Image

അനുയായികള്‍ക്ക് ഏതു പാര്‍ട്ടിയില്‍ വേണമെങ്കിലും ചേരാമെന്ന് രജനികാന്ത്

Published on 18 January, 2021
 അനുയായികള്‍ക്ക് ഏതു പാര്‍ട്ടിയില്‍ വേണമെങ്കിലും ചേരാമെന്ന് രജനികാന്ത്

ചെന്നൈ: രാഷ്ട്രീയത്തിലേക്ക്  ഇല്ലെന്ന് തീരുമാനമെടുത്തതിന് പിന്നാലെ അനുയായികള്‍ക്ക് ഏതു പാര്‍ട്ടിയില്‍ വേണമെങ്കിലും ചേരാമെന്ന് വ്യക്തമാക്കി രജനികാന്തുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍.


 രജനി മക്കള്‍ മണ്‍ട്രത്തില്‍ നിന്ന് രാജിവച്ച്‌ ഏതു പാര്‍ട്ടിയില്‍ വേണമെങ്കിലും ചേരാമെന്നും രജനിയുടെ ആരാധകരാണെന്ന് മറന്നുപോകരുതെന്നുമാണ് മണ്‍ട്രം പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നത്.


രജനി മക്കള്‍ മന്‍ട്രത്തിന്റെ മൂന്ന് ജില്ലാ സെക്രട്ടറിമാര്‍ കഴിഞ്ഞ ദിവസം ഡി എം കെയില്‍ ചേര്‍ന്നു. എ ജോസഫ് സ്റ്റാലിന്‍ (തൂത്തുക്കുടി), കെ സെന്തില്‍ സെല്‍വാനന്ത് (രാമനാഥപുരം), ആര്‍ ഗണേശന്‍ (തേനി) എന്നിവരാണ് ഡി എം കെ അദ്ധ്യക്ഷന്‍ എം കെ സ്റ്റാലിന്റെ സാന്നിദ്ധ്യത്തില്‍ പാര്‍ട്ടി അംഗത്വമെടുത്തത്.


 ജോസഫ് സ്റ്റാലിന്‍ നേരത്തേ മക്കള്‍ സേവാ കക്ഷിയെന്ന പേരില്‍ തിരഞ്ഞെടുപ്പ് കമ്മിഷനില്‍ രാഷ്ട്രീയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്തിരുന്നു. ഓട്ടോറിക്ഷാ ചിഹ്നമായ ഈ പാര്‍ട്ടി രജനിക്ക് വേണ്ടി രജിസ്റ്റര്‍ ചെയ്‌തതാണെന്നായിരുന്നു അഭ്യൂഹം.


ആരോഗ്യം മുന്‍നിര്‍ത്തി രജനീകാന്തെടുത്ത തീരുമാനത്തെ മാനിക്കുന്നുവെന്നും സാമൂഹിക സേവനത്തിനുളള വഴിയെന്ന നിലയിലാണ് ഡി എം കെയില്‍ ചേര്‍ന്നതെന്നും ജില്ലാ സെക്രട്ടറിമാര്‍ പറഞ്ഞു. മണ്‍ട്രത്തിന്റെ ഐ ടി വിംഗ് നേതാവ് കെ ശരവണന്‍, രാമനാഥപുരം ജില്ലാ ഡെപ്യൂട്ടി സെക്രട്ടറി എ സെന്തില്‍വേല്‍, ട്രേഡേഴ്സ് യൂണിയന്‍ സെക്രട്ടറി എസ് മുരുഗാനന്ദം എന്നിവരും ഡി എം കെയില്‍ ചേര്‍ന്നു.


ബൂത്ത് കമ്മിറ്റി രൂപീകരണമുള്‍പ്പെടെയുളള നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം രജനി പിന്മാറിയത് ഒരു വിഭാഗം മണ്‍ട്രം ഭാരവാഹികളില്‍ അതൃപ്‌തിയുണ്ടാക്കിയിരുന്നു. കൂടുതല്‍ പേര്‍ വരുംദിവസങ്ങളില്‍ മണ്‍ട്രം വിട്ടേക്കുമെന്നാണ് സൂചന.


രജനീകാന്തിന്റെ പുതിയ നിലപാട് ബി ജെ പിക്ക് കനത്ത തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. മാസങ്ങള്‍ക്കുളളില്‍ നടക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ രജനീകാന്തിന്റെ നേരിട്ടോ പരോക്ഷമായോ ഉളള പിന്തുണയ്‌ക്കായി നീക്കങ്ങള്‍ നടത്തുകയായിരുന്നു ബി ജെ പി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക