരിശായി കിടന്ന നൂറോളം ഏക്കർ സ്ഥലം കൂട്ടു കൃഷി നടത്തി വൻ ലാഭമുണ്ടാക്കിയ അനുഭവം മറക്കാനാവാത്ത സന്തോഷമാണ് നൽകിയത്. പാവപ്പെട്ടവന്റെ ഇടയിൽ നേരിട്ട് പോയി പ്രവർത്തിച്ചത് നല്ല അനുഭവ സമ്പത്തു തന്നെ ആയി. കൃഷി നഷ്ട്ടമായിരുന്ന കാലം തൊഴിലാളികൾ  പരിശ്രമിച്ചപ്പോൾ ഉണ്ടായ വൻ വിജയം. പല പത്രങ്ങളും ഈ പരീക്ഷണം വാർത്തയാക്കിയിരുന്നു.

ചോ: ഫൊക്കാനയിൽ പ്രവർത്തിച്ചു തുടങ്ങിയ കാലം മുതൽ നിരവധി പദവികൾ തേടിയെത്തിയിട്ടുണ്ടല്ലോ . നേതൃത്വ രംഗത്തേക്ക് കടന്നു വരുവാൻ എന്തെല്ലാം മാനദണ്ഡങ്ങളാണ് ഒരു സാമൂഹ്യ പ്രവർത്തകന് വേണ്ടത് ?

 ഉ: എന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ ഒരു പൊതു പ്രവർത്തകന് വേണ്ട പ്രധാന ഗുണം നമ്മൾ ആയിരിക്കുന്ന സമൂഹത്തെ തിരിച്ചറിയുക എന്നതാണ്. പക്ഷഭേതമില്ലാതെ എല്ലാവരോടും ചേർന്ന് നിന്നുകൊണ്ട്  പ്രവർത്തിക്കാനാകണം. എല്ലാവരെയും കേൾക്കാൻ സാധിക്കണം. എല്ലാവരെയും വിലയിരുത്തുന്നതിനൊപ്പം സ്വയം വിലയിരുത്താനും സാധിക്കണം. പരാതികൾക്കിട നൽകാതെ നമ്മൾ ഏറ്റെടുത്ത കർമ്മ മണ്ഡലത്തെ മുന്നോട്ടു കൊണ്ട് പോകാൻ സാധിക്കണം .

ഫൊക്കാനയിൽ മാത്രമല്ല ഏത്  സംഘടനയിൽ ചേർന്ന്  പ്രവർത്തിക്കുമ്പോഴും ഒരു പദവികളോടും താല്പര്യം തോന്നിയിട്ടില്ല. ഏൽപ്പിക്കുന്ന എന്ത് കാര്യവും ആത്മാർത്ഥമായി ചെയ്യുക, പരാതികൾക്ക് ഇടം നൽകാത്ത വിധം അവ സംഘടിപ്പിക്കുക എന്നത് മാത്രമേ ഞാൻ ചെയ്തിട്ടുള്ളു. പിന്നെ നമുക്ക് ചില പദവികൾ ലഭിക്കുമ്പോൾ കുറേക്കൂടി വിജിലന്റ് ആകുവാനും ആ പദവിയുടെ ബലത്തിൽ ജനങ്ങളുമായി കൂടുതൽ ഇടപെടുവാനും സാധിക്കുമെന്നതാണ്  ഒരു നേട്ടം. ഫൊക്കാന എന്നിൽ വിശ്വാസമർപ്പിച്ച എല്ലാ പദവികളോടും നീതി പുലർത്തിയിട്ടുണ്ട്. മോശം അഭിപ്രായം ആരിൽ നിന്നും എനിക്ക് കേൾക്കേടി വന്നിട്ടില്ല. അസ്സോസിയേറ്റ് ട്രഷറർ, ഫൊക്കാന ടുഡേ ചീഫ് എഡിറ്റർ, ട്രസ്റ്റിബോർഡ് ചെയർമാൻ, ഫൊക്കാനാ ഇലക്ഷൻ കമ്മീഷൻ ചെയർമാൻ, കേരളാ കൺവൻഷൻ ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ, ഇൻഡ്യാ പ്രസ്സ് ക്ലബ് ഫ്ലോറിഡാ ചാപ്റ്റർ സെക്രട്ടറി, മാർത്തോമാ ഡയോസിഷ്യൻ കൗൺസിൽ മെംബർ തുടങ്ങി  നിരവധി  പദവികളിലും  പ്രവർത്തിച്ചിട്ടുണ്ട്. ഇവയെല്ലാം എന്റെ പ്രവർത്തനങ്ങളെ പൊതുജനം സ്വീകരിച്ചത്തിന്റെ അംഗീകാരമായി ഞാൻ  ഇപ്പോഴും കാണുന്നു . 

പതിനഞ്ച് വർഷത്തിലധികമായി ഫൊക്കാനയുടെ പ്രവർത്തനങ്ങൾക്കൊപ്പം സജീവമായി നിലകൊള്ളുന്ന ഒരാളാണ് ഞാൻ. ഫൊക്കാന  പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ഉത്തരവാദിത്വം കൂടി. കാരണം എന്നോടൊപ്പം നിൽക്കുന്നവർക്കും ,അമേരിക്കൻ മലയാളികൾക്കും ഫൊക്കാനയിലും എന്നിലും പ്രതീക്ഷയുണ്ട് . ആ പ്രതീക്ഷയാണ് നാളേക്കുള്ള എന്റെ ചവിട്ടുപടി .

ജോർജി വർഗീസ് വ്യത്യസ്തനാകുന്നത് ഇവിടെയാണ് .ഏറ്റെടുക്കുന്ന കാര്യങ്ങൾ അണുവിട വിത്യാസം ഇല്ലാതെ സമൂഹത്തിനു ഉപകരിക്കും വിധം ഭംഗിയായി നടപ്പിലാക്കാക്കുക എന്നതാണ് പൊതു  പ്രവർത്തനത്തിന്റെ മാനദണ്ഡം എന്ന് വരുന്ന തലമുറയ്ക്ക് മനസിലാക്കി കൊടുക്കുക . അതിനു തന്റെ പ്രവർത്തനങ്ങളെ സാക്ഷിയാക്കുക ... ഇവയൊക്കെയാണ് ജോർജി വർഗീസ്, അമേരിക്കൻ മലയാളികൾ ഇഷ്ട്ടപ്പെടുന്ന സൗമ്യതയുടെ പ്രതീകം .

വൈ എം സി എ യിലൂടെ, ഹാരിസൺ ആൻഡ് ക്രോസ് ഫീൽഡ്  അന്തർദേശീയ കമ്പനിയിലെ   ലേബർ ഓഫിസർ ആയുള്ള പ്രവർത്തനങ്ങളിലൂടെ , സാധാരണക്കാരുടെ പ്രശ്നങ്ങൾ പഠിക്കുകയും അവർക്കൊപ്പം നിലകൊള്ളുകയും ചെയ്ത അദ്ദേഹം തിരുവല്ല റീജിയണൽ വൈ എം സി എ ചെയർമാൻ പദവിയിൽ പ്രവർത്തിക്കുമ്പോഴാണ് അമേരിക്കയിലേക്ക് കുടിയേറിയത് . തുടർന്നുള്ള പ്രവർത്തനങ്ങൾ വളർന്നുവരുന്ന  തലമുറയ്ക്ക് ഒരു പുസ്തകവും .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക