Image

'കുഞ്ഞിരാമന്‍ അത്തരക്കാരനല്ല'; ഉദുമ എംഎല്‍എയെ പിന്തുണച്ച്‌ മുഖ്യമന്ത്രി

Published on 18 January, 2021
'കുഞ്ഞിരാമന്‍ അത്തരക്കാരനല്ല'; ഉദുമ എംഎല്‍എയെ പിന്തുണച്ച്‌ മുഖ്യമന്ത്രി
തിരുവനന്തപുരം: ഉദുമ എം എല്‍ എ കെ.കുഞ്ഞിരാമനെ പിന്തുണച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രിസൈഡിങ് ഓഫീസറെ കുഞ്ഞിരാമന്‍ എം എല്‍ എയെ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിലാണ് എം എല്‍ എയെ പിന്തുണച്ച്‌ മുഖ്യമന്ത്രി എത്തിയത്. 

കുഞ്ഞിരാമന്‍ ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാറില്ലെന്നും അത്തരത്തില്‍ ഭീഷണിപ്പെടുത്തുന്ന പ്രകൃതക്കാരനല്ല കുഞ്ഞിരാമനെന്നും മുഖ്യമന്ത്രി പറഞ്ഞു.

വോട്ട് ചെയ്യാനാണ് എം എല്‍ എ പോയത്. പ്രിസൈഡിംഗ് ഓഫീസറെ സാര്‍ എന്നാണ് വിളിച്ചതെന്നും ബഹളമുണ്ടാക്കിയത് ഉദ്യോഗസ്ഥനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റെന്തോ ഉദ്ദേശ്യമാണ് കള്ളവോട്ട് ആരോപണത്തിന് പിന്നില്‍ ഉള്ളതെന്നും പ്രതിപക്ഷത്തിന്റെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. എന്‍ എ നെല്ലിക്കുന്ന് ആണ് നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിച്ചത്.

 ആലക്കോട് പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡിലെ ചെര്‍ക്കപ്പാറ ജി എല്‍ പി സ്കൂളിലെ ഒന്നാം നമ്ബര്‍ ബൂത്തിലെ പ്രിസൈഡിംഗ് ഓഫീസര്‍ ശ്രീകുമാറിനെ കുഞ്ഞിരാമന്‍ എം എല്‍ എ ഭീഷണിപ്പെടുത്തിയെന്ന വിഷയം ചൂണ്ടിക്കാണിച്ച്‌ ആയിരുന്നു സബ്മിഷന്‍.

എന്നാല്‍, മുഖ്യമന്ത്രി നല്‍കിയ മറുപടി ഏകപക്ഷീയമാണെന്ന് കെ സി ജോസഫ് എം എല്‍ എ പറഞ്ഞു. കാസര്‍കോട്ടും കണ്ണൂരും വ്യാപക കള്ളവോട്ട് നടന്നെന്നും കെ സി ജോസഫ് ആരോപിച്ചു. എന്നാല്‍, പലര്‍ക്കും രാഷ്ട്രീമുണ്ടാകാമെന്നും പ്രത്യേകമായി ഒന്നും അങ്ങനെ ചാര്‍ത്തിക്കൊടുക്കേണ്ട കാര്യമില്ലെന്നും ആയിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

പ്രിസൈഡിംഗ് ഓഫീസറെ ആക്ഷേപിച്ചിട്ടില്ലെന്ന് കെ കുഞ്ഞിരാമന്‍ എം എല്‍ എ പറഞ്ഞു. വോട്ട് ചെയ്യാനാണ് ബൂത്തില്‍ എത്തിയതെന്നും തര്‍ക്കം തീര്‍ക്കാനായിരുന്നു ശ്രമമെന്നും എം എല്‍ എ പറഞ്ഞു. 

പ്രിസൈഡിംഗ് ഓഫീസറെ എ എല്‍ എ ഭീഷണിപ്പെടുത്തിയതില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും അനുവദിക്കാനാവില്ലെന്ന് സ്പീക്കര്‍ പറഞ്ഞു. ഇതോടെ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി. തുടര്‍ന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക