Image

ന്യു ജേഴ്‌സിയിലും മിസ്സിസിപ്പിയിലും പുകവലിക്കാർക്ക് വാക്സിൻ അർഹത; ചൈനീസ് ഐസ്‌ക്രീമിൽ കോവിഡ് വൈറസ്

Published on 17 January, 2021
ന്യു ജേഴ്‌സിയിലും മിസ്സിസിപ്പിയിലും  പുകവലിക്കാർക്ക് വാക്സിൻ  അർഹത; ചൈനീസ് ഐസ്‌ക്രീമിൽ കോവിഡ് വൈറസ്
ന്യൂ ജേഴ്‌സി ഉൾപ്പെടെ രണ്ടു സംസ്ഥാനങ്ങളിലാണ് കോവിഡ് പിടിപ്പെടാൻ സാധ്യത കല്പിക്കപ്പെടുന്നവരുടെ പട്ടികയിൽ പുകവലിക്കാരെ ചേർത്തുകൊണ്ട് വാക്സിൻ സ്വീകരിക്കാൻ അർഹത നൽകിയിരിക്കുന്നത്. 

അർബുദം, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നവർക്കൊപ്പമാണ്   പുകവലിക്കാരെയും പരിഗണിക്കാൻ തീരുമാനിച്ചിരിക്കുന്നത്.  65 വയസിന് മുകളിലുള്ളവർക്കും വാക്സിൻ നല്കിത്തുടങ്ങും.  ഇതോടെ, 4.5 മില്യൺ ആളുകൾ കൂടി ന്യൂ ജേഴ്‌സിയിൽ വാക്സിൻ ലഭിക്കാൻ അർഹരായെന്ന് വ്യാഴാഴ്ച പുറത്തുവന്ന റിപോർട്ടുകൾ പറയുന്നു. 65 ൽ താഴെ പ്രായമുള്ളവർക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിൽ വാക്സിൻ സ്വീകരിക്കണമെന്ന വ്യവസ്ഥയിൽ പുകവലിക്കാരെ ഉൾക്കൊള്ളിച്ച മറ്റൊരു സംസ്ഥാനം മിസ്സിസിപ്പിയാണ്.

പുകവലിക്കാരാണെന്ന് തെളിയിക്കാൻ പ്രത്യേക രേഖകളൊന്നും കരുതേണ്ടതില്ല. ഒരാൾ പുകവലിക്കാരനാണോ എന്ന് എങ്ങനെ അറിയും എന്നതാണ് പലരെയും കുഴയ്ക്കുന്ന ആശങ്ക. സ്റ്റേറ്റിൽ 2 മില്യൺ പുകവലിക്കാർ ഉണ്ടെന്നാണ് അനുമാനം. 

ട്രംപ് ഭരണകൂടം വാക്സിൻ വിതരണം വിപുലീകരിക്കാൻ സംസ്ഥാനങ്ങളോട് പറഞ്ഞതിന് പിറകെയാണ് ഈ ഉത്തരവ്.

സി ഡി സി യുടെ മാർഗരേഖകൾ പ്രകാരം വാക്സിൻ നേടാൻ കൂടുതൽ അർഹരായ അവശ്യ സേവന രംഗത്ത് പ്രവർത്തിക്കുന്നവരും അധ്യാപകരും പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നതിന് മുൻപേ അത്രയ്ക്ക് യോഗ്യതയില്ലാത്ത കൈകളിലേക്ക് മരുന്ന് എത്തുമെന്നതാണ് ഇതിലെ പോരായ്മ. മുൻനിര ആരോഗ്യ പ്രവർത്തകരുൾപ്പെടെ പലരും ഈ മാറ്റത്തിൽ  അമര്‍ഷത്തിലുമാണ്. 

അദ്ധ്യാപകർക്ക്  ഇതുവരെ ആദ്യഘട്ടത്തിൽ വാക്സിന് അർഹതയുള്ളവരുടെ പട്ടികയിൽ ഇടം നൽകാത്ത സംസ്ഥാനം കൂടിയാണ് ന്യൂജേഴ്‌സി. ഇതിനെതിരെ എഡ്യൂക്കേഷൻ അസോസിയേഷൻ വക്താവ് സ്റ്റീവ് ബേക്കർ പ്രതികരിച്ചിരുന്നു. ' അധ്യാപകർക്ക് വാക്സിൻ നേടാൻ ഭരണകൂടം എത്രയും വേഗം അവസരം ഒരുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.' ബേക്കർ വ്യക്തമാക്കി. അദ്ധ്യാപകരെയും  സ്‌കൂളിലെ സ്റ്റാഫിനെയും വാക്സിനേറ്റ് ചെയ്യുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ അത്യാവശ്യമാണെന്ന് സ്റ്റേറ്റ് പൊളിറ്റിക്കൽ ഡയറക്ടർ ഡാൻ മിറ്റ്സ്നേർ ചൂണ്ടിക്കാട്ടി.

മുൻഗണനാ പട്ടികയിലുള്ളവർക്കിടയിൽ തന്നെ വാക്സിൻ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് മത്സരം നിലനിൽക്കുന്ന സാഹചര്യത്തിൽ,അപ്പോയിന്റ്മെന്റ് നൽകുന്നത് അടക്കമുള്ള പ്രവർത്തനങ്ങളിൽ അധികൃതർക്കിത് അമിതഭാരം ഉണ്ടാക്കും. 

' കൂടുതൽ ആളുകൾ വാക്സിൻ സ്വീകരിക്കാൻ മുന്നോട്ടു വരുന്നത് നല്ലതാണ്. പക്ഷേ, ഡോസുകളുടെ പരിമിതി വെല്ലിവിളി ഉയർത്തുന്നു. ലഭ്യതയും വിതരണവും തമ്മിലൊരു സന്തുലനം ആവശ്യമാണ്. വാക്സിനു വേണ്ടി  അപ്പോയ്ന്റ്മെന്റ് എടുക്കുന്നവരോട് കാത്തിരിക്കാൻ പറയുന്നത്  ബുദ്ധിമുട്ടാണ്. ' ഗ്ലോബൽ ഹെൽത്ത് ഡയറക്ടർ ജെൻ കെയ്‌റ്റ്‌സ് അഭിപ്രായപ്പെട്ടു. 

വെള്ളിയാഴ്‌ച വരെ, ന്യൂജേഴ്‌സിയിൽ 6,58,800 ഡോസുകളുടെ വിതരണമേ നടന്നിട്ടുള്ളൂ. ലഭിച്ച ഡോസിന്റെ പകുതിപോലും  വിതരണം ചെയ്തിട്ടില്ലെന്ന് അർത്ഥം. 

ആരോഗ്യ പ്രവർത്തകർ, നഴ്സിംഗ് ഹോം അന്തേവാസികൾ എന്നിങ്ങനെ പ്രഥമഗണനീയരിൽ  പലർക്കും ഇതുവരെ ഫൈസറിന്റെയോ മോഡേനയുടെയോ ആദ്യ ഡോസ് നൽകിയിട്ടില്ല. ന്യൂജേഴ്‌സിയിലെ കോവിഡ് മരണങ്ങളിൽ 40 ശതമാനത്തിലധികവും നഴ്സിംഗ് ഹോം അന്തേവാസികളുടേതാണ്. 
തുടങ്ങാൻ വൈകിപ്പോയെന്നും പ്രവർത്തനങ്ങൾ ഇപ്പോൾ മെച്ചപ്പെട്ടിട്ടുണ്ടെന്നുമാണ് അധികൃതർ വിശദീകരിക്കുന്നത്. 

ചൈനീസ് ഐസ്‌ക്രീമിൽ കോവിഡ് വൈറസ് 

ആരും രുചിക്കാൻ ആഗ്രഹിക്കാത്ത പുതിയ ഐസ്ക്രീമാണ് ചൈന എത്തിച്ചിരിക്കുന്നത്. 
 ഗവണ്മെന്റിന്റെ പതിവ് പരിശോധനയ്ക്കിടയിൽ വടക്കൻ ചൈനയിലെ ഐസ്ക്രീം കമ്പനിയുടെ മൂന്ന് സാമ്പിളുകളിൽ കോവിഡ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. ഇതോടെ മറ്റു 4,836 പെട്ടികളിലുള്ള ഐസ്ക്രീമിലും വൈറസ് ബാധിച്ചതായി വിശ്വസിക്കുന്നെന്ന് അധികൃതർ അറിയിച്ചു. വില്പനയുടെ ഭാഗമായി പകുതിയിലധികം ഇതിനോടകം വിതരണം ചെയ്തെന്ന് സ്കൈ ന്യൂസ് വെള്ളിയാഴ്‌ച റിപ്പോർട്ട് ചെയ്തു.

കൃത്യസമയത്ത് 2,089 പെട്ടികൾ മാത്രമേ കണ്ടുകെട്ടാൻ സാധിച്ചുള്ളൂ.ടിയാൻജിൻ ഡാകിയവോഡാവോ ഫുഡ് കമ്പനിയുടെ ഉല്പന്നമാണ് ഈ ഐസ്ക്രീം. കമ്പനി ജീവനക്കാരായ 1,662 പേരെ വ്യാഴാഴ്ച തന്നെ  പരിശോധനയ്ക്ക് വിധേയരാക്കി. ഇവരിപ്പോൾ ക്വാറന്റൈനിലാണ്.
വൈറസ്ബാധിതനായ ഏതോ ഒരു വ്യക്തിയിലൂടെ  ആയിരിക്കാം ഐസ്‌ക്രീമിൽ കോവിഡിന്റെ  സാന്നിധ്യം ഉണ്ടായതെന്ന് യു കെ യിൽ വൈറോളജിസ്റ്റായി പ്രവർത്തിക്കുന്ന ഡോ. സ്റ്റീഫൻ ഗ്രിഫിൻ അഭിപ്രായപ്പെട്ടു. 

' ഇത് ഒരളവിലും അനുവദനീയമല്ല. പ്രൊഡക്ഷൻ പ്ലാന്റ് മുതൽ ഫാക്ടറിയുടെ വരെ ശുചിത്വത്തെക്കുറിച്ച് ഇങ്ങനെയുള്ള കാര്യങ്ങൾ എപ്പോഴും ആശങ്ക സൃഷ്ടിക്കും.'അദ്ദേഹം കൂട്ടിച്ചേർത്തു. 
ഇതിനെക്കുറിച്ച് പേടിക്കേണ്ടെന്നും  ഐസ്‌ക്രീമിൽ താഴ്ന്ന താപനില ആയിരുന്നതുകൊണ്ടാണ്  വൈറസിന്റെ നിലനിൽപ്പിന് സാഹചര്യം ഒരുങ്ങിയതെന്ന് ഡോക്ടർ വിശദീകരിച്ചു. 

ഐസ്ക്രീം വാങ്ങിയവർ അവരുടെ അവസ്ഥ റിപ്പോർട്ട് ചെയ്യണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക