Image

ആന്‍ ഇനാഗുരേഷന്‍ ലൈക്ക് നോ അദര്‍- (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 19 January, 2021
ആന്‍ ഇനാഗുരേഷന്‍ ലൈക്ക് നോ അദര്‍- (ഏബ്രഹാം തോമസ്)
യു.എസ്. പ്രസിഡന്റുമാരുടെ സ്ഥാനാരോഹണ ചടങ്ങുകളില്‍ അസാധാരണമായ ഒരു ചടങ്ങാണ് 46-ാമത്തെ പ്രസിഡന്റായി ജോ ബൈഡന്‍ സ്ഥാനമേല്‍ക്കുമ്പോള്‍ നടക്കുക. ഇതുവരെ നടന്ന രാഷ്ട്രീയ സംഭവ വികാസങ്ങളും അനിതരസാധാരണമാണ്.
രാഷ്ട്രം ഇത്രയേറെ ധ്രുവങ്ങളിലായി വേര്‍തിരിക്കപ്പെട്ട ചരിത്രവും നന്നേ പുതുതാണ്. നാല് വര്‍ഷം മുമ്പ് ഡോണള്‍ഡ് ട്രമ്പ് പ്രസിഡന്റായി അധികാരമേല്‍ക്കുമ്പോള്‍ ഉണ്ടായിരുന്ന വേര്‍തിരിവ് ഇല്ലാതാകുവാന്‍ ശ്രമം നടക്കും എന്ന പ്രതീക്ഷ അസ്ഥാനത്തായി. മുറിവുണക്കുവാന്‍ വീണ്ടും ശ്രമങ്ങള്‍ നടക്കും എന്ന് പ്രഖ്യാപനങ്ങളുണ്ട്. പക്ഷെ ആര്, എപ്പോള്‍ മുന്‍കൈ എടുക്കുമെന്ന് വ്യക്തമല്ല.
നിയുക്ത പ്രസിഡന്റ് അധികാരമേല്‍ക്കുന്ന ജനുവരി 20ന് രാജ്യം ഒട്ടാകെ കലാപങ്ങള്‍ക്ക് പദ്ധതി ഇടുന്നുണ്ട് എന്ന് ആദ്യം റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ പല തവണ ശക്തിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ആക്ടിംഗ് ഡിഫന്‍സ് സെക്രട്ടറി ക്രിസ്റ്റഫര്‍ മില്ലറുടെ പുതിയ പ്രസ്താവനയില്‍ നാഷ്ണല്‍ ഗാര്‍ഡ് ട്രൂപ്പുകള്‍ നടത്തിയ തീവ്ര പരിശോധനയില്‍ രാജ്യത്തിനകത്ത് നിന്ന് സുരക്ഷാ ഭീഷണി ഉള്ളതായി ഒരു സൂചനയും ലഭിച്ചില്ലെന്ന് വെളിപ്പെടുത്തി. 25,000 നാഷ്ണല്‍ ഗാര്‍ഡുമാര്‍ വാഷിംഗ്ടണ്‍ ഡി.സി.യിലും ചുറ്റിലുമായി ബുധനാഴ്ച ഉണ്ടാകും. ജനുവരി 6ന് നടന്ന കലാപത്തില്‍ 5 മരണവും നൂറ് പേരുടെ അറസ്റ്റും ഉണ്ടായതാണ്.

ബൈഡന്‍ സത്യപ്രതിജ്ഞാവാചകം ചൊല്ലി അധികാരമേല്‍ക്കുമ്പോള്‍ മറ്റൊരു ചരിത്രം കൂടി രചിക്കും. വൈസ് പ്രസിഡന്റായി ആദ്യമായി ഒരു സ്ത്രീ, അതും ന്യൂനപക്ഷത്ത് നിന്ന്, കമല ഹാരിസ് അധികാരമേല്‍ക്കും. പരമ്പരാഗതമായി പ്രസിഡന്റിന്റെ ഇനാഗുരേഷനോടനുബന്ധിച്ച് നടക്കുന്ന അനവധി ബാള്‍റൂം നൃത്തങ്ങളുടെയും ആഘോഷങ്ങളുടെയും നിറം മാറും. ഒരു പ്രൈം ടൈം സ്‌പെഷ്യല്‍ സെലബ്രേറ്റിംഗ് അമേരിക്കയില്‍ നൃത്തങ്ങളും, സ്വപ്‌നങ്ങളും ഉണ്ടാകും.

കഴിഞ്ഞ വര്‍ഷം തന്റെ കൊറോണ രോഗദിനങ്ങള്‍ ചിത്രീകരിച്ച ഹോളിവുഡ് നടന്‍ ടോം ഹാങ്ക്‌സ് ബൈഡനും ഹാരിസിനുമൊപ്പം പ്രത്യക്ഷപ്പെടും. ഇനാഗുരേഷന്‍ കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ ബൈഡനും ഹാരിസും പൊതുജനങ്ങളോട് സംസാരിക്കും. ജോണ്‍ബോണ്‍ ജോവി, ആന്റ് ക്ലെമന്‍സ്, ജോണ്‍ ലെജന്‍ഡ്, ഡെമി ഒലവേറ്റാ, ബ്രൂസ് സ്പ്രിംഗ്സ്റ്റീന്‍, ജസ്റ്റിന്‍ ടിമ്പര്‍ലേക്ക് എന്നിവരുടെ പ്രകടനങ്ങളും ടെലിവൈസ് ചെയ്യും.
ഏതാണ്ട് രണ്ടു വര്‍ഷമായി അമേരിക്കന്‍ ജനതയോട് തന്റെ ആദ്യ നൂറു ദിവസങ്ങളില്‍ എന്തെല്ലാം ചെയ്യുമെന്ന് ബൈഡന്‍ പറഞ്ഞിരുന്നു. പ്രസിദ്ധീകരിച്ച 49 പദ്ധതികളും ഉണ്ട്. ബൈഡന്റെ വാഗ്ദാനങ്ങളില്‍ ചിലത് പുതിയ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് റോണ്‍ കെയ്ന്‍ ഒരു മെമ്മോയിലൂടെ വിതരണം ചെയ്തു. കൊറോണ വൈറസ് മഹാമാരിയുടെ വ്യാപനം തടയാന്‍ അടിയന്തിര നടപടികള്‍, കഴിഞ്ഞ നാല് വര്‍ഷത്തെ ട്രമ്പ് ഭരണ നടപടികള്‍ പലതും പിന്‍വലിക്കല്‍ എന്നിവയാണ് മുന്‍ഗണന പട്ടികയില്‍ ഉള്ളത്. ഒരു ഡസന്‍ എക്‌സിക്യൂട്ടീവ് ഓര്‍ഡറുകളും പ്രഥമ പരിഗനയിലാണ്. കോവിഡ്-19 പ്രതിരോധ നടപടികളില്‍ പ്രധാനം ഫെഡറല്‍ വസ്തുവകകളില്‍ നിര്‍ബന്ധമായ മാസ്‌ക് ധാരണമാണ്. അതോടൊപ്പം അന്തര്‍ സംസ്ഥാനയാത്രയിലും നിര്‍ബന്ധമായി മാസ്‌ക് ധരിച്ചിരിക്കണം. ഭവനങ്ങളില്‍ നിന്ന് പുറത്താക്കലും ഫോര്‍ ക്ലോഷറുകളും നിയന്ത്രിക്കും. വിദ്യാഭ്യാസ വായ്പ തിരിച്ചടവിന്റെ ഇടവേള തുടരും എന്നിവയും ആദ്യദിനങഅങളിലെ നടപടികളായിരിക്കും എന്ന് മെമ്മോ പറയുന്നു.

കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ച 1.9ട്രില്യന്‍ ഡോളര്‍ പാക്കേജ് ത്വരിഗതയില്‍ പാസാക്കുക. രാജ്യത്തെ മുഴുവന്‍ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോവുക എന്ന പ്രഖ്യാപിത ലക്ഷ്യം നടപ്പാക്കുവാന്‍ ബൈഡന് കഴിയുമെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ പലരും വിശ്വസിക്കുന്നു. ശൂന്യമായ നാഷ്ണല്‍ മാളിന് മുന്നില്‍ നിന്ന് അധികാരമേറ്റതിന് ശേഷം രാഷ്ട്രത്തെ അഭിസംബോധന ചെയ്യുമ്പോള്‍ ട്രമ്പിന് വോട്ടുചെയ്ത 7 കോടി 40 ലക്ഷം ജനങ്ങളെ മറക്കരുതെന്ന് നിരീക്ഷകര്‍ ഓര്‍മ്മിപ്പിച്ചു. മുറിവ് ഉണക്കാനുള്ള ആദ്യ ക്രിയാത്മക സമീപനമായി ഇത് വിശേഷിപ്പിക്കപ്പെടും.

കഴിഞ്ഞ വ്യാഴാഴ്ചയാണ് 1.9 ട്രില്യന്‍ ഡോളറിന്റെ പാക്കേജ് ജനങ്ങള്‍ക്ക് മുമ്പാകെ ബൈഡന്‍ അവതരിപ്പിച്ചത്. കോറോണ വൈറസ് നിയന്ത്രണത്തിലാക്കുക, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വീണ്ടും തുറക്കുക, സാമ്പത്തികാവസ്ഥ പുനരുജ്ജീവിപ്പിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങള്‍. കാലാവസ്ഥ വ്യതിയാനം, ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് തുടങ്ങിയ മുന്‍ ഭരണകൂടങ്ങളുടെ പദ്ധതികളുടെ തുടര്‍ച്ചയും ഇവയ്ക്ക് പിന്നിലായി ഉണ്ട്.

ഒരു ആഘോഷത്തിമിര്‍പ്പിന്റെ അഭാവം ബൈഡന്‍ അനുകൂലികളില്‍ ദൃശ്യമാണ്. വിജയം സ്വന്തമാക്കാന്‍ ആവശ്യമായി വന്ന പോരാട്ടത്തിന്റെയും മഹാമാരിയുടെ പശ്ചാത്തലവും ആകാം കാരണങ്ങള്‍. വിജയോന്മാദം നിയന്ത്രിതമാകാന്‍ ഇത് സഹായിച്ചേക്കും.

ആന്‍ ഇനാഗുരേഷന്‍ ലൈക്ക് നോ അദര്‍- (ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക