Image

ഇഡ്ഡലിയും സാമ്പാറും വൈറ്റ് ഹൌസിലേക്ക്

Published on 18 January, 2021
ഇഡ്ഡലിയും സാമ്പാറും വൈറ്റ് ഹൌസിലേക്ക്
ജന്മംകൊണ്ട് പകർന്നുകിട്ടുന്ന ഒന്നാണ് ഭക്ഷണശീലം. ഏത് രാജ്യത്ത് ഏതു തരം ആളുകളുമായുള്ള സമ്പർക്കവും ശീലിച്ചുവന്ന ഭക്ഷണങ്ങളിൽ നിന്ന് നമ്മെ പാടേ അകറ്റില്ല. പലതരം പാചകപരീക്ഷണങ്ങളിൽ ഏർപ്പെടുമ്പോഴും വൈവിധ്യമാർന്ന രുചികൾ തൊട്ടറിയുമ്പോഴും അമ്മയുടെ അടുക്കളയിൽ നിന്നുള്ള ഗൃഹാതുരത്വം ഉണർത്തുന്ന വിഭവങ്ങൾക്കായിരിക്കും എന്നും മനസ്സിൽ പ്രഥമ സ്ഥാനം. വൈറ്റ് ഹൗസിൽ എത്തുന്ന ആദ്യ വനിത വൈസ് പ്രസിഡന്റ് എന്ന ചരിത്രം കുറിക്കുന്ന  കമല ഹാരിസിന്റെ പ്രിയവിഭവങ്ങളും അത്തരത്തിൽ തന്നെയാണ്. മദ്രാസുകാരിയായ അമ്മ ശ്യാമള ഗോപാലൻ തയ്യാറാക്കിയിരുന്ന ഇഡ്‌ലിയും സാമ്പാറും വെണ്ടയ്ക്ക മെഴുക്കുപുരട്ടിയും പുളിങ്കറിയും ഇഷ്ടപ്പെടുന്ന കമലയുടെ വൈറ്റ് ഹൗസിലെ അടുക്കളയിലും ഇനി ദക്ഷിണേന്ത്യൻ വിഭവങ്ങളുടെ ആവി പരക്കുന്നത് പുതു  ചരിത്രമാകും. 

വാഷിംഗ്ടൺ ഡി.സി യിൽ വൈസ് പ്രസിഡന്റിന്റെ വസതിയോട് ചേർന്ന അടുക്കളയിൽ ഇനി കാണുക ദക്ഷിണേന്ത്യൻ ഭക്ഷണരീതിയും  ജമൈക്കനും ഇഴചേർന്ന് രൂപപ്പെട്ട പുതുമയാർന്ന പാചക സംസ്കാരമായിരിക്കും. ജമൈക്കനായ പിതാവ് ഡൊണാൾഡ് ഹാരിസിന്റെ സ്വാധീനവും കമലയുടെ രുചിമുകുളങ്ങളിലുണ്ടെന്ന് അവർ സാക്ഷ്യപ്പെടുത്തുന്നു. ഒരു ശാസ്ത്രജ്ഞയെപ്പോലെ പൂർണമായും മനസ്സർപ്പിച്ച് സന്തോഷത്തോടെ അമ്മ പാചകകലയിൽ ഏർപ്പെട്ടിരുന്നതിന്റെ  ഓർമ്മകളിപ്പോഴും മങ്ങാതെ കമലയുടെ നെഞ്ചിനുള്ളിലുണ്ട്. പാചകം ഏറെ ആസ്വാദ്യകരമായ കലയായി തോന്നാൻ കമലയ്ക്ക് പ്രചോദനമായതിന്  കാരണവും  അമ്മയുടെ കൈപ്പുണ്യം തന്നെ. 

കാലിഫോർണിയയിലെ ഓക്‌ലൻഡിലെ വീടിനെക്കുറിച്ച് കണ്ണടച്ച് ഓർത്താൽ  കമലയുടെ മനസ്സിൽ വിരുന്നെത്തുന്നത് എണ്ണയിൽ കടുക് താളിക്കുമ്പോഴുള്ള ശബ്ദവും ഗന്ധവുമാണ്. വാളൻപുളി പിഴിഞ്ഞതിൽ വെണ്ടയ്ക്ക കഷണങ്ങൾ നീന്തിത്തുടിക്കുന്ന  അസാധ്യ രുചിയുള്ള കറിയെക്കുറിച്ച് പറയുമ്പോഴും നാവിൽ വെള്ളമൂറും. 

കുട്ടിക്കാലം മുതൽ ഇന്ത്യയിലെ  ബന്ധുക്കളെ സന്ദർശിക്കുമ്പോൾ ഏറ്റവും ഭ്രമിപ്പിച്ചിരുന്നത് മാർദ്ദവമുള്ള ഇഡ്‌ലിയും ചൂട് സാമ്പാറുമാണ്. 
തലേനാൾ വെള്ളത്തിൽ കുതിർത്തുവച്ച ഉഴുന്നും പച്ചരിയും അരച്ച മാവിൽ ഉണ്ടാക്കുന്ന ഇഡ്‌ലി, ദക്ഷിണേന്ത്യക്കാരുടെ പരമ്പരാഗത ഭക്ഷണമാണ്. തമിഴരുടെ വീടുകളിൽ മിക്ക ദിവസവും പ്രാതലിന് ഇഡ്‌ലിയായിരിക്കും. 

കമലയുടെ മുത്തശ്ശന്റെ നാടായ ചെന്നൈയിലെ ബസന്ത് നഗർ പ്രശസ്തിയാർജ്ജിച്ചതുപോലും ഇഡ്‌ലിയുടെ പേരിലാണ്. ഇഡ്‌ലി മാത്രം വിൽക്കുന്ന നിരവധി കടകളുണ്ട് ബസന്ത് നഗറിൽ. മുരുഗൻ ഇഡ്‌ലിയാണ് കൂടുതൽ ജനപ്രിയം. 
 ഇഡ്‌ലിയുടെ  മാവുകൊണ്ട് ചുട്ടെടുക്കുന്ന ദോശയോടും കമലയ്ക്ക് പ്രിയമുണ്ട്. പ്രോട്ടീനിന്റെയും നിരവധി വിറ്റാമിനുകളുടെയും കലവറയാണ് ഇഡ്‌ലിയും  ദോശയുമെന്ന്  കമല പറയുന്നു.

ട്യൂണ സാൻഡ്വിച്ചുകളും കമലയ്ക്കിഷ്ടമാണ്. തൊഴിൽ സംബന്ധമായ സമ്മർദ്ദങ്ങളിൽ നിന്ന് മനസ്സിന് ആശ്വാസം ലഭിക്കാൻ താൻ ഓടിയെത്തുന്നത് വീട്ടിലെ അടുക്കളയിലാണെന്നും ഭക്ഷണം തയ്യാറാക്കുന്നതും മറ്റുള്ളവർക്കത് നൽകുന്നതും ആസ്വാദ്യകരമാണെന്നും കമല ഹാരിസ് അഭിമുഖങ്ങളിൽ തുറന്നു പറയാറുണ്ട്.
ഏത്  പ്രവർത്തിയും ഏകാഗ്രതയോടെ വേണമെന്നും അതിന്റെ പൂര്‍ണതയ്ക്കുവേണ്ടി പരിശ്രമിക്കണമെന്നും  അതിനുള്ള ഫലം ലഭിക്കുക തന്നെ  ചെയ്യുമെന്നും കമലയെ അമ്മ ആദ്യം പഠിപ്പിച്ചത് പാചകപരീക്ഷണങ്ങൾക്കിടയിലാണ്. കൃത്യമായ പാകത്തിൽ എല്ലാം ഒത്തിണങ്ങി വരുമ്പോൾ രുചികരമായ ഭക്ഷണം തീന്മേശയിൽ എത്തുന്നു എന്ന അറിവിൽ നിന്നാണ് പടിപടിയായി കമല ഹാരിസ് ഓരോ വിജയവും  രുചിച്ചറിഞ്ഞത്. 
Join WhatsApp News
മനുഷ വർഗത്തിൽ പെട്ട ഒരു വെക്തി 2021-01-19 12:01:56
എന്തിനാണ് കമല ഹിന്ദുവാണ്, ബ്രാമണ സ്ത്രീ ആണ്, ഹെയ്റ്റിക്കാരിയാണ്, എന്നിങ്ങനെയുള്ള ബാലിശ കമൻറ്റുകൾ. കമലയെ മനുഷ വർഗത്തിൽ പെട്ട ഒരു വെക്തി എന്ന് കാണുവാൻ സാധിക്കുമോ?. സ്ത്രീ, പുരുഷൻ, ട്രാൻസ്ജെൻഡർ എന്നിങ്ങനെയൊക്കെ ഉള്ള വേർ തിരിവ് സാദാരണ നിലവാരം ആണ്. അറിവും വിവേകവും വളരുകയും വർദ്ധിക്കുകയും ചെയ്യുമ്പോൾ; അ നിലവാരത്തിൽ നിന്നും നമ്മൾ ഉയരണം. അജ്ഞതയിൽ നിന്നും നമ്മൾ സ്വതന്ത്രർ ആകുമ്പോൾ പ്രപഞ്ചത്തെ നമ്മൾ കാണുന്ന മനോഭാവത്തിനും മാറ്റം ഉണ്ടാവും. അപ്പോൾ നമ്മൾ കാണുന്നവയുടെ മഹനീയത നമുക്ക് മനസ്സിലാകും. പ്രപഞ്ചത്തിലെ എല്ലാം; മേൻമ ഏറിയ രൂപഭാവങ്ങൾ -ഡീസെയിൻ- ആണെന്ന് മനസ്സിലാകും. പുരുഷൻ സ്ത്രീകളോട് അടുത്ത് ഇടപഴകുമ്പോൾ അവരെ 'വെറും സ്ത്രീ' ആയിട്ട് കാണുന്നതിൽ ഉപരി, അവരുടെ ലിംഗ വ്യത്യാസത്തിന് ഉപരി അവരെ കാണുവാൻ സാധിക്കും. അതുപോലെ സ്ത്രീകൾ പുരുഷൻമ്മാരോട് കൂടുതൽ ഇട പഴകുമ്പോഴും. ലിംഗ ഭേദങ്ങൾക്കു ഉപരി, 'ആന്ത്രോപ്‌സ്' ആയി കാണുവാൻ സാധിക്കും. അവിടെ, സ്ത്രീയും പുരുഷനും എന്നത് ഇല്ല, സ്ത്രീയും പുരുഷനും തമ്മിൽ ഉള്ള ബന്ധം സെസ്‌ക്ല് മാത്രമല്ല അതിലുപരി; എല്ലാ വെത്യസങ്ങളെയും അംഗീകരിക്കുന്ന മനസ്സുകളുടെ പരസ്പ്പര അംഗീകാരം ആണെന്ന് മനസ്സിലാകും. കമല; അമേരിക്കയുടെ രാജ്യ സ്നേഹിയായ വൈ സ്സ് പ്രസിഡണ്ട് ആണ്. അവരെ അങ്ങനെ അംഗീകരിക്കാനുള്ള മനോഭാവം വളർത്തിയെടുക്കുക. നിങ്ങളുടെ മതത്തിൽ നിന്നും , നിങ്ങളുടെ കുടുംബത്തിൽ നിന്നും ആർജിച്ച പൗരാണിക പുരുഷ, വർണ്ണ വർഗീയ മേധാവിത്തത്തെ വലിച്ചെറിയു, അത് പ്രാകിർതമാണ്, നിങ്ങൾ അറിയാതെ നിങ്ങളിൽ പതിയിരിക്കുന്ന ക്രൂരതയാണ്. സ്വതന്ത്രർ ആകു! മനുഷർ ആകു!- ആൻഡ്രു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക