Image

ഫോമാ ദേശീയ സാഹിത്യമത്സരം: വിധിനിര്‍ണ്ണയം പൂര്‍ത്തിയായി

ജോയിച്ചന്‍ പുതുക്കുളം Published on 18 July, 2011
ഫോമാ ദേശീയ സാഹിത്യമത്സരം: വിധിനിര്‍ണ്ണയം പൂര്‍ത്തിയായി
ഫോമാ സംഘടിപ്പിക്കുന്ന ദേശീയ സാഹിത്യമത്സരത്തിന്റെ വിധിനിര്‍ണ്ണയം പൂര്‍ത്തിയായി. കവിത, ചെറുകഥ, ലേഖനം എന്നീ വിഭാഗങ്ങളിലായിരുന്നു സാഹിത്യസൃഷ്‌ടികള്‍ ക്ഷണിച്ചിരുന്നത്‌. അമേരിക്കയിലെ പ്രശസ്‌തരായ സാഹിത്യനായകന്മാരാണ്‌ മത്സരാര്‍ത്ഥികളുടെ കൃതികള്‍ വിലയിരുത്തിയത്‌.

പ്രശസ്‌ത കവിയും കേരള സാഹിത്യ അക്കാഡമി പുരസ്‌കാര ജേതാവുമായ ചെറിയാന്‍ കെ. ചെറിയാന്‍, ജനനി വാരികയുടെ ചീഫ്‌ എഡിറ്ററും സാഹിത്യകാരനുമായ ജെ. മാത്യൂസ്‌, ലാനയുടെ പ്രസിഡന്റും നോവലിസ്റ്റുമായ ഏബ്രഹാം തെക്കേമുറി, പ്രമുഖ കോളമിസ്റ്റായ ജോര്‍ജ്‌ തുമ്പയില്‍, കവിയും ചെറുകഥാകൃത്തുമായ ജോസഫ്‌ നമ്പിമഠം, കവിയും സാഹിത്യവിമര്‍ശകനുമായ വാസുദേവ്‌ പുളിക്കല്‍, കഥാകൃത്തും കവിയുമായ ജോസ്‌ ഓച്ചാലില്‍, ബ്ലോഗ്‌ കവിതാരചനയിലൂടെ പ്രശസ്‌തയായ പ്രിയാ ഉണ്ണികൃഷ്‌ണന്‍ എന്നിവര്‍ അടങ്ങിയ വിധിനിര്‍ണ്ണയ സമിതിയാണ്‌ മത്സരവിജയികളെ തെരഞ്ഞെടുത്തത്‌.

പങ്കെടുത്ത മത്സരാര്‍ത്ഥികളില്‍ നിന്നും മലയാള ഭാഷയേയും, സാഹിത്യത്തേയും സ്‌നേഹിക്കുന്ന അനേകം പ്രവാസി മലയാളികളുണ്ടെന്നറിഞ്ഞതില്‍ സന്തോഷിക്കുന്നുവെങ്കിലും പൊതുവെ ആഴത്തിലുള്ള വായനയുടെ അഭാവം രചനകളില്‍ പ്രകടമായിരുന്നുവെന്ന്‌ ജഡ്‌ജിംഗ്‌ കമ്മിറ്റി വിലയിരുത്തി. വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ ഉദാത്തമായ സാഹിത്യരചനകള്‍ സൃഷ്‌ടിക്കുവാന്‍ ഇത്‌ മത്സരാര്‍ത്ഥികള്‍ക്ക്‌ പ്രചോദനമാകട്ടെയെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.

ഫോമാ ക്യാപ്പിറ്റല്‍ റീജിയന്‍ സംഘടിപ്പിച്ച ഈ സാഹിത്യ മത്സരത്തിലേക്ക്‌ അയച്ചുതന്ന സാഹിത്യസൃഷ്‌ടികള്‍ വിലയിരുത്തുന്നതിനുള്ള സന്മനസ്‌ കാണിക്കുകയും, അതിനായി വിലയേറിയ സമയം കണ്ടെത്തുകയും ചെയ്‌ത വിധികര്‍ത്താക്കളെ നന്ദിപൂര്‍വ്വം സ്‌മരിക്കുന്നതായും ഈ ഉദ്യമത്തിന്‌ എല്ലാവിധ സഹായസഹകരണങ്ങളും നല്‍കി പ്രോത്സാഹിപ്പിച്ച എല്ലാവര്‍ക്കും കൃതജ്ഞതയര്‍പ്പിക്കുന്നതായും സാഹിത്യ രചനാ സമിതി അധ്യക്ഷന്‍ ബിജോ ചെമ്മാന്ത്ര അറിയിച്ചു.

മത്സരവിജയികളെ ഫോമാ ദേശീയ പ്രസിഡന്റ്‌ ബേബി ഊരാളില്‍ ഉടന്‍ പ്രഖ്യാപിക്കുന്നതായിരിക്കും.
ഫോമാ ദേശീയ സാഹിത്യമത്സരം: വിധിനിര്‍ണ്ണയം പൂര്‍ത്തിയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക