Image

കമലക്ക് കുട്ടികളുടെ കത്തുകൾ; ഏഷ്യക്കാർക്ക് ആഘോഷം

Published on 20 January, 2021
കമലക്ക് കുട്ടികളുടെ കത്തുകൾ; ഏഷ്യക്കാർക്ക് ആഘോഷം
വാഷിംഗ്ടൺ, ഡി.സി: ഏഷ്യൻ ഭൂഖണ്ഡത്തിൽ നിന്നുള്ള അമേരിക്കക്കാർ കമല ഹാരിസിന്റെ സ്ഥാനാരോഹണത്തിന്റെ തലേനാൾ  ആഘോഷമാക്കി.
 അവരിൽപ്പെട്ടൊരാൾ എത്തുമെന്ന്  ഒരിക്കലും  ചിന്തിക്കാത്ത ഉയരത്തിലേക്കാണ് കമല നടന്നടുത്തിരിക്കുന്നത്. 

ഏഷ്യൻ അമേരിക്കൻ പസിഫിക് ഐലൻഡർ  ആഘോഷം  ഇത്തവണ  വെർച്വൽ ആയാണ് അരങ്ങേറിയത്. 
ഏഷ്യൻ അമേരിക്കക്കാർ അവതരിപ്പിച്ച വിനോദപരിപാടികളും പ്രസംഗങ്ങളും തന്നെയായിരുന്നു പ്രധാന ആകർഷണം. കോൺഗ്രസ് നേതാക്കളും കമ്മ്യൂണിറ്റി നേതാക്കളും പങ്കെടുത്തു. 

ബംഗ്ലാദേശി-അമേരിക്കൻ ഗായകൻ ആരി അഫ്സർ പാടി. 

ബൈഡൻ-ഹാരിസ് തിരഞ്ഞെടുപ്പ് വിജയത്തിൽ ഏഷ്യക്കാർ വഹിച്ച പങ്ക്  റെപ്രസെന്ററ്റീവ് ആമി ബെറ എടുത്തുപറഞ്ഞു. 

'നമ്മൾ ഇത് നേടിയെടുത്തതിൽ എനിക്ക് കൃതജ്ഞതയുണ്ട്.' ഹോളിവുഡ് നടി ശീതൾ സേത്.

' ബ്രേക്കിംഗ് ബാരിയർ ' എന്നതായിരുന്നു പാൻ-ഏഷ്യൻ ഇവന്റിന്റെ തീം. ഇന്ത്യൻ അമേരിക്കൻ ഇമ്പാക്ട് ഫണ്ടാണ് പരിപാടിയുടെ സ്പോൺസർ.  

' ഇന്ത്യൻ വേരുകളുള്ള ഒരാൾ ഇത്രവേഗം വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർന്നുവന്നതിൽ സന്തോഷം,' ഇമ്പാക്റ്റിന്റെ സഹ-സ്ഥാപകനായ രാജ് ഗോയൽ അഭിപ്രായപ്പെട്ടു. 

നമ്മുടെ ദേശത്തു നിന്നൊരാളെ ഇത്രവേഗം  അമേരിക്കയുടെ ദേശീയ തലത്തിൽ കാണാനാകുമെന്ന് കരുതിയിരുന്നില്ല. കൻസാസിൽ 2006 ലെ തിരഞ്ഞെടുപ്പിൽ  ഞാൻ വിജയിക്കും വരെ അതും സാധ്യമാകുന്ന ഒന്നാണ് ചിന്തിച്ചിരുന്നില്ല. നമ്മൾ കുറഞ്ഞ സമയംകൊണ്ടുതന്നെ ഏറെ  ദൂരം താണ്ടിയിരിക്കുന്നു. ' ഇമ്പാക്റ്റിന്റെ മറ്റൊരു സഹ-സ്ഥാപകനായ ദീപക് രാജ് വ്യക്തമാക്കി.

ഹാരിസിന്റെ തിരഞ്ഞെടുപ്പ് വിജയത്തിലെ സന്തോഷം റെപ്രസെന്ററ്റീവ് രാജ കൃഷ്ണമൂർത്തി പങ്കു വച്ചു
'നമ്മുടെ സമൂഹത്തിന് അത്ഭുതകരമായ നേട്ടമാണ് ഉണ്ടായിരിക്കുന്നത്. അക്ഷരാർത്ഥത്തിൽ അമേരിക്കയിൽ ബഹുവംശീയ ജനാധിപത്യം സാധ്യമായി' . റെപ്രസെന്ററ്റീവ് റോ ഖന്ന പരാമർശിച്ചു.

' ആദ്യ സ്ത്രീ, ആദ്യ ദക്ഷിണേഷ്യൻ അമേരിക്കൻ, ആദ്യ ബ്ലാക്ക് -അമേരിക്കൻ ജനങ്ങൾ വിശ്വാസം അർപ്പിച്ച സ്ഥാനത്തേക്ക്'  റെപ്രസെന്ററ്റീവ് പ്രമീള ജയപാൽ അഭിപ്രായപ്പെട്ടു. 

'നമ്മൾ മാറ്റം കൊണ്ടുവന്നിരിക്കുന്നു' ടി വി താരം സെന്തിൽ രാമമൂർത്തി പറഞ്ഞു.

അമേരിക്കയെ നമ്മുടെ വീടെന്ന് വിളിക്കുന്നതിൽ അഭിമാനം തോന്നുന്നെന്ന് അമ്മ പറഞ്ഞതായി പാകിസ്താനി-അമേരിക്കൻ ഹാസ്യതാരം ഖുമൈൽ നഞ്ചിയാനി പറഞ്ഞു.' കണ്ടാൽ എന്നെയും എന്റെ വീട്ടുകാരെയും പോലുള്ള ഒരാൾ, സംസാരം കേട്ടാലും എന്നെപ്പോലെയോ എന്റെ കുടുംബക്കാരെയോ പോലെയുള്ള ഒരാൾ, അമേരിക്കയുടെ ഉന്നത സ്ഥാനത്ത് എത്തുകയാണ്. നമ്മളും ഈ ഭരണത്തിന്റെ ഭാഗമാണെന്ന തോന്നലാണ് ഇതിലൂടെ വന്നിരിക്കുന്നത്' അദ്ദേഹം കൂട്ടിച്ചേർത്തു. 

'ലെറ്റർ ടു കമല' എന്ന ഡിജിറ്റൽ ക്യാമ്പെയ്‌നിലൂടെ നിരവധി കുട്ടികളാണ് കമലയ്ക്ക് കത്തയച്ചിരിക്കുന്നത്. കൊച്ചുകുട്ടികളുടെ നിഷ്കളങ്കമായ സ്നേഹത്തിന് ഏറെ വില കല്പിച്ചുകൊണ്ടാണ്  അവർ ഓരോ കത്തും  വായിക്കുന്നത്. ചില കുട്ടികൾ വരച്ചയച്ച ചിത്രങ്ങളും അവർ നെഞ്ചോട് ചേർത്തു. നിരവധി പെൺകുട്ടികൾ ' ഒരു വനിത വൈസ് പ്രസിഡന്റ്' വരുന്നതിലെ  സന്തോഷം കത്തിൽ പങ്കുവച്ചിട്ടുണ്ട്.

 'ഈ യുവ നേതാക്കൾ നാളെയെക്കുറിച്ചുള്ള പ്രതീക്ഷയുടെ ഇന്ധനം എന്നിൽ നിറയ്ക്കുകയാണ്.' കമല കുട്ടികളെക്കുറിച്ച് പറഞ്ഞു.

തന്നെപ്പോലൊരു ഇന്ത്യക്കാരി വൈസ് പ്രസിഡന്റാകുന്നത് വിശ്വസിക്കാനാകുന്നില്ലെന്ന് എഴുതിയ 'സഹാന' എന്ന പെൺകുട്ടിക്ക് കമല നേരിട്ട് മറുപടി നൽകി. അവൾ വരച്ചയച്ച നായ്ക്കുട്ടി നല്ല ഭംഗിയുണ്ടെന്നും കമല മറുപടിക്കത്തിൽ സൂചിപ്പിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക