Image

ബാസ്റ്റാഡ് (കഥ: സാം നിലമ്പള്ളില്‍)

Published on 17 January, 2021
ബാസ്റ്റാഡ് (കഥ: സാം നിലമ്പള്ളില്‍)
കാഞ്ഞിരപ്പറമ്പില്‍ ശ്രീ. കെ.പി. കറിയാച്ചന്‍ അവറുകള്‍ അറിയാന്‍ സ്വന്തംമകന്‍ രാഘവന്‍ എഴുതുന്നത്. താങ്കള്‍ ഇഹലോകവാസം വെടിയാന്‍ തയ്യാറായി രോഗശയ്യയില്‍ കിടക്കയാണെന്ന് നാട്ടുകാര്‍പറഞ്ഞ് അറിയാന്‍ ഇടയായി. വീരപരാക്രമങ്ങള്‍ നടത്തി ജീവിതം ഒരു ഉത്സവമാക്കി മാറ്റിയ ആളായിരുന്നല്ലോ താങ്കള്‍. അങ്ങനെ ഉത്സവക്കുതിരകളായിത്തീര്‍ന്ന അനേകരില്‍ ഒരുവളായ ജാനകിയെന്ന സ്ത്രീയെ ഈ അന്ത്യനിമിഷത്തിലും മറന്നുകാണുകയില്ലെന്ന് വിശ്വസിക്കുന്നു. ജാനകിയില്‍ അങ്ങ് സ്ഥാപിച്ച ഭ്രൂണം വളര്‍ന്ന് ജന്മമെടുത്ത ഒരു ഹതഭാഗ്യനാണ് ഞാന്‍.

ചെറുപ്പത്തില്‍ അമ്മയോടൊപ്പം ചന്തയിലുംമറ്റും പോകുമ്പോള്‍ വഴിക്കുവെച്ചുകണ്ടാല്‍ താങ്കള്‍ തലതിരിച്ചുനടക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ട്. അപ്പോളൊക്കെ അമ്മ പറയുമായിരുന്നു അതാടാ മോനെ നിന്റെ അപ്പനെന്ന്. അപ്പായെന്ന് വിളിക്കാന്‍ തുടങ്ങിയ എന്റെവായ് പൊത്തിക്കൊണ്ട് അമ്മ പറയും

വേണ്ട മോനെ, അതൊന്നും അയാള്‍ക്ക് ഓര്‍മ്മകാണില്ല. അവരൊക്കെ വലിയവരും നമ്മള്‍ ചെറിയവരുമല്ലേ.

ചെറിയവര്‍ക്കെങ്ങനാ അമ്മേ വലിയവരില്‍ മക്കളുണ്ടാകുന്നത്.

അതൊന്നും നിനക്ക് ഇപ്പോള്‍ മനസിലാകത്തില്ല. നീ ഉണ്ടായതുകൊണ്ടല്ലേ അമ്മക്ക് ഒരു കല്യാണം നടക്കാതെ പോയതും ഒറ്റക്ക് ജീവിക്കേണ്ടിവന്നതും.

ചകിരിതല്ലി മകനെവളര്‍ത്തിയ അമ്മയുടേത് ദുരിതംപിടിച്ച ജീവിതമായിരുന്നു. പകലന്തിയോളം തൊണ്ടുതല്ലി വിണ്ടുകീറിയ അവരുടെ കൈകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. ഈ കഷ്ടപ്പാടെല്ലാം ഞാനെന്ന ഒറ്റമകനെ വളര്‍ത്താന്‍ വേണ്ടിയായിരുന്നു.

ഞാന്‍ വലുതാകട്ടെ അമ്മയുടെ കഷ്ടപ്പാടെല്ലാം അന്നേരം മാറും. പെട്ടന്ന് വലുതാകാന്‍വേണ്ടി എല്ലാദിവസവും പ്രര്‍ഥിക്കുമായിരുന്നു. പക്ഷേ, നാട്ടുകാരുടെയും കൂട്ടുകാരുടെയും ആക്ഷേപങ്ങളായിരുന്നു അസഹനീയം. തന്തയില്ലാത്തവന്‍ എന്നവിളി.

തന്തയില്ലെന്ന് ആരുപറഞ്ഞു. ചിലര്‍ പരിഹസിക്കും. നമ്മുടെ കറ്യാച്ചന്‍ മുതലാളിയുടെ മകനല്ലേ ഇവന്‍. വിലയവീട്ടില്‍ ജനിക്കേണ്ടവന്‍. ജാതകദോഷംകൊണ്ടല്ലേ ഇവന്‍ ജാനകിയുടെ വയറ്റിലായിപ്പോയത്.

ചെറുപ്പത്തില്‍ ഇവര്‍പറയുന്നതൊന്നും മനസിലാകുമായിരുന്നില്ല. അമ്മ കൂടെയുണ്ടെങ്കില്‍ തിരിഞ്ഞുനിന്ന് മറുപടി പറയും.

അതേടോ ഇവന്‍ കറ്യാച്ചന്റെ മോന്‍തന്നെയാ. നിനക്ക് സംശയമുണ്ടെങ്കില്‍ പോയി അയാളോട് ചോദിക്ക്.. എനിക്കും മോനും അതിലഭിമാനമേ ഉള്ളടാ. ഒന്നുമില്ലെങ്കിലും നാട്ടിലെ ഒരുപ്രമാണിയുടെ സന്തതിയല്ലേ ഇവന്‍. അല്ലാതെ നിന്റെകൂട്ട് അലവലാതിയുടേത് അല്ലല്ലോ.

അമ്മ അങ്ങനെയൊക്കെ പരസ്യമായി പറയുമായിരുന്നെങ്കിലും ധനാഢ്യനും നാട്ടിലെ പ്രമാണിയുമായ അങ്ങ് അതൊന്നും അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. അമ്മ കാഞ്ഞിരപ്പറമ്പില്‍ വീട്ടിലെ കുശിനിക്കാരിയായിരുന്നെന്ന് കേട്ടിട്ടുണ്ട്. അവിടെവെച്ചായിരിക്കണമല്ലോ ഞാന്‍ അമ്മയുടെ വയറ്റില്‍ ഉടലെടുത്തത്. രഹസ്യം പുറത്തായപ്പോള്‍ ഭീഷണിപ്പെടുത്തിയോ ഏതാനും പച്ചനോട്ടുകളുടെ ബലത്തിലോ താങ്കളുടെ വീട്ടുകാര്‍ ജാനകിയെന്ന പതിനാറുകാരിയെ പുറത്താക്കി. വെളിയില്‍ പറഞ്ഞാല്‍ കൊന്ന് ആറ്റില്‍തള്ളുമെന്ന് ഭീഷണിപ്പെടുത്തിക്കാണും.

ഇതൊക്കെ ഞാന്‍ വലുതായപ്പോള്‍ ഊഹിച്ചെടുത്തതാണ്., അമ്മ പറഞ്ഞതല്ല. സ്‌കൂളില്‍ കുട്ടികളുടെയും അധ്യാപകരുടെയും പരിഹാസം സഹിക്കാന്‍ വയ്യാതായപ്പോള്‍ അഞ്ചാംക്‌ളാസ്സില്‍വച്ച് പഠിത്തം നിറുത്തി. അമ്മ നിര്‍ബന്ധിച്ചിട്ടും പിന്നീട് സ്‌കൂളില്‍ പോയിട്ടില്ല. അന്ന് എഴുതാന്‍ പഠിച്ചതുകൊണ്ട് ഇപ്പോള്‍ ഈ കത്ത് എഴുതാനായി. സ്വയം പഠിച്ചും വായിച്ചുമാണ് ഞാനീ നിലയിലെത്തിയത്. എന്നുവെച്ചാല്‍ വലിയനിലയിലൊന്നുമല്ല. ഒരു നാടകനടന്‍, എഴുത്തുകാരന്‍, സംവിധായകന്‍., അന്തസ്സായി ജീവിക്കുന്നു,. അമ്മയെ സംരക്ഷിക്കുന്നു. തന്തയില്ലാത്തവന്‍ ആയതുകൊണ്ട് വിവാഹം ആയിട്ടില്ല.

അങ്ങയുടെ അന്ത്യനിമിഷത്തില്‍ വായിക്കാന്‍ ഈ കത്തെഴുതുന്നത് എന്തെങ്കിലും അവകാശം സ്ഥാപിക്കാനോ സാമ്പത്തിക സഹായത്തിനോ അല്ലെന്ന് പ്രത്യേകം പറയട്ടെ. എന്റെ അമ്മയിന്ന് അറുപത്തഞ്ചുകഴിഞ്ഞ വൃദ്ധയാണ്. യൗവ്വനകാലം തൊണ്ടുതല്ലി ആരോഗ്യംക്ഷയിച്ച അവരിന്ന് പലവിധ രോഗങ്ങള്‍കൊണ്ട് കഷ്ടപ്പെടുന്നു. ഇനിയും അധികനാള്‍ ഈലോകത്തില്‍ അവര്‍ക്കില്ലെന്ന് എനിക്കറിയാം. കഷ്ടപ്പാടും രോഗങ്ങളും താങ്കളെപ്പോലുള്ള വഞ്ചകരും ഇല്ലാത്തെ ലോകത്തിലേക്ക് അവര്‍ പോകട്ടെ.

താങ്കള്‍ക്ക് മനഃസാക്ഷിയെന്ന് ഒന്നുണ്ടെങ്കില്‍ ഈ അവസാനനിമിഷത്തില്‍ വന്നുകാണാന്‍ പഴയ ജാനകിയെ അനുവദിക്കണം. ഞാനവരെ കൊണ്ടുവരാം കാഞ്ഞിരപ്പറമ്പിലെ വീട്ടില്‍. വഞ്ചിച്ചിട്ട് കയ്യൊഴിഞ്ഞെങ്കിലും നിങ്ങളെ ആരാധ്യപുരുഷനായിട്ടാണ് അവരിന്നും കണക്കാക്കുന്നത്. നിങ്ങളല്ലാതെ മറ്റൊരു പുരുഷനും അവരെ സ്പര്‍ശ്ശിച്ചില്ല. അവരിന്നും പതിവൃതതന്നെയാണ്.

വലിയ ബംഗ്‌ളാവില്‍ ഭാര്യയോടും ലീഗലായ മക്കളോടുംകൂടി ആഡംബരജീവിതം നയിക്കുമ്പോള്‍ നിങ്ങള്‍കാരണം ഇല്ലീഗലായി ജനിച്ച ഈ മകനെപറ്റി എപ്പോളെങ്കിലും ചിന്തിച്ചിട്ടുണ്ടോ. ജാനകിയെ ഭാര്യയായി സ്വീകരിച്ചില്ലെങ്കിലും ഒരുദിവസമെങ്കിലും ഞങ്ങളുടെ ചെറ്റക്കുടിലില്‍വന്ന് നല്ലവാക്കുപറഞ്ഞ് ഈ പാവത്തുങ്ങളെ ആശ്വസിപ്പിക്കാമായിരുന്നു.

ജാനകി, നിനക്ക് അറിയാമല്ലൊ സമൂഹത്തില്‍ എനിക്കുള്ള സ്ഥാനം. അതുകൊണ്ടാണ് നിന്നെ സ്വീകരിക്കാന്‍ എനിക്ക് സാധിക്കാഞ്ഞത്. നീയെന്നോട് പൊറുക്കുമല്ലോ. മോനിങ്ങ് വാടാ. നിന്നെ ഞാനൊന്ന് ശരിക്ക് കാണട്ടെ. അപ്പന്‍ നിനക്ക് മിട്ടായി കൊണ്ടുവന്നിട്ടുണ്ട്.

മറ്റൊന്നും തന്നില്ലെങ്കിലും ഇത്രയുംപറഞ്ഞിട്ട് പോയിരുന്നെങ്കില്‍ അമ്മയും ഞാനും എത്രയധികം സന്തോഷിക്കുമായിരുന്നു. നാട്ടുകാര്‍ തന്തയില്ലാത്തവന്‍ എന്നുവിളിക്കുന്നത് കാര്യമാക്കുകയില്ലായിരുന്നു. ഞാന്‍ കാഞ്ഞിരപ്പറമ്പിലെ സന്തതിയാ എന്ന് അഭിമാനത്തോടെ പറയുമായിരുന്നു.

ഈ കത്ത് എഴുതിതീര്‍ന്നപ്പോളാണ് അയാള്‍ ജീവന്‍വെടിഞ്ഞെന്നുള്ള വാര്‍ത്ത കേള്‍ക്കുന്നത്. അമ്മയോട് വിവരംപറഞ്ഞപ്പോള്‍ അവരുടെ കണ്ണുകള്‍ നിറയുന്നതും ചുണ്ട് വിറക്കുന്നതും കണ്ടു, എന്തോപറയാന്‍ തുനിയുന്നതുപോലെ. ക്രമേണ ആ കണ്ണുകള്‍ നിഞ്ചലമായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക