Image

അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി കമല ഹാരിസും സത്യപ്രതിജ്ഞ ചെയ്തു

Published on 20 January, 2021
അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി കമല ഹാരിസും സത്യപ്രതിജ്ഞ ചെയ്തു

വാഷിങ്ടന്‍: അമേരിക്കയുടെ  46-ാം പ്രസിഡന്റായി ജോ ബൈഡനും(78) വൈസ് പ്രസിഡന്റായി കമല ഹാരിസും(56) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇന്ത്യന്‍ സമയം രാത്രി 10.10-നായിരുന്നു സ്ഥാനാരോഹണ ചടങ്ങ്. ബറാക് ഒബാമ, ബില്‍ ക്ലിന്റണ്‍, ജോര്‍ജ് ബുഷ് എന്നിവരും ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു.


യു.എസ് പാര്‍ലമെന്റ് മന്ദിരത്തിനു മുന്നിലെ വേദിയിലായിരുന്നു ചടങ്ങ്. 'അമേരിക്ക യുണൈറ്റഡ്'എന്നായിരുന്നു സ്ഥാനാരോഹണ പ്രമേയം.


ര​ണ്ട് ടേമുകളിലായി എ​ട്ടു വ​ര്‍​ഷം വൈ​സ്​ പ്ര​സി​ഡ​ന്റും 36 വ​ര്‍​ഷം സെ​ന​റ്റ​റു​മാ​യ ബൈ​ഡ​ന്‍ അ​മേ​രി​ക്ക​യുടെ ഏറ്റവും പ്രാ​യമേറിയ പ്ര​സി​ഡ​ന്റാണ്.


 തമിഴ്നാട്ടില്‍ കുടുംബ വേരുകളുള്ള കമല ഹാരിസ് അമേരിക്കയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്റായി സ്ഥാനമേറ്റപ്പോള്‍ ഇന്ത്യയ്‌ക്കും അഭിമാന മുഹൂര്‍ത്തമായി.


അമേരിക്കന്‍ ഭരണഘടന പ്രകാരം വൈസ് പ്രസിഡന്റ് ആണ് ആദ്യം സത്യപ്രതിജ്ഞ ചെയ്യേണ്ടത്. ഇത്തവണ വനിത ആദ്യം എന്ന പരിഗണനയും കമലയ്‌ക്ക് കിട്ടി. അമേരിക്കന്‍ സുപ്രീംകോടതി ജസ്റ്റിസ് സോണിയ സോട്ടോമേയര്‍ ആണ് കമലയ്‌ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്.


 പ്രതിജ്ഞയെടുക്കാന്‍ കമല രണ്ട് ബൈബിളുകള്‍ ഉപയോഗിച്ചു. സുപ്രീംകോടതിയിലെ ആദ്യത്തെ കറുത്ത വര്‍ഗ്ഗക്കാരനായ ജഡ്‌ജി തുര്‍ഗൂത് മാര്‍ഷല്‍ ഉപയോഗിച്ചതാണ് ഇതില്‍ ഒന്ന്.


പിന്നാലെ ജോ ബൈഡന്‍ അധികാരമേറ്റു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്സ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 1893 മുതല്‍ ബൈഡന്‍ കുടുംബം സൂക്ഷിക്കുന്ന ബൈബിളാണ് ബൈഡന്‍ പ്രതിജ്ഞയ്ക്ക് ഉപയോഗിച്ചത്.


കൊവിഡ് മൂലം ആഘോഷങ്ങളും വിരുന്നും പരേഡും ഒഴിവാക്കി. വന്‍ ജനാവലിക്ക് പകരം വെറും 1000 പേരാണ് പങ്കെടുത്തത്. കാപ്പിറ്റോള്‍ അക്രമത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ ഭീഷണിയുള്ളതിനാല്‍ അതീവ ജാഗ്രതയിലായിരുന്നു തലസ്ഥാനം.


 538 ഇലക്ടറല്‍ വോട്ടുകളില്‍ 306 ഉം നേടിയാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായിരുന്ന ബൈഡന്‍ വിജയമുറപ്പിച്ചത്. ട്രംപിന് 232 വോട്ടുകളെ നേടാന്‍ സാധിച്ചിരുന്നുള്ളൂ.

സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി വാഷിങ്ടണില്‍ കാല്‍ലക്ഷത്തോളം സൈനികരെ വിന്യസിച്ചിരുന്നു. 


ജോ ബൈഡന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നതിന് മുന്‍പേ ഡൊണാള്‍ഡ് ട്രംപും ഭാര്യ മെലാനിയായും വൈറ്റ് ഹൗസ് ഒഴിഞ്ഞു.  ബൈഡനും കമലഹാരിസും യുഎസ് ക്യാപിറ്റോളില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ അധികാരമേല്‍ക്കാനിരിക്കെയാണ് സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാതെ ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ നിന്നും പോയത്.


ഫ്ളോറിഡയിലേക്ക് പോകും മുന്‍പ് സൈനിക ബേസില്‍ വച്ചു അണികളെ അഭിസംബോധന ചെയ്തു സംസാരിച്ച ട്രംപ് തനിക്ക് നല്‍കിയ പിന്തുണയ്ക്ക്  നന്ദി പറഞ്ഞു.' ഞാന്‍ ​ഗുഡ് ബൈ പറയുകയാണ്. അതു തത്കാലത്തേക്ക് മാത്രമാണ്. അധികം വൈകാതെ നാം വീണ്ടും കണ്ടുമുട്ടും. വൈറ്റ് ഹൗസിലുണ്ടായിരുന്ന നാല് വ‍ര്‍ഷം തീര്‍ത്തും അവിസ്മരണീയമായിരുന്നു '- വിടവാങ്ങല്‍ പ്രസം​ഗത്തില്‍ ട്രംപ് പറഞ്ഞു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക