Image

യു എസിൽ കോവിഡ് കേസുകൾ 24 മില്യൺ പിന്നിട്ടു 

Published on 19 January, 2021
യു എസിൽ കോവിഡ് കേസുകൾ 24 മില്യൺ പിന്നിട്ടു 

ബൈഡൻ അധികാരമേൽക്കാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെ,  കോവിഡ് ബാധിതരുടെ എണ്ണം 24 മില്യൺ കടന്ന ആശങ്കയിലാണ് രാജ്യം. ജോൺസ് ഹോപ്കിന്സിന്റെ  ചൊവ്വാഴ്ച രാവിലെ വരെയുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്കേസുകളുടെ എണ്ണം  24,073,555 കടന്നെന്നും കോവിഡ് മരണങ്ങൾ 3,98,977 ആയെന്നുമാണ്. ലോകത്തിലെ തന്നെ രോഗബാധിതരിൽ 25 ശതമാനവും കോവിഡ് മരണങ്ങളുടെ 19 ശതമാനവും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്  അമേരിക്കയിലാണ്.

3 മില്യൺ കേസുകൾ കടന്ന കാലിഫോർണിയയാണ്  ഏറ്റവും അധികം രോഗികളുള്ള സംസ്ഥാനം.  
രോഗബാധിതരുടെ എണ്ണം-കാലിഫോർണിയ : 30,05,830; ടെക്സസ്: 21,27,745; ഫ്ലോറിഡ : 15,79,281; ന്യൂയോർക് : 12,55,971.
ഇല്ലിനോയിയിലും രോഗബാധിതരുടെ എണ്ണം 1 മില്യൺ കടന്നു.
ഒഹയോ, ജോർജിയ, പെൻസിൽവാനിയ,ടെന്നസി, നോർത്ത് കരോലൈന, അരിസോണ, ന്യൂജേഴ്സി എന്നിവിടങ്ങളിൽ രോഗബാധിതരുടെ എണ്ണം 630,000 ത്തിനു  മുകളിലാണ്.

ജനുവരി ആദ്യ പകുതി പിന്നിട്ടപ്പോൾ, 3.9 മില്യൺ പുതിയ കേസുകളും 51,000 -ത്തിലധികം മരണങ്ങളും രാജ്യത്ത് നടന്നെന്ന് സി എൻ എൻ റിപ്പോർട്ട് ചെയ്തു.
304 ദിവസങ്ങൾകൊണ്ട് യു എസിൽ 12 മില്യൺ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി ജോൺസ് ഹോപ്കിൻസ് കണക്കുകൾ പറയുന്നു. 

ഫെബ്രുവരി 6 -നുള്ളിൽ 16,200 നും 29,600 ഇടയിൽ ആളുകൾക്ക് കൂടി  കോവിഡ് മൂലം ജീവൻ നഷ്ടപ്പെടുമെന്നാണ് സി ഡി സി യുടെ പ്രവചനം.

വാക്സിനേഷൻ നടക്കുന്നുണ്ടെങ്കിലും നിയന്ത്രിക്കാൻ സാധിക്കാത്ത കോവിഡ് വ്യാപനം തന്നെയായിരിക്കും ബൈഡനും സംഘത്തിനും മുൻപിൽ വെല്ലുവിളി ഉയർത്തുക. 
അധികാരത്തിന്റെ ആദ്യ 100 ദിവസങ്ങൾകൊണ്ട് 100 മില്യൺ ആളുകൾക്ക് വാക്സിന്റെ ഇരു ഡോസുകളും വിതരണം ചെയ്യുമെന്നാണ് ബൈഡൻ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ നൂറ് ദിവസങ്ങളിൽ മാസ്ക് ധരിച്ച് സഹകരിക്കണമെന്ന് അദ്ദേഹം അമേരിക്കൻ ജനതയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഫെഡറൽ സ്ഥാപനങ്ങൾക്കുള്ളിലും രാജ്യാന്തര യാത്രകൾക്കും മാസ്ക് നിർബന്ധമാക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവിലും ബൈഡൻ  ഒപ്പുവയ്ക്കും.

വാക്സിൻ വിതരണം  പ്രതീക്ഷിച്ചിരുന്ന വേഗതയിൽ മുന്നോട്ടു കൊണ്ടുപോകുന്നതിൽ ട്രംപ് ഭരണകൂടം വിജയിച്ചിട്ടില്ല. 2020 ഡിസംബറിനുള്ളിൽ 20 മില്യൺ അമേരിക്കക്കാരെ വാക്സിനേറ്റ്   ചെയ്യുമെന്ന  വാഗ്ദാനം നൽകിയിരുന്നെങ്കിലും   ജനുവരി 15 ന്  പുറത്തുവന്ന കണക്കുകൾ പ്രകാരം, 12.28 മില്യൺ അമേരിക്കക്കാർക്കു മാത്രമേ വാക്സിൻ ലഭിച്ചിട്ടുള്ളൂ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക