Image

ക്രൗഞ്ചപക്ഷികള്‍ (കവിത : രാജന്‍ കിണറ്റിങ്കര)

രാജന്‍ കിണറ്റിങ്കര Published on 19 January, 2021
ക്രൗഞ്ചപക്ഷികള്‍ (കവിത : രാജന്‍ കിണറ്റിങ്കര)
വാക്കുകള്‍ കൊണ്ട്
ചിറകറ്റു വീഴുന്ന
ചില മനുഷ്യരുണ്ട്
 
ആരോ 
അകമറയ്ക്കുള്ളില്‍
കരുതിവച്ച
വിഷം പുരട്ടിയ
അമ്പേറ്റ്
പിടഞ്ഞു വീഴുന്ന
ഇണക്കിളികളെപ്പോലെ
 
സ്‌നേഹത്തിന്റെ
പച്ചിലക്കാട്ടില്‍
മറഞ്ഞിരിക്കുന്ന
ശത്രുവിനെ കാണാതെ
ഹൃദയത്തിന്റെ
നിശ്ശബ്ദ ഭാഷകള്‍
കൈമാറുന്ന
പറവകളെപ്പോലെ
 
സന്ധ്യയുടെ
കുങ്കുമവര്‍ണ്ണത്തില്‍
സ്വപ്നങ്ങളുടെ
പുഞ്ചിരി ചാലിച്ച്
ആഴങ്ങളിലേക്കിറങ്ങുന്ന
പുഴക്കടവിലെ
തോണിക്കാരനെപ്പോലെ
 
ഒറ്റപ്പെട്ട
നക്ഷത്രങ്ങള്‍
രാവിന്റെ മാറില്‍
തല ചായ്ച്ച്
ഒരു മിന്നാമിന്നിയായി
ഭൂമിയുടെ ആഴങ്ങളിലേക്ക്
പതിയ്ക്കുന്ന പോലെ
 
അനന്തയുടെ
പുലര്‍വെളിച്ചത്തില്‍
അവിചാരിതമായി
തറയ്ക്കുന്ന
വാക്കുകളുടെ
കൂരമ്പുകള്‍ 
 
അരുത് കാട്ടാളാ
എന്ന് പറയാന്‍
ആരാരുമില്ലാതെ
ചിറകറ്റ് നിസ്സഹായരായി
ചില മനുഷ്യര്‍
 
ക്രൗഞ്ചപക്ഷികള്‍ (കവിത : രാജന്‍ കിണറ്റിങ്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക