Image

യാത്ര പറഞ്ഞ് മെലാനിയ; വിദ്വേഷവും ഭിന്നതയും വേണ്ട; ഹൃദയഹാരിയായ സന്ദേശം  

മീട്ടു Published on 19 January, 2021
യാത്ര പറഞ്ഞ് മെലാനിയ; വിദ്വേഷവും ഭിന്നതയും വേണ്ട; ഹൃദയഹാരിയായ സന്ദേശം  

പ്രഥമ വനിത  മെലാനിയ ട്രംപ് ആറ് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലൂടെ ഹൃദയഹാരിയായ വിടവാങ്ങൽ  പ്രസംഗമാണ്  നടത്തിയിരിക്കുന്നത്. വൈറ്റ് ഹൗസിന്റെ വെബ്‌സൈറ്റിലാണ് ഇത് പോസ്റ്റ് ചെയ്തത്. 

' അമേരിക്കയുടെ പ്രഥമ വനിതയായി സേവനമനുഷ്ഠിച്ചത് ജീവിതത്തിലെ മഹാഭാഗ്യമായി കാണുന്നു. കഴിഞ്ഞ നാലു വർഷങ്ങൾ അവിസ്മരണീയമാണ്. ഡൊണൾഡും ഞാനും വൈറ്റ് ഹൗസിൽ അനുവദിക്കപ്പെട്ട സമയം പൂർത്തീകരിച്ചിറങ്ങുമ്പോൾ,  ഒരുപാട് പേരുടെ സ്നേഹത്തിന്റെയും ദേശഭക്തിയുടെയും ദൃഢനിശ്ചത്തിന്റെയും അവിശ്വസനീയ ഗാഥകൾ  ഹൃദയത്തിലേക്ക് എടുക്കുന്നു. ഏതെങ്കിലും തരത്തിൽ ഞങ്ങളെ സേവിച്ചിട്ടുള്ള  എല്ലാ അംഗങ്ങളോടും അനുപമമായ സേവനം കാഴ്ചവച്ച നമ്മുടെ സൈന്യത്തോടും പറയാനുള്ളത് നിങ്ങളാണ് ഹീറോസ്, എന്റെ ചിന്തയിലും പ്രാർത്ഥനയിലും നിങ്ങൾ ഉണ്ടായിരിക്കും, എന്നാണ്. ഞങ്ങൾ എവിടെ പോകുമ്പൊഴും  അഭിവാദ്യം ചെയ്യുന്ന നിയമപാലകരെയും ഈ അവസരത്തിൽ ഓർക്കുന്നു. ഞങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ നിങ്ങളെപ്പോഴും ജാഗ്രത പുലർത്തിയിരുന്നു. അതിന് എക്കാലവും ഞങ്ങൾ കടപ്പെട്ടവരായിരിക്കും.' പ്രഥമ വനിത വാചാലയായി. 

കോറോണയുമായി ബന്ധപ്പെട്ടും അവർ സംസാരിച്ചു.  വാക്സിന്റെ ഡോസുകൾ എടുത്ത് ഓരോ അമേരിക്കക്കാരനും സംരക്ഷണം ഉറപ്പ് വരുത്തണമെന്നും ദുർബല വിഭാഗം പ്രത്യേകം ശ്രദ്ധിക്കണമെന്നും മെലാനിയ പറഞ്ഞു 

നഴ്‌സുമാരോടും ഡോക്ടര്‍മാരോടും ആരോഗ്യ പ്രവർത്തകരോടും ട്രക്ക് ഡ്രൈവർമാരോടും കോവിഡിനെതിരെ പോരാടി ജനങ്ങളുടെ ജീവൻ രക്ഷിക്കുന്ന എല്ലാ വിഭാഗത്തിൽപ്പെട്ട ആളുകളോടും അവർ അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തി.

' ബി ബെസ്റ്റ് എന്ന സംരംഭത്തിലൂടെ വളരെ കുറച്ചു വർഷങ്ങൾകൊണ്ട് പ്രധാനമായും മൂന്ന് കാര്യങ്ങളാണ് ഞാൻ ചെയ്തത്. ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട അവബോധം വർധിപ്പിക്കാൻ സാധിച്ചത് അതിലൊന്നാണ്. ' ഡ്രഗ് എപ്പിഡെമിക് '  നവജാത ശിശുക്കളെയും കുടുംബങ്ങളെയും  എങ്ങനെ ബാധിക്കുന്നു എന്ന് ബോധവൽക്കരിച്ചതുവഴി കാര്യമായ പുരോഗതി കൈവരിക്കാനായി. ആരോരുമില്ലാത്ത കുട്ടികളെ സംരക്ഷിക്കാൻ ഫോസ്റ്റർ കെയർ സംവിധാനവും ഏർപ്പെടുത്തി. ലോക നേതാക്കൾ ' ബി ബെസ്റ്റിന്റ' പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ചചെയ്യുന്നത് മറ്റു രാജ്യങ്ങളിൽ കഴിയുന്ന അമേരിക്കക്കാർക്ക് പോലും അഭിമാനകരമാണ്.' പ്രവർത്തനങ്ങളെ അവർ സ്വയം വിലയിരുത്തി. 

'നമ്മെ  ഒന്നിച്ചുനിർത്തുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഭിന്നിപ്പിക്കുന്നവയെ മറികടന്ന് മുന്നേറുക. വിദ്വേഷത്തിന് മേൽ സ്നേഹത്തെയും അക്രമത്തിനുമേൽ സമാധാനത്തെയും നിങ്ങൾക്ക് മുൻപ് മറ്റുള്ളവരെയും എപ്പോഴും തിരഞ്ഞെടുക്കുക. രാജ്യത്തെ എല്ലാ ജനങ്ങളോടും പറയാനുള്ളത് ഇത് മാത്രമാണ്- നിങ്ങൾ എല്ലാവരും എന്നും എന്റെ ഹൃദയത്തിൽ ഉണ്ടായിരിക്കും. നന്ദി. ദൈവം നിങ്ങളെയും നമ്മുടെ രാജ്യത്തെയും  അനുഗ്രഹിക്കട്ടെ ' മെലാനിയ  പറഞ്ഞു നിർത്തി.  


ശോഭ മങ്ങി ട്രംപ്: റേറ്റിംഗ് ഏറ്റവും താഴ്ന്ന നിലയിലെന്ന് ഗാലപ് പോൾ  ഫലം 

2017 ൽ അധികാരമേറ്റ ശേഷം ഇതുവരെയും താഴാത്ത അത്രയ്ക്ക് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അപ്പ്രൂവൽ റേറ്റിംഗിൽ ഇടിവ് രേഖപ്പെടുത്തിയതായി ഗാലപ് പോൾ ഫലം. ബൈഡൻ യു എസിന്റെ നാല്പത്തിയാറാം പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യാൻ ഒരുങ്ങുന്നതിനിടയിൽ തിങ്കളാഴ്‌ച പുറത്തുവന്ന പോൾ ഫലത്തിൽ 34 ശതമാനം അമേരിക്കക്കാർ മാത്രമേ പ്രസിഡന്റിന്റെ കടമ ഡൊണാൾഡ് ട്രംപ് നിർവഹിച്ചതായി  അഭിപ്രായപ്പെട്ടിട്ടുള്ളു. നാലു വർഷക്കാലമായി 41 ശതമാനം റേറ്റിംഗ് ട്രംപ് നിലനിർത്തിയിരുന്നു. 

1938 ൽ ആദ്യമായി ഗാലപ് പോൾ തുടങ്ങിയതുമുതലുള്ള പ്രസിഡന്റിന്റെ അപ്പ്രൂവൽ റേറ്റിംഗിൽ ഏറ്റവും ഉയർന്ന നിരക്കായ 51 ശതമാനം ഒരു ഘട്ടത്തിൽ നേടിയ ആളാണ് ട്രംപ്. 

ബൈഡൻ ബുധനാഴ്ച പ്രസിഡന്റ് സ്ഥാനത്തെത്തുമ്പോൾ സ്വാഭാവികമായും ട്രംപിന്റെ പദവി നഷ്ടമാകും. 
പദവിയിലിരിക്കുന്ന അവസാന നാളിൽ ഇത്രമേൽ പ്രഭ മങ്ങിയ സാഹചര്യം മറ്റു അമേരിക്കൻ പ്രസിഡന്റുമാർക്ക് ഉണ്ടായിട്ടില്ല. ജനുവരി 6 ന് ക്യാപിറ്റൽ മന്ദിരം ട്രംപ് അനുകൂലികൾ ആക്രമിച്ചതോടെയാണ് ഒപ്പം നിന്നവർ പോലും ട്രംപിനെ തള്ളിപ്പറഞ്ഞത്.
 
കലാപത്തിന് പ്രേരിപ്പിച്ച്  ജനാധിപത്യത്തിന് ഭീഷണി ഉയർത്തിയെന്ന കുറ്റം ചുമത്തി ജനുവരി 13 ന് ജനപ്രതിനിധി സഭ ട്രംപിനെ രണ്ടാമതും ഇമ്പീച്ച് ചെയ്തിരുന്നു. ഇമ്പീച്ച്മെന്റ് പ്രമേയം പൂർണമായും പാസാക്കുന്നതിന് സെനറ്റിൽ വച്ച്  കോടതി രീതിയിൽ ട്രംപിന് വിചാരണ നേരിടേണ്ടി വരും. സെനറ്റർമാരാണ് ജൂറിയായി പ്രവർത്തിക്കുന്നത്.

ബൈഡന്റെ ഉദ്ഘാടനത്തിനുള്ളിൽ സായുധ ആക്രമണം നടന്നേക്കും എന്ന് എഫ് ബി ഐ യുടെ മുന്നറിയിപ്പ് ലഭിച്ചതിനാൽ 50 സ്റ്റേറ്റ് ക്യാപിറ്റോളുകളിലും കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്. 
25000 ദേശീയ സുരക്ഷ അംഗങ്ങളെയാണ് വാഷിംഗ്‌ടൺ ഡിസിയിൽ മാത്രം വിന്യസിപ്പിച്ചിരിക്കുന്നത്. ഇറാഖിലും  അഫ്‌ഗാനിസ്ഥാനിലും കൂടി ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന  സൈനിക സംഘത്തിൽ  അത്രയും ആളുകളില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക