Image

പ്രവാസികള്‍ക്ക് വിദേശങ്ങളില്‍ ശാസ്ത്രീയ തൊഴില്‍ പരിശീലനം ഉറപ്പാക്കും: വി.മുരളീധരന്‍

Published on 21 January, 2021
പ്രവാസികള്‍ക്ക് വിദേശങ്ങളില്‍ ശാസ്ത്രീയ തൊഴില്‍ പരിശീലനം ഉറപ്പാക്കും: വി.മുരളീധരന്‍
ദുബായ്: ഇന്ത്യന്‍ തൊഴിലാളികളുടെ നൈപുണ്യ വികസന കേന്ദ്രം ജബല്‍ അലി ഡല്‍ഹി പ്രൈവറ്റ് സ്കൂളില്‍ (ഡിപിഎസ്) കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ദേശീയ നൈപുണ്യ വികസന മിഷന്റെ ഭാഗമായി തൊഴിലാളികള്‍ക്ക് വിദേശരാജ്യങ്ങളില്‍ വിവിധ വിഷയങ്ങളില്‍ ശാസ്ത്രീയ പരിശീലനം നല്‍കുമെന്ന് മന്ത്രി പറഞ്ഞു.

കോവിഡ് സാഹചര്യത്തില്‍ പ്രവാസികള്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് കേന്ദ്രസര്‍ക്കാരിന് ഉത്തമ ബോധ്യമുണ്ട്. നാട്ടിലേക്കു മടങ്ങുന്നവരുടെ ഡേറ്റ തയാറാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശം നല്‍കി. വൈദഗ്ധ്യമുള്ള മേഖലകള്‍ കണ്ടെത്തി അവര്‍ക്ക് അവസരങ്ങള്‍ ലഭ്യമാക്കുകയാണു ലക്ഷ്യം. ഇന്ത്യന്‍ സമ്പദ് ഘടനാ വളര്‍ച്ചയില്‍ പ്രവാസി തൊഴിലാളികള്‍ വഹിക്കുന്ന പങ്ക് വിലമതിക്കാനാവാത്തതാണെന്നും ചൂണ്ടിക്കാട്ടി.

ജബല്‍ അലി നൈപുണ്യകേന്ദ്രത്തില്‍ കംപ്യൂട്ടറിലും അനുബന്ധ മേഖലകളിലും പരിശീലനം നല്‍കും. അറബ്, ഇംഗ്ലിഷ് ഭാഷകളില്‍ പ്രാവീണ്യം നേടാനുള്ള ക്ലാസുകളും ആരംഭിച്ചു. തൊഴിലാളികളുടെ സംശയങ്ങള്‍ക്ക് മന്ത്രി മറുപടി നല്‍കി. പുതിയ അവസരം ഉപയോഗപ്പെടുത്താന്‍ തൊഴിലാളികള്‍ സന്നദ്ധരാകണമെന്ന് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഡോ.അമന്‍ പുരി പറഞ്ഞു. ഗള്‍ഫിന്റെ ചുമതലയുള്ള ജോയിന്റ് സെക്രട്ടറി വിപുല്‍, ഡിപിഎസ് ചെയര്‍മാന്‍ ദിനേശ് കോത്താരി തുടങ്ങിയവര്‍ പങ്കെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക