Image

പിപിഇ കിറ്റ് ധരിച്ച്‌ മോഷണം: കവര്‍ന്നത് 13 കോടിയുടെ സ്വര്‍ണാഭരണങ്ങള്‍

Published on 21 January, 2021
പിപിഇ കിറ്റ് ധരിച്ച്‌ മോഷണം: കവര്‍ന്നത് 13 കോടിയുടെ സ്വര്‍ണാഭരണങ്ങള്‍
ന്യൂഡല്‍ഹി: മോഷണം നടത്താനും പിപിഇ കിറ്റ്. കോവിഡ് കാലത്ത് ആരോഗ്യപ്രവര്‍ത്തകരടക്കം ഉപയോഗിക്കുന്ന പിപിഇ കിറ്റ് ധരിച്ച്‌ മോഷ്ടാവ് കവര്‍ന്നത് 13 കോടിയുടെ സ്വര്‍ണാഭരണങ്ങള്‍. സൗത്ത് ഈസ്റ്റ് ഡല്‍ഹിയിലെ ജ്വല്ലറിയില്‍ കഴിഞ്ഞ ദിവസമാണ് മോഷണം നടന്നത്.

പിപിഇ കിറ്റ് ധരിച്ചെത്തിയ മോഷ്ടാവ് ജ്വല്ലറി കുത്തിത്തുറന്നാണ് കവര്‍ച്ച നടത്തിയത്.  ജ്വല്ലറിയിലെ സിസിടിവി ക്യാമറയില്‍ മോഷണത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ബുധനാഴ്ച്ച രാത്രി 9.40 ഓടെയാണ് മോഷ്ടാവ് ജ്വല്ലറിയില്‍ എത്തുന്നത്. പുലര്‍ച്ച 3.50 നാണ് ഇയാള്‍ മോഷണമുതലുമായി ജ്വല്ലറിയില്‍ നിന്നും പുറത്തു കടക്കുന്നത്. 

സൗത്ത് ഈസ്റ്റ് ഡല്‍ഹിയിലെ കല്‍കാജിയിലുള്ള അഞ്ജാനി ജ്വല്ലേഴ്സിലാണ് മോഷണം നടന്നത്. മോഷണ വിവരം അറിഞ്ഞ ഉടനെ തന്നെ ജ്വല്ലറി ഉടമകള്‍ പൊലീസിനെ വിവരമറിയിച്ചു. മണിക്കൂറുകളോളം മോഷ്ടാവ് ജ്വല്ലറിക്കുള്ളില്‍ ഉണ്ടായിരുന്നിട്ടും പുറത്തുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ വിവരം അറിഞ്ഞിരുന്നില്ല.

സംഭവസ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ ജ്വല്ലറി ജീവനക്കാരുടേയും സുരക്ഷാ ജീവനക്കാരുടേയും മൊഴി രേഖപ്പെടുത്തി. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

ജ്വല്ലറിക്ക് തൊട്ടപ്പുറത്തുള്ള ഫ്ലാറ്റില്‍ കടന്ന കള്ളന്‍ അവിടെ നിന്ന് ജ്വല്ലറിയുടെ ടെറസിലേക്ക് ചാടി കയര്‍ ഉപയോഗിച്ച്‌ അകത്തു കടന്നു എന്നാണ് പൊലീസ് പറയുന്നത്. എന്തായാലും പിപിഇ കിറ്റ് ധരിച്ചിട്ടും പൊലീസ് മോഷ്ടാവിനെ പിടികൂടിയെന്നാണ് റിപ്പോര്‍ട്ട്.

ജ്വല്ലറിക്ക് സമീപമുള്ള സ്ഥാപനത്തില്‍ ഇലക്‌ട്രീഷ്യനായി ജോലി ചെയ്യുന്ന ഷെയ്ഖ് നൂര്‍ എന്നയാളാണ് അറസ്റ്റിലായത്. ഇയാളില്‍ നിന്നും 25 കിലോയോളം സ്വര്‍ണവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക