Image

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ അപേക്ഷാ ഫോറങ്ങളിലും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗം കൂടി

Published on 18 January, 2021
സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ അപേക്ഷാ ഫോറങ്ങളിലും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗം കൂടി
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും വിവിധ ആവശ്യങ്ങള്‍ക്കായി നിലവില്‍ ഉപയോഗിക്കുന്ന അപേക്ഷാ ഫോറങ്ങളില്‍ സ്ത്രീ/പുരുഷന്‍/ട്രാന്‍സ്ജെന്‍ഡര്‍/ട്രാന്‍സ് സ്ത്രീ/ട്രാന്‍സ് പുരുഷന്‍ എന്നിങ്ങനെ കൂട്ടിച്ചേര്‍ത്ത് പരിഷ്ക്കരിക്കാന്‍ ഉത്തരവിട്ടതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇതോടെ നിലവില്‍ ഉപയോഗിക്കുന്ന എല്ലാ സര്‍ക്കാര്‍ അപേക്ഷാ ഫോറങ്ങളും സ്ത്രീ/പുരുഷന്‍/ട്രാന്‍സ്ജെന്‍ഡര്‍/ട്രാന്‍സ് സ്ത്രീ/ട്രാന്‍സ് പുരുഷന്‍ ആയി മാറുന്നതാണ്. ട്രാന്‍ജെന്‍ഡര്‍ വിഭാഗത്തിന്റെ പുരോഗതിക്കായുള്ള മറ്റൊരംഗീകാരമായി ഇത് മാറുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും വിവിധ ആവശ്യങ്ങളിലായി നിലവിലുള്ള അപേക്ഷാ ഫോറങ്ങളില്‍ പലതും സ്ത്രീകള്‍ക്ക് അപേക്ഷിക്കാന്‍ അപര്യാപ്തമാണെന്നും മിക്ക ഫോറങ്ങളിലും അപേക്ഷകന്‍ എന്നു മാത്രമേ കാണുന്നുള്ളൂ എന്നും വിമര്‍ശനമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് ലിംഗ നിഷ്പക്ഷത ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി അപേക്ഷകന്‍/അപേക്ഷക എന്നാക്കി മാറ്റാവുന്നതാണെന്നും വിലയിരുത്തിയിരുന്നു. ട്രാന്‍സ്ജെന്‍ഡര്‍ പോളിസി ഉണ്ടാക്കുകയും അവരുടെ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ധനസഹായം കൊടുക്കുകയും ചെയ്യുന്ന കേരളത്തില്‍ സ്ത്രീ/പുരുഷന്‍/ട്രാന്‍സ്ജെന്‍ഡര്‍/ട്രാന്‍സ് സ്ത്രീ/ട്രാന്‍സ് പുരുഷന്‍ എന്നിങ്ങനെ അപേക്ഷകളില്‍ മാറ്റം വരുത്താമെന്ന് കണ്ടെത്തിയിരുന്നു. 2019ലെ ട്രാന്‍സ്ജെന്‍ഡര്‍ പേഴ്സണ്‍സ് പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ് ആക്ട് പ്രകാരം ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ ഐഡന്റിറ്റിയെ കുറിച്ച് വ്യക്തമായി പ്രതിപാദിച്ചിരിക്കുന്നതിനാല്‍ ഈ വിഭാഗത്തെ കൂടി അപേക്ഷ ഫോറത്തില്‍ ഉള്‍പ്പെടുത്തുന്നത് അവര്‍ക്ക് ഗുണകരമായിരിക്കും എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്.  


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക