Image

ഐ.എന്‍.എ.ഐ.യുടെ ഹോളിഡേ ആഘോഷവും പുതിയ ഭരണസമിതിയുടെ സ്ഥാനാരോഹണവും

ജൂബി വള്ളിക്കളം Published on 18 January, 2021
ഐ.എന്‍.എ.ഐ.യുടെ ഹോളിഡേ ആഘോഷവും പുതിയ ഭരണസമിതിയുടെ സ്ഥാനാരോഹണവും
ഷിക്കാഗോ: ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയി(ഐ.എന്‍.എ.ഐ.) യുടെ ഈ വര്‍ഷത്തെ ഹോളിഡേ ആഘോഷവും അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള പുതിയ ഭരണസമിതിയുടെ സ്ഥാനാരോഹണവും നടത്തപ്പെട്ടു. കോവിഡ് പ്രോട്ടോക്കോള്‍ നിബന്ധനകള്‍ നിലനില്‍ക്കുന്നതിനാല്‍ ജനുവരി 16, ശനിയാഴ്ച വെര്‍ച്ചല്‍ ആയിട്ടാണ് മീറ്റിംഗ് സംഘടിപ്പിച്ചത്.

ഐ.എന്‍.എ.ഐ. പ്രസിഡന്റ് ഡോ.ആനി എബ്രാഹമിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ ഐ.എന്‍.എ.യുടെ മുന്‍ പ്രസിഡന്റായ റ്റിസി ഞാറവേലില്‍ മുഖ്യപ്രഭാഷകയായി ഹോളിഡേ സന്ദേശം നല്‍കി. നഴ്‌സിംഗിന്റെ വിവിധ മേഖലകളിലൂടെ തങ്ങളുടെ കഴിവുകള്‍ പരിപോഷിപ്പിക്കാന്‍ ഐ.എന്‍.എ.ഐ. പോലെയുള്ള സംഘടനകളിലൂടെ സാധിക്കുമെന്നും അതിനുള്ള അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും ഇന്ത്യന്‍ നഴ്‌സുമാരുടെ കൂട്ടായ്മയെ റ്റിസി ആഹ്വാനം ചെയ്തു. 2020 വര്‍ഷം നഴ്‌സുമാരുടെ വര്‍ഷമായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചപ്പോള്‍ ഇത്രയധികം പ്രതിസന്ധികള്‍ നേരിടേണ്ടി വരുമെന്നു ആരും വിചാരിച്ചിരുന്നില്ല. എങ്കിലും അവയെല്ലാം തരണം ചെയ്ത് ഈ മഹാമാരിയുടെ സമയത്തും നഴ്‌സുമാര്‍ സധൈര്യം മുന്നേറുകയാണ്. സ്‌നേഹം, കരുണ, സഹാനുഭൂതി, കഠിനാദ്ധ്വാനം തുടങ്ങിയ മൂല്യങ്ങള്‍ മുറുകെപ്പിടിച്ചുകൊണ്ട് ഉറച്ച തീരുമാനത്തോടെ നഴ്‌സുമാര്‍ ഹീറോകളായി തീര്‍ന്നു എന്ന യാഥാര്‍ത്ഥ്യം റ്റിസി ഓര്‍മ്മിപ്പിച്ചു. ഐ.എന്‍.എ.ഐ. സെക്രട്ടറി മേരി റജീന കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

2021-22 വര്‍ഷത്തേക്കുള്ള പുതിയ ഭരണസമിതി പ്രസിഡന്റ്-ഷിജി അലക്‌സ്, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്- ഡോ.സിമി ജസ്‌റ്റോ ജോസഫ്, വൈസ് പ്രസിഡന്റ്-ഡോ.ബിനോയ് ജോര്‍ജ്, സെക്രട്ടറി-ഡോ.റജീന ഫ്രാന്‍സീസ്, ട്രഷറര്‍-ഡോ.സൂസന്‍ മാത്യൂ എന്നിവരടങ്ങിയ ടീം സത്യപ്രതിജ്ഞ ചെയ്തു. ഈ വര്‍ഷത്തെ ഇലക്ഷന്‍ കമ്മീഷ്ണറും അഡ്വവൈസറി ബോര്‍ഡ് ചെയര്‍പേഴ്‌സനുമായ ബീന വള്ളിക്കളം ആണ് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തത്. തുടര്‍ന്ന് നിയുക്ത പ്രസിഡന്റ് ഷിജി അലക്‌സ് ഏവരേയും അഭിസംബോധന ചെയ്തു സംസാരിച്ചു.

ഇന്ത്യന്‍ നേഴ്‌സുമാരുടെ നാഷ്ണല്‍ സംഘടനയായ നൈനയുടെ എക്‌സിക്യൂട്ടീവ് കമ്മറ്റിയുടെ സാന്നിദ്ധ്യം സമ്മേളനത്തില്‍ കൂടുതല്‍ ശ്രദ്ധേയമായി. നാഷ്ണല്‍ പ്രസിഡന്റ് ഡോ.ലിഡിയ ആല്‍ബുക്കര്‍ക്ക്, എക്‌സി.വൈസ് പ്രസിഡന്റ് - അക്കാമ്മ കല്ലേല്‍, വൈസ് പ്രസിഡന്റ്- ഡോ.ബോബി വര്‍ഗ്ഗീസ്, ്ട്രഷറര്‍ ടാര ഷാജന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ഐ.എന്‍.എ.ഐ. എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ലിസ സിബി സമ്മേളനത്തില്‍ സംബന്ധിച്ച ഏവര്‍ക്കും കൃതജ്ഞതയര്‍പ്പിച്ചു. ജൂബി വള്ളിക്കളം എം.സി.ആയിക്കൊണ്ട് മീറ്റിംഗ് നിയന്ത്രിച്ചു.


ഐ.എന്‍.എ.ഐ.യുടെ ഹോളിഡേ ആഘോഷവും പുതിയ ഭരണസമിതിയുടെ സ്ഥാനാരോഹണവുംഐ.എന്‍.എ.ഐ.യുടെ ഹോളിഡേ ആഘോഷവും പുതിയ ഭരണസമിതിയുടെ സ്ഥാനാരോഹണവുംഐ.എന്‍.എ.ഐ.യുടെ ഹോളിഡേ ആഘോഷവും പുതിയ ഭരണസമിതിയുടെ സ്ഥാനാരോഹണവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക